ഹാഥ്റസിലെ ബലാത്സംഗക്കൊലയില്‍ ദളിത് എന്ന പദം എന്തിനുപയോഗിക്കുന്നു എന്ന് പലരും ചോദിച്ചു കേള്‍ക്കുന്ന ചോദ്യമാണ്. എല്ലാ ബലാത്സംഗങ്ങളിലും സംഭവിക്കുന്നത് ബലാത്സംഗം എന്ന ഒരേ കൃത്യമല്ലേ, എല്ലാ കൊലകളിലും നടക്കുന്നത് ജീവന്‍ നഷ്ടപ്പെടുക എന്ന ഒരേ കാര്യമല്ലേ എന്നാണ് പലരും ഉന്നയിക്കുന്നത്. എല്ലാ മനുഷ്യരും തുല്യരാണെന്നും എന്തിനാണ് സംവരണം എന്നുമുള്ള സാമൂഹിക ബോധമില്ലാത്ത ചോദ്യത്തിനു തുല്യമാണ് ഈ ഓരോ സംശയങ്ങളും. 

2019 ല്‍ ഇന്ത്യയില്‍ ഓരോ ദിവസവും നൂറോളം ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 32,033 ബലാത്സംഗ കേസുകള്‍ 2019ൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 11% ഉം ദളിത് പീഡനങ്ങളായിരുന്നു. എന്തുകൊണ്ട്  ഇത്രയധികം ബലാത്സംഗങ്ങള്‍? എന്തുകൊണ്ട് അവയെ ദളിത് ബലാത്സംഗം എന്നുതന്നെ പറയണം എന്നതിന് സാമൂഹിക നിരീക്ഷകയും ആക്ടിവിസ്റ്റുമായ മൃദുല ദേവി ശശിധരന്റെ വാക്കുകള്‍ നാം കേള്‍ക്കേണ്ടതുണ്ട്.

'പല തരത്തിലാണ് റേപ്പ് സംഭവിക്കുന്നത്. സ്ത്രീകളോടുള്ള അമര്‍ഷം റേപ്പിന്റെ രൂപത്തില്‍ വരാറുണ്ട്, അമിതമായി കാമാസക്തി കാരണം അത്തരമൊരു ആക്രമണം ഉണ്ടാവാറുണ്ട്. അതുപോലെ വെറുപ്പില്‍നിന്നും അധികാരഭാവത്തില്‍നിന്നും അതുണ്ടാവാറുണ്ട്. പ്രാന്തവത്കരിക്കപ്പെട്ട സമൂഹത്തില്‍പ്പെട്ട പെണ്‍കുട്ടികളാണ് കൂടുതലായും ഇത്തരത്തിലുള്ള മനോവൈകൃതങ്ങളടങ്ങിയ അക്രമങ്ങള്‍ക്ക് ഇരയാകുന്നത്. അത് കാണിക്കുന്നത് ഈ കുട്ടിയുള്‍പ്പെടുന്ന സമൂഹത്തോട് അക്രമികള്‍ വെച്ചുപുലര്‍ത്തുന്ന വിദ്വേഷമാണ്', മൃദുല പറയുന്നു. 

ഇതിനു പുറമെ അരികുവത്കരിക്കപ്പെട്ട സമൂഹത്തില്‍ സംഘടിതമായി ചോദ്യം ചെയ്യാന്‍ ആളുണ്ടാവില്ലെന്നതും ദളിതര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ഘടകമാണ്. അവരുടെ ജീവിത പരിസരം തന്നെ ഇത്തരം അക്രമങ്ങൾക്ക് സാധ്യതയുള്ളതും പുറംലോകവുമായി അധികം ബന്ധമില്ലാത്തതുമാണ്. ഒരു ഉന്നതജാതി-മതശ്രേണിയില്‍പെട്ട പെണ്‍കുട്ടി ഏറ്റുവാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ക്രൂരമായ അതിക്രമങ്ങള്‍ ഏറ്റുവാങ്ങാനുള്ള സാധ്യത ദളിത് പെണ്‍കുട്ടികള്‍ക്കാണെന്ന് സാരം. ഇതിനെല്ലാമുപരി ദളിതരെ അടിച്ചമര്‍ത്താന്‍ ഇന്ത്യയിലെ ജാതി വ്യവസ്ഥിതി ഇന്നും ബലാത്സംഗത്തെ ആയുധമാക്കുന്നുണ്ട് എന്ന സത്യവും നമുക്ക് മുന്നിലുണ്ട്. അതിനാലാണ് ദളിതയെന്ന കാരണത്താല്‍ ഇത്തരം ലൈംഗിക അധിനിവേശങ്ങള്‍ നടക്കുന്നതിനെ ദളിത് ബലാത്സംഗമായി തന്നെ നാം കാണേണ്ടതുണ്ടെന്ന് പറയുന്നതും.

ദളിത് സമൂഹം അക്രമിക്കപ്പെടുമ്പോൾ പ്രതിസ്ഥാനത്ത് ഉന്നത ജാതിക്കാരാണെങ്കില്‍ കേസെടുക്കപ്പെടില്ലെന്നും കേസെടുത്താല്‍ തന്നെ ഹാഥ്റസില്‍ സംഭവിച്ച പോലെ മൃതദേഹം വരെ കത്തിച്ച് ബലാത്സംഗം പോലും നടന്നില്ലെന്ന് പറഞ്ഞ് പ്രതികള്‍ക്ക് രക്ഷപ്പെടാമെന്നുമുള്ള തോന്നലുണ്ട് ഒരു വിഭാഗത്തിന്. ഇതും ദളിതര്‍ക്കുനേരെയുള്ള അക്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. കേസായാല്‍ തന്നെ പോലീസും പ്രോസിക്യൂഷനും വീട്ടുവീഴ്ചയ്ക്ക് തയ്യാറാവുമെന്ന തോന്നലും പലര്‍ക്കുമുണ്ടാവാം.  അങ്ങനെ വിചാരണയില്‍ നിന്ന് ഊരാമെന്ന ആത്മവിശ്വാസവും. വാളയാറിലും ആതിരാകൊലപാതകത്തിലും നമ്മളത് കണ്ടതാണ്. അതുകൊണ്ടാണ് ദളിത് പെണ്‍കുട്ടികളുടെ ബലാത്സംഗക്കൊലപാതകം വെറുമൊരു പെണ്‍കുട്ടിയുടെ കൊലപാതകം മാത്രമായി കണക്കാക്കാന്‍ പറ്റാത്തതും.

കേസെടുത്ത ശേഷം കോടതികളിലെത്തിയ എത്ര ദളിത് കൂട്ടക്കൊലകളില്‍ നീതി നിര്‍വ്വഹിക്കപ്പെട്ടിട്ടുണ്ട് എന്ന ചോദ്യത്തിലേക്ക് കടന്നാല്‍ നമ്മളോരോരുത്തരും കുറ്റബോധം കൊണ്ട് തലത്താഴ്‌ത്തേണ്ടി വരും.

ഒരുവയസ്സുള്ള കുഞ്ഞും ഗര്‍ഭിണിയുമടക്കം 58 ദളിതരെ ഒറ്റരാത്രികൊണ്ട് ഉന്‍മൂലനം ചെയ്ത ലക്ഷ്മണ്‍പുര്‍ കൂട്ടക്കൊലയില്‍ പോലും നീതി മരണപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ലഭിച്ചില്ല. 2010ല്‍ കീഴ്‌ക്കോടതി കടുത്ത ശിക്ഷ വിധിച്ച 26 രണ്‍വീര്‍ സേന പ്രവര്‍ത്തകരെയും 2013ല്‍ മതിയായ തെളിവുകളില്ലെന്നു പറഞ്ഞ് പാറ്റ്‌ന ഹൈക്കോടതി വെറുതെ വിട്ട സംഭവം നമ്മുടെ മുന്നിലുണ്ട്. സച്ചിന്റെ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കലിനിടയില്‍ ആ പ്രധാന വാര്‍ത്ത മുങ്ങിപ്പോയി. ഇതു പോലെ രണ്‍വീര്‍ സേന പ്രതികളായ എത്രയെത്ര ദളിത് കൂട്ടക്കൊലകളിലാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോയത്.

ഈ പശ്ചാത്തലത്തിലാണ് ദളിതര്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ ആയുധങ്ങള്‍ നല്‍കണമെന്ന തരത്തിലേക്കുള്ള പ്രസതാവനകള്‍ ഭീം ആര്‍മി നേതാവായ ചന്ദ്രശേഖര്‍ ആസാദില്‍ നിന്നടക്കം ഉയരുന്നത്. പോലീസും ഭരണകൂടവും കോടതികളും നീതി നല്‍കാത്തതിനാല്‍ തങ്ങളെ തോക്കെടുക്കാന്‍ അനുവദിക്കണമെന്ന പ്രസ്താവന അവരുടെ ജീവിതം എത്രമാത്രം അരക്ഷിതമാണെന്ന് വെളിവാക്കുന്നതാണ്.

ഭരണകൂടം വിമര്‍ശിക്കപ്പെടുന്നതെന്തുകൊണ്ട്

ദളിത് പെണ്‍കുട്ടിയെ പ്രിവിലജുകള്‍ അനുഭവിക്കുന്ന ജാതിയില്‍പെട്ട ഒരാള്‍ ബാലാത്സംഗം ചെയ്തു കൊന്നാല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്രൂശിക്കുന്നതെന്തിനെന്ന ചില സ്വാഭാവിക ചോദ്യങ്ങളും ഉയരുന്നുണ്ട്. ധാര്‍മ്മിക ഉത്തരവാദിത്വം അവിടെ നില്‍ക്കട്ടെ. പക്ഷെ ഈ ബാലാത്സംഗത്തിനും കൊലയ്ക്കും ശേഷം ഇരയ്ക്കും അവരുടെ കുടുംബത്തിനും എതിരായി നടന്ന ഭരണകൂട ഇടപെടലുകള്‍ നമുക്ക് തള്ളിക്കളയാനാവുന്നതല്ല. ഭരണകൂടത്തിന്റെ ശബ്ദം ഇരയ്‌ക്കൊപ്പമാണോ അല്ലയോ എന്നത് കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന ബിജെപിനേതാക്കളുടെയും പോലീസിന്റെയും ഒറ്റ പ്രസ്താവന കൊണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ.

ചില ചോദ്യങ്ങള്‍ പ്രസക്തമാകുന്നതും അതുകൊണ്ടാണ്

  • സെപ്റ്റംബര്‍ 14 മുതല്‍ കുട്ടി മരിക്കുന്ന 29 വരെ ഉയരാത്ത ബലാത്സംഗമല്ലെന്ന വാദം, മരണ ശേഷവും മരണം നടന്ന് കുട്ടിയുടെ ശരീരം കത്തിച്ചതിനു ശേഷവും ഉയര്‍ന്നുവന്നത് അത്ര സ്വാഭാവികമാണോ.
  • ഇത്തരത്തിലുള്ള കേസുകളില്‍ റീ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് മൃതദേഹം മറവു ചെയ്യാറാണ് പതിവ്. എന്നാല്‍ കുട്ടിയുടെ വീട്ടുകാരെ പോലും കാണിക്കാതെ അവരുടെ സമ്മതം പോലും വാങ്ങാതെ ദഹിപ്പിച്ചത് ആരെ സഹായിക്കാനാണ്.
  • ബലാത്സംഗം നടന്നിട്ടില്ല എന്ന വാദത്തില്‍ മറു ചോദ്യങ്ങള്‍ ഉയരാതിരിക്കാന്‍ വേണ്ടിയായിരുന്നില്ലേ ഈ കത്തിക്കല്‍. 
  • ദേശീയ വനിതാ കമ്മീഷനടക്കം പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടോ എന്നതില്‍ സംശയം പ്രകടിപ്പിക്കുന്ന പ്രസ്താവനകള്‍ ഇറക്കി കഴിഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന യോഗി സര്‍ക്കാരിന്റെ ഇന്‍സെന്‍സിറ്റീവ് ആയ പ്രസ്താവനയും ഒപ്പം വന്നു. ഇതോടൊപ്പം യോഗിയുടെ "ഉന്നതകുലമഹിമ" ചേർത്തുവായിക്കപ്പെട്ടാൽ കുറ്റപ്പെടുത്താനാവുമോ?
  • യുപിപോലീസിന്റെയും യുപി ഭരണകൂടത്തിന്റെയും ആവര്‍ത്തിച്ചുള്ള പ്രസ്താവനകളെ റദ്ദു ചെയ്തുകൊണ്ട് ബലാത്സഗം നടന്നെന്ന മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തു വന്നുകഴിഞ്ഞു. അങ്ങനെയെങ്കില്‍ ഭരണകൂട ഇടപെടല്‍ സംശയിച്ചു പോകുന്നതില്‍ ജനത്തെ കുറ്റംപറയാനാവുമോ.
  • പെണ്‍കുട്ടി അക്രമിക്കപ്പെട്ട് അധിക സമയം കഴിയുന്നതിന് മുമ്പെടുത്തത് എന്ന് പറഞ്ഞുകൊണ്ട് ബിജെപി ഐടി സെല്‍ മേധാവിയായ അമിത് മാളവിയ പെണ്‍കുട്ടിയുടെ വീഡിയോ ഇട്ടത് സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലാണ്. ആരെ രക്ഷിക്കാനായിരുന്നു ആ ട്വീറ്റ്. നിയമ വിരുദ്ധമാണെന്നറിഞ്ഞിട്ടും സകല മര്യാദ സീമകളെയും ലംഘിച്ച് പൊതുമധ്യത്തില്‍ പെണ്‍കുട്ടിയുടെ മുഖം കാണിച്ചു കൊണ്ട് നല്‍കിയ ട്വീറ്റിന്റെ താത്പര്യം എന്തായിരുന്നു. അങ്ങനെ നീളുന്നു ചോദ്യങ്ങൾ..

കഴുത്തുഞെരിച്ച കാര്യം മാത്രമാണ് പെണഅ‍കുട്ടി ആ വീഡിയോയില്‍ പറയുന്നതെന്നാണ് മാളവിയയുടെ വാദം. അതായത് ബലാത്സംഗത്തെ കുറിച്ച് പെൺകുട്ടി പറഞ്ഞിട്ടില്ല എന്ന്.  ഒരു പെണ്‍കുട്ടി ജനക്കൂട്ടം കാണ്‍കെ പരസ്യമായി മൈക്കിനുമുന്നില്‍ നിന്ന് പീഡനത്തെ കുറിച്ച് വിവരിക്കുമെന്ന് വേണോ കരുതാന്‍. എന്ത് തരം യുക്തിയാണത്.

ഹാഥ്റസ് പെണ്‍കുട്ടിയെ അപമാനിച്ചാണ് മാളവിയ ട്വീറ്റ് ചെയ്തതെങ്കില്‍ ബല്ലിയയിലെ ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്യപ്പെടുന്ന അസംഖ്യം സ്ത്രീകളെ അപമാനിച്ചു കൊണ്ടാണ് പ്രസ്താവന നടത്തിയത്. പെണ്‍കുട്ടികളെ മൂല്യങ്ങള്‍ പഠിപ്പിച്ചാല്‍ ഹാഥ്റസ് പോലെയുള്ള സംഭവങ്ങള്‍ ഇനിയുണ്ടാവില്ലെന്നാണ് ബല്ലിയ എംഎല്‍എയായ സുരേന്ദ്ര സിങ് പറഞ്ഞത്. വഴിപിഴച്ച പെണ്‍കുട്ടികളാണ് ബലാത്സംഗത്തിനു കാരണക്കാരെന്ന് പറയാതെ പറയുകയല്ലേ അയാള്‍ ചെയ്തത്. ഇരയ്‌ക്കൊപ്പം നില്‍ക്കാതെ വേട്ടനായ്ക്കള്‍ക്കൊപ്പം നില്‍ക്കുകയും ആ വേട്ടയ്ക്ക് കാരണമുണ്ടെന്നും പറയുന്ന ഈ സിദ്ധാന്തങ്ങളുമായി രംഗത്തിറങ്ങുന്നത് ജനപ്രതിനിധികള്‍ കൂടിയാണെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കഥുവയിലെ ബലാത്സംഗക്കൊലയിൽ കുറ്റവാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലി നടത്തിയവരിൽ ബി.ജെ.പി നേതാക്കളുമുണ്ടായിരുന്നു. അതു തന്നെ ഉന്നാവോയിലും ഹാഥ്രസിലും ആവർത്തിക്കുവെന്നത് യാദൃച്ഛികം മാത്രമാണോ.  

ഭരണകൂടത്തിന്റെ ഭാഗമായുള്ളവര്‍ ബലാത്സംഗത്തിനാക്കം കൂട്ടുന്ന പ്രസ്താവനകള്‍ നടത്തുന്നതുകൊണ്ടും ബലാത്സംഗ കേസുകള്‍ പിന്നീട് കൈകാര്യം ചെയ്യുന്ന രീതികൊണ്ടുമാണ്  ഭരണകൂടം വിമര്‍ശിക്കപ്പെടുന്നത്. മാത്രമല്ല, സ്ത്രീകള്‍ക്കും ദളിതര്‍ക്കും നേരെയുള്ള അതിക്രമങ്ങളുടെ എണ്ണം കുറക്കുന്നതില്‍ ഭരണകൂടം എന്ത് ഇടപെടല്‍ നടത്തി എന്നതും പരിശോധിക്കപ്പെടുന്നുണ്ട്. ഇതിന്റെയെല്ലാം ആകെത്തുകയാണ് വിമര്‍ശനങ്ങള്‍ക്കാധാരം. പുരോഗമന സമൂഹത്തില്‍ സ്ത്രീശാക്തീകരണം പ്രധാനമാണ്. കരാട്ടെ പഠിപ്പിച്ചുകൊണ്ടുള്ള പ്രതിരോധത്തില്‍ ഊന്നിയ ശാക്തീകരണമല്ല, പകരം സ്ത്രീകള്‍ക്കും പുരുഷനും വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക വിദ്യാഭ്യാസം നല്‍കിയുള്ള ശാക്തീകരണം ഉണ്ടാവേണ്ടതുണ്ട്.  സത്രീ ശാക്തീകരണത്തിനു അനുകൂലമായ പരിസരങ്ങളുണ്ടാക്കാത്ത സര്‍ക്കാരുകളും ബലാത്സംഗംത്തിനാക്കം കൂട്ടും. കാരണം ബലാത്സംഗം എന്നത് ലൈംഗിക തൃഷ്ണയില്‍ നിന്നുണ്ടാവുന്നത് മാത്രമല്ല അതിന് അധികാരത്തിന്റെ ക്രൂരഭാവമാണ്, ജാതീയതയുടെ മുഖമുണ്ടതിന്, അരികു വത്കരിക്കപ്പെടുന്നവരോടുള്ള അവജ്ഞയും അവഹേളനവുമുണ്ടതില്‍. അതിനാലാണ് എല്ലാ ബലാത്സംഗങ്ങളും വെറും ബലാത്സംഗങ്ങളല്ല എന്നു പറയുന്നത്.

NB: ഇനിയും ഈ പറഞ്ഞതിലെല്ലാം സംശയങ്ങളുള്ളവര്‍ക്ക് പതാല്‍ ലോക് വെബ്ബ് സീരീസ് കാണാം. ഞങ്ങളുടെ സ്ഥാനം നിങ്ങള്‍ക്ക് മുകളിലാണെന്ന് സമര്‍ഥിക്കാന്‍ അവരുടെ കുലമഹിമ ഉറപ്പിക്കാന്‍ ഒരു കൂട്ടമാളുകള്‍ ചേര്‍ന്ന് ഒരമ്മയെ ബലാത്സംഗം ചെയ്യുന്ന ഒരു സീനുണ്ടതില്‍. അത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതി ബലാത്സംഗങ്ങളെയും ജാതിക്കൊലകളെയും കുറിച്ച് അല്‍പമെങ്കിലും തിരിച്ചറിവ് തരാതിരിക്കില്ല..

content highlights: Why we say Dalit Rapes, How govt is responsible in such cases