കോവിഡ് ടെസ്റ്റെന്ന് കേട്ടാൽ തന്നെ പേടിയായിരുന്നു, അതിന് കാരണവുമുണ്ട്‌ | എങ്കള കടല്‍, എങ്കള ജീവിതം 02


അമൃത എ.യു./amrithaau@mpp.co.in

വീടിനുള്ളില്‍ തന്നെ ഇരിക്കാന്‍ കഴിയാത്തവരാണ് കടലോരമേഖലയിലുള്ളത്. അങ്ങനെ ഇരിക്കാനുള്ള സ്ഥിതി ഇവിടുത്തെ ജനങ്ങള്‍ക്ക് ഇല്ല. മാസ്‌ക് വെക്കണമെന്നും പുറത്ത് ഇറങ്ങരുതെന്നും മാത്രമാണ് അവരോട് പറഞ്ഞത്. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നോ എന്തിനാണ് മാസ്‌ക് വെക്കുകയും വീടുകളില്‍ തന്നെ കഴിയും ചെയ്യേണ്ടതെന്നോ ഇവിടെയുള്ളവരോട് വന്നവരാരും പറഞ്ഞു കൊടുത്തിട്ടില്ല.' എങ്കള കടൽ എങ്കള ജീവിതം'- ഭാഗം 2

coastal area Covid 19

'കോവിഡ് ടെസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ പേടിയായിരുന്നു അവര്‍ക്ക്. മുന്‍പ് ടെസ്റ്റ് ചെയ്യാന്‍ പോയ ചിലര്‍ക്ക് വെള്ളവും ഭക്ഷണവും കിട്ടാതെ വന്നതുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളായിരുന്നു അവരുടെ മനസില്‍. പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചാല്‍ ചികിത്സ തരാതെ എവിടെയെങ്കിലും കൊണ്ട് കിടത്തുമോ എന്നൊക്കെയുള്ള ഭയവും.' തിരുവനന്തപുരത്തെ തീരദേശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രതിനിധിയായ രതിന്‍ പറയുന്നു.

സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ ആദ്യഘട്ടം മുതല്‍ തന്നെ തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ക്വാറന്റൈന്‍ സെന്ററുകളിലും പിന്നീട് സ്വന്തം ഗ്രാമമായ പുല്ലുവിളയിലും വോളന്റിയറായി പ്രവര്‍ത്തിക്കുകയാണ് രതിന്‍.

'കോവിഡ് വരുമോയെന്ന ഭയം ഉള്ളിലുണ്ട്. എന്നിരുന്നാലും പി.പി.ഇ. കിറ്റ് ധരിച്ചിരിക്കുന്നുവെന്നതായിരുന്നു ധൈര്യം. ഇറ്റലിയിലും അമേരിക്കയിലും കണ്ട അതേ കാഴ്ചകള്‍ പിന്നീട് കേരളത്തിലും ഞങ്ങളുടെ ഇടങ്ങളായ തീരമേഖലയിലും കാണുകയും അതിലൂടെ കടന്നുപോകേണ്ടിയും വന്നു', രതിന്‍ തുടരുന്നു.

'മെയ് 10ാം തീയതി മുതല്‍ തിരുവനന്തപുരത്തെ മാര്‍ ഇവോനിയോസ് കോളേജില്‍ ഉണ്ടായിരുന്ന ക്വാറന്റൈന്‍ സെന്ററില്‍ വോളന്റിയറായി പ്രവര്‍ത്തിച്ചിരുന്നു. അന്ന് പ്രവാസികളും റഷ്യയിലും മോസ്‌കോയില്‍ നിന്നുമൊക്കെ വന്ന മെഡിക്കല്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ അവിടെ ക്വാറന്റൈനിലുണ്ടായിരുന്നു. ഇവര്‍ക്ക് വേണ്ട സാധനങ്ങളൊക്കെ തരാന്‍ വേണ്ടി മാതാപിതാക്കള്‍ കൊണ്ടുവരും. അവര്‍ സാധാനങ്ങളൊക്കെ കൊണ്ട് വന്ന് ഒരുപാട് ദൂരെ വെച്ച് മാറി നില്‍ക്കും. അടുത്ത് വരരുതെന്നാണ് നിര്‍ദേശം. ജീവിതത്തിലാദ്യമായാണ് അത്തരമൊരു അനുഭവം.'

'പിന്നീട് ഞങ്ങളുടെ തീരദേശ മേഖലയില്‍ സാമൂഹിക വ്യാപനം സ്ഥിരീകരിക്കുന്നതിന് തലേദിവസം ജൂലൈ 16-ന് നാട്ടിലെ വോളന്റിയര്‍ ജോലികള്‍ ചെയ്യാനായി പുല്ലുവിളയിലേക്ക് വരുകയും അവിടുത്തെ കരുംകുളം പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയുമായിരുന്നു. ജൂലൈ 17ന് ശേഷമുള്ള രണ്ടാഴ്ചക്കിടയില്‍ പതിമൂന്നോളം മരണങ്ങള്‍ സംഭവിച്ചിരുന്നു. അതില്‍ ആറോ ഏഴോ പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. പി.പി.ഇ. കിറ്റ് ധരിച്ച് നാല് പേരുടെ മൃതദേഹങ്ങള്‍ ക്രൈസ്തവ വിശ്വാസപ്രകാരം അടക്കം ചെയ്യുകയും ചെയ്തു. '

image

'കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് തീരദേശത്തുള്ള ഞങ്ങളുടെ നാട്ടുകാര്‍ ആദ്യ ഘട്ടത്തിലൊക്കെ മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു. അതിന് കാരണവുമുണ്ട്. കോവിഡ് പരിശോധനക്കായി രാവിലെ കൊണ്ട് പോയി മണിക്കൂറുകളോളം വൈകിപ്പിക്കുകയും ഭക്ഷണം പോലും കൊടുക്കാന്‍ തയാറാവുകയും ചെയ്തിരുന്നില്ല. പരിശോധനക്ക് പോയപ്പോള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ തന്നെ പിന്നീട് അവരെ ഭയപ്പെടുത്തുകയായിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചാല്‍ തങ്ങളെ കൊണ്ട് പോയി ചികിത്സിക്കാതെയും ഭക്ഷണം തരാതെയും കിടത്തുമോ എന്ന ഭയവുമായിരുന്നു അവര്‍ക്ക് ഉണ്ടായത്. പിന്നീട് തീരത്ത് ഉണ്ടായ ഓരോ പ്രശ്‌നങ്ങളില്‍ നിന്നും ആരും കൂടെയില്ലായെന്നുള്ള ചിന്തയാണ് ഇപ്പോഴാണ് ഇവിടുത്തെ ജനങ്ങള്‍ക്ക്.' രതിന്‍ വ്യക്തമാക്കി.

മീന്‍ വാങ്ങിയതിന് ശേഷം അവര്‍ പണം പേപ്പറില്‍ പൊതിഞ്ഞ് എറിഞ്ഞാണ് തന്നത് | എങ്കള കടല്‍, എങ്കള ജീവിതം 01

തീരദേശമേഖലയിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടക്കത്തില്‍ വേണ്ടത്ര ഫലവത്താകാത്തതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും കാരണമായെന്ന് പുതിയതുറ സ്വദേശിയും ദ് വുമന്‍ ഡെലിവേഴ്‌സ് യംഗ് ലീഡേഴ്‌സ് പ്രോഗ്രാമിലെ അംഗവുമായ ജിമ റോസ് പറയുന്നു. കോവിഡ് ബോധവത്ക്കരണം സാധാരണക്കാരായ മത്സ്യത്തൊഴിലാളികളിലേക്ക് എത്താതെ പോയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

'പുല്ലുവിളയിലും പ്രദേശത്തുമെല്ലാം മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ഈ ഭാഗത്തെല്ലാം മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് ചെയ്ത് പോവുകയാണ് ഉണ്ടായത്. ഇവിടെയുള്ള എല്ലാവരും പത്രം വായിക്കുന്നവരോ മറ്റ് ദൃശ്യമാധ്യമ വാര്‍ത്തകള്‍ കാണുന്നവരോ അല്ല. പിന്നീട് ആരോഗ്യപ്രവര്‍ത്തകരും ബോധവത്കരണവുമായി എത്തി. ഇവിടേക്ക് എത്തിയ ആരോഗ്യപ്രവര്‍ത്തകരില്‍ ചിലരുടെ പെരുമാറ്റവും പറയാതെ വയ്യ. കടല്‍പ്പണിക്കാരായ ഇവിടുത്തെ ജനങ്ങളെ അവജ്ഞയോടെ കാണുന്നവര്‍ അത് പ്രകടമാക്കിയാല്‍ ആ ബോധവത്കരണം എത്രത്തോളം ഫലപ്രദമാകുമെന്ന് ചിന്തിക്കണം.'

Jima Rose
ജിമ റോസ്

'എന്താണ് കൊറോണെയെന്നോ എങ്ങനെയാണ് പടര്‍ന്നുകൊണ്ടിരിക്കുന്നതെന്നോ ബോധ്യമില്ലാത്തവരാണ് ഇവിടെയുള്ള ഭൂരിഭാഗം ജനങ്ങളും. വീടിനുള്ളില്‍ തന്നെ ഇരിക്കാന്‍ കഴിയാത്തവരാണ് കടലോരമേഖലയിലുള്ളത്. അങ്ങനെ ഇരിക്കാനുള്ള സ്ഥിതി ഇവിടുത്തെ ജനങ്ങള്‍ക്ക് ഇല്ല. മാസ്‌ക് വെക്കണമെന്നും പുറത്ത് ഇറങ്ങരുതെന്നും മാത്രമാണ് അവരോട് പറഞ്ഞത്. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നോ എന്തിനാണ് മാസ്‌ക് വെക്കുകയും വീടുകളില്‍ തന്നെ കഴിയും ചെയ്യേണ്ടതെന്നോ ഇവിടെയുള്ളവരോട് വന്നവരാരും പറഞ്ഞു കൊടുത്തിട്ടില്ല. അടിസ്ഥാനപരമായി കിട്ടേണ്ടിയിരുന്ന ബോധവത്കരണം കടലോരമേഖലയിലെ ജനങ്ങള്‍ക്ക് ആദ്യ ഘട്ടത്തിലൊന്നും തന്നെ ലഭിച്ചിട്ടില്ലായിരുന്നു. ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടും മരണങ്ങള്‍ സംഭവിച്ചിട്ടും ഇപ്പോഴും അജ്ഞരാണ് ഇവിടെയുള്ള കുറച്ചുപേരെങ്കിലും.' - ജിമ പറയുന്നു.

കടലിലെ പണി കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയാൽ ആണുങ്ങൾ അല്പം വിശ്രമത്തിന് ശേഷം തിരികെ കടൽക്കരയിലേക്ക് തന്നെ പോകുകയാണ് ചെയ്യാറുള്ളത്. അവിടെ വല ശരിയാക്കലോ അടുത്ത വള്ളങ്ങളിലെ പണിക്കാരോട് അന്നത്തെ വിശേഷങ്ങൾ പറ‍ഞ്ഞിരിക്കുകയോ ചെയ്യാറാണുള്ളത്. സ്ത്രീകളാണെങ്കിൽ വീടുകളിൽ തന്നെയോ മറ്റ് ജോലികളിലോ ആയിരിക്കും.

തിരുവനന്തപുരം, കാസര്‍കോട് തുടങ്ങിയ ജില്ലകളിലെ ചിലതീരങ്ങളില്‍ മത്സ്യബന്ധന കുടുംബങ്ങളില്‍ പിന്തുടര്‍ച്ചാവകാശം പെണ്‍മക്കള്‍ക്കാണ്. അതുകൊണ്ട് തന്നെ മിക്ക സ്ത്രീകളും വിവാഹശേഷവും അവരുടെ സ്വന്തം വീടുകളില്‍ തന്നെയാണ് ഉണ്ടാവുക. ഒന്നോ രണ്ടോ മുറികൾ മാത്രമുള്ള വീടുകളിൽ മൂന്നോ നാലോ കുടുംബങ്ങളാകും കഴിയുന്നത്. ഒന്നോ രണ്ടോ സെന്റ് സ്ഥലങ്ങളിൽ അടുത്തടുത്താണ് മിക്കവരുടെയും വീടുകള്‍. ഒരു വീട്ടില്‍ തന്നെ മൂന്നോ നാലോ കുടുംബങ്ങളാണ് കഴിയുന്നത്. അത്തരം സാഹചര്യങ്ങളില്‍ ഈ കുടുംബങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കല്‍ സാധ്യമാകില്ല.

'ജൂണ്‍-ജൂലൈ മാസങ്ങളിലാണ് ഏറ്റവും നല്ല വരുമാനം കിട്ടുക. ഈ മാസങ്ങളെ മുന്നില്‍ കണ്ടാകും കടവും ചിട്ടിയും പാട്ടവുമൊക്കെ എടുത്ത് മക്കളുടെ പഠനത്തിനോ വിവാഹത്തിനോ വേണ്ട വക കണ്ടെത്തുന്നത്. പക്ഷേ മറ്റ് എല്ലാ ജനവിഭാഗങ്ങളേയും പോലെ കോവിഡില്‍ മത്സ്യത്തൊഴിലാളികളുടേയും അവരുടെ കുടുംബത്തിന്റെയും താളം തെറ്റിച്ചു. നൂറോളം വള്ളങ്ങളാണ് മുന്‍പ് കടലില്‍ പോയിക്കൊണ്ടിരുന്നത്. ഇപ്പോഴത് നാലോ അഞ്ചോ മാത്രമായി. ആ വള്ളങ്ങളില്‍നിന്ന് കിട്ടുന്ന വരുമാനത്തെ എല്ലാവരും പങ്കിട്ടെടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.'- മത്സ്യത്തൊഴിലാളികൾ പറയുന്നു.

image
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന സി എസ് സി എഫ് അംഗങ്ങൾ

ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം (സി.എസ്.സി.എഫ്.), സഖി, പാലിയം ഇന്ത്യ തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനവും തീരദേശത്തെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായി. തീരദേശത്തുള്ളവര്‍ക്ക് അവരുടെ ഭാഷയില്‍ അറിയിപ്പുകളും മുന്‍കരുതല്‍ നടപടികളും എത്തിച്ചുകൊടുക്കാന്‍ ഇവര്‍ക്കായി. സ്ത്രീകള്‍ അനുഭവിച്ച സാനിറ്ററി നാപ്കിന്‍ ക്ഷാമം മുതല്‍ കിടപ്പുരോഗികളെ പരിചരിക്കുന്നതില്‍ വരെ ഈ സംഘടനകള്‍ ഭാഗമായി.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ടത്ര ഫലപ്രദമാകാത്തിടത്ത് സന്നദ്ധസംഘടനകള്‍ക്ക് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാനായത് എന്തുകൊണ്ടാണ്. അതേക്കുറിച്ച് മൂന്നാം ഭാഗത്തില്‍ വായിക്കാം...

Content Highlights:Wide spread of Covid 19 in Trivandrum coastal area series Poonthura part 2

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented