
പെട്രോൾ വില വർധനയിൽ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് 2020ൽ യൂത്ത് കോൺഗ്രസ്സ് കർണാടകയിൽ നടത്തിയ മാർച്ച് | ANI ഫയൽ ചിത്രം
- യു.കെ. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 6 ശതമാനവും ഗ്യാസിന്റെ 5 ശതമാനവും റഷ്യയില്‍ നിന്ന്
- റഷ്യയും യുക്രൈനും തമ്മില്‍ തുടരുന്ന യുദ്ധ സാഹചര്യം ആഗോള ക്രൂഡ് വില 150 ഡോളറിലേക്ക് വരെ ഹ്രസ്വകാലത്തേക്ക് ഉയര്‍ന്നേക്കാം
റഷ്യ-യുക്രൈന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്കൃത എണ്ണയുടെ വിലയിലുണ്ടായ ക്രമാതീതമായ വര്‍ദ്ധനവ് ഇന്ധന ഉപഭോക്താക്കളായ രാജ്യങ്ങളെയെല്ലാം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സാഹചര്യമാണ് നിലവിലുള്ളതാണ്. രാജ്യത്തിന്റെ എണ്ണ ഉപഭോഗത്തിന്റെ 85 ശതമാനത്തിലധികം ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന നമ്മുടെ സമ്പദ്വ്യവസ്ഥക്ക് ഈ പ്രതിഭാസത്തിന്റെ ഭാരം ജനങ്ങളിലേക്ക് കൈമാറാതെ പിടിച്ചു നില്ക്കാന് സാധ്യമല്ല. രാജ്യത്ത് അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ ഇന്ധനവില ഏതു നിലയിലേക്ക് ഉയരുമെന്നുള്ള ഊഹാപോഹങ്ങള്‍ ജനങ്ങളില്‍ ഇപ്പോള്‍ തന്നെ ജിജ്ഞാസയും അതോടൊപ്പം ആശങ്കയും പടര്‍ത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ നമ്മള് ഇത് വരെ കാണാത്ത തോതിലുള്ള ഇന്ധനവില വര്‍ദ്ധനവ് ഉണ്ടായാല്‍പ്പോലും അതില്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് സാരം.
അന്താരാഷ്ട്ര കമ്പോളത്തില്‍ എണ്ണവില വര്‍ദ്ധിക്കുമ്പോള്‍ ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില കൂടുകയും എന്നാല്‍, വില കുറയുമ്പോള്‍ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് കൈമാറുന്നില്ല എന്ന് മുന്‍കാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.
എണ്ണവില നിജപ്പെടുത്തുന്നതിന് കൂടുതല്‍ ശാസ്ത്രീയവും, സുതാര്യവുമായ ഒരു രീതിശാസ്ത്രത്തിന്റെ നിര്‍മ്മിതിയിലേക്ക് നീങ്ങേണ്ട കാലം അതിക്രമിച്ചു.
ഈ മാതൃകയിലുള്ള വില നിര്ണയരീതിയിലേക്ക് എണ്ണകമ്പനികള്‍ കളം മാറിയാല്‍ രാജ്യത്തെ ഇന്ധനവില നിര്‍ണ്ണയം കൂടുതല്‍ യുക്തിസഹമാകും. അതോടൊപ്പം, രാജ്യത്തെ എണ്ണവില നിര്ണ്ണയരീതിയില് പൊതുജനങ്ങള്‍ക്ക് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ ഈ പ്രക്രിയ സഹായകമായി മാറും.

ഉപഭോക്താവ് മാത്രമാകുന്ന പൗരന്മാര്
അന്താരാഷ്ട്ര കമ്പോളത്തില്‍ ഇന്ധന വില കൂടുമ്പോള്‍ അതിന്റെ ഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാതെ സബ്സിഡി ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ സംരക്ഷിച്ചുപോരുന്ന 'അഡ്മിനിസ്റ്റേറ്ഡ് പ്രൈസിംഗ് പോളിസി' ആയിരുന്നു കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങളായി പിന്തുടര്ന്നത്. ഈ രീതിയില്‍ ഇന്ധന വിലനിര്‍ണയത്തിന്റെ പരമാധികാരം സര്‍ക്കാരുകളില്‍ നിക്ഷിപ്തമായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില കുറയുമ്പോള്‍ സര്‍ക്കാറിന് ലഭിച്ചിരുന്ന അധികവരുമാനം ഓയില്‍ പൂളില്‍ സമാഹരിച്ചു ഉപയോഗിച്ചതിനാല്‍ രാജ്യാന്തര തലത്തില്‍ നേരിട്ട വിലവര്‍ദ്ധനവ് ആഭ്യന്തര കമ്പോളത്തില്‍ പ്രതിഫലിച്ചില്ല. ചുരുക്കത്തില്‍, ഓയില്‍പൂള്‍ സംവിധാനo അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവിലയിലുണ്ടായ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് ആഭ്യന്തര വിപണിക്ക് സംരക്ഷണ കവചമൊരുക്കി.
എന്നാല്‍, 2002 ല്‍ വാജ്പയി സര്‍ക്കാര്‍ വിമാന ഇന്ധനത്തിന്റെയും, 2010 ജൂണില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പെട്രോളിന്റെയും, 2014 ഒക്ടോബറില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഡീസലിന്റെയും വിലയിലെ നിയന്ത്രണം പൂര്‍ണ്ണമായി ഒഴിവാക്കി. ഈ പരിഷ്കാരങ്ങള്‍ രാജ്യത്തെ ഇന്ധനവില അനിയന്ത്രിതമായ തലങ്ങളിലേക്ക് എത്തിച്ചേരാന്‍ കാരണമായി. എല്ലാം കമ്പോളം തീരുമാനിക്കട്ടെ എന്ന 'കമ്പോള മൗലികതാവാദ' ത്തിന് നാന്ദി കുറിക്കുകയും, കമ്പോളത്തില്‍ 'പൗരന്' എന്ന സ്ഥാനത്തെ 'വെറും ഉപഭോക്താവ്' എന്ന സ്ഥാനത്തേക്ക് തരം താഴ്ത്തുകയുമായിരുന്നു. പണമുള്ളവര്‍ക്ക് മാത്രമേ കമ്പോളത്തില്‍ സ്ഥാനമുള്ളൂ എന്ന ആധുനിക സാമ്പത്തിക യുക്തിയ്ക്ക് മുന്‍തൂക്കം സ്വാഭാവികമായി വന്നു ചേരുകയും, ചങ്ങാത്ത മുതലാളിത്ത (Crony Capitalism) സംവിധാനത്തിലൂടെ എണ്ണക്കമ്പനികള്‍ ചൂഷണത്തിന്റെ സകല സീമകളും ലംഘിക്കുക ചെയ്തു. വില നിര്‍ണ്ണയാവകാശം കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് വിട്ടു കൊടുത്തതാണ് ദിനം പ്രതിയുള്ള വിലക്കയറ്റത്തിന്റെ പ്രധാന കാരണം.
ഇന്ധന വില നിയന്ത്രണം എടുത്തു കളഞ്ഞ ശേഷം, മാസത്തില്‍ ഒരു തവണയും പിന്നീട് മാസത്തില്‍ രണ്ടു തവണയും പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റം വരുത്തി. വരും വര്‍ഷങ്ങളില്‍ ദിവസങ്ങളില്‍ തന്നെ പല തവണ എണ്ണ വില പുനര്‍നിര്‍ണ്ണയിക്കുന്ന സമ്പ്രദായത്തിലേക്ക് പോയാലും അത്ഭുതപ്പെടാനില്ല.
അന്താരാഷ്ട്ര വിപണിയിലെ എല്ലാ ആനുകൂല്യങ്ങളും രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന് അവകാശപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പ്രക്രിയയിലേക്ക് കടന്നെതെങ്കിലും അതിന് ഘടകവിരുദ്ധമായ കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ രാജ്യത്ത് സംഭവിച്ചത്.

മോദിയുടെ പോസ്റ്ററില്‍ പ്രതിഷേധക്കാർ പാലൊഴിച്ചപ്പോള്‍ ഹൈദരാബാദില്‍
നിന്നുള്ള ദൃശ്യം എപി ഫയല്‍ ചിത്രം 2021ല്‍ പകര്‍ത്തിയത്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കൂടിയാലും കുറഞ്ഞാലും രാജ്യത്ത് ഉയര്‍ന്ന വില ഈടാക്കുന്ന വിരോധാഭാസത്തിലേക്കാണ് നിലവിൽ കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വില നിയന്ത്രണം ഒഴിവാക്കിയതിലൂടെ എണ്ണ വിതരണ കമ്പനികളായ ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് എന്നിവര്‍ക്ക് തങ്ങളുടെ ചെലവിന്റെയും ലാഭത്തിന്റെയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധന വില നിര്‍ണ്ണയം നടത്തിയിരുന്നത്. അവര്‍ക്ക് എണ്ണ വില്‍ക്കുന്ന ഒ.എന്‍.ജി.സി, ഓയില്‍ ഇന്ത്യ എന്നീ കമ്പനികള്‍ക്ക് ആഗോള വിപണിയിലെ വിലയ്ക്ക് അനുസരിച്ചാണ് ക്രൂഡോയില്‍ ലഭിച്ചിരുന്നത്. ആഗോളതലത്തില്‍ ക്രൂഡ് വില വര്‍ധിക്കുമ്പോള്‍ അത് കൃത്യമായി ഉപഭോക്താക്കളിലേക്ക് കൈമാറുകയും അതേസമയം, വില കുറയുമ്പോള്‍ സര്‍ക്കാര്‍ നികുതി നിരക്കുകള്‍ ഉയര്‍ത്തി സ്വന്തം വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന രീതി അനുവര്‍ത്തിച്ചു പോരുന്നു. എണ്ണവില നിര്‍ണ്ണയാധികാരം കേന്ദ്രസര്‍ക്കാരിനും എണ്ണകമ്പനികള്‍ക്കും പൊന്മുട്ടയിടുന്ന താറാവിനെ ലഭിച്ചതിന് സമാനമാണെന്ന് കരുതിയാലും തെറ്റുപറയാന്‍ സാധിക്കില്ല.
റഷ്യന്‍ - യുക്രെന് യുദ്ധവും ഇന്ധന വിലയും
റഷ്യക്കും യുക്രെനും ഇടയില്‍ നിലനിന്നിരുന്ന യുദ്ധ സാഹചര്യം അന്താരാഷ്ട്ര കമ്പോളത്തില്‍ എണ്ണ വില ഉയര്‍ത്തുമെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. ഇതിനകം തന്നെ എണ്ണവില കഴിഞ്ഞ ഏഴ് വര്‍ഷത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് കുതിച്ചുയരാന്‍ ഇത് കാരണമായി. ആഗോള തലത്തില്‍ അസംസ്കൃത എണ്ണയും പ്രകൃതി വാതകവും ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ. യു.കെ. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ ആറ് ശതമാനവും ഗ്യാസിന്റെ അഞ്ച് ശതമാനവും റഷ്യയില്‍ നിന്നാണ്. കൂടാതെ, യൂറോപ്യന്‍ യൂണിയന് പകുതിയോളം വാതകവും റഷ്യയില്‍ നിന്നാണ് വാങ്ങുന്നത്. റഷ്യയ്ക്ക് മേലുള്ള ഉപരോധങ്ങളെ ചെറുക്കാന്‍ റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമിര്‍ പുടിന് യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം കുറക്കുകയും, തങ്ങളുടെ പ്രകൃതിവിഭവങ്ങളെ ഒരു 'ആയുധ'മാക്കി മാറ്റുമെന്ന ആശങ്ക പൊതുവില്‍ ശക്തമാണ്. ജര്‍മ്മനി അടക്കമുള്ള രാജ്യങ്ങള്‍ 'ദേശീയ വാതക കരുതല്‍' (National Gas Reserve) സൃഷ്ടിച്ച് ഉപഭോക്താക്കളെ സംരക്ഷിക്കണമെന്ന വാദം ഉന്നയിച്ചു കഴിഞ്ഞു.
റഷ്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തുന്ന വ്യത്യസ്ത ഉപരോധങ്ങള്‍ എണ്ണവില വര്‍ദ്ധനവും സാമ്പത്തിക സാഹചര്യങ്ങളും മോശമാകാനേ ഉപകരിക്കൂ. ഇത് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയും അവര്‍ക്ക് പകരം സംവിധാനത്തെപറ്റി ആലോചിക്കേണ്ടതായും വന്നേക്കാം.
എണ്ണ ഉത്പാദന സംഘടനയായ ഒപെക് പ്ലസ് രാജ്യങ്ങളുടെ യോഗത്തില്‍ നിലവില്‍ ക്രൂഡ് ഉത്പാദനം കൂട്ടേണ്ടതില്ല എന്ന തീരുമാനമാണ് സംഘടനക്കുള്ളത്. റഷ്യ കൂടി ഉള്‍പ്പെടുന്ന ഒപെക് പ്ലസ് രാജ്യങ്ങളുടെ കൂട്ടായ്മ ഇത്തരമൊരു തീരുമാനം എടുത്തുവെങ്കിലും, റഷ്യയ്ക്ക് എതിരെ ഉയര്‍ന്നു വരുന്ന ഉപരോധ ഭീഷണികളെ ബുദ്ധിപരമായ നീക്കത്തിലൂടെ തങ്ങള്‍ക്കനുകൂലമാക്കാന്‍ സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ ശ്രമിച്ചാലും കുറ്റം പറയാന്‍ സാധിക്കില്ല. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐ ഇ എ) യുടെ നിര്‍ദേശപ്രകാരം അടിയന്തിരാവശ്യത്തിനായി 600 ലക്ഷം ബാരല്‍ എണ്ണ കരുതല്‍ ശേഖരത്തില്‍ നിന്ന് ഉപയോഗിക്കാന്‍ ശ്രമം നടന്നു വരുന്നു. എന്നാല്‍, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കരുതല്‍ നിക്ഷേപം വിപണിയില്‍ വെറും രണ്ടാഴ്ചത്തേക്ക് പോലും തികയില്ല എന്നത് മാത്രവുമല്ല, അവ അന്താരാഷ്ട്ര ക്രൂഡ് വിലയെ നിയന്ത്രിക്കാന്‍ പര്യാപ്തമാകാന്‍ സാധ്യത വിരളമാണ്.
യുദ്ധം ആരംഭിച്ച ഫ്രെബുവരി 24 ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില 103 ഡോളറായിരുന്നുവെങ്കില്‍ നിലവില്‍ 115 ഡോളറിനു മുകളിലെത്തി. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയ്ക്ക് ഉപരോധം സൃഷ്ടിച്ചാല്‍, റഷ്യയും യുക്രൈനും തമ്മില്‍ തുടരുന്ന യുദ്ധ സാഹചര്യം ആഗോള ക്രൂഡ് വില 150 ഡോളറിലേക്ക് വരെ ഹ്രസ്വകാലത്തേക്ക് ഉയര്‍ന്നേക്കാമെന്ന് സാമ്പത്തികവിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
തത്ഫലമായി, ഇന്ത്യയുടെ ആഭ്യന്തര വിലയിലും 10 രൂപ മുതല്‍ 15 രൂപ വരെ ഇന്ധന വില വര്‍ദ്ധിക്കാം എന്നാണ് പൊതുവില്‍ കരുതുന്നത്. നിലവില്‍ ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതോടൊപ്പം, ലോകത്തില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ നമുക്ക് മൂന്നാം സ്ഥാനമാണ്.
റഷ്യയും യുക്രെനും 'യൂറോപ്പിന്റെ ബ്രെഡ് ബാസ്ക്കറ്റ്' എന്നാണ് മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. റഷ്യ ലോകത്തിലെ ഗോതമ്പിന്റെ നാലിലൊന്നും, സൂര്യകാന്തി പോലുള്ള എണ്ണയും മറ്റു ഉത്പന്നങ്ങളും വര്‍ഷങ്ങളായി കയറ്റുമതി ചെയ്യുന്നു. യുദ്ധം ആഗോള തലത്തില്‍ ഗോതമ്പിന്റെ വില ഇരട്ടിയിലേറെ വര്‍ദ്ധിക്കാനും സാധ്യതയുണ്ടെന്ന സൂചനകള്‍ പുറത്തു വന്നിട്ടുണ്ട്. ഈ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം നീണ്ടു പോകുന്നത് ഭക്ഷ്യ വിതരണത്തിനും, എണ്ണ വിതരണത്തിനും തടസ്സം നേരിട്ടാല്‍ തന്നെ പണപ്പെരുപ്പ്നിരക്ക് ആഗോളതലത്തില്‍ 10 ശതമാനമെങ്കിലും ഉയരുമെന്നാണ് വിദഗ്ധ മതം.
റഷ്യയില്‍ നിന്നോ യുക്രെനില്‍ നിന്നോ ധാന്യങ്ങള്‍ യൂറോപ്പിലെ പല രാജ്യങ്ങളും ഇറക്കുമതി ചെയ്യുന്നില്ലെങ്കില്‍ അത് ആഗോള തലത്തില്‍പ്പോലും ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ദ്ധനവിനും, ഭക്ഷ്യക്ഷാമത്തിനും നിദാനമായേക്കാം. ആഗോള തലത്തില്‍ ഉയര്‍ന്ന് നില്ക്കുന്ന പണപെരുപ്പനിരക്കും മിക്കരാജ്യങ്ങള്‍ക്കും കനത്ത വെല്ലുവിളികള്‍ സൃഷ്ടിക്കും. 1982 ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പനിരക്കാണ് (7.5 ശതമാനം) അമേരിക്ക കഴിഞ്ഞ ജനുവരി മുതല്‍ സാക്ഷ്യം വഹിക്കുന്നത്.
യുദ്ധത്തിന് വളരെ വേഗം പരിസമാപ്തി കണ്ടില്ലെങ്കില്‍ ഭാവിലോകം നേരിടാന്‍ പോകുന്നത് വലിയ ഭക്ഷ്യക്ഷാമവും, എണ്ണ വിലവര്‍ദ്ധനവും, പണപ്പെരുപ്പവും കൂടിയുള്ള വിഷമവൃത്തത്തിലേക്കായിരിക്കും(Vicious Circle) നയിക്കുക.

തിരഞ്ഞെടുപ്പും ഇന്ധനവിലയും തമ്മിൽ?
വില നിയന്ത്രണാധികാരം എടുത്തു കളഞ്ഞതോടെ 2017 ജൂണ്‍ മുതല്‍ ആഗോള തലത്തില്‍ എണ്ണ വില വര്‍ദ്ധിക്കുന്നതിനനുസരിച്ച് ദിവസേന വിലയില്‍ മാറ്റം പ്രകടമായി. ഇന്ത്യയില്‍ നടക്കുന്ന നിയമസഭ-ലോകസഭ തിരഞ്ഞെടുപ്പുകളും പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണവും തമ്മില്‍ ഒരു അദൃശ്യ ഹസ്തം (Invisible Hand) പ്രവര്‍ത്തിക്കുന്നു എന്ന് നാം ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, ഇന്ന് ഈ അദൃശ്യ ഹസ്തം പ്രത്യക്ഷമായി ഇടപെടുന്നുവെന്നതിന്റെ ഉദാഹരണമാണ് മുന്നില്‍ ദൃശ്യമാകുന്ന തിരഞ്ഞെടുപ്പുകാലത്തെ ഇന്ധന വില സുസ്ഥിരത.
കഴിഞ്ഞ അഞ്ചു മാസത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ഡോളറിന് 66.18 (നവംബര്‍ 2021), 75.21 (ഡിസംബര്‍), 88.15 (ജനുവരി 2022), 95.72 (ഫെബ്രുവരി), 115.68 (മാര്‍ച്ച്) എന്ന നിരക്കിലായിരുന്നു. 2021 നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 മാര്‍ച്ചില്‍ ക്രൂഡ് വില ഏകദേശം ഇരട്ടിയായി. നവംബര്‍ നാലിന് 81 ഡോളറിലെത്തിയിരുന്നുവെങ്കിലും ഒമിക്രോണ്‍ ഭീതി മൂലം ഇത് 60-തിലേക്ക് കൂപ്പുകുത്തിയെങ്കിലും പിന്നീട് തിരികെ കയറി. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ദ്ധനവ് ഇന്ത്യയില്‍ പ്രകടമാകാതിരുന്നതിനുള്ള ഏക കാരണം ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പാണ്. എണ്ണ വില നിയന്ത്രണാധികാരം പൂര്‍ണ്ണമായും എണ്ണകമ്പനികള്ക്കാണെന്ന സര്‍ക്കാര്‍ വാദത്തിന്റെ മുനയൊടിക്കുന്ന രീതിയിലുള്ള വില നിര്ണ്ണയരീതിയാണ് കുറച്ചുകാലങ്ങളായി നാം കണ്ടുവരുന്നത്. വില നിര്‍ണ്ണയവകാശം കേന്ദ്രസര്‍ക്കാര്‍ കൈമാറിയെന്ന് അവകാശപ്പെടുമ്പോഴും ഇന്ത്യയിലെ എണ്ണ കമ്പനികളെ നിയന്ത്രിക്കുന്നത് ഇന്നും കേന്ദ്ര സര്‍ക്കാരാണ് എന്ന യാഥാര്‍ത്ഥ്യം ഇതോടെ ഊട്ടി ഉറപ്പിക്കാം.
എപ്പോഴൊക്കെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴും ഈ പ്രതിഭാസം അരങ്ങു തകര്‍ക്കുന്നതിന് നിരവധി പ്രത്യക്ഷ ഉദാഹരണങ്ങള്‍ നിരത്തുവാന്‍ സാധിക്കും. ഉദാഹരണമായി, 2017 ഡിസംബറില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പു കാലയളവില്‍ 14 ദിവസവും, 2018 മേയില്‍ കര്‍ണ്ണാടക തിരഞ്ഞെടുപ്പ് സമയത്ത് 19 ദിവസവും, 2019 - ലെ ലോകസഭാ തിരഞ്ഞെടുപ്പു സമയത്തും എണ്ണ വില അചഞ്ചലമായി നില കൊണ്ടു എന്നത് ചരിത്രമാണ്. എണ്ണ വിലയും തിരഞ്ഞെടുപ്പും തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ രണ്ട് ഉദാഹരണങ്ങളാണ് 2021 മാര്‍ച്ച് - എപ്രില്‍ കാലയളവില്‍ നടന്ന കേരളം, ബംഗാള്‍, തമിഴ്നാട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 82 ദിവസവും, നിലവില്‍ യു പി, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സമയത്തും ഇത് തുടര്‍ന്ന് പോരുന്നു.
സര്‍ക്കാരിന്റെ മുന്നിലുള്ള പോംവഴികള്‍
പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്സ്.ടി യുടെ പരിധിയില്‍ കൊണ്ട് വരുക എന്നതാണ് സർക്കാരിന് മുന്നിലുള്ള മാർഗ്ഗങ്ങളിൽ ഏറ്റവും സ്വീകാര്യമായത്. ഈ വിഷയം പലതവണ ചര്‍ച്ചചെയ്ത് പരാജയപെട്ടത് നാം കണ്ടതാണ്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള നികുതിവരുമാനം ചാകര ആയതിനാല്‍ പൂച്ചയ്ക്ക് മണി കെട്ടാന്‍ ആരും തയ്യാറല്ല എന്നതാണ് യാഥാര്‍ഥ്യം. ക്രൂഡ് വില 60 ഡോളറില്‍ നിന്ന് കാലഘട്ടത്തില്‍ (ഇപ്പോഴത്തെ പ്രതിസന്ധിക്കുമുമ്പ്) ഇന്ധനവില ജി.എസ്.ടി പരിധിയിലേക്ക് കൊണ്ട് വന്നാല്‍ പെട്രോളും, ഡീസലും യഥാക്രമം 75 രൂപയ്ക്കും, 68 രൂപയ്ക്കും രാജ്യത്ത് വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് എസ്.ബി.ഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ ഡോ.സൗമ്യ കാന്ത് ഘോഷിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.
പട്ടിക 1:പെട്രോളിയം ഉല്പന്നങ്ങൾ ജി.എസ്.ടിപരിധിയിലായാൽ
ക്രൂഡ് ഓയിൽ വില
| $ 60/ ബാരൽ
|
ഡോളർ - രൂപ വിനിമയ നിരക്ക്
| Rs.73
|
ഗതാഗത ചെലവുകൾ
| Rs.3.82 (പെട്രോൾ)
Rs.7.25 (ഡീസൽ) |
ഡീലർ കമ്മീഷൻ
| Rs.3.67 (പെട്രോൾ)
Rs.2.53 (ഡീസൽ) |
സെസ്സ്
| Rs.30 (പെട്രോൾ)
Rs.20 (ഡീസൽ) കേന്ദ്ര-സംസ്ഥാനങ്ങൾക്കിടയിൽ തുല്യമായി വീതം വെക്കൽ ( 50%) |
ജി.എസ്.ടി നിരക്ക്
| കേന്ദ്രം : 14%
സംസ്ഥാനം: 14% |
ഉപഭോഗ വളർച്ചാ നിരക്ക് (2021-22)
| 10% (പെട്രോൾ)
15% (ഡീസൽ) |
ചില്ലറ വില്പന വില
| Rs.75 (പെട്രോൾ)
Rs.68 (ഡീസൽ) |
തദ്ഫലമായി, കേന്ദ്ര-സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം ഏകദേശം ഒരു ലക്ഷം കോടി രൂപയോ അല്ലെങ്കില്‍ ജി.ഡി.പി യുടെ 0.4 ശതമാനമോ ആയിരിക്കും എന്ന് നിജപ്പെടുത്തിയിരിക്കുന്നു. വില്‍പ്പന നികുതി, എക്സൈസ് ഡ്യൂട്ടി തുടങ്ങിയ നികുതികള്‍ക്ക് പകരം പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇച്ഛാശക്തിയും, താല്പര്യവും ഇല്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ചുമത്തല്‍ അവകാശം പൂര്‍ണ്ണമായും ഇല്ലാതാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ 2017-ല്‍ ജി.എസ്.ടി നടപ്പിലാക്കിയത്. അതിനാല്‍, നികുതി നഷ്ടം സംഭവിക്കുമെന്നതിനാലാണ് എണ്ണ വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നത്. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ പെട്രോളിയം ഉത്പന്നങ്ങള്‍, മദ്യം, ലോട്ടറി തുടങ്ങിയ നാമമാത്രമായ വസ്തുക്കള്‍ക്ക് മാത്രമാണ് നികുതി ചുമത്താനുള്ള അധികാരമുള്ളത്. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരികയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടമാകുന്ന നികുതി വരുമാനത്തിന് ആനുപാതികമായ നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളും വാദിക്കുന്നു. കേന്ദ്രം ഈ സൂത്രവാക്യത്തിന് തയാറാകാത്തതിനാല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരുന്നത് അനന്തമായി നീണ്ടുപോകുകയാണ്.
നിലവിലെ സാഹചര്യത്തില്‍ ക്രൂഡ് വില രാജ്യാന്തര തലത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 150 ഡോളറിലേക്ക് (ബാരലിന്) ഉയര്‍ന്നാലും ആശ്ചര്യപ്പെടെണ്ട സാഹചര്യമില്ല എന്ന് കരുതുന്ന സാമ്പത്തിക വിദഗ്ധര്‍ അനവധിയാണ്. ജി.എസ്.ടി അടിസ്ഥാനമാക്കിയാല്‍ പോലും, ഇപ്പോഴത്തെ ബ്രന്‍ഡ് ക്രൂഡ് നിരക്കായ 118 ഡോളറിന് സമാനമായി പെട്രോള്‍ വില 150 ലേക്കും, ഡീസല്‍ വില 135 ലേക്കും ഉയരും. അതായത്, പെട്രോളിയം ഉത്പന്നങ്ങളുടെ വില അന്താരാഷ്ട്ര വിപണി നിരക്കിന് അനുപാതികമാകണമെങ്കില് ഇവയുടെ വില ഏകദേശം 40 രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ത്തേണ്ടതായി വരും. നിലവിലെ സാഹചര്യത്തില്‍ (ജി.എസ്.ടി ഇല്ലാതെ) ഉണ്ടാകാനിടയുള്ള വിലവര്‍ദ്ധനവ് ഇതില്‍ അധികമായിരിക്കും. അന്താരാഷ്ട്ര വിലയിലുള്ള വര്‍ദ്ധനവ് മൂലം ജനങ്ങള്‍ക്ക് വന്‍ ബാധ്യത അടിച്ചേല്പിക്കാതെ വില എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നത് സാമ്പത്തിക വിദഗ്ധര്‍ക്ക് പോലും ശ്രമകരമായ പ്രക്രിയയായി മാറും. വര്‍ത്തമാനകാല സാഹചര്യത്തില്‍, ഇന്ധന വില ജി.എസ്.ടിയില്‍ ലേക്ക് മാറിയാല്‍പ്പോലും ഉപഭോക്താക്കള്‍ക്ക് അത് കനത്ത പ്രഹരമേപ്പിക്കുമെന്ന് ചുരുക്കം.
വിവിധ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും ഇന്ധനങ്ങള്‍ക്കു മുകളില്‍ ചുമത്തിയ വ്യത്യസ്ത നികുതികള്‍ കുറച്ചത് പെട്രോളിയം ഉത്പന്നങ്ങളുടെ വിലകുറയാന്‍ മുന്‍പ് കാരണമായിട്ടുണ്ട്. സര്‍ക്കാരുകള്‍ പ്രതിസന്ധി ഒഴിയുന്നതുവരെയെങ്കിലും വാറ്റ്, സെസ്, എക്സൈസ് ഡ്യൂട്ടി, വില്‍പ്പന നികുതി തുടങ്ങിയ നികുതി നിരക്കുകള്‍ കുറക്കുന്നത് ജനങ്ങള്‍ക്ക് വലിയ ആശ്വാസം പകരും എന്നത് സുനിശ്ചിതമാണ്. കൊറോണ മഹാമാരികാലത്ത് കുറഞ്ഞ വിലക്ക് വാങ്ങി ശേഖരിച്ച കരുതല്‍ ശേഖരത്തിലെ എണ്ണ കമ്പോളത്തിലേക്ക് എത്തിച്ച് താല്കാലികമായെങ്കിലും വില പിടിച്ചു നിര്‍ത്തുക എന്നത് മറ്റൊരു മാര്‍ഗമായി സ്വീകരിക്കാവുന്നതാണ് എന്ന നിർദേശങ്ങളുണ്ടായിരുന്നു. പക്ഷേ, ലഭ്യമായ കണക്കുകള്‍ പ്രകാരം രാജ്യത്ത് 5.33 മില്യണ്‍ ടണ്‍ (38 മില്യണ്‍ ബാരല്‍) എണ്ണ ശേഖരം ഉള്ളതായി കണക്കാക്കിയിരിക്കുന്നു. ഇത് 10 ദിവസത്തേക്ക് മാത്രമേ തികയൂ എന്നതിനാല്‍ പ്രവര്‍ത്തികമല്ല.
.jpg?$p=0cdf645&w=610&q=0.8)
എണ്ണവില നിര്‍ണ്ണയം എങ്ങനെ യുക്തിസഹമാക്കാം?
ഇന്ധന വിലവര്‍ധന വ്യവസ്ഥയുടെ സര്‍വ്വ മേഖലകളെയും പ്രതികൂലമായി ബാധിക്കും എന്നത് അസന്ദിഗ്ദ്ധമായ വസ്തുതയാണ്. കോവിഡ് സൃഷ്ടിച്ച ആരോഗ്യ-സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പൂര്‍ണ്ണമായി മുക്തി നേടാത്ത സമ്പദ്വ്യവസ്ഥക്ക് ഇന്ധനവിലയിലുള്ള വര്‍ധന ഏതു രീതിയില്‍ പ്രതിഫലിക്കുമെന്നു കാത്തിരുന്ന് കാണേണ്ടതാണ്. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ കാര്യമായി ഇടപെട്ടില്ലെങ്കില്‍ (കഴിഞ്ഞ നാലു മാസം ഇന്ധന വില നിയന്ത്രിച്ചതുപോലെ) ജനജീവിതം 'എരിതീയില്‍ നിന്നും വറചട്ടിയിലേക്ക്' നീങ്ങുന്നതിന് സമാനമായിരിക്കും.
വില നിര്‍ണ്ണയം എണ്ണക്കമ്പനികളെ ഏല്‍പ്പിച്ച നാള് മുതല്‍ ഈ പ്രക്രിയ വിവാദങ്ങളാല്‍ കലുഷിതമാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡിന്റെ വില വര്‍ദ്ധിക്കുമ്പോള്‍ ആഭ്യന്തര കമ്പോളത്തില്‍ വില വര്‍ദ്ധിക്കുന്നത് മനസിലാകുമെങ്കിലും, പലപ്പോഴും ഇതിന് വിപരീതനിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതിനാല്‍, പൊതുജനങ്ങള്‍ക്ക് ഈ വിലനിര്‍ണ്ണയ രീതിശാസ്ത്രത്തില്‍ വിശ്വാസമില്ല എന്നതാണ് യാഥാര്‍ഥ്യം. ഇന്ധന വിലയെ പൊതുവില്‍ സ്വാധീനിക്കുന്ന സുപ്രധാന ഘടകങ്ങളാണ് അതിന്റെ അന്താരാഷ്ട്ര കമ്പോളത്തിലെ വിലയും, രൂപയുടെ ഡോളറിലുള്ള വിനിമയ നിരക്കും. ഇത് കൂടാതെ, കടത്തു കൂലിയും, ഡീലര്‍ കമ്മിഷനും, നികുതി നിരക്കുകളും ഇന്ധന വില നിര്‍ണയത്തിലെ സുപ്രധാന കണ്ണികളാണ്.
ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിക്കാനായി 1986-ല്‍ നിയമനിര്‍മ്മാണം നടത്തിയ രാജ്യമാണ് നമ്മുടേത്. കാലാകാലങ്ങളായി അന്താരാഷ്ട്ര വിലക്കനുസരിച്ച് പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങുന്നവരായതിനാല്‍ അതിന്റെ വില നിര്‍ണയത്തിലെ സുതാര്യത അറിയാന്‍ രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ടന്നു വേണം ന്യായമായും കരുതാന്‍. പക്ഷെ, പെട്രോളിയം വില നിര്‍ണയത്തിന്റെ രീതിശാസ്ത്രത്തെപ്പറ്റി പലരും അജ്ഞരാണെന്നു മാത്രമല്ല, കമ്പനികള്‍ വില നിര്‍ണ്ണയ രീതി പരസ്യപ്പെടുത്താറില്ല. ഈ പ്രവണത പിന്തുടരുന്ന കാലമത്രയും പൊതുജനങ്ങള്‍ക്കിടയില്‍ എണ്ണവില നിര്‍ണ്ണയം എന്നും സന്ദേഹമുളവാക്കുന്ന സമസ്യയായി നിലകൊള്ളും എന്നത് വ്യക്തമാണ്. ഇതിനു പരിഹാരമെന്ന നിലയില്‍, വ്യത്യസ്ത നിരക്കുകളിലുള്ള ക്രൂഡിന്റെ അന്താരാഷ്ട്ര വിലയും, വിനിമയ നിരക്കുകളും, നികുതികളും ഉള്‍പ്പെട്ട ഒരു മെട്രിക്സ് രൂപരേഖ തയാറാക്കുകയും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന ഒരു സംവിധാനത്തിലേക്ക് മാറേണ്ടതായിട്ടുണ്ട്. ഇത് കമ്പോളത്തില്‍ വ്യത്യസ്ത ചരങ്ങള്ക്കുണ്ടാകുന്ന (variables) മാറ്റം സസൂഷ്മം നിരീക്ഷിക്കാനും കമ്പനികളുടെ ചൂഷണത്തില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സംരക്ഷണമേകാനും കഴിഞ്ഞേക്കാം. ഇത് പൊതുജനങ്ങള്‍ക്ക് ഇന്ധന വില നിര്‍ണയത്തിലെ സുതാര്യത ഉറപ്പുവരുത്തുന്നതോടൊപ്പം, വിലക്കുറവിന്റെ ആനുകൂല്യങ്ങള്‍ ഉപഭോക്താവിന് ലഭിക്കുകയും ചെയ്യും. ഇങ്ങനെയുള്ള ഒരു നൂതന രീതിശാസ്ത്രത്തിലേക്ക് നീങ്ങുന്നതോടൊപ്പം, അന്താരാഷ്ട്ര സംഭവവികാസങ്ങളില്‍ അയവുവരുകയാണെങ്കില് മാത്രമേ രാജ്യത്തെ എണ്ണവില വരും ദിവസങ്ങളില്‍ കുറയുമെന്നു പ്രതീക്ഷിക്കാന്‍ വകയുള്ളു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..