മ്മ(A.M.M.A)യാഗ്രഹിച്ചത് പരസ്യ പ്രതിഷേധത്തിനിറങ്ങിയ പോരാട്ട വീര്യമുള്ള ആ മൂന്ന് നടിമാരുടെ ഇറങ്ങിപ്പോക്കായിരുന്നു. ആ ഇറങ്ങിപ്പോക്കിലൂടെ മലയാള സിനിമാ ലോകത്തെയാകെ എതിര്‍പ്പുകളില്ലാത്ത മനോഹര പ്രപഞ്ചമാക്കാമെന്ന് അമ്മയുടെ കടിഞ്ഞാണ്‍ വലിക്കുന്നവര്‍ വ്യാമോഹിച്ചിട്ടുണ്ടാവണം. കുറ്റാരോപിതനായ നടനെ എളുപ്പത്തില്‍ തിരിച്ചെടുക്കാമെന്നും അദ്ദേഹത്തിന് സിനിമാ മേഖലകളില്‍ അവസരങ്ങളുടെ കൂടുതല്‍ വാതായനങ്ങള്‍ തുറന്നു കൊടുക്കാമെന്നും ആഗ്രഹിച്ചിരിക്കണം. അതിന് ശല്യക്കാരികളായ ആ നടിമാര്‍ ഒഴിഞ്ഞുപോയാലുള്ളത്ര സ്വാസ്ഥ്യം മറ്റൊന്നുമില്ലല്ലോ. എന്നാല്‍   ഇനിയതൊന്നും എളുപ്പമാവില്ല. രാജിവെച്ച് പുറത്ത് പോകുന്നതു പോലെയല്ല ഉള്ളിലിരുന്ന് പോരാടുക എന്നത്.  കളി തുടങ്ങിയതേയുള്ളൂ. ഇനി ആണധികാര കേന്ദ്രങ്ങളും താര അപ്രമാദിത്വവും കുലുങ്ങുക തന്നെ ചെയ്യും. വരാനിരിക്കുന്നത് വലിയ വിസ്‌ഫോടനമാണ്.

"ഞങ്ങള്‍ അപമാനിക്കപ്പെട്ടിരിക്കുന്നു, മുറിവേല്‍ക്കപ്പെട്ടിരിക്കുന്നു, അതില്‍ കടുത്ത അമര്‍ഷവും ഞങ്ങള്‍ക്കുണ്ട്" എന്നാണ് നടി പാര്‍വ്വതി തിരുവോത്ത് പത്രസമ്മേളനത്തിനിടയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആ എതിര്‍പ്പും അമര്‍ഷവും കറുത്ത വസ്ത്രമണിഞ്ഞും ഉറക്കെ ശബ്ദമുയര്‍ത്തിയും അവറോരോരുത്തരും ഇന്ന് പ്രകടിപ്പിക്കുക തന്നെ ചെയ്തു.

ഒരിക്കല്‍ പേര് പോലും പറയാതെ നടിമാര്‍ എന്നാണ് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ പാര്‍വ്വതിയെയും രേവതിയെയും അഭിസംബോധന ചെയ്തിരുന്നത്.എന്നാൽ അമ്മയുടെ പ്രസിഡന്റ് തങ്ങളെ വെറും നടിമാര്‍ എന്ന് ചുരുക്കി കളഞ്ഞതില്‍ തങ്ങള്‍ക്ക് വലിയ പ്രതിഷേധമുണ്ടെന്ന് എത്ര ആര്‍ജ്ജവത്തോടെയും സർഗ്ഗാത്മകമായും ആണ് അവര്‍ ഇന്ന് വ്യക്തമാക്കിയത്.

ഒരല്‍പം പോലും ബഹുമാനം തരാതെ പേരുള്ള നാലാളറിയുന്ന വ്യക്തികള്‍ പോലുമായി ഇവരെ കാണാതെ, സിനിമയില്‍ ഇവര്‍ ചെലുത്തിയ സ്വാധീനം പോലും പരിഗണിക്കാതെ ഏതോ നടിമാര്‍ എന്ന നിലയില്‍ അഭിസംബോധന ചെയ്തതിന അവരിന്ന് പത്ര സമ്മേളനത്തിലൂടെ പ്രതിഷേധിക്കുക തന്നെ ചെയ്തു. മലയാള സിനിമാമേഖലയില്‍ തങ്ങള്‍ എത്രവര്‍ഷമായെന്നും ഇനിഷ്യലടക്കമുള്ള പേരുകള്‍ നിരത്തിയും പാര്‍വ്വതിയും രേവതിയും റിമയും രമ്യയും പദ്മപ്രിയയും തങ്ങളുടെ ഫിലിമോഗ്രഫി പറഞ്ഞു കൊണ്ട് സ്വയം പരിചയപ്പെടുത്തി.

ആ ആദ്യ നീക്കത്തില്‍ തന്നെ നിലപാടും രാഷ്ട്രീയവുമുണ്ട്. സിനിമാ മേഖലയിലെ ആണ്‍ താരകേന്ദ്രീകൃത അപ്രമാദിത്വത്തിനെതിരെയുള്ള വിളംബര പ്രഖ്യാപനമായിരുന്നു അത്. 

ഇത്ര നാളും കാത്ത് നിന്നത് നീതി കിട്ടുമെന്നു കരുതി തന്നെയായിരുന്നു. എന്നാല്‍ എല്ലാം നാടകമായിരുന്നു എന്ന് പിന്നീട് മനസ്സിലാക്കിയെന്നും സമയം നീളുന്തോറും പോരാട്ടത്തിന്റെ വേഗവും ശക്തിയും കൂടുമെന്ന മുന്നറിയിപ്പും ഡബ്ല്യുസിസിയുടെ പത്രസമ്മേളനം നല്‍കി.

ഗൗരവമേറിയ ഒരു വിഷയത്തെ നിസ്സാരവത്കരിച്ചു പെരുമാറി എന്നത് മാത്രമല്ല. സഹപ്രവര്‍ത്തകയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ പ്രതിയായ ദിലീപ് എന്ന നടനെ AMMAയില്‍ നിന്ന് പുറത്താക്കിയോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതും അതില്‍ AMMA നിലപാടുകള്‍ കൊണ്ട് പ്രതിക്കൊപ്പം നില്‍ക്കുന്നതിലും പത്രസമ്മേളനത്തില്‍ അവരോരുത്തരും പ്രതിഷേധം അറിയിച്ചു. ഇതില്‍ മിസോജണി മാത്രമല്ല ചില കള്ളക്കള്ളികള്‍ ഉണ്ടെന്നു തന്നെ പദ്മപ്രിയയെ പോലുള്ളവര്‍  ഭയംതെല്ലുമില്ലാതെ ചൂണ്ടിക്കാണിച്ചു.

#MeToo കാമ്പയിനില്‍ ചേര്‍ന്നു കൊണ്ട് തുറന്നു പറച്ചിലുകള്‍ നടത്തിയവര്‍ക്കൊപ്പമാണ് ലോകമെമ്പാടുമുള്ള സിനിമാ ഇന്‍ഡസ്ട്രികള്‍ നിലകൊള്ളുന്നത്. ആമിര്‍ഖാനും അക്ഷയ്കുമാറും കരാറൊപ്പിട്ട തങ്ങളുടെ സിനിമകളില്‍ നിന്ന് പോലും ആരോപണവിധേയരെ  മാറ്റി നിര്‍ത്തി.കുറ്റാരോപിതര്‍ ഉള്‍പ്പെട്ട ടിവി ഷോകള്‍  ഹോട്സ്റ്റാര്‍  അവസാനിപ്പിക്കുകയും ആരോപിതര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ ഫാന്റം ഫിലിംസ് പോലുള്ള കമ്പനികള്‍ വേണ്ടെന്ന് വെക്കുകയും ചെയ്തു. അതീജീവിച്ച സ്ത്രീ അവരുടെ സംഘടനയിലെ അംഗമല്ലാതിരുന്നിട്ടുകൂടി നടന്‍മാരുടെ സംഘടനയായ സിന്റാ (സിഐഎന്‍ടിഎഎ) ലൈംഗികാരോപണം നേരിടുന്ന നടന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സിനിമാ മേഖലയില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍, സ്ത്രീ വിരുദ്ധ നീക്കങ്ങൾ അനുവദിക്കില്ലെന്ന നിലാപാടാണ് ബോളിവുഡ് കൈക്കൊണ്ടത്. എന്നാല്‍ മലയാള സിനിമാ ലോകത്തിന്റെ നിലപാടെവിടെയെന്നാണ് പത്ര സമ്മേളനത്തിനെത്തിയ മലയാള സിനിമാ മേഖലയിലെ ശക്തരായ സ്ത്രീകളോരോരുത്തരും ചോദിച്ചത്. 

ഇവിടെ ആരോപിതനായ ദിലീപ് എന്ന നടന്‍ മിടൂ ക്യാമ്പയിനിലൂടെ ചൂണ്ടിക്കാട്ടപ്പെട്ട കുറ്റാരോപിതന്‍ അല്ല. കേരള പോലീസ് അന്വേഷിച്ച ഒരു ക്രിമിനല്‍ കേസിലെ പ്രതിയാണ്. മൂന്ന് തവണ കോടതി ജാമ്യം നിഷേധിച്ച പ്രതി. എന്നിട്ടും മലയാള സിനിമയിലെ മുന്‍നിര സംവിധായകനായ ബി ഉണ്ണികൃഷ്ണന്‍ ദിലീപിനെ വെച്ച് പുതിയ സിനിമ ചെയ്യാനൊരുമ്പെട്ടിരിക്കുകയാണ്. 

 സഹപ്രവര്‍ത്തക നേരിട്ട ലൈംഗികാതിക്രമത്തിലെ ഗൂഢാലോചനയിൽ ഉൾപ്പെട്ട പ്രതിക്ക് നേരെ സിംപതിയും തുണയും നിലപാടും എടുത്ത സംഘടനയിലെ അനീതിക്കെതിരേ അങ്കം കുറിച്ചില്ലെങ്കില്‍ ചരിത്രത്തില്‍ മലയാളം സിനിമാ മേഖലയുടെ സ്ഥാനം എവിടെയായിരിക്കും എന്ന തിരിച്ചറിവുള്ളവരാണ് പ്രതികരിച്ചിരിക്കുന്നത്. AMMA സംഘടനയുടെ നേതൃനിരയില്‍ ഇരിക്കുന്നവരല്ല മലയാള സിനിമാ മേഖലയുടെ മുഴുവന്‍ നിലപാടും കൈക്കൊള്ളാന്‍ അര്‍ഹര്‍, ഈ മേഖല തങ്ങളുടേത് കൂടിയാണ്. നിങ്ങള്‍ക്ക് തെറ്റിയാല്‍ ഞങ്ങള്‍ തിരുത്തുമെന്നുമാണ് അവര്‍ മൊഴിഞ്ഞത്.

കുറ്റം ചാരി പ്രതിഷേധിച്ചിറങ്ങി പോകാനല്ല ഭാവം. പകരം സംഘടനയിലെ ക്ഷുദ്രജീവികളെ അകറ്റി, ജെന്‍ഡര്‍ സെന്‍സിറ്റീവായി, ക്രിമിനലുകള്‍ക്കെതിരേ ആര്‍ജ്ജവത്തോടെ നടപടിയെടുക്കുന്ന ഒരു സംഘടനയാക്കി AMMAയെ മാറ്റാനുള്ള പോരാട്ടത്തിനാണവര്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്. അതിന്റെ ആദ്യഘട്ടമെന്നോണം പുള്ളിക്കാരന്‍ സ്റ്റാറാ സിനിമയുടെ സെറ്റില്‍ വെച്ച് താന്‍ നേരിട്ട മോശം അനുഭവത്തെ കുറിച്ച് നടി അര്‍ച്ചന പദ്മിനി പത്രസമ്മേളനത്തിനിടെ വെളിപ്പെടുത്തിയിരുന്നു.
17കാരിയായ പെണ്‍കുട്ടി നേരിട്ട അനുഭവത്തെ കുറിച്ചും നടി രേവതിയും ചില വെളിപ്പെടുത്തലുകള്‍ നടത്തി. ഇത്രയേറെ ലൈംഗികാതിക്രമങ്ങളുണ്ടായിട്ടും അത് പുറത്ത വരുന്നില്ലെന്നതും നടപടികളുണ്ടാവില്ലെന്നതും ചൂണ്ടിക്കാണിക്കാനായിരുന്നു ആ വെളിപ്പെടുത്തലുകള്‍.

ഇനിയും സാങ്കേതികമായ പടു ന്യായങ്ങളില്‍ കടിച്ചു തൂങ്ങാതെ ദിലീപിനെ പുറത്താക്കുന്ന കാര്യത്തില്‍ നിലപാടെടുക്കണം എന്ന തന്നെയാണ് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞത്. "തിലകനെ പുറത്താക്കിയത് ഒരു ജനറല്‍ ബോഡിയും കൂടാതെയാണ്. ദിലീപിന്റെ കാര്യം വരുമ്പോള്‍ മാത്രം എന്താണ് ഇത്തരം സാങ്കോതിക ന്യായങ്ങള്‍" എന്ന് ചോദിച്ചത് രേവതിയാണ്.എന്റെ സുഹൃത്തുക്കളുടെ മക്കളില്‍ പലരും സിനിമാ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. അവര്‍ക്കായി ഈ മേഖലയെ സ്ത്രീ സൗഹൃദമാക്കണം സുതാര്യമാക്കണം. അതാണ് രേവതിയുള്‍പ്പെടയുള്ളവര്‍ ലക്ഷ്യം വെക്കുന്നത്. 

"നിയമങ്ങള്‍ അവര്‍ തന്നെ എഴുതുന്നു, അവര്‍ തന്നെ തിരിച്ചെടുക്കുന്നു.പച്ചയായി പറഞ്ഞാല്‍ എല്ലാം നാടകങ്ങൾ" എന്ന ഗുരുതര ആരോപണമാണ് രമ്യാനമ്പീശൻ AMMAക്കെതിരേ ഉയർത്തിയത്. നടിമാർ ഉറക്കെ പറഞ്‍ാലും ഇല്ലെങ്കിലും AMMaയുടെ ആ പൊയ്മുഖം എന്നേ വീണൂ. ഇനിയുണ്ടാവേണ്ടത് ശുദ്ധികലശമാണ്. അതിന് രാജിവെക്കാതെ ഉള്ളില്‍ നിന്ന് പോരാടാനുറച്ച നിങ്ങളുടെ തീരുമാനത്തിന് ബിഗ് സല്യൂട്ട്.