കൂട്ട ബലാത്സംഗത്തെ അതിജീവിച്ച അങ്കണവാടി പ്രവർത്തക; അവരിൽ നിന്നുയർന്ന സ്ത്രീ മുന്നേറ്റം


ശ്രുതി ലാല്‍ മാതോത്ത്Indepth

പ്രതീകാത്മക ചിത്രം

രാജ്യത്ത് തൊഴിലിടങ്ങളില്‍ നിന്നുള്ള ലൈംഗികാതിക്രമ കേസുകളുടെ ചരിത്രം ആരംഭിക്കുന്നത് 1970കളോടെയാണ്. 1973ല്‍ മുംബൈ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്‌സായിരുന്ന അരുണ ഷാന്‍ബാഗിന് നേരിടേണ്ടി വന്ന അതിക്രൂരമായ പീഡനമാണ് തൊഴിലിടത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഗൗരവമായി കണക്കാക്കാന്‍ പ്രേരിപ്പിച്ചത്.

1973 നവംബര്‍ 27ന് നഴ്‌സായിരുന്ന അരുണയെ ആശുപത്രിയില്‍ വച്ച് അവിടെ തന്നെ തൂപ്പുകാരനായ സോഹന്‍ലാല്‍ ഭര്‍ത വാല്‍മീകി എന്നയാള്‍ ചങ്ങല കൊണ്ട് അടിച്ച് മൃതപ്രായാവസ്ഥയിലാക്കി ബലാത്സംഗം ചെയ്യുകയായിരുന്നു. മസ്തിഷ്‌ക ആഘാതം സംഭവിച്ച അരുണ 42 വര്‍ഷം ജീവന്‍രക്ഷാ സംവിധാനങ്ങളിലൂടെ ജീവിച്ച് 2015ല്‍ മരണമടഞ്ഞു. ഇന്ത്യയുടെ കണ്ണുനീരെന്ന് വിശേഷിപ്പിക്കപ്പെട്ട അരുണയുടെ അവസ്ഥ ദയാവധത്തിന്റെ ആവശ്യകത സംബന്ധിച്ച നിയമപോരാട്ടത്തിലേക്ക്ാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയത് എന്നതാണ് ദൗര്‍ഭാഗ്യകരമായ അവസ്ഥ. ജോലി സ്ഥലത്തെ പീഡനമെന്ന വിഷയം മാധ്യമങ്ങളില്‍ പോലും അന്ന് അത്രകണ്ട് ചര്‍ച്ച ചെയ്യപ്പെട്ടില്ല.

മൂന്ന് ദശകം കഴിഞ്ഞ്, 1992ല്‍ രാജസ്ഥാനിലെ അങ്കണവാടി പ്രവര്‍ത്തകയായ ബന്‍വാരി ദേവി കൂട്ടബലാത്സംഗത്തെ അതിജീവിച്ച് നീതീന്യായ വ്യവസ്ഥയ്ക്ക് മുന്നിലെത്തിയപ്പോഴാണ് രാജ്യചരിത്രത്തില്‍ സ്ത്രീസുരക്ഷാ ഇടപെടലുകളുടെ പുതിയ അധ്യായങ്ങള്‍ തുറക്കുന്നത്. രാജസ്ഥാന്റെ തലസ്ഥാനമായ ജയപുരില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ ഭട്ടേരി സ്വദേശിയാണ് ബന്‍വാരി ദേവി. 90കളുടെ തുടക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അങ്കണവാടികള്‍ വഴി നടപ്പാക്കിയ വനിതാ-ശിശു വികസന പരിപാടിയുടെ വൊളണ്ടിയറായി. അയിത്തം, ബാലവിവാഹം, വിവേചനം തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങള്‍ക്കെതിരേ പ്രവര്‍ത്തിച്ച് വരികയായിരുന്നു അവര്‍. ഇതിനിടെ ഗുര്‍ജാര്‍ സമുദായത്തിലെ ഒന്‍പത് വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞിന്റെ വിവാഹം നടത്തുന്നത് പോലിസില്‍ അറിയിച്ച് അവര്‍ തടഞ്ഞു. ഭൂരിപക്ഷ ജാതിക്കാരായ ഗുര്‍ജാറുകള്‍ക്ക് കുംഭാര്‍ വിഭാഗത്തില്‍ പെട്ട ബന്‍വാരി ദേവിയുടെ ഈ ഇടപെടല്‍ ഇഷ്ടമായില്ല. ഗ്രാമത്തിലെ സ്ത്രീകളുടെ നന്മയ്ക്കായും ഉന്നമനത്തിനായും പ്രവര്‍ത്തിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് 22-9-1992ന് ഭര്‍ത്താവിനൊപ്പം പണിക്ക് പോയ ബന്‍വാരിയെ ഗ്രാമത്തലവന്‍ ഉള്‍പ്പെട്ട ഒരു സംഘം ആളുകള്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി. തോറ്റുകൊടുക്കാന്‍ ബന്‍വാരി ദേവി തയ്യാറായില്ല അന്ന് രാത്രി തന്നെ ബന്‍വാരി, ഭര്‍ത്താവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി കേസ് കൊടുത്തു. താത്പര്യമില്ലാതെയാണെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്ത പോലീസുകാര്‍, തെളിവായി പീഡനസമയത്തെ വസ്ത്രം ആവശ്യപ്പെടുകയും അവിടെ വച്ച് തന്നെ അത് ഊരി വാങ്ങുകയും ചെയ്തു. ഭര്‍ത്താവിന്റെ ചോരയില്‍ കുതിര്‍ന്ന ടര്‍ബന്‍ തുണി പുതച്ചാണ് രാത്രി ഒരു മണിക്ക് ബന്‍വാരി വീട്ടിലേക്ക് മടങ്ങിയത്. കൂട്ട ബലാല്‍സംഗത്തിനിരയായ അവരെ 52 മണിക്കൂറിനു ശേഷമാണ് മെഡിക്കല്‍ പരിശോധനയ്ക്ക് തന്നെ വിധേയയാക്കിയതും. 1993ല്‍ കോടതി കുറ്റക്കാര്‍ക്ക് ജാമ്യം നിഷേധിക്കുകയും ശൈശവ വിവാഹത്തെ എതിര്‍ത്തതിനുള്ള പ്രതികാരമെന്നോണമാണ് ബന്‍വാരി ദേവിയെ ബലാത്സംഗം ചെയ്തതെന്ന് വിധി പുറപ്പെടുവിക്കുകയും ചെയ്തു. പക്ഷെ, പിന്നീട് കോടതി ഈ കേസ് നീട്ടിക്കൊണ്ടുപോവുകയും ചെറിയ കുറ്റങ്ങള്‍ മാത്രം ക്രിമിനലുകള്‍ക്കെതിരെ ചുമത്തുകയും ചെയ്യുന്നതിനും ബന്‍വാരി ദേവി സാക്ഷിയായി. അതോടെ ബന്‍വാരി ദേവി ഹൈക്കോടതിയിലെത്തി. 15-11-1995ന് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടു. ഹൈക്കോടതി ജഡ്ജി പറഞ്ഞത് ഭന്‍വാരി ദേവി പീഡിപ്പിക്കപ്പെട്ടു എന്ന് വിശ്വസിക്കാനാകുന്നില്ല എന്നായിരുന്നു. അതിവിചിത്രമായ ന്യായങ്ങളായിരുന്നു ഇതിന് കാരണമായി ചൂണ്ടികാട്ടിയത്. ആ ന്യായങ്ങള്‍ ഇവയാണ്:

  • ഉയര്‍ന്ന ജാതിയില്‍പ്പെട്ട പുരുഷന് താഴ്ന്ന ജാതിയില്‍പ്പെട്ട ബന്‍വാരിയെപീഡിപ്പിക്കാന്‍ സാധിക്കില്ല.

  • ഗ്രാമത്തലവന് പീഡിപ്പിക്കാന്‍ സാധിക്കില്ല

  • 60-70 വയസ്സുള്ള പുരുഷന് പീഡിപ്പിക്കാന്‍ സാധിക്കില്ല

  • സംഘത്തില്‍ ഒരു അമ്മാവനും-മരുമകനും ഉണ്ടായിരുന്നു. ബന്ധുവിന്റെ മുന്നില്‍വെച്ച് ആര്‍ക്കും പീഡിപ്പിക്കാന്‍ സാധിക്കില്ല

  • ബന്‍വാരിയുടെ ഭര്‍ത്താവിന് പീഡനം കണ്ടുനില്‍ക്കാന്‍ സാധിക്കാത്തത് കൊണ്ട് തന്നെ പീഡനം നടന്നിരിക്കാന്‍ വഴിയില്ല.

കോടതി വിധിയും എതിരായതോടെ ഗ്രാമം ബന്‍വാരിക്കും കുടുംബത്തിനും ഊരു വിലക്ക് കല്‍പ്പിച്ചു. പോരാട്ടം തുടരാന്‍ തീരുമാനിച്ച ബന്‍വാരിദേവി വിശാഖ എന്ന പേരില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി നിലനിന്നിരുന്ന ഒരു സ്ഥാപനത്തിന്റെ സഹായത്തോടെ ജോലിസ്ഥലങ്ങളിലെ ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് സുപ്രീംകോടതിയില്‍ ഒരു പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,15,19(1)(g) എന്നിവയുടെ ലംഘനം നടന്നതായും അതിനുള്ള പരിഹാരം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. അന്നാണ് തൊഴിലുമായി ബന്ധപ്പെട്ട് നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള ചര്‍ച്ച ആദ്യമായി നീതിപീഠത്തിന് മുന്നില്‍ എത്തുന്നത്. ഇതൊരു സാമൂഹികപ്രശ്‌നമായി കണ്ടാണ് കോടതി ഹര്‍ജി പരിഗണിച്ചത്. സ്ത്രീകള്‍ക്ക് ജോലിസ്ഥലങ്ങളില്‍ അന്തസ്സോടുകൂടി പ്രവൃത്തിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ഉചിതമായ നിയമം അത്യന്താപേക്ഷിതമാണെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. മാത്രമല്ല ജോലിസ്ഥലങ്ങളിലെ അതിക്രമങ്ങള്‍ക്കെതിരേ പ്രത്യേകനിയമം നിലവില്‍ വരുന്നതുവരെ ഈ കേസില്‍ കോടതി നിര്‍ദ്ദേശിച്ച വിശാഖ ഗൈഡ് ലൈന്‍സ് ഒരു നിയമമായി കണക്കാക്കുവാനും സുപ്രീംകോടതി 1997ലെ വിധിന്യായത്തിലൂടെ വ്യക്തമാക്കി. മൂന്നു വര്‍ഷം കഴിഞ്ഞ്, 2000ല്‍ ആഭ്യന്തര പരാതിപരിഹാര അതോറിറ്റികള്‍ എല്ലാ തൊഴിലിടങ്ങളിലും രൂപീകരിക്കാന്‍ സുപ്രീംകോടതി വിധിച്ചു. ഇതു രണ്ടിന്റേയും അന്തസ്സത്ത ഉള്‍ക്കൊണ്ടാണ് 2013ല്‍ പാര്‍ലമെന്റ് നിയമം നിര്‍മ്മിച്ചത്. ഈ നിയമത്തിലെ മൂന്നാം വകുപ്പുപ്രകാരം സ്ത്രീകളെ തൊഴിലിടങ്ങളില്‍ ലൈംഗികമായി പീഡിപ്പിക്കുന്നതു നിരോധിച്ചിരിക്കുന്നു. അസംഘടിത മേഖലയ്ക്കായി കാലക്രമേണ പ്രാദേശിക പരാതിപരിഹാര സമിതികള്‍ കൂടി (എല്‍.സി.സി) രൂപീകരിച്ച് നിയമത്തില്‍ ഭേദഗതി വന്നു. പിന്നീട് എല്‍.സി.സി എല്‍.സി ആയും ചുരുക്കി. പരാതി എന്ന പരാമര്‍ശം പോലും ആവശ്യമില്ലാത്തവിധം വ്യക്തമാണ് ഉദ്ദേശലക്ഷ്യം എന്നും അതുകൊണ്ട് ആഭ്യന്തര (പ്രാദേശിക) സമിതി എന്നു മതി എന്നുമാണ് മാറ്റത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം.

വിശാഖ വിധിയ്ക്ക് ശേഷം

വിശാഖ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത് വന്ന ശേഷം ദേശീയ വാര്‍ത്തകളില്‍ നിറഞ്ഞ തൊഴിലിട പീഡനം 2002ലായിരുന്നു. ഇന്‍ഫോസിസിന്റെ ഡയറക്ടറായ ഫനീഷ് മൂര്‍ത്തി എക്സിക്യൂട്ടീവ് സെക്രട്ടറിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നായിരുന്നു ആരോപണം. പിന്നാലെ ജോലി രാജിവച്ച മൂര്‍ത്തി പരാതിക്കാരിയായ രേഖ മാക്‌സിമോവിച്ചിന് 3 മില്യണ്‍ ഡോളര്‍ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി. 2013ല്‍ തൊഴിലിട നിയമം പ്രാബല്യത്തില്‍ വന്നപ്പോഴും ഇയാള്‍ക്കെതിരേ പുതിയ കമ്പനിയായ ഐഗേറ്റില്‍ നിന്നും സമാന ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് മൂര്‍ത്തിയെ സിഇഒ, പ്രസിഡന്റ് സ്ഥാനത്തുനിന്നും കമ്പനി നീക്കി. 2012ല്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റസ്റ്റോറന്റ് ജീവനക്കാരി എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേ പരാതി നല്‍കി. ഉദ്യോഗസ്ഥന്‍ അശ്ലീല ക്ലിപ്പുകളും നഗ്‌നചിത്രങ്ങളും കാണിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നുമാണ് പരാതിയിലെ ഉള്ളടക്കം. എയര്‍ ഇന്ത്യയിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ക്ക് നല്‍കിയ പരാതി അവഗണിക്കപ്പെട്ടെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും ഇരയായ സ്ത്രീ പിന്നീട് വെളിപ്പെടുത്തി.

വിശാഖ മാര്‍ഗ നിര്‍ദേശങ്ങള്‍ വന്ന് കാല്‍ നൂറ്റാണ്ട് തികയുമ്പോഴും പരാതി നല്‍കാന്‍ തയ്യാറാകുന്ന സ്ത്രീകളുടെ ജോലി നഷ്ടപ്പെടുകയോ തൊഴിലിടങ്ങളില്‍ ഒറ്റപ്പെടുകയോ ചെയ്യുന്ന അവസ്ഥയ്ക്ക് വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ലെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവങ്ങള്‍.

വിശാഖ വിധി വന്ന് രണ്ട് വര്‍ഷത്തിനകം കേരളത്തില്‍ ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെട്ട പി ഇ ഉഷയുടെയും ഐഎഎസുകാരി നളിനി നെറ്റോയുടെയും കേസുകളുണ്ടായി. 1999ല്‍ ബസില്‍ തന്നെ ലൈംഗികമായി അതിക്രമിച്ചയാള്‍ക്കെതിരെ പരസ്യമായി രംഗത്ത് വരികയും നീതിക്കായി പോരാടുകയും ചെയ്തയാളാണ് ഉഷ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ജീവനക്കാരിയും പൊതു പ്രവര്‍ത്തകയുമായിരുന്ന ഉഷയെ രാത്രി ബസ് യാത്രക്കിടെ ഒരാള്‍ ശല്യം ചെയ്തു. കോഴിക്കോട് ആര്‍ഇസിയിലെ ഒരു താത്ക്കാലിക പ്ലംബര്‍ തൊഴിലാളിയായിരുന്നു പ്രതി. പ്രതിയെ കയ്യോടെ പിടികൂടി ഇയാള്‍ പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്തു. ശേഷം വിഷയം പറഞ്ഞ് തൊഴിലിടത്തില്‍ വച്ച അപമാനിക്കുന്ന തരത്തില്‍ സഹപ്രവര്‍ത്തകന്‍ പ്രചരണം നടത്തി. 2000ല്‍ ആയിരുന്നു സംഭവം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആദ്യം ഒരു സിന്‍ഡിക്കേറ്റ് ഉപസമിതി രൂപീകരിച്ചു. പിന്നീട് പ്രതി ഉള്‍പ്പെട്ട വകുപ്പില്‍ ഒരു സമിതി, വീണ്ടും സിന്‍ഡിക്കേറ്റ് ഉപസമിതി. ഇതിനെയെല്ലാം പി.ഇ. ഉഷ നിയമപരമായി ചോദ്യം ചെയ്തു. വിശാഖാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അന്നു നിലവിലുണ്ടായിരുന്നു. അതു പ്രകാരമുള്ള സമിതി വേണമെന്ന് ആവശ്യപ്പെട്ട് അവര്‍ കോടതിയില്‍ വരെ ചെന്നു. അതേവര്‍ഷം തന്നെ നളിനി നെറ്റോ ഐ.എ.എസ് അന്നത്തെ മന്ത്രി നീലലോഹിതദാസ് നടാറിനെതിരേ പീഡന പരാതി നല്‍കി. മന്ത്രി രാജി വച്ചിട്ടും പിന്‍മാറാതെ നെറ്റോ നീതിക്കായി നിലകൊണ്ടു. തൊഴിലിടത്തെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യമായി ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ വരുന്നതും നളിനി നെറ്റോ ഐ.എ.എസ്സിനുണ്ടായ ദുരനുഭവവുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ അനുകൂല വിധികളുണ്ടായെങ്കിലും നെറ്റോയുടെയോ ഉഷയുടേയോ നീതിക്കായുള്ള പോരാട്ടം അത്രസുഖകരമായിരുന്നില്ല. ഏറ്റവും ചുരുക്കത്തില്‍ പോലിസുകാരില്‍ നിന്നും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നുമടക്കം ബന്‍വാരി ദേവിയുടെതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത അവസ്ഥകളിലൂടെ തന്നെയാണ് ഈ അതിജീവിതകളും കടന്ന് പോയത്. കേരളത്തിലെ അതിജീവിതകളായ അഭിനേത്രികളടക്കമുള്ളവര്‍ ഇന്നും ഇതേ പൊതുബോധത്തെ തന്നെയാണ് നേരിടേണ്ടി വരുന്നതും.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

നിയമം വന്നിട്ട് 8 വര്‍ഷം

2013ല്‍ തൊഴിലിട പീഡനം തടയല്‍ നിയമം വന്നപ്പോള്‍ കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങളുണ്ടായി. ആഭ്യന്തര സമിതികള്‍ വന്നതോടെ പരാതി കൊടുക്കാന്‍ കിട്ടിയ അവസരം പ്രയോജനപ്പെടുത്തുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവെന്നതാണ് അതില്‍ പ്രധാനം. വിപ്രോ, ഗ്രീന്‍ പിസ് ഇന്ത്യ, തെഹല്‍ക്ക തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ സ്ത്രീകള്‍ വരെ പീഡന പരാതിയുമായി രംഗത്തെത്തി. മീ ടു ക്യാമ്പയ്ന്‍ കൂടി ഉണ്ടായതോടെ തുറന്ന് പറയാനുള്ള ധൈര്യവും പ്രതികളാണ് കുറ്റക്കാരെന്ന ഉറച്ച ബോധ്യവും സ്ത്രീകള്‍ക്കുണ്ടായിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍പ്പോലും ആഭ്യന്തര സമിതികള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നതും വസ്തുതയാണ്. പരാതികള്‍ പുറത്ത് വരുന്നുണ്ടെങ്കിലും അന്തിമ ഫലത്തിന്റെ കാര്യത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. തൊഴിലിടത്ത് അപ്രഖ്യാപിത വിലക്ക്, പരാതിക്കാരിക്കെതിരെ കള്ളക്കേസുണ്ടാക്കുക, ജോലിയില്‍ കാര്യക്ഷമത ഇല്ലെന്നു വരുത്താന്‍ ശ്രമിക്കുക, ഒറ്റപ്പെടുത്തുക തുടങ്ങി നിരവധി പീഡാനുഭവങ്ങളാണ് ഓരോ പരാതിക്കാരിയും സഹിക്കേണ്ടി വരുന്നത്. സമിതി രൂപീകരിക്കുമ്പോഴാകട്ടെ, ആരോപണവിധേയന്‍ സ്ഥാപന മേധാവിയോ തുല്യപദവിയിലുള്ള ആളോ ആണെങ്കില്‍ അവരുടെ വരുതിയില്‍ നില്‍ക്കുന്നവരായിരിക്കും അതില്‍ ഉണ്ടാവുക. പ്രതികളുടെ നിരന്തര സ്വാധീനവും ഇടപെടലും ഇരയോടൊപ്പം നിന്നവരുടെ സാധാരണ ജീവിതം വരെ അപകടപ്പെടുത്തുന്ന അവസ്ഥയും ഉണ്ടാവുന്നു. നിയമം ഉണ്ടാവാന്‍ തന്നെ കാരണക്കാരിയായ ബന്‍വാരി ദേവി പോലും മൂന്ന് പതിറ്റാണ്ടോളം നീതിക്കായി പോരാടേണ്ടി വന്നവെന്നതും ഓര്‍മിക്കേണം. ഈ സാഹചര്യത്തില്‍ വിശാഖ മാര്‍ഗ നിര്‍ദേശങ്ങളും പിന്നാലെയുണ്ടായ നിയമവും സ്ത്രീ സുരക്ഷയുടെ ആദ്യ പടിയായി മാത്രമാണ് കാണേണ്ടത്. കൂടുതല്‍ കുറ്റമറ്റ രീതിയില്‍ വിഷയം കൈകാര്യം ചെയ്താലെ സ്ത്രീകളുടെ ദുരനുഭവങ്ങള്‍ക്ക് സമാപ്തി ഉണ്ടാവു. ഇക്കാര്യം വിശാഖ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച ബെഞ്ചിലെ ജസ്റ്റിസ് സുജാത മനോഹറും വ്യക്തമാക്കിയിരുന്നു. ലൈംഗിക പീഡനത്തിന്റെ ഗ്രേഡിംഗ് സാധ്യതയെക്കുറിച്ചും വ്യത്യസ്ത കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചും നിയമത്തില്‍ ഉള്‍പ്പെടുത്തണം, മുന്‍കാലങ്ങളിലുണ്ടായ പീഡനങ്ങളില്‍ കേസുകളെടുക്കാനും നടപടി സ്വീകരിക്കാനും സാധ്യമാവണം, ഐപിസിയുടെ 509ാം വകുപ്പ് (സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി) ഇവ കൂടുതല്‍ വ്യക്തമായി നിര്‍വചിക്കണമെന്നും അവര്‍ പറയുന്നു. മറ്റൊരു വസ്തുത, ഈ നിയമവും അതിന്റെ കമ്മിറ്റികളും എത്രത്തോളം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു വിവരവും സര്‍ക്കാര്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ്. അനൗദ്യോഗിക തൊഴില്‍ മേഖലയിലെ ലൈംഗിക പീഡന പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായുള്ള ലോക്കല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചോ ഫലപ്രാപ്തിയെക്കുറിച്ചോ സര്‍ക്കാര്‍ രേഖകളൊന്നും നിലനില്‍ക്കുന്നില്ലെന്നാണ് 2019ല്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയില്‍ 95 ശതമാനം സ്ത്രീകള്‍, അതായത് 195 ദശലക്ഷം പേര്‍ അനൗദ്യോഗിക തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. കച്ചവടം, വീട്ടുജോലി, കൃഷി, കെട്ടിട നിര്‍മ്മാണം, നെയ്ത്ത് പോലുള്ള ജോലികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മുതലാളിമാര്‍, സഹപ്രവര്‍ത്തകര്‍, എന്നിവരില്‍ നിന്ന് വ്യാപകമായ ചൂഷണത്തിന് ഇവര്‍ വിധേയരാകുന്നുണ്ടെങ്കിലും ദാരിദ്ര്യവും, മുന്നോട്ടുള്ള ജീവിതവും, നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും അവരെ നിശബ്ദ്‌രാക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. വിവരാവകാശ രേഖകള്‍ പ്രകാരം 2018ല്‍ മാര്‍ത്ത ഫാരെല്‍ ഫൗണ്ടേഷനും സൊസൈറ്റി ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി റിസേര്‍ച്ചും ചേര്‍ന്ന് രാജ്യത്തെ 655 ജില്ലകളെ ആധാരമാക്കി നടത്തിയ പഠനത്തില്‍ 29 ശതമാനം ജില്ലകള്‍ ലോക്കല്‍ കമ്മിറ്റികള്‍ സ്ഥാപിക്കുകയും നിയമപരമായ വ്യവസ്ഥകള്‍ക്കനുസൃതമായി അവ ഏകോപിപ്പിക്കുകയും ചെയ്തപ്പോള്‍ 15 ശതമാനം ഇക്കാര്യത്തില്‍ പൂര്‍ണ്ണ പരാജയമാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, 56 ശതമാനം ജില്ലകളിലെ അധികാരികള്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ പോലും തയ്യാറായില്ലെന്നും പറയുന്നു.നിലവിലുള്ള നിയമ സാധുതകളെ സംബന്ധിച്ച അവബോധം നല്‍കുന്നതോടൊപ്പം സ്ത്രീകള്‍ക്ക് നിയമ പരിരക്ഷ ഉറപ്പു വരുത്താനുള്ള നടപടികള്‍ രാജ്യത്ത് ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്റേര്‍ണല്‍- ലോക്കല്‍ കമ്മിറ്റികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന പരാതികളുടെയും പരിഹാരങ്ങളുടെയും വ്യക്തമായ അവലോകനം വാര്‍ഷിക അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുകയും വേണം. ലോക്കല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെ പ്രതി രാജ്യാന്തര ഓഡിറ്റുകള്‍ നടത്തി പ്രസിദ്ധീകരിക്കേണ്ടതും അനിവാര്യമാണ്. എത്ര ലോക്കല്‍ കമ്മിറ്റികള്‍ രൂപീകരിച്ചു, അവയുടെ ഘടന, ലഭിച്ച പരാതികളുടെ സ്വഭാവം, പുറപ്പെടുവിച്ച ഉത്തരവുകള്‍, അവ പുറപ്പെടുവിക്കാന്‍ എടുത്ത സമയം, ഏതുതരം പരിശീലനവും അവബോധവും വളര്‍ത്തുന്ന പരിപാടികള്‍- ക്യാംപെയ്‌നുകള്‍- വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവനടന്നുവെന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. 2019 ജൂണില്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) തൊഴില്‍ മേഖലകളില്‍ അക്രമവും ഉപദ്രവവും തടയുന്നതിനുള്ള പുതിയ ആഗോള മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്ന ഒരു സുപ്രധാന ഉടമ്പടി അംഗീകരിച്ചിരുന്നു. ഇന്ത്യയിലെ തൊഴിലാളി ഗ്രൂപ്പുകളുടെ പ്രതിനിധികളും തൊഴിലുടമകളുടെ അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികളുമടക്കം കണ്‍വെന്‍ഷന് അനുകൂലമായി വോട്ട് ചെയ്തുവെങ്കിലും രാജ്യം ഇതുവരെ ഈ കരാര്‍ അംഗീകരിച്ചിട്ടില്ല. ഈ ഉടമ്പടി എത്രയും പെട്ടെന്ന് അംഗീകരിച്ച് നടപ്പിലാക്കേണ്ടതും പ്രധാനമാണ്.

Content Highlights: Vishakha vs State ofRajasthan,internal complaint cell,sexual assault,workplace,women movement,India

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented