മീൻ വാങ്ങിയതിന് ശേഷം അവർ പണം പേപ്പറിൽ പൊതിഞ്ഞ് എറിഞ്ഞാണ് തന്നത് | എങ്കള കടല്‍, എങ്കള ജീവിതം 01


അമൃത എ.യു./ amrithaau@mpp.co.in

'രാവിലെ ഒന്‍പത് മണിക്ക് പോയി ഉച്ചക്ക് രണ്ട് മണിക്കോ മൂന്ന് മണിക്കോ ആണ് തിരിച്ചെത്തുക. മൂത്രമൊഴിക്കാന്‍ പോലും ഞങ്ങള്‍ക്ക് ഒരു സ്ഥലമില്ല. തിരികെ വീട്ടിലെത്തുമ്പോള്‍ മാത്രമാണ് പലപ്പോഴും അതിന് കഴിഞ്ഞിരുന്നത്. ഇടക്ക് എപ്പോഴെങ്കിലും പുറത്ത് കക്കൂസുള്ള, മീന്‍ കൊടുക്കുന്ന ഒരു വീട്ടില്‍ കയറും. അതും തീരെ നിവൃത്തിയില്ലെങ്കില്‍ മാത്രം!'

-

സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനമുണ്ടായ തിരുവനന്തപുരത്തെ തീരദേശ മേഖലയാണ് പൂന്തുറയും പുല്ലുവിളയും. രോഗവാഹകരെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുമ്പോള്‍ ആ സമൂഹത്തെക്കുറിച്ചും എന്തുകൊണ്ടാണ് തീരദേശങ്ങളില്‍ ഇത്രയധികം രോഗവ്യാപനം ഉണ്ടായതെന്നും അറിയേണ്ടതുണ്ട്. ഏറെ ശബ്ദമൊന്നുമില്ലെങ്കിലും അവര്‍ നമ്മോട് വിളിച്ചുപറയുന്നുണ്ട് ''എങ്കള കടല്‍, എങ്കള ജീവിതം.'' പരമ്പരയുടെ ഒന്നാം ഭാഗം​.

'എന്റെ കൂടെ ഉണ്ടായിരുന്ന പെണ്ണ് ഒരു വീട്ടില്‍ മീന്‍ കൊടുത്തു. ആ വീട്ടുകാര്‍ പൈസ പേപ്പറില്‍ പൊതിഞ്ഞ് എറിഞ്ഞാണ് കൊടുത്തത്.' തീരദേശവാസികള്‍ നേരിടേണ്ടിവരുന്ന തിക്താനുഭവങ്ങളുടെ കെട്ടഴിക്കുമ്പോള്‍ പൂന്തുറ സ്വദേശിയായ ഫ്‌ളോറന്‍സിയുടെ ശബ്ദത്തില്‍ സങ്കടമല്ല, അനുഭവിച്ച് തഴക്കം വന്ന അവഗണനകള്‍ നല്‍കിയ കാഠിന്യമായിരുന്നു ഉണ്ടായിരുന്നത്. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് മുമ്പും അതിനു ശേഷവും മത്സ്യത്തൊഴിലാളി സമൂഹത്തിന് നേരിടേണ്ടിവന്ന ദുരിതങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് 'കേരളത്തിന്റെ സ്വന്തം പട്ടാളം' എന്ന് വാഴ്ത്തപ്പെട്ട വിഭാഗം പൊതുസമൂഹത്തില്‍ നിന്നും എത്രമാത്രം അകലെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഫ്‌ളോറന്‍സി ഉള്‍പ്പെടെ അവര്‍ ഓരോരുത്തരും പങ്കുവെച്ച അനുഭവങ്ങള്‍.

'ഞങ്ങടെ ഇവിടെയൊന്നും കൊറോണ ഇല്ലായിരുന്ന സമയത്തായിരുന്നു ഇതൊക്കെ', ഫ്‌ളോറന്‍സി തുടരുന്നു. 'മുക്കുവത്തികള്‍ കൊണ്ടുവരുന്ന മീനുകള്‍ വാങ്ങരുത്, അതില്‍ കൊറോണയും കൊണ്ടാണ് വരുന്നത് എന്നൊക്കെയാണ് എല്ലാവരും പറഞ്ഞിരുന്നത്. നിങ്ങള്‍ കൊറോണ കൊടുക്കാനാണോ ഈ മീനും കൊണ്ടുവരുന്നത്? എന്നാണ് അന്ന് പോലീസ് ഞങ്ങളോട് ചോദിച്ചത്. കോവിഡ് പടര്‍ന്നു തുടങ്ങിയപ്പോള്‍ പോലീസ് ഞങ്ങളെ ഓടിക്കുമായിരുന്നു. ഇപ്പോഴും സ്ഥിതിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല. പലപ്പോഴും ഞങ്ങളുടെ കൂട്ടത്തിലുള്ളവരുടെ മീന്‍ കുട്ടകള്‍ വലിച്ചെറിഞ്ഞു. ഞങ്ങളേയും മീന്‍കുട്ടകളേയും കണ്ടാല്‍ അവര്‍ക്ക് അറപ്പാണ്. ഞങ്ങളാണ് ഈ നാട്ടുകാര്‍ക്കെല്ലാം കൊറോണ കൊടുക്കുന്നതെന്നാണ് അവരെല്ലാം പറഞ്ഞത്. ഇന്ന് മൂന്ന് ദിവസമേ ആയിട്ടുള്ളൂ മീന്‍ വില്‍ക്കാന്‍ പോകാന്‍ തുടങ്ങിയിട്ട്. പേടിച്ചാണ് പോകുന്നത്. പോലീസുകാര്‍ ഞങ്ങളെ ഉപദ്രവിക്കുകയോ ഞങ്ങളുടെ മീന്‍കുട്ടകളെ വലിച്ചെറിയുകയോ ചെയ്യുമെന്ന പേടിയാണ്.'

ഫ്‌ളോറന്‍സി മീന്‍ വില്‍ക്കാന്‍ പോയിട്ടു വേണം അവരുടെ കുടുംബം കഴിയാന്‍. നാലു പെണ്‍മക്കളെയും വിവാഹം ചെയ്തയച്ചു. ഭര്‍ത്താവ് രോഗിയാണ്. കടംകയറി രക്ഷയില്ലാതായപ്പോഴാണ് ആറു വര്‍ഷം മുമ്പ് തീരദേശത്തെ മറ്റു സ്ത്രീകളെ പോലെ ഫ്‌ളോറന്‍സിയും മീന്‍കുട്ടയുമായി ഇറങ്ങിയത്. എന്നാല്‍, അതിനും ഇന്ന് സാഹചര്യമില്ലാതായിരിക്കുന്നു. മീന്‍വില്‍പനയ്ക്ക് പോകുന്ന സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളുമേറെയാണ്. 'രാവിലെ ഒന്‍പത് മണിക്ക് പോയി ഉച്ചക്ക് രണ്ട് മണിക്കോ മൂന്ന് മണിക്കോ ആണ് തിരിച്ചെത്തുക. മൂത്രമൊഴിക്കാന്‍ പോലും ഞങ്ങള്‍ക്ക് ഒരു സ്ഥലമില്ല. തിരികെ വീട്ടിലെത്തുമ്പോള്‍ മാത്രമാണ് പലപ്പോഴും അതിന് കഴിഞ്ഞിരുന്നത്. ഇടക്ക് എപ്പോഴെങ്കിലും പുറത്ത് കക്കൂസുള്ള, മീന്‍ കൊടുക്കുന്ന ഒരു വീട്ടില്‍ കയറും. അതും തീരെ നിവൃത്തിയില്ലെങ്കില്‍ മാത്രം!' ഫ്‌ളോറന്‍സി പറഞ്ഞു.

ഇതിനൊക്കെ പുറമേ കൊറോണക്കാലം തീരദേശവാസികള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് തീരാദുരിതം കൂടിയായി മാറുകയാണെന്ന് ഫ്‌ളോറന്‍സി സ്വന്തം അനുഭവം പറഞ്ഞ് വ്യക്തമാക്കുന്നു. 'എന്തൊക്കെ സഹിച്ചാലും കടപ്പുറത്ത് നിന്ന് വാങ്ങിക്കൊണ്ട് പോകുന്ന മീനുകള്‍ കുറഞ്ഞ വിലക്കാണെങ്കിലും ആരെങ്കിലും വാങ്ങിയാല്‍ മതിയെന്നാണിപ്പോള്‍. കൊറോണ ആണെങ്കിലും പലിശക്ക് പണം തന്നവര്‍ വന്ന് ചോദിക്കും. മീന്‍ വില്‍ക്കാന്‍ പോയി തുടങ്ങട്ടെ എന്നിട്ട് തരാമെന്നാണ് ഞാന്‍ പറയാറുള്ളത്. അല്ലാതെ ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. എല്ലാരും വറുതിയിലാണ്. ഇവിടെയുള്ളവരൊക്കെ കടലില്‍ പോയി തുടങ്ങി. ദൂരേക്ക് ആരും മീന്‍ കൊണ്ട് പോകുന്നില്ല. അല്ലെങ്കിലും ദൂരെയുള്ളവര്‍ ഇവിടേക്ക് വന്നാലേ കച്ചവടോം നല്ല വിലേം കിട്ടുകയുള്ളൂ. ഇപ്പോള്‍ ചന്തകളില്ല. അതുകൊണ്ട് തന്നെ എവിടെയെങ്കിലും മീന്‍ വെച്ച് വില്‍ക്കുകയാണ് ചെയ്യുന്നത്. ചില ആള്‍ക്കാരൊക്കെ വാങ്ങും. ചിലരൊക്കെ ഞങ്ങളെ പേടിച്ച് പോകും.'

കടലോളം കരുത്തുള്ള പെണ്ണുങ്ങള്‍

കടലില്‍പ്പോയി ആണുങ്ങള്‍ കൊണ്ടുവരുന്ന മീന്‍ വീടുകളിലും മാര്‍ക്കറ്റുകളിലുമെത്തിക്കുന്നത് കടലോരത്തെ സ്ത്രീകളാണ്. ചുരുക്കിപ്പറഞ്ഞാല്‍ കടല്‍ക്കരയുടെ മുഖമാകുന്നത് ഇവിടുത്തെ സ്ത്രീകളാണ്. ഓരോ കുടുംബങ്ങളുടേയും ഭാരമാണ് മീന്‍ കുട്ടകളായി ഇവര്‍ തലയില്‍ പേറുന്നത്. മീന്‍കുട്ടകളെ അവജ്ഞയോടെ നോക്കുന്നതും അതിന്റെ മണം മൂക്കിലേക്ക് അടിക്കുമ്പോള്‍ അറപ്പോടെ മൂക്ക് പൊത്തിപ്പിടിക്കുന്നതും ഇവര്‍ക്ക് സാധാരണ കാഴ്ചകള്‍ മാത്രം. എന്നാല്‍ ഇവരെ സംബന്ധിച്ചിടത്തോളം ആ നോട്ടവും മണവുമൊന്നും അവരുടെ വിഷയമേ അല്ല. ബസ് സ്‌റ്റോപ്പുകളിലും ചന്തകളിലും വീടുകള്‍ തോറും കയറിയിറങ്ങിയും മീന്‍ വില്‍ക്കുന്നവര്‍ക്ക് ആ നോട്ടങ്ങളെക്കാളൊക്കെ വലുത് കുടുംബത്തിലെ എരിയുന്ന വയറുകളാണ്. പലപ്പോഴും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുക എന്നതും.

മത്സ്യവില്പനക്കാരായ സ്ത്രീകള്‍ അവരുടെ ആരോഗ്യ പരിരക്ഷയെപ്പറ്റി ഇതുവരേയും ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല. നിത്യേന മത്സ്യവുമായി നമുക്ക് മുന്നിലെത്തുന്നതും കുടുംബത്തെ മുഴുവനായും നിയന്ത്രിക്കുന്നതും തുറയിലെ ഈ 'മീന്‍കാരി' പെണ്ണുങ്ങള്‍ തന്നെയാണ്. തലയില്‍ മീന്‍കുട്ടയുമായി കിലോമീറ്ററുകളോളം നടന്നാണ് ഇപ്പോഴും പലരും ചന്തകളിലെത്തുന്നത്. എഴുപതും എണ്‍പതും വയസായാലും ജോലി ചെയ്ത് ജീവിക്കേണ്ടിവരുന്നവരും വിരളമല്ല. പക്ഷേ സമൂഹത്തില്‍ ഏറ്റവുമധികം അവഗണനകള്‍ നേരിടുന്നതും ഈ പെണ്ണുങ്ങള്‍ തന്നെയാകും. മാസങ്ങളായി നീണ്ട് നില്‍ക്കുന്ന കോവിഡ് ലോക്ക്ഡൗണില്‍ മറഞ്ഞത് അവരുടെ ഉപജീവനമാര്‍ഗമായിരുന്നു. സാമ്പത്തികമായും മാനസികമായും സമനാതകളില്ലാത്ത അരക്ഷിതാവസ്ഥയാണ് ഈ സമയത്ത് അവര്‍ക്ക് അനുഭവിക്കേണ്ടി വന്നത്.

image

തീരദേശത്തെ രോഗവ്യാപനം

മലനാട്, ഇടനാട്, തീരപ്രദേശം കേരളത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച് സ്‌കൂളില്‍ ഇങ്ങനെ പഠിച്ചിട്ടുണ്ടെങ്കിലും തീരപ്രദേശത്തെയും അവിടത്തെ ജനങ്ങളെയും കുറിച്ച് നാമെത്രമാത്രം അജ്ഞരാണെന്ന് വ്യക്തമാക്കുന്നതാണ് തിരുവനന്തപുരം ജില്ലയില്‍ കോവിഡ് സാമൂഹ വ്യാപനമുണ്ടായ പൂന്തുറയും പുല്ലുവിളയും. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി, കരുംകുളം എന്നീ കടലോരമേഖലകളെ പൂര്‍ണമായി വറുതിയിലാഴ്ത്തുകയായിരുന്നു കൊറോണ.

പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങുവരെ 42 ചെറുമത്സ്യബന്ധന ഗ്രാമങ്ങളിലായാണ് തലസ്ഥാനത്തെ തീരദേശമേഖല വ്യാപിച്ചുകിടക്കുന്നത്. വര്‍ക്കല മുനിസിപ്പാലിറ്റി, തിരുവനന്തപുരം കോര്‍പറേഷന്‍, വെട്ടൂര്‍, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, കഠിനംകുളം, വിഴിഞ്ഞം, കോട്ടുകാല്‍, കരുംകുളം, പൂവാര്‍, കുളത്തൂര്‍ എന്നീ പഞ്ചായത്തുകളിലായാണ് ഈ ഗ്രാമങ്ങള്‍. പുല്ലുവിള, കരുംകുളം, പൂന്തുറ എന്നിവിടങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായത്. വള്ളക്കടവ്, പുതിയതുറ, പെരുമാതുറ, വിഴിഞ്ഞം, കോട്ടപ്പുറം, പുതുക്കുറിച്ചി, ബീമാപള്ളി, വെട്ടുതുറ, കൊച്ചുതുറ, കോവളം, മുല്ലൂര്‍ തുങ്ങി തീരദേശത്തെ മിക്ക ഗ്രാമങ്ങളിലും കോവിഡ്ബാധ സ്ഥിരീകരിച്ചിരുന്നു.

കരുംകുളം പഞ്ചായത്തിലെ പുല്ലുവിള, കരുംകുളം എന്നിവിടങ്ങളില്‍ വലിയ തോതില്‍ വ്യാപനമുണ്ടായി. പഞ്ചായത്തിലെ 18ല്‍ പതിമൂന്ന് വാര്‍ഡുകളും തീരദേശമേഖലയിലാണ്. ഇവിടെ 2851
പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 640 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ രോഗവ്യാപനം രൂക്ഷമായിരുന്ന പ്രദേശങ്ങളിലൊന്ന് പൂന്തുറയായിരുന്നു. അമ്പലത്തറ, പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള കോവിഡ് രോഗികളുടെയെല്ലാം കേസുകള്‍ പൂന്തുറ എന്ന ഒറ്റ പേരിലാണ് വാര്‍ത്തകളിലെത്തിയത്. ഈ പ്രദേശങ്ങളിലാകെ ഇതുവരെ ഏകദേശം എഴുന്നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായാണ് കണക്കുകള്‍.

പൂന്തുറയിലെ കാണാക്കാഴ്ചകള്‍

ക്ലസ്റ്ററിന്റെ പേര് പൂന്തുറയെന്നായതോടെ പൂന്തുറ പ്രദേശത്തു താമസിക്കുന്നവര്‍ക്ക് വലിയ തോതിലുള്ള അവഗണനകളും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടിവന്നുവെന്ന് ഇവിടത്തെ കൗണ്‍സിലര്‍ പീറ്റര്‍ സോളമന്‍ പറയുന്നു. രോഗവ്യാപനകാലത്ത് തെരുവിലിറങ്ങേണ്ട അവസ്ഥയിലേക്ക് ഇവിടത്തെ ജനങ്ങളെ തള്ളിവിടുകയായിരുന്നെന്നും വ്യാപനം കുറഞ്ഞിട്ടും ഇവിടത്തെ സാഹചര്യത്തിന് വലിയ വ്യത്യാസമില്ലെന്നുമാണ് സോളമന്‍ വ്യക്തമാക്കുന്നത്.

'ഞങ്ങളാരും രോഗത്തെക്കുറിച്ച് ശ്രദ്ധിക്കാത്തവരല്ല. പക്ഷേ ഇത്തരമൊരു അവസ്ഥയെ നേരിടാന്‍ കഴിയുന്നതായിരുന്നില്ല ഇവിടുത്തെ സാഹചര്യം. പുത്തന്‍പള്ളിക്കാരനായ മത്സ്യവില്പനക്കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് അയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരെയടക്കം ടെസ്റ്റ് ചെയ്യുകയും ക്വാറന്റൈന്‍ ചെയ്യുകയും ചെയ്തു. പക്ഷേ അയാളുടേതടക്കം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് പൂന്തുറ സ്വദേശിക്ക് രോഗബാധയെന്നാണ്. ഇതോടെ ജനങ്ങള്‍ ഞങ്ങളെ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്. പ്രദേശത്തുള്ള 35 വയസുകാരന് രക്തസമ്മര്‍ദ്ദം ഉണ്ടാവുകയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പൂന്തുറ സ്വദേശിയാണെന്ന് അറിഞ്ഞതോടെ അവര്‍ അവിടെ ചികിത്സക്ക് സൗകര്യമില്ലെന്ന് പറഞ്ഞ് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. രാത്രിയോടെ അയാള്‍ മരണപ്പെട്ടു. ഒരുപക്ഷേ കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ അയാള്‍ മരണപ്പെടില്ലായിരുന്നു.'

'മത്സ്യബന്ധനത്തിനോ മത്സ്യക്കച്ചവടത്തിനോ നിയന്ത്രണങ്ങളോടെ പോകാനുള്ള അനുമതിയാണ് ഇപ്പോള്‍ കിട്ടിയിട്ടുള്ളത്. പക്ഷേ കണ്ടെയിന്‍മെന്റ് സോണിന് പുറത്തേക്ക് മീന്‍ വില്‍ക്കാന്‍ പോകാന്‍ അനുവാദമില്ല. അതാത് പ്രദേശത്ത് തന്നെ വില്പനക്കെത്തിക്കുമ്പോള്‍ അതിന് എത്രമാത്രം ആവശ്യക്കാരുണ്ടാകുമെന്ന് ചിന്തിക്കണം. കൂടാതെ ചന്തകളോ ലേലങ്ങളോ ഇല്ലാത്തതിനാല്‍ തന്നെ ഏതെങ്കിലും ഒരു പ്രദേശത്തേക്ക് മത്സ്യവില്പനക്കായി ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന ആ സര്‍ട്ടിഫിക്കറ്റുമായി പോയിട്ട് പോലും പോലീസ് കച്ചവടം നടത്താന്‍ അനുവദിക്കുന്നില്ല. മീന്‍ചരുവത്തിന് മുകളില്‍ പോലീസ് ജീപ്പ് കയറ്റിയ സംഭവം പോലും ഉണ്ടായി.''