യുഎസ് സുപ്രീം കോടതി | AFP
1739ല്‍ സൗത്ത് കരോലിനയിലെ സ്റ്റോണോ എന്ന ഗ്രാമത്തില്‍ ഒരു സംഭവം നടന്നു. ജെമ്മി എന്ന കറുത്തവര്ഗ്ഗക്കാരന് അടിമ ഒരു കട കുത്തിത്തുറന്ന് തോക്കുകള്‍ മോഷ്ടിക്കുകയും തന്റെ സഹ അടിമകളെ സംഘടിപ്പിക്കുകയും ചെയ്ത് നടത്തിയ ഒരു സാഹസിക വിമോചനസമരമായിരുന്നു അത്. അടിമകള്‍ കൂട്ടം ചേര്‍ന്ന് യജമാനന്മാരെ വെടിവെച്ചു കൊന്നു. പിന്നീട് സ്റ്റോണോ നദിക്കരയില്‍ സംഘടിച്ച് വിമോചനം പ്രഖ്യാപിച്ചു. ആ സമയത്ത് ആദ്യം പരിഭ്രമിച്ച് പോയ വെള്ളക്കാരായ യജമാനന്മാര് സംഘടിക്കുകയും കൂടി നിന്ന അടിമകളെ വളഞ്ഞ് വകവരുത്തുകയും ചെയ്തു. ബാക്കി വന്ന അടിമകളെ വിറ്റ് അവര്‍ ആ വിമോചന സമരത്തെ അടിച്ചമര്‍ത്തി.
ലേഖനത്തിന്റെ ഒന്നാംഭാഗം വായിക്കാം- വെടിവെപ്പിൽ വിറങ്ങലിച്ച ഓസ്ട്രേലിയ തോക്ക് നിയന്ത്രിച്ചു, എന്തുകൊണ്ട് അമേരിക്കക്കാവുന്നില്ല? |ഭാഗം 1
ഇതിനെ തുടര്‍ന്ന് 1740 ല്‍ നീഗ്രോ ആക്ട് എന്നൊരു നിയമം സൗത്കരോലിനയില് നിലവില്‍ വന്നു. ആ നിയമം അനുസരിച്ച് കറുത്തവര്‍ഗ്ഗക്കാര്‍ക്ക് തോക്കുകള്‍ സ്വന്തമാക്കാനോ, അഭിപ്രായ സ്വാതന്ത്ര്യമോ, കൂട്ടം ചേരാനോ, ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാനോ സാദ്ധ്യമല്ലാതായി. മാത്രമല്ല, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യജമാനര്‍ ചേര്‍ന്ന് ഒരു ചെറിയ പട്ടാളവും ഉണ്ടാക്കി. പട്ടാളം അടിമക്കോളനികളില് റോന്തു ചുറ്റുകയും അടിമകളുടെ ഭവനങ്ങള്‍ റെയ്ഡ് നടത്തുന്നതും പതിവായി. സൗത്കരോലിനയെ അനുകരിച്ച് ഇതേ നിയമങ്ങളും ഇത്തരം പൗരസേന സംഘങ്ങളും മറ്റ് അടിമത്വം നില നിന്നിരുന്ന തെക്കന്‍ സംസ്ഥാനങ്ങളിലും രൂപം കൊണ്ടു.
Also Read
അന്ന് തൊട്ട് ഏകദേശം 1995 വരെയെങ്കിലും കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായൊ തോക്കുകള്‍ സ്വന്തമാക്കാന്‍ അനുവദിക്കാത്ത നിയമങ്ങള്‍ അമേരിക്കയില്‍ നിലവിലുണ്ട്.
1740 തൊട്ട് പിന്നീടുള്ള 50 വര്‍ഷം അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രഷുബ്ധമായ ദശകങ്ങളായിരുന്നു. 1775 തൊട്ട് 1783 വരെ നീണ്ട് നിന്ന അമേരിക്കന്‍ റെവല്യൂഷണറി യുദ്ധം, 1776 ല്‍ ബ്രിട്ടണില്‍ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനം തുടങ്ങി അമേരിക്ക എന്ന രാജ്യം ജനിച്ച് വീണത് ഈ അഞ്ച് ദശകങ്ങള്ക്കുള്ളിലായിരുന്നു. 1787 ല്‍ രാജ്യത്തിന് ആദ്യമായി ഒരു ഭരണഘടനയും ഉണ്ടായി. പക്ഷെ, വെറും 13 സംസ്ഥാനങ്ങളുള്ള ഒരു ചെറിയ രാജ്യമാണ് ആദ്യമുണ്ടായത്. അതും വ്യവസായികളായ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ മാത്രമാണ് യൂണിയനില്‍ ചേര്‍ന്നത്. ഏതായാലും അടിമത്വം നിലനിന്നിരുന്ന തെക്കന്‍ സംസ്ഥാനങ്ങളെയും യൂണിയനില്‍ ചേര്‍ക്കാനുള്ള അനുനയ ചര്‍ച്ചകള്‍ തുടര്‍ന്ന് പോന്നു.

ആദ്യത്തെ ഭരണഘടനാ ശില്പികള്ക്ക് രാജ്യത്തിന് സ്വന്തമായി ചെല്ലും ചിലവും കൊടുത്ത് പരിപാലിക്കുന്ന ഒരു സൈന്യം ഉണ്ടാക്കാന്‍ വിമുഖതയുണ്ടായിരുന്നു. ആവശ്യമെങ്കില്‍ മാത്രം സന്നദ്ധ സേനകള്‍ ചേര്‍ത്ത് ഒരു സൈന്യം എന്നതായിരുന്നു ഭരണഘടനാ ശില്പിക്കളുടെ അഭിപ്രായം. ഇതായിരുന്ന അടിമത്വം നിലനിന്നിരുന്ന തെക്കന്‍ സംസ്ഥാനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം. 1739 ലെ പോലുള്ള ഒരു സ്റ്റോണോ കലാപം ഉടലെടുത്താല്‍ അത് അടിച്ചമര്‍ത്താന്‍ ഫെഡറല്‍ ഗവണ്മെന്റിന് സാധിക്കുമൊ ഇല്ലയോ എന്നതായിരുന്നു സന്ദേഹത്തിനു കാരണം. അടിമകളൊന്നും ഇല്ലാത്ത വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് തെക്കുള്ള തോട്ടങ്ങളിലെ അടിമകലാപങ്ങളില് വലിയ താത്പര്യം കാണില്ല എന്നവര്‍ ഊഹിച്ചു. അങ്ങനെ വിമുഖത പ്രകടിപ്പിച്ചു നിന്നിരുന്ന തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അവരുടെ മിലിഷ്യ തുടരാന്‍ പാകത്തിലുള്ള ഒരു അനുഛേദനം ഭരണഘടനയില്‍ എഴുതി ചേര്‍ക്കുന്നു. അതാണ് ഇന്ന് തോക്ക് മൗലികവകാശമായി മാറിയ സെക്കന്‍ഡ് അമെന്‍ഡ്മെന്റ്.
'A well regulated Militia, being necessary to the security of a free State, the right of the people to keep and bear Arms, shall not be infringed' എന്നതാണ് ഭരണഘടനയിലെ കൃത്യമായ വാചകം. മിലിഷ്യയില്‍ അംഗമായിരിക്കുന്നവര്‍ക്കാണ് തോക്കുകള്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം എന്ന് ഒറ്റ വായനയില്‍ വായിക്കാം. അല്ലെങ്കില്‍ എല്ലാ പൗരന്മാർക്കും ആയുധങ്ങള്‍ കൈവശം വെയ്ക്കാമെന്നും, അവര്‍ക്ക് മിലിഷ്യ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നും വ്യാഖ്യാനിക്കാം. ഈ അവ്യക്തമായ വരികളില്‍ ഊന്നിയാണ് സുപ്രീം കോടതി വാഖ്യാനിച്ചു വാഖ്യാനിച്ച് തോക്ക് മൗലികാവകാശമാക്കി മാറ്റിയത്.
നാഷണൽ റൈഫിൾ അസോസിയേഷന്റെ പിറവി
അമേരിക്കയിലെ തോക്കിന്റെ ചരിത്രത്തെ കുറിച്ച് പറയുമ്പോള്‍ എന്‍.ആര്.എ എന്ന സംഘടനയെ കുറിച്ചു പറയാതെ പോകുന്നത് ശരിയല്ല. അടിമത്വമില്ലാതിരുന്ന വടക്കന്‍ സംസ്ഥാനങ്ങളില്‍ തോക്ക് ഉപയോഗിക്കാന്‍ അറിയുന്നവര്‍ വിരളമായിരുന്നു. ഒരു സ്റ്റാന്‍ഡിങ് ആര്‍മ്മി ഇല്ലാതിരുന്ന ഒരു രാജ്യത്ത് പൗരന്‍മ്മാര്‍ക്ക് തോക്കുപയോഗിക്കാന്‍ എങ്കിലും അറിയണമല്ലൊ. വടക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് തോക്കുപയോഗിക്കാന്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാഷണല്‍ റൈഫിള്‍ അസോസിയേഷന് സ്ഥാപിക്കുന്നത്. 1871 ലാണ് ഇത് സംഭവിക്കുന്നത്. ആദ്യകാലങ്ങളില്‍ റേഞ്ച് പണിയാന്‍ സ്ഥലങ്ങള്‍ വാങ്ങാനുമൊക്കെ ഗവണ്മെന്റിനെ ലോബി ചെയ്യുക എന്ന നിരുപദ്രകരമായ പരിപാടികളായിരുന്ന എന്‍ ആര് എ ചെയ്തത്. 1970 കളില്‍ തോക്ക് മൗലികാവകാശമാണെന്ന് വാദിച്ചു തുടങ്ങുകയും തോക്ക് വാങ്ങാന്‍ യാതൊരു നിയന്ത്രണങ്ങളും ആവശ്യമില്ല എന്ന നിലപാടിലേയ്ക്ക് എത്തുകയും ചെയ്തു. ആയുധക്കമ്പനികളും ആയുധ കോണ്‍ട്രാക്ടിങ് കമ്പനികളും എന്‍.ആര്.എ യെ സാമ്പത്തികമായി സഹായിച്ചും തുടങ്ങി. 1970 കള്‍ക്ക് ശേഷം തോക്ക് സംബന്ധമായ വിഷയത്തില്‍ കോടതിയില്‍ എത്തുന്ന കേസുകളില്‍ കക്ഷി ചേര്‍ന്നും അവര്‍ തോക്ക് മൗലികവകാശമാക്കാന് വാദിച്ചു തുടങ്ങി.

സുപ്രീം കോടതിയുടെ ഇടപെടൽ
1900 കളുടെ ആദ്യം തൊട്ട് 2008 വരെ നീണ്ട് നിന്ന വലിയൊരു കാലയളവ് വേണ്ടി വന്നു സുപ്രീം കോടതിക്ക് തോക്ക് മൗലികവകാശമായി പ്രഖ്യാപിക്കാന്‍. ആദ്യം തോക്ക് ഒരു കളക്റ്റീവ് റൈറ്റ് ആണെന്ന നിലപാടെടുത്ത കോടതി, പതിയെ പതിയെ സമ്മര്‍ദ്ദം ഏറി വന്നപ്പോള്‍ അതൊരു വ്യക്തിപരമായ അവകാശമെന്ന നിലപാടിലേക്ക് എത്തുകയായിരുന്നു. അമേരിക്കയിലെ വലതുപക്ഷവും തോക്കിന് അനുകൂലമായ നിലപാടായതിനാല്‍ തോക്കിനെ അനുകൂലിക്കുന്ന ജഡ്ജികളെ കൊണ്ട് സുപ്രീം കോടതി നിറയ്ക്കാനും അവര്‍ക്കായി. അങ്ങനെ 2008 തൊട്ട് അമേരിക്കയില്‍ തോക്ക് ഒരു പൗരന്റെ മൗലികാവകാശമായാണ് നില നില്‍ക്കുന്നത്.
ഏതായാലും നിലവില്‍ ആരും തോക്കുകള്‍ ബാന്‍ ചെയ്യണം എന്നോ, ആസ്ട്രേലിയയിലെ പോലെ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ട് വരണമെന്നൊ വാദിക്കുന്നില്ല. ചുരുങ്ങിയ പക്ഷം സാധാരണ ജനങ്ങള്‍ക്ക് മിലിട്ടറി ഗ്രേഡ് ഓട്ടോമാറ്റിക് റൈഫിളുകള്‍ സ്വന്തമാക്കാന്‍ നിയന്ത്രണങ്ങള്‍ വേണമെന്ന ആവശ്യം മാത്രമേ ഉന്നയിക്കുന്നുള്ളു. എന്‍ ആര് എ തീര്‍ക്കുന്ന പ്രതിരോധങ്ങള്‍ക്ക് മുന്നില്‍ അതൊക്കെ നിരാകരിക്കപ്പെടുകയും ചെയ്യുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..