ആണും പെണ്ണും മിണ്ടിയാല്‍....! വിദ്യാലയങ്ങളില്‍ അലിഖിത വിലക്കുകളോ?


സ്വന്തം ലേഖിക | Social desk

താൻ പഠിച്ച സ്‌കൂളില്‍ ആണ്‍ പെണ്‍ സംസാര വിലക്ക് അനുഭവിച്ചതിനാല്‍ അടുത്ത വീട്ടിലെ ആണ്‍കുട്ടിയോട് മിണ്ടാന്‍ വരെ കുറേക്കാലം പേടി തോന്നിയെന്നാണ് പെൺകുട്ടി പ്രതികരിച്ചത്. 

illustration

ണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ബഹുമാനിച്ച് തുല്യതയിൽ ഊന്നിയ ബന്ധം വളര്‍ന്നു വരേണ്ട സ്‌കൂളുകള്‍ പലതിലും നിലനില്‍ക്കുന്നത് വിവേചനങ്ങളുടെയും മാറ്റിനിര്‍ത്തലുകളുടെയും പാഠങ്ങള്‍. ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിൽ സംസാരിക്കാന്‍ പാടില്ല, ഒപ്പം നടക്കാന്‍ പാടില്ല, നോട്സ് കൈമാറാന്‍ പാടില്ല തുടങ്ങി ഒട്ടേറെ അലിഖിത ചട്ടങ്ങളും നിയമങ്ങളുമാണ് കേരളത്തിലെ പല സ്‌കൂളുകളിലും നിലനില്‍ക്കുന്നത്.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഗോവണി, ഇടനാഴി, ആണും പെണ്ണും തമ്മിൽ മിണ്ടാന്‍ പാടില്ല തുടങ്ങിയ അലിഖിത നിയമങ്ങൾ നിലനിൽക്കുന്ന പത്തനംതിട്ടയിലെ സ്കൂളിനെകുറിച്ചുള്ള വാര്‍ത്ത മാതൃഭൂമി ഡോട്ട് കോം കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള വിവിധ സ്‌കൂളുകളില്‍ ഇത്തരം അനീതികള്‍ നിലനില്‍ക്കുന്നെന്ന വെളിപ്പെടുത്തലാണ് വിദ്യാര്‍ഥി സമൂഹത്തിന്റെ ഭാഗത്തുനിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. തങ്ങളുടെ സ്‌കൂളുകളില്‍ കുട്ടികൾ അനുഭവിക്കുന്ന തെറ്റായ പാഠങ്ങളെകുറിച്ച് ചില അധ്യാപകരും തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടുണ്ട്. സ്‌കൂളിലെ തങ്ങളുടെ നിലനില്‍പിനെയും ഭാവിയെയും ആലോചിച്ച് പേര് വെളിപ്പെടുത്തരുതെന്ന മുന്നറിയിപ്പോടെ പലരും അനുഭവങ്ങള്‍ തുറന്നു പറയുന്നു. ഇന്റേണല്‍ മാര്‍ക്കിനെ കുറിച്ചുള്ള ആവലാതി കുട്ടികളെയും പിന്നോട്ടടിപ്പിക്കുന്നു.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ആണിനോട് പേടി സൃഷ്ടിക്കുന്ന വിദ്യാലയാന്തരീക്ഷം

ആണും പെണ്ണും തമ്മിൽ മിണ്ടാന്‍ പാടില്ലെന്ന ചട്ടങ്ങളുള്ള സ്‌കൂളുകളില്‍നിന്ന് പഠിച്ചിറങ്ങിയതു കാരണം കോളേജ് തലത്തില്‍ എത്തിയപ്പോള്‍ ആണ്‍കുട്ടികളോട് മിണ്ടാന്‍ പോലും തനിക്ക് പേടിതോന്നിയെന്നും ആ ആണ്‍പേടി മാറ്റാന്‍ താന്‍ കാലങ്ങളെടുത്തെന്നും പറയുന്നു ഒരു വിദ്യാര്‍ഥിനി. താൻ പഠിച്ച സ്‌കൂളില്‍ ആണ്‍-പെണ്‍ സംസാരവിലക്ക് ഉണ്ടായിരുന്നതിനാൽ അടുത്ത വീട്ടിലെ ആണ്‍കുട്ടിയോട് മിണ്ടാന്‍വരെ കുറേക്കാലം പേടി തോന്നിയെന്നാണ് മറ്റൊരു കുട്ടി പ്രതികരിച്ചത്. ആണ്‍കുട്ടിയോട് സംസാരിച്ചതിന്റെ പേരില്‍ രണ്ട് മണിക്കൂറോളം പ്രിന്‍സിപ്പളിന്റെ ഓഫീസില്‍ വിളിച്ചുവരുത്തി മാനസ്സികമായി ബുദ്ധിമുട്ടിച്ച അനുഭവം വളരെയധികം പെൺകുട്ടികൾ തുറന്നു പറഞ്ഞിട്ടുണ്ട്.

Also Read

അന്വേഷണം നടത്തി നടപടി സ്വീകരിക്കും; മാതൃഭൂമി ...

Special Story

ആണിനും പെണ്ണിനും വെവ്വേറെ ഇടനാഴി,അധ്യാപികമാർക്ക് ...

തിരുവനന്തപുരത്തെ ഒരു സ്‌കൂളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും വെവ്വേറെ ഗോവണിയിലൂടെ പോവണം, ലീവായ ദിവസങ്ങളിലുള്ള നോട്‌സ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും പരസ്പരം കൈമാറാന്‍ പാടില്ല എന്നാണ് നിയമമെന്ന് വിദ്യാര്‍ഥിനി മാതൃഭൂമി ഡോട്ട് കോമിനോട്‌ പറഞ്ഞു.

സ്‌കൂള്‍ വിട്ടാല്‍ പെണ്‍കുട്ടികള്‍ പോയി കഴിഞ്ഞേ ആണ്‍കുട്ടി പോകാന്‍ പാടുള്ളൂ എന്ന നിയമമുള്ള സ്‌കൂളും സംസ്ഥാനത്തുണ്ട് . ഉച്ചഭക്ഷണ സമയത്തെ ഇടവേളകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മിണ്ടുന്നുണ്ടോ എന്ന നോക്കാന്‍ അധ്യാപകര്‍ ഡ്യൂട്ടിക്കുണ്ടാവാറുണ്ടെന്നും പറയുന്നു തലസ്ഥാനത്തെ സ്കൂളിൽ പഠിക്കുന്ന ചില കുട്ടികൾ. ചില സ്കൂളുകളിൽ ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള ഇഷ്ടം പങ്കുവെച്ചെന്ന്‌ അധ്യാപകരറിഞ്ഞാല്‍ സ്റ്റാഫ് മുറിയില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന രീതിയും നിലനില്‍ക്കുന്നുണ്ട്.

ഡോ. ജയശ്രീ

ബസ്സ്‌റ്റോപ്പില്‍ പോലും ആണ്‍കുട്ടിയും പെണ്‍കുട്ടിയും മിണ്ടാന്‍ പാടില്ല. വ്യത്യസ്ത വശങ്ങളില്‍നിന്ന് ബസ് കയറണം എന്ന നിയമവും ചില സ്കൂളുകൾ പുലർത്തുന്നു. മാത്രവുമല്ല, എതിർലിംഗക്കാരായ കുട്ടികളുമായി കൂടുതല്‍ സംസാരിക്കുന്നു, അവരോട് കൂടുതല്‍ ഇടപഴകുന്നു എന്നെല്ലാം പറഞ്ഞ് വീട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന അധ്യാപകരുമുണ്ടെന്ന് അവര്‍ പറയുന്നു.

തുല്യതയിലൂന്നിയ, ബഹുമാനത്തിലൂന്നിയ ആണ്‍-പെണ്‍ ബന്ധം സമൂഹത്തിലുണ്ടാകുന്നതിന് വിഘാതമാണ് ഇത്തരം നിയമങ്ങളെന്ന് സാമൂഹിക പ്രവര്‍ത്തക ഡോ. കെ. ജയശ്രീ പറയുന്നു. ആണും പെണ്ണും ട്രാന്‍സ് മനുഷ്യരും എല്ലാം കുട്ടിക്കാലം മുതല്‍ തന്നെ ഒരുമിച്ചിരുന്ന് സംസാരിച്ചു വളര്‍ന്നാല്‍ അവര്‍ക്കിടയിലെ അകലം കുറയും. അത് തുല്യതയിലൂന്നിയ വളര്‍ച്ചയിലേക്ക് നയിക്കാന്‍ സാധിക്കുകയും ചെയ്യും. പക്ഷെ, അതിലേക്ക് പോകാന്‍ സമൂഹത്തിന് ഇപ്പഴും വൈമുഖ്യം ആണ്. എല്ലാ ജെന്‍ഡറും ഇടപഴകി ജീവിക്കുന്നതാണ് സ്വാഭാവികത. അതിനെ തടയിട്ട് മെരുക്കിയെടുക്കുമ്പോഴാണ് പ്രത്യാഘാതങ്ങളുണ്ടാവുക. പാട്രിയാര്‍ക്കിയെ നിലനിര്‍ത്താന്‍ കുട്ടികളെ മെരുക്കിയെടുക്കുന്ന ഇടമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറുന്നത് കഷ്ടമാണെന്നും ഡോ. ജയശ്രീ പറഞ്ഞു.

വിലക്കുകൾ ലാബിലും

ലാബിലേക്ക് പോകുമ്പോള്‍ പെണ്‍കുട്ടികളെല്ലാം കയറിയ ശേഷമോ ഇറങ്ങിയ ശേഷമോ മാത്രമേ ആണ്‍കുട്ടികള്‍ക്ക് പോകാനുള്ള അനുവാദമുള്ളൂ. ഇത്തരം സാഹചര്യങ്ങൾ നിലനില്‍ക്കുന്ന സ്‌കൂളുകളിലെ ആണ്‍കുട്ടികളുടെ മാനസ്സികാവസ്ഥയിൽ, പെണ്‍കുട്ടികളെന്തോ സംരക്ഷിക്കപ്പെടേണ്ടവളാണെന്നും പെണ്‍കുട്ടികളുമായി ബഹുമാനം നിറഞ്ഞ സ്വാഭാവിക സംസാരങ്ങള്‍ക്കുള്ള സാധ്യതകളില്ലെന്നും അത് ലൈംഗികതയിലൂന്നിയ ബന്ധത്തിനു മാത്രമേ സാധ്യതയുള്ളൂ എന്ന തരത്തിലുള്ള തെറ്റായ സന്ദേശമാണ് സംവദിക്കപ്പെടുന്നത്.

ഇത്തരത്തിൽ വളർന്ന കുട്ടികളിൽ ചിലർ കോളേജിലെത്തിയപ്പോള്‍ ആണ്‍കുട്ടികളോട് മിണ്ടാന്‍ പേടി തോന്നിയെന്നും ആൺകുട്ടികളോട് മിണ്ടുന്നത് തീര്‍ത്തും സാധാരണമാണെന്ന് മനസ്സിലാക്കാന്‍ നാളുകളെടുത്തെന്നും മറ്റൊരു വിദ്യാര്‍ഥിനി പറഞ്ഞു. ആണും പെണ്ണും മിണ്ടിയാല്‍ ഗര്‍ഭം എന്ന തരത്തിലുള്ള പാഠങ്ങളാണ് തനിക്ക് പരോക്ഷമായി ലഭിച്ചതെന്നും ഈ അവസ്ഥയിലൂടെ കടന്നുപോയ പെണ്‍കുട്ടി പറയുന്നു.

മിക്‌സഡ് സ്‌കൂളുകള്‍ സമൂഹത്തിലുണ്ടാവേണ്ട ആവശ്യകതയെ കുറിച്ച് സംസാരിക്കുന്ന ഘട്ടത്തില്‍ നിലവിലുള്ള മിക്‌സഡ് സ്‌കൂളുകള്‍ എത്ര വിവേചനപരമാണെന്ന വെളിപ്പെടുത്തലുകളാണ് ഓരോ ജില്ലയിലെയും സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ കത്തെഴുതിയും ഫോണ്‍ വിളിച്ചും പ്രതികരണങ്ങളായും വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അധ്യാപികമാർക്ക് കോട്ട്, പെൺകുട്ടികൾക്ക് പ്രത്യേക ഗോവണി, ആൺ-പെൺസംസാരം നിയന്ത്രിക്കാൻ ഫ്ലോർ ഡ്യൂട്ടി എന്നിവ മലപ്പുറത്തെ ചില സ്കൂളുകളിൽ നിലനിൽക്കുന്നുണ്ടെന്ന് സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മലയാള പെൺകൂട്ടം കൂട്ടായ്മയിലെ ചില അധ്യാപകരും അഭിപ്രായപ്പെട്ടു.

ജെ. സന്ധ്യ

മികച്ച ബൗദ്ധികവികാസം വിദ്യാലയങ്ങളില്‍നിന്ന് ലഭിക്കാനുള്ള അവകാശം ഓരോ കുട്ടിക്കും ഉണ്ട്. സ്‌കൂളില്‍നിന്ന് എതിര്‍ലിംഗക്കാരുമായുള്ള സംവാദം ഇല്ലാതാക്കുന്നത് അവകാശലംഘനമാണ്. കുട്ടികളുടെ വ്യക്തിത്വ വികാസത്തെ, എതിര്‍ലിംഗക്കാരോട് എങ്ങനെ പെരുമാറണമെന്ന് പഠിച്ചെടുക്കല്‍ രീതിയെ എല്ലാം ഇത്തരം നിയന്ത്രണങ്ങള്‍ മോശമായി ബാധിക്കും. മാത്രവുമല്ല പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന തെറ്റായ ചിന്തയും നല്‍കുമെന്നു ജെ. സന്ധ്യ അഭിപ്രായപ്പെടുന്നു.

വനിതാ കോളേജുകള്‍, ഹോസ്റ്റലുകള്‍

തൃശ്ശൂരിലെ ഒരു വനിതാ കോളേജില്‍ വലിയ രീതിയിലുള്ള വിവേചനങ്ങളാണ് പെണ്‍കുട്ടികള്‍ അനുഭവിക്കുന്നതെന്ന് അവിടുത്തെ സംവിധാനത്തിന്റെ ഭാഗമായ സ്റ്റാഫ് വെളിപ്പെടുത്തി. ജയില്‍ച്ചട്ടം പോലുള്ള ഡ്രസ് കോഡ് ചട്ടങ്ങളാണ് ഈ കോളേജിലെ വിദ്യാര്‍ഥികള്‍ക്കുമേല്‍ അടിച്ചേല്‍പിക്കപ്പെടുന്നതെന്നാണ് പരാതി. ഈ കോളേജുമായി ബന്ധപ്പെട്ട ഹോസ്റ്റലുകളിലെ ചട്ടങ്ങളും നിയമങ്ങളും ജയിലുകളിലേതിനേക്കാള്‍ ഭീകരമാണെന്നും പറയുന്നു ജീവനക്കാരിലൊരാള്‍.

ആലപ്പുഴയിലെ തന്നെ മറ്റൊരു സ്‌കൂളില്‍ പെണ്‍കുട്ടികള്‍ പെണ്‍കുട്ടികളുമായി ഇടപഴകുന്നതില്‍വരെ തെറ്റ് കണ്ടെത്തി, ഇത് പരിധി കടന്ന ബന്ധമാമെന്ന വരെ പറഞ്ഞ് വലിയ രീതിയിലുള്ള മാനസികപ്രശ്‌നങ്ങളിലേക്ക് കുട്ടികളെ തള്ളിയിട്ടിട്ടുണ്ട്. പല സ്‌കൂളുകളിലും ഐ.സിയില്ലെന്നതും വലിയ പോരായ്മയാണ്.

സദാചാര ആക്രമണം സ്‌കൂളിനു പുറത്തും

അടുത്തിടെ ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന്റെ പേരില്‍ തിരുവനന്തപുരത്തെ കരിമ്പ എച്ച്എസ്എസ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നു. ബസ് കാത്തിരിക്കുകയായിരുന്നു പെണ്‍കുട്ടികളും ആണ്‍കുട്ടികളും. ഈ സമയത്ത് അവിടേക്ക് വന്ന ഒരാള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്‌തെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറയുന്നത്. കേരളത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ ബസ് കാത്തിരിക്കുന്ന പല ബസ്സ്‌റ്റോപ്പുകളിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് ഒഴിവാക്കാന്‍ ഇരിപ്പിടം എടുത്ത് കളഞ്ഞ സംഭവവും അടുത്തകാലത്തുണ്ടായി.

തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിങ്ങി(സി.ഇ.ടി.)ന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് മൂന്നാക്കിയതിനെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ സര്‍ഗ്ഗാത്മക പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടംകൂടി ഇരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് ചില സദാചാരവാദികള്‍ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റിയെന്നാണ് ആരോപണം.

തിരുവനന്തപുരം പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നിന്ന് സംസാരിച്ചതിന് സദാചാര ആക്രമണം നേരിടേണ്ടി വന്നതും ഈ അടുത്താണ്. ഇത്തരം സംഭവങ്ങളിൽ കേസെടുക്കുന്നുണ്ടെങ്കിലും ഇങ്ങനെയുള്ള പ്രവണതകൾ ഇല്ലാതാകാനുള്ള മുന്നേറ്റങ്ങളുടെ അഭാവമാണ് സമൂഹത്തിൽ നിഴലിക്കുന്നത്. ആൺ-പെൺ ഇടപഴകലുകളിലെ സ്വാഭാവികതയെ കുറിച്ച് ബോധവത്കരണത്തിലൂടെയേ ഇതിനെ മറികടക്കാനാവൂ. അതിന് സർക്കാർ മുന്നിട്ടിറങ്ങുക തന്നെ വേണം.

ഡോ. സി.ജെ. ജോൺ

ആണും പെണ്ണും സംസാരിക്കുമ്പോള്‍ ലൈംഗികതയിലൂന്നിയ ബന്ധം മാത്രമല്ല, തുല്യതയിലും ബഹുമാനത്തിലും ഊന്നിയുള്ള വ്യക്തിബന്ധം പഠിച്ചെടുക്കാനുള്ള അവസരം കൂടിയാണ് കൈവരുന്നത്. ആണ്‍-പെണ്‍ ബന്ധങ്ങള്‍ കൂടി ചേര്‍ന്നതാണ് ജീവിതം. അതൊരു ലൈഫ് സ്‌കില്‍ കൂടിയാണ്. സിലബസ് പഠനം മാത്രമല്ല, സാമൂഹിക ബന്ധങ്ങള്‍ രൂപപ്പെടുന്നതിലെ നൈപുണ്യവും സ്‌കൂളില്‍നിന്നാണ് നാം നേടുന്നത്. നിയന്ത്രണങ്ങള്‍ അത്തരം അവസര നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് മാനസികാരോഗ്യ വിദഗ്ധൻ ഡോ. സി.ജെ. ജോൺ പറയുന്നു.

മാതൃഭൂമി ഡോട്ട് കോം വാർത്തയെ തുടർന്ന് പത്തനംതിട്ടയിലെ സ്കൂളിൽ വ്യത്യസ്ത ഗോവണി, ഇടനാഴി വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. സി.പി. മനോജ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കേരളത്തിലെ പല സ്കൂളുകളിലും അന്വേഷണം നടത്തി ഒരു റിപ്പോർട്ട്‌ തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ പ്രതികരണങ്ങളെല്ലാം വിരൽ ചൂണ്ടുന്നത്. ലൈംഗിക വിദ്യാഭ്യാസം കുട്ടികളിൽ ഒതുങ്ങേണ്ടതല്ലെന്നും അധ്യാപക- രക്ഷാകർതൃ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള ബോധവത്കരണ ക്ലാസ്സുകളുടെ പ്രാധാന്യത്തിലേക്ക് കൂടി വിരൽചൂണ്ടുന്നു കയാണ് സമീപകാലത്ത് കേരളത്തിലുണ്ടായ പല സംഭവങ്ങളും.

Content Highlights: What if girls and boys interact? Students reaction, kerala schools, gender bias disparity,social


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented