ബെംഗളൂരു : പാകിസ്താന്‍ സിന്ദാബാദ് വിളിച്ച യുവതിക്ക് നക്‌സല്‍ ബന്ധമുണ്ടെന്ന ആരോപണവുമായി കര്‍ണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ രംഗത്ത്. ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് അമുല്യ ലിയോണ്‍ എന്ന യുവതി പാകിസ്താന് സിന്ദാബാദ് വിളിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. പരിപാടി അവസാനിക്കുന്നതിനു മുമ്പെ അമുല്യയെ ദേശവിരുദ്ധതാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഇവരെ. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്ന സ്ത്രീകളെ ശിക്ഷിക്കണമെന്നും യെദ്യൂരപ്പ പറഞ്ഞു.
"അവളുടെ കൈകളും കാലുകളും തല്ലിയൊടിക്കണം. അവള്‍ക്ക് ജാമ്യം കിട്ടരുത്. ഞാനവളെ സംരക്ഷിക്കില്ല" എന്നാണ് അവളുടെ സ്വന്തം പിതാവ് തന്നെ പറഞ്ഞതെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.
"അമുല്യയടക്കമുള്ള ആളുകളെ വളര്‍ത്തികൊണ്ടുവരികയാണ് ചില സംഘങ്ങള്‍. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘങ്ങളെ അന്വേഷണത്തിലൂടെ കണ്ടെത്തുകയും നടപടിയെടുക്കുകയും വേണം. അപ്പോള്‍ മനസ്സിലാവും ആരാണ് അവരെ പിന്തുണക്കുന്നതെന്ന്. അമുല്യയ്ക്ക് നക്‌സല്‍ ബന്ധുണ്ടെന്നതിന് തെളിവുകളുണ്ട്. അമുല്യയെ ശിക്ഷിക്കണം. എന്നിട്ട് അവരുടെ സംഘടനക്കെതിരേയും നടപടികളുണ്ടാവണം", യെദ്യൂരപ്പ പറഞ്ഞു.
പാകിസ്താന്‍ സിന്ദാബാദ് എന്ന് അമുല്യ വിളിച്ചു പറഞ്ഞപ്പോള്‍ സ്‌റ്റേജിലുണ്ടായിരുന്ന അസദുദ്ദീന്‍ ഒവൈസി അടക്കമുള്ളവര്‍ അമൂല്യയെ തടയാനായി ഓടി വന്നിരുന്നു.
സമാനമായ ഒരു കുറിപ്പും അമുല്യ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ ഇട്ടിരുന്നു."ഏത് രാജ്യമായാലും അത് നീണാള്‍ വാഴട്ടെ, എല്ലാ രാജ്യങ്ങലും നീണാള്‍ വാഴട്ടെ, ഇന്ത്യ നീണാള്‍ വാഴട്ടെ, പാകിസ്താന്‍ നീണാള്‍ വാഴട്ടെ, ബംഗ്ലാദേശ് നീണാള്‍ വാഴട്ടെ, ശ്രീലങ്ക നീണാള്‍ വാഴട്ടെ, നേപ്പാൾ നീണാള്‍ വാഴട്ടെ,, അഫ്ഗാനിസ്താന്‍ നീണാള്‍ വാഴട്ടെ, ശ്രീലങ്ക നീണാള്‍ വാഴട്ടെ, ഭൂട്ടാൻ നീണാള്‍ വാഴട്ടെ" എന്നായിരുന്നു അമുല്യ കഴിഞ്ഞ ദിവസം കന്നഡയില്‍ ഇട്ട പോസ്റ്റ്.
content highlights: Woman Who said Pakistan Zindabad may have Naxal Links, says Yedyurappa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..