മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിച്ചും സാമൂഹിക അകലം പാലിച്ചും പരസ്പരം സംസാരിക്കാതെയും ചന്തകള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും. തീരദേശത്ത് മറ്റിടങ്ങളിലെ രീതികള്‍ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് പുതിയ രീതികള്‍ അവലംബിക്കാനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചത്.

'മൂക മാര്‍ക്കറ്റ്' എന്ന ആശയം അത്തരത്തിലുള്ള ഒന്നാണ്. 'ചന്തകളില്‍ സംസാരം കുറച്ചുകൊണ്ട്, വിലപേശലുകള്‍ ഇല്ലാതെ പ്രദര്‍ശിപ്പിച്ചിട്ടുള്ള വിലയില്‍ മത്സ്യം വില്‍പന നടത്തുകയാണ് മൂക മാര്‍ക്കറ്റിലൂടെ. പദ്ധതി നടപ്പിലാക്കിയ എല്ലാ സ്ഥലങ്ങളിലും വിജയകരമായില്ലെങ്കിലും ഒരു സ്ഥലത്ത് വിജയമായത് പോലും ഈ ഘട്ടത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ്.

തീരദേശത്തുള്ളവര്‍ക്ക് വേണ്ടി സന്നദ്ധ പ്രവര്‍ത്തകരുടേയെല്ലാം നേതൃത്വത്തില്‍ ബോധവത്കരണങ്ങളടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടത്തുന്നുണ്ടെന്നാണ് വിഴിഞ്ഞം സി.ഐ.: എസ്.ബി. പ്രവീണ്‍ പറയുന്നത്. മത്സ്യവിപണനത്തിനായി ഇപ്പോള്‍ പുറത്ത് നിന്നുള്ളവര്‍ തീരദേശങ്ങളിലെ മാര്‍ക്കറ്റുകളിലേക്ക് വരാന്‍ തയാറാകുന്നില്ല. അതുകൊണ്ട് തന്നെ ഇവിടെയുള്ള ആള്‍ക്കാര്‍ അവരുടെ പരമ്പരാഗത രീതിയില്‍ തന്നെ മത്സ്യ വിപണനം നടത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

'കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവയാണ് നിലവില്‍ തീരദേശത്ത് ഉറപ്പ് വരുത്തുന്നത്. കോവിഡ് സാമൂഹിക വ്യാപനം ഉണ്ടായിരുന്ന പുല്ലുവിള, പൂന്തുറ എന്നിവിടങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും പഴയതുപോലെ തന്നെ ടെസ്റ്റുകള്‍ നടക്കുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമെല്ലാം പരിശോധനകള്‍ നടത്തുന്നുണ്ട്. ജില്ലാ പോലീസ് മേധാവിയുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും നേതൃത്വത്തിലുള്ള സംഘം തീരദേശവുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്'- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

തീരദേശത്തിന് വേണ്ടി എല്ലാ വിഭാഗങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും- സിറ്റി പോലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ

balram kumar upadhyaya
ബല്‍റാം കുമാര്‍ ഉപാധ്യായ.

പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ തീരദേശത്തെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. ഇനി ഫിഷറീസ്, റവന്യൂ, പോലീസ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളുടേയും സഹകരണത്തോടെയായിരിക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു.

അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെ വ്യാപിച്ചു കിടക്കുന്ന മത്സ്യബന്ധന ഗ്രാമങ്ങളില്‍ കോവിഡ് ഇപ്പോള്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്. എന്നിരുന്നാലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടത്തുന്നുണ്ടെന്നാണ് മൂകമാര്‍ക്കറ്റ് പോലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ഇതെല്ലാം എത്തരത്തിലാകും നടപ്പിലാക്കാന്‍ കഴിയുക എന്നതിനെപ്പറ്റി ആലോചിക്കുകയാണ്. തീരദേശവുമായി ബന്ധപ്പെട്ട് ഇനിയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
തീരദേശവാസികളും കാര്യങ്ങള്‍ മനസ്സിലാക്കിത്തുടങ്ങി -ഡിഎംഒ

ഉപജീവനമാര്‍ഗം അരക്ഷിതാവസ്ഥയിലായിരിക്കുകയാണ് തീരദേശത്ത്. അതുകൊണ്ട് തന്നെ കോവിഡുമായി ബന്ധപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളുമായി അവിടുത്തെ ജനങ്ങള്‍ സഹകരിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് തിരുവനന്തപുരം ഡി.എം.ഒ.: ഡോ. ഷിനു കെ.എസ്. പറയുന്നത്.

'മുന്‍പത്തെ സാഹചര്യത്തില്‍നിന്ന് മാറി ഇനിയും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ അവരുടെ ഉപജീവനത്തെ തന്നെ ബാധിക്കുമെന്ന ബോധ്യം അവര്‍ക്കുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ജനങ്ങള്‍ തയാറാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.' മത്സ്യവിപണനത്തിന് പോകുന്നവര്‍ക്ക് വേണ്ടി പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സംസാരം കുറയ്ക്കണമെന്നും ചന്തകളില്‍ സാമൂഹിക അകലം പാലിക്കണമെന്നുള്ള കര്‍ശന നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്നും ഡി.എം.ഒ. വ്യക്തമാക്കി.

വൈകാരിക പിന്തുണയും പ്രധാനം -ഡോ. എല്‍സി ഉമ്മന്‍

മത്സ്യത്തൊഴിലാളി സ്ത്രീകള്‍ രോഗത്തിന്റെ വാഹകരാണെന്ന രീതിയില്‍ ചിത്രീകരിക്കുകയും അവരെ സമൂഹത്തില്‍ നിന്ന് അകറ്റുന്ന പ്രവണത ആദ്യഘട്ടം മുതല്‍ തന്നെ കണ്ടിരുന്നതായും എന്നാല്‍ പരിഷ്‌കൃത സമൂഹമായ കേരളത്തില്‍ ഇത്തരമൊരു പ്രവണത ഒരിക്കലും ഭൂഷണമല്ലെന്നും പറയുകയാണ് കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. എല്‍സി ഉമ്മന്‍.

elsie oomman
എല്‍സി ഉമ്മന്‍

'ആരോഗ്യപ്രവര്‍ത്തകരടക്കം രോഗവാഹകരാണെന്നാണ് പലരും പറയുന്നത്. എന്നാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നവര്‍ക്ക് വൈകാരിക പിന്തുണ നല്‍കേണ്ടതുണ്ട്. ഇതിനായി വോളന്റിയേഴ്‌സ്, സന്നദ്ധപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവരുമായുള്ള ബന്ധം വിപുലീകരിക്കുകയും ഇവരുടെ സഹായം തേടുകയും ചെയ്യണം.

മൂന്നോ നാലോ മാസങ്ങള്‍ മാത്രം നിലനില്‍ക്കുന്ന ഒരു താത്കാലിക പ്രശ്‌നമാണെന്ന് മനസിലാക്കണം. ഇക്കാര്യങ്ങള്‍ മനസിനെ പറഞ്ഞ് പഠിക്കുകയെന്നത് പ്രധാനമാണ്. കുറച്ചു നാള്‍ ഇത് സഹിച്ച് പോയാല്‍ പിന്നീട് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ മാറുകയാണെന്നും മനസിലാക്കുകയാണ് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നത്.

മത്സ്യത്തിലൂടെ രോഗം പകരില്ലായെന്ന് യുണൈറ്റൈഡ് നാഷന്‍സ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അവരെ രോഗവാഹകരാണെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുകയല്ല വേണ്ടത്. മത്സ്യം വാങ്ങാനെത്തുന്നവര്‍ അകലംപാലിക്കുകയും മാസ്‌കും ഗ്ലൗസും ധരിക്കുകയാണ് ചെയ്യേണ്ടത്.

ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങള്‍ ചെയ്യേണ്ടതിനെക്കുറിച്ച് എല്ലാവരേയും ബോധവാന്മാരാക്കണം. അതല്ലാതെ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരുടെ ഉപജീവനമാര്‍ഗം ഇനിയും തടസപ്പെടുകയല്ല ചെയ്യേണ്ടത്. സാമ്പത്തിക ബാധ്യതയടക്കം ഉണ്ടാവുകയുമാണെങ്കില്‍ ആത്മഹത്യയടക്കമുള്ള ചിന്തകളിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുണ്ട്. ആരോഗ്യപ്രവര്‍ത്തകരിലും അധികാരികളിലുമുള്ള വിശ്വാസ്യത വര്‍ധിപ്പിച്ചെടുക്കുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്- ഡോ.എല്‍സി ഉമ്മന്‍ പറയുന്നു.
 
കോവിഡ് പോലുള്ള മഹാമാരിക്കാലത്ത് ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തുകയും അവഗണിക്കുകയുമല്ല ചെയ്യേണ്ടത്. പകരം മത്സ്യത്തൊഴിലാളികളടക്കമുള്ള ഇത്തരം തദ്ദേശീയ ജന വിഭാഗങ്ങളെ ഏറെ കരുതലോടെ വേണം പരിഗണിക്കേണ്ടത്. തീരത്തെ അറിഞ്ഞ് വേണം വികസന പ്രവര്‍ത്തനങ്ങളടക്കം നടത്തേണ്ടതെന്ന് വീണ്ടും പറയാതെ വയ്യ.

(അവസാനിച്ചു)

പരമ്പരയുടെ മുന്‍ഭാഗങ്ങള്‍ വായിക്കാം

മീന്‍ വാങ്ങിയതിന് ശേഷം അവര്‍ പണം പേപ്പറില്‍ പൊതിഞ്ഞ് എറിഞ്ഞാണ് തന്നത് | എങ്കള കടല്‍, എങ്കള ജീവിതം 01

കോവിഡ് ടെസ്റ്റെന്ന് കേട്ടാല്‍ തന്നെ പേടിയായിരുന്നു, അതിന് കാരണവുമുണ്ട് | എങ്കള കടല്‍, എങ്കള ജീവിതം 02

കടലില്‍ പോയില്ലെങ്കില്‍ അടുപ്പെരിയാത്ത വീടുകളാണ് ഇവിടെ| എങ്കളെ കടല്‍ എങ്കളെ ജീവിതം 03.

content highlights: wide spread of covid 19 in Trivandrum coastal area series part 4