"ആണാണെങ്കില്‍ അച്ഛന്റെ പേര്, പെണ്ണാണെങ്കില്‍ ഭര്‍ത്താവിന്റെ പേര്; മാറണം വോട്ടര്‍ ഐഡിയും"


നിലീന അത്തോളി | nileenaatholi2@gmail.com""സി.ആര്‍.പി.സി ആക്ടിൽ സമന്‍സ് കൈപ്പറ്റേണ്ട വ്യക്തി വീട്ടിലില്ലെങ്കില്‍ അവിടുത്തെ മുതിര്‍ന്ന പുരുഷന് കൈമാറാം എന്നാണ് പറയുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകളുണ്ടെങ്കിലും അവര്‍ക്ക് അതിന് അവകാശമില്ല. വോട്ടർ ഐഡിയിൽ പെണ്ണിന് മാത്രമാണ് ഭർത്താവിന്റെ പേര് എഴുതുന്നത്. ആണാണെങ്കിൽ നിലവിൽ അച്ഛൻറെ പേരാണ് നൽകുന്നത്."

Movement

വിനയ എൻ എ, ആണിന്റെ വോട്ടർ ഐഡിയിൽ അച്ഛന്റെ പേരും പെണ്ണിന്റെ വോട്ടർ ഐഡിയിൽ ഭർത്താവിന്റെ പേരും രേഖപ്പെടുത്തിയതായി കാണാം

ഭ്രാന്താലയമെന്ന വിശേഷണത്തില്‍ നിന്ന് മാനവ വികസന സൂചികയില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമായി കേരളം രൂപപ്പെട്ടത് ഒറ്റ ദിവസം കൊണ്ടല്ല. ആ രൂപപ്പെടലിലേക്കുള്ള യാത്രയില്‍ കൂരമ്പുകളും കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങിയ അനേകരുണ്ട്. അതില്‍ സ്ത്രീകളുടെ തുല്യപദവിക്കും വിമോചനത്തിനുമായി പോലീസ് ഉദ്യോഗസ്ഥ എന്‍. എ വിനയ നടത്തിയ ഇടപെടലുകള്‍ വിലമതിക്കാനാവാത്തതാണ്. അന്നോളം സ്ത്രീകള്‍ സഞ്ചരിച്ചു ശീലിച്ച വാര്‍പ്പു മാതൃകകളെ തകര്‍ക്കുന്നതായിരുന്നു അവരുടെ ഓരോ ഇടപെടലും. ആണ്‍ ബോധ സമൂഹത്തിന് അവര്‍ അസ്വീകാര്യയായിരുന്നു. വനിതാ പോലീസുദ്യോഗസ്ഥരുടെ യൂണിഫോം ലിംഗ നിക്ഷപക്ഷമാക്കണം (ജെന്‍ഡര്‍ ന്യൂട്രല്‍) എന്നതില്‍ തുടങ്ങീ പൊതു അപേക്ഷാ ഫോമുകളിൽ ലിംഗ നീതി ഉറപ്പുവരുത്തണം എന്ന പുതിയ സര്‍ക്കാര്‍ ഉത്തരവില്‍ വരെ എത്തിനിൽക്കുന്നു അവരുടെ പോരാട്ട വീര്യം.

എല്ലാ അപേക്ഷാ ഫോമുകളിലും ഇന്നയാളുടെ ഭാര്യ എന്ന് രേഖപ്പെടുത്തുന്നതിന് പകരം ഇന്നയാളുടെ ജീവിത പങ്കാളി എന്ന് രേഖപ്പെടുത്തണമെന്നാണ് കഴിഞ്ഞ ദിവസം ഭരണപരിഷ്‌കാര വകുപ്പ് പുറത്തു വിട്ട ഉത്തരവില്‍ പറയുന്നത്. അപേക്ഷാ ഫോമുകളില്‍ രക്ഷകര്‍ത്താക്കളുടെ വിശദാംശങ്ങള്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും ഒരു രക്ഷാ കര്‍ത്താവിന്റെ പേരോ അതുമല്ലെങ്കില്‍ രണ്ട് രക്ഷാകര്‍ത്താക്കളുടെയും വിവരങ്ങളോ രേഖപ്പെടുത്താന്‍ ഓപ്ഷന്‍ അനുവദിക്കണമെന്നും അവന്‍ അവന്റെ എന്ന് ഉപയോഗിക്കുന്നതിനു പകരം അവന്‍, അവള്‍ എന്ന് ഉപയോഗിക്കാനായി നിയമങ്ങള്‍, വിവിധ ചട്ടങ്ങളിലെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, ഫോമുകള്‍ എന്നിവ പരിഷ്‌കരിക്കണമെന്നും ഉത്തരവ് പറയുന്നുണ്ട്.സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഈ പരിഷ്‌കരണത്തിലേക്ക് നയിച്ച ഹൈക്കോടതി ഉത്തരവിന് ഏതാണ്ട് രണ്ട് പതിറ്റാണ്ടിന്റെ ആയുസ്സുണ്ട്. ആ വിധി നേടിയെടുക്കുക മാത്രമല്ല അത് നടപ്പിലാക്കാന്‍ കാലങ്ങളോളം സെക്രട്ടേറിയേറ്റിന്റെ പടിവാതില്‍ കയറിയിറങ്ങിയ വ്യക്തി കൂടിയാണ് ആക്ടിവിസ്റ്റും നിലവില്‍ തൃശ്ശൂര്‍ റൂറല്‍ വനിതാ സ്‌റ്റേഷന്‍ എസ് എച്ച് ഒ കൂടിയായ വിനയ. ലിംഗനീതിയെകുറിച്ചും അപേക്ഷാ ഫോമുകളിലും മറ്റും നാം കൈവരിച്ചുകൊണ്ടിരിക്കുന്ന ലിംഗ നിക്ഷ്പക്ഷതയെ കുറച്ചും സംസാരിക്കുമ്പോള്‍ വിനയ സമൂഹത്തിനുണ്ടാക്കിയ നേട്ടങ്ങളെ സ്മരിക്കാതെ നമുക്ക് മുന്നോട്ടു പോവാനാവില്ല. ഇന്നോളം നമ്മുടെ സമൂഹവും സ്ത്രീകളും കൈവരിച്ച നേട്ടങ്ങള്‍ ഇത്തരം ചിലരുടെ പോരാട്ടം കൂടി ഉള്‍ക്കൊള്ളുന്നതാണ്. ഇതുവരെ നേടിയെടുത്ത നേട്ടങ്ങളുടെ ചരിത്രം രേഖപ്പെടുത്തുന്നതോടൊപ്പം ഇനി ഉണ്ടാവേണ്ട ചില മാറ്റങ്ങളെ കൂടി ചൂണ്ടികാണിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിൽ.

വിനയ | പഴയ കാല ചിത്രം

രണ്ട് പതിറ്റാണ്ട് പിന്നിട്ട റിട്ടും ഹൈക്കോടതി ഉത്തരവും

പൊതുവിടത്തില്‍ അപേക്ഷകളുടെയും വേഷത്തിന്റെയും വാക്കുകളുടെയും രൂപത്തില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളെ ചൂണ്ടിക്കാട്ടുന്ന റിട്ട് പെറ്റീഷന്‍ 1999 നവംബര്‍ 18നാണ് വിനയ ഹൈക്കോടിക്കു മുമ്പാകെ സമര്‍പ്പിക്കുന്നത്. സ്ത്രീ എന്ന ജെന്‍ഡറിനെ പരിഗണിക്കാതെയുള്ള അപേക്ഷകളിലും ഭാഷാ പ്രായോഗങ്ങളിലും മാറ്റം കൊണ്ടുവരണമെന്നും അതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു റിട്ട് സമര്‍പ്പിച്ചത്. അപേക്ഷ സ്വീകരിച്ച കോടതി, സര്‍ക്കാരുകള്‍ അച്ചടിക്കുന്ന അപേക്ഷാ ഫോമുകള്‍ ജെന്‍ഡര്‍ ന്യൂട്രലാക്കണമെന്നും എല്ലാ ജെന്‍ഡറുകളെയും ഉള്‍ക്കൊള്ളുന്ന സമീപനം ഫോമുകളില്‍ ഉണ്ടാവണമെന്നും നിഷ്‌കര്‍ഷിച്ചു. അടുത്ത തവണ ഫോമുകള്‍ അച്ചടിക്കുമ്പോള്‍ മാറ്റം വരുത്തിയാവണം അച്ചടിക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. ഒറ്റയ്ക്ക് കോടതിയിൽ വാദിച്ചാണ് വിനയ വിധി സമ്പാദിച്ചത്. 2001ല്‍ ഇത്തരമൊരു ഉത്തരവ് കോടതി പുറപ്പെടുവിച്ചതിനു ശേഷവും പലതും നടപ്പിലാക്കിയെടുക്കാന്‍ അധികാരികളുടെയും സംവിധാനങ്ങളുടെയും പടിവാതിലുകള്‍ നിരന്തരം കയറിയിറങ്ങേണ്ടി വന്നു വിനയയ്ക്ക്. അന്ന് നല്‍കിയ റിട്ടിലെ പ്രധാന പരാതികള്‍ ഇവയായിരുന്നു

  • സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ അപേക്ഷാ ഫോമുകളില്‍ ഭര്‍ത്താവ് അല്ലെങ്കില്‍ അച്ഛന്‍ ആര് എന്ന് മാത്രമേ ചോദിക്കുന്നുള്ളൂ. ഭാര്യ അമ്മ എന്നിവ ചോദിക്കുന്നില്ല. ലാസ്റ്റ് പേ സര്‍ട്ടിഫിക്ക് അപേക്ഷയില്‍ HIS എന്ന് മാത്രമേ അഭിസംബോധന ചെയ്യുന്നുള്ളൂ. HER ഇല്ല. മറ്റ് ചില ഫോമുകളില്‍ HEADMASTER എന്ന്. മാത്രമേ എഴുതി കണ്ടിട്ടുള്ളൂ, HEAD MISTRESS എന്നു കൂടി എഴുതണം
  • പൊതുവായി പോലീസ് ഉദ്യോഗസ്ഥരെയെല്ലാം പോലീസ് ഉദ്യോഗസ്ഥര്‍ എന്ന് അഭിസംബോധന ചെയ്യേണ്ടിടത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥ, വനിത കോണ്‍സ്റ്റബിള്‍ എന്ന് പ്രത്യേകം പറയുന്നത് ലിംഗ വിവേചനമാണ്
  • അച്ഛനാണ് വീടിന്റെ നാഥന്‍ എന്ന് കുട്ടികളെ പഠിപ്പിക്കുന്നതിലെ പ്രശ്‌നം.
  • ഇതു കൂടാതെ പത്ര മാധ്യമങ്ങളിലെയും ദൃശ്യമാധ്യമങ്ങളിലെയും ഭാഷാ പ്രയോഗത്തിലെ പല വിധ സ്ത്രീ വിരുദ്ധതകളും വിവേചനങ്ങളും വിനയ തന്റെ റിട്ടില്‍ ചൂണ്ടിക്കാട്ടി.
ആണ്‍കുട്ടികള്‍ക്ക് ഓടിച്ചാടി നടക്കാന്‍ ആത്മവിശ്വാസം നല്‍കുന്ന യൂണിഫോം നല്‍കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ഉടുപ്പും മിടിയും പോലുള്ള വേഷം നല്‍കുന്നത് അവരുടെ അംഗചലനങ്ങളെ പരിമിതപ്പെടുത്തുമെന്നത് രണ്ട് പതിറ്റാണ്ട് മുന്നേ വിനയ ഉയര്‍ത്തിയ സാമൂഹിക പ്രശ്നമാണ്. പക്ഷെ വീണ്ടും 20 വര്‍ഷം കടന്നു പോവേണ്ടി വന്നു കേരളം മുഴുവന്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ചര്‍ച്ച ചെയ്യാനും ചില സ്‌കൂളുകളെങ്കിലും അത് നടപ്പിലാക്കാനും.പോലീസ്, ജയില്‍ വാര്‍ഡന്‍ യൂണിഫോമുകളിലെ ലിംഗ നിക്ഷ്പക്ഷതയും നിരവധി വര്‍ഷങ്ങള്‍ക്കു മുന്നേ വിനയ ഉയര്‍ത്തിക്കൊണ്ട് മാറ്റം വരുത്തിയ ശീലങ്ങളാണ്.

വിനയയുടെ റിട്ട് പെറ്റീഷനെ തുടർന്ന് അപേക്ഷാ ഫോമുകൾ ലിംഗ നിക്ഷപക്ഷമാക്കണം എന്നാവശ്യപ്പെട്ട് വന്ന കോടതി ഉത്തരവ്

ഒരു മാറ്റവും സ്വമേധയാ ഉണ്ടാവുന്നതല്ല, നേടിയെടുക്കുന്നതാണ്

ഒരു കാലത്ത് സ്‌കൂള്‍ രജിസ്റ്ററില്‍ ആണ്‍കുട്ടികള്‍ക്ക് ശേഷമായിരുന്നു പെണ്‍കുട്ടികളുടെ പേരെഴുതിയിരുന്നത്. വിനയയുടെ പോരാട്ടത്തിന്റെ ഫലമായാണ് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ അക്ഷരമാലാ ക്രമത്തില്‍ പേരെഴുതുന്ന രീതി നടപ്പായത്. പോലീസിലെ സ്ത്രീകള്‍ കാക്കി സാരിയുടുക്കുന്ന കാലത്തും കാക്കി പാന്റ്സും ഷര്‍ട്ടും ധരിച്ചാണ് വിനയ ഡ്യൂട്ടിക്കെത്തിയിരുന്നത്. പോലീസിലെ വനിതകള്‍ക്ക് പാന്റ്‌സും ഷര്‍ട്ടും വേണമെന്ന് പോരാടി ഉത്തരവ് വാങ്ങിയതും അവരായിരുന്നു. പിന്നീട് സ്ത്രീകള്‍ പാന്റ്‌സ് ഇന്‍സെര്‍ട്ട് ചെയ്ത് വരരുതെന്ന് 2002ല്‍ ഡിജിപി ഇറക്കിയ ഉത്തരവിനെ എതിര്‍ത്തതിന്റെ പേരില്‍ വിനയയുടെ മൂന്ന് ഇന്‍ക്രിമെന്റാണ് തടയപ്പെട്ടത്.വനിതകളുടെ കായിക മത്സരം വെറും പ്രദര്‍ശനമത്സരമായി ഒതുക്കുന്ന അധികാരികളുടെ സ്ത്രീവിരുദ്ധ സമീപനത്തിനെതിരേ ഗ്രൗണ്ടില്‍ കിടന്നും വിനയ പ്രതിഷേധം രേഖപ്പെടുത്തി. അതിനു വകുപ്പ് നല്‍കിയ പാരിതോഷികം സസ്‌പെന്‍ഷന്റെ രൂപത്തിലായിരുന്നു. തുടര്‍ന്ന് സര്‍വ്വീസല്‍ നിന്ന് പിരിച്ചു വിടപ്പെട്ടു.

സ്വന്തം കാര്യം നോക്കി, സുരക്ഷയും നോക്കി ഇതൊന്നും മാറാന്‍ പോകുന്നില്ലെന്ന പൊതു പിന്തിരിപ്പന്‍ സമീപനത്തില്‍ കാലുകളൂന്നി സഞ്ചരിക്കാമായിരുന്നു വിനയയ്ക്ക്. പക്ഷെ വിനയ തിരഞ്ഞെടുത്തത് കല്ലും മുള്ളും നിറഞ്ഞ പോരാട്ട വഴികള്‍ തന്നെയായിരുന്നു പോരാട്ടവും പരാതികളും സ്വന്തം താത്പര്യത്തിനു വേണ്ടിയല്ല പൊതു നന്‍മയ്ക്കും പുരോഗതിക്കും സാമൂഹിക നീതിക്കും വേണ്ടിയുള്ളതാണെന്ന ബോധ്യമാണ് വിനയയെ നയിച്ചത്.

അതുകൊണ്ട് കൂടിയാണ് സസ്‌പെന്‍ഷനും പിരിച്ചുവിടലും വിനയയെ തകര്‍ക്കാതിരുന്നതും. പിന്നീട് സര്‍വ്വീസിലേക്ക് തിരിച്ചെടുത്തെങ്കിലും 30 വര്‍ഷം പിന്നിട്ട സര്‍വ്വീസിനിടെ 28 ശിക്ഷാ നടപടികള്‍ വിനയ നേരിട്ടു. എസ്എസ്എല്‍സി ബുക്കില്‍, പിഎസ്സി ഫോമുകളില്‍ അമ്മയുടെ പേര് നടപ്പിലാക്കാനുള്ള നടപടി ഉണ്ടായത് വിനയ നേടിയെടുത്ത കോടതി വിധിക്കു ശേഷമാണ്. വായനക്കാരന്‍- വായനക്കാരി, കലാകാരന്‍- കലാകാരി എന്നൊക്കെ സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തി തുടങ്ങിയത് അവരുടെ പോരാട്ടത്തിന്റെ കൂടി ഫലമായാണ്.

മുൻപ് സാധാരണക്കാരന്റെ അവകാശം എന്നായിരുന്നു ആധാറിന്റെ ടാഗ് ലൈൻ. സാധാരണക്കാരൻ അല്ല ഞാൻ സാധാരണക്കാരിയാണ് എന്ന് പറഞ്ഞ് അധികാരികളെ വിനയ സമീപിച്ചിരുന്നു. "മേരാ ആധാർ മേരി പെഹ്ചാൻ" എന്നാണ് പുതിയ ആധാറിലെ ടാഗ്ലൈൻ

ആധാറിലുണ്ടാക്കിയ വിപ്ലവം

സാധാരണക്കാരന്റെ അവകാശം എന്നായിരുന്നു മുമ്പ് ആധാര്‍ കാര്‍ഡില്‍ എഴുതി വെച്ചിരുന്നത്. ഞാന്‍ കാരനല്ല സാധാരണക്കാരിയാണ് എന്ന് നേരിട്ട് ചെന്ന് സെക്രട്ടേറിയേറ്റിലെത്തി ബോധിപ്പിക്കാന്‍ നമുക്കൊരു വിനയ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആധാര്‍ എന്റെ ഐഡന്റിറ്റി എന്നാണ് ഇപ്പോഴുള്ള കാര്‍ഡുകളില്‍ എഴുതിവെച്ചിട്ടുള്ളത്. "ഒന്നും സ്വയമേവ സംഭവിക്കുന്നതല്ല. സെക്രട്ടേറിയേറ്റില്‍ പോയി ഞാന്‍ സാധാരണക്കാരിയാണ്, കാരനല്ല എന്ന് പറഞ്ഞ് ബോധ്യമാക്കി മാറ്റിയെടുത്തതാണ്", വിനയ പറയുന്നു.

ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സ്ത്രീയായാല്‍ ദുര്‍നടപ്പുകാരിയാണോ എന്നൊക്കെ പരിശോധിക്കണം പക്ഷെ പുരുഷനായാല്‍ ഇതൊന്നുംവേണ്ടിയിരുന്നില്ല. അതിൽ വന്ന മാറ്റവും സ്വമേധയാ ഉണ്ടായതല്ല. ഇത്തരത്തില്‍ പൊതുസമൂഹത്തിലെ സകല ആശയവിനിമയങ്ങളെയും വ്യവഹാരങ്ങളെയും ലിംഗനിക്ഷ്പക്ഷമാക്കിയത് വിനയയെപ്പോലുള്ള ആക്ടിവിസ്റ്റ്- ഫെമിനിസ്റ്റ് സമൂഹം നടത്തിയ ഇടപെടലുകളിലൂടെയാണ്. അന്നത്തെ സമൂഹത്തിന്റെ പലവിധ ശരികളെ തെറ്റെന്ന് ബോധ്യപ്പെടുത്തുക മാത്രമല്ല അതിനായി സ്വന്തം സമയവും സന്തോഷങ്ങളും നീക്കിവെച്ച് ഒരു വിഭാഗം ആളുകളുടെ അപ്രീതിക്ക് വിധേയമായാണ് വിനയ പോരാട്ടം തുടര്‍ന്നത്.

"പൊതു സമൂഹത്തെ പേടിയെന്നത് ഒരു ഒഴിവുകഴിവാണെന്നും മാറ്റം കൊണ്ടു വരാനുള്ള മടിയാണ് പൊതു സമൂഹത്തിന്റെ താത് പര്യം എന്ന പേരില്‍ നമ്മള്‍ പണയം വെക്കുന്നത്" എന്നാണ് നേരിട്ട കുറ്റപ്പെടുത്തലുകളെ കുറിച്ച് ചോദിച്ചപ്പോൽ വിനയ നൽകിയ മറുപടി.

പുതിയ സര്‍ക്കാര്‍ ഉത്തരവ് ലിംഗ നീതിക്കായി പോരാടുന്ന സകല മനുഷ്യര്‍ക്കുമുള്ള പ്രതീക്ഷയാണ്. പോരാടിയാല്‍ മാറ്റം അധികം കാതം അകലെയല്ലെന്ന ഓര്‍മ്മപ്പെടുത്തലാണത്. എന്നാല്‍ 2001 ലെ കോടതി വിധിക്കു ശേഷം പല സമയങ്ങളിലായി ഇത്തരം മാറ്റം സമൂഹത്തിന്റെ പല അടരുകളും കാണുന്നുണ്ട്. എന്നേ വരേണ്ടതായിരുന്നു ഈ സര്‍ക്കാര്‍ ഉത്തരവെന്നും വൈകി വന്നതാണെങ്കിലും ഉത്തരവ് പ്രതീക്ഷ നല്‍കുന്നതാണെന്ന് വിനയ പറയുന്നു.

വനിതാ ലോകകപ്പ് ഹോക്കി എന്ന് തലക്കെട്ടുള്ള വാർത്ത സ്വാഭാവികതയാണ് ഇന്നും നമുക്ക്

മാറ്റം വേണം വോട്ടര്‍ ഐഡിക്കും

സി.ആര്‍.പി.സി ആക്ടിലെ 64ാം വകുപ്പുപ്രകാരം സമന്‍സ് കൈപ്പറ്റേണ്ട വ്യക്തി വീട്ടിലില്ലെങ്കില്‍ അവിടുത്തെ മുതിര്‍ന്ന പുരുഷന് കൈമാറാം എന്നാണ് പറയുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകളുണ്ടെങ്കിലും അവര്‍ക്ക് അതിന് അവകാശമില്ല. പക്ഷെ പുരുഷന്‍ വിദ്യാഭ്യാസമില്ലാത്തയാളായാലും കുഴപ്പമില്ലാ എന്നാണ് നിയമത്തിന്റെ ധ്വനി.

ലോകകപ്പ് നടക്കുകയാണല്ലോ . പൊതുവായി നടക്കുന്നത് ആണുങ്ങളുടെ ലോകകപ്പ് എന്ന ധ്വനിയില്‍ അവരുടേത് വേള്‍ഡ് കപ്പും പെണ്ണുങ്ങളുടേത് വനിതാ വേള്‍ഡ് കപ്പുമായിരിക്കും. വനിതാ വേള്‍ഡ് കപ്പ് എന്ന് പറയുന്നുണ്ടെങ്കില്‍ പുരുഷ വേള്‍ഡ് കപ്പ് എന്ന് പ്രത്യേകം പറയേണ്ടതല്ലേ എന്നും വിനയ ചോദിക്കുന്നു. മത്സരങ്ങളില്‍ പുരുഷന്‍മാരുടെ ടീമിന് 'അണ്ടര്‍ 17' എന്നാണ് പറയുന്നത്. അത് പൊതു തലക്കെട്ടാണ്. സ്ത്രീകളുടേതാവുമ്പോള്‍ 'അണ്ടര്‍ 17 ഗേള്‍സ്' എന്നാകും. ആണിനും പെണ്ണിനും പൊതുവെ ചെയര്‍പേഴ്‌സണ്‍ എന്ന് മതി. പക്ഷെ പെണ്ണ് വരുമ്പോള്‍ മാത്രമാണ് ചെയര്‍പേഴ്‌സണ്‍ എന്ന് പറയുന്നത്. നിയമപുസ്തകങ്ങളില്‍ ഹിമ്മാണ് കൂടുതലും ട്രാന്‍സ് പ്രാതിനിധ്യം തീരെയില്ലെന്നും വിനയ കൂട്ടിച്ചേര്‍ക്കുന്നു.

ജീവിത പങ്കാളിയുടെ പേര് നിർബന്ധമാണെങ്കിൽ ആണിനും പെണ്ണിനും ഒരു പോലെ അത് ബാധകമാക്കണം. ആണിന് മാത്രം അച്ഛന്റെ പേര് എന്നും പെണ്ണിന് മാത്രം ഭർത്താവിന്റെ പേര് എന്നും വരരുത്

മനുഷ്യന്‍ പൗരന്‍ എന്നത് കോമണ്‍ പദമാക്കാം. അല്ലാതെ ആണിന് മാത്രം അഭിസംബോധന ചെയ്യുന്നതാവരുത്. ചില പദങ്ങളെ പൊതുവായി പ്രയോഗിച്ചും ലിക്ഷ്പക്ഷത കൊണ്ടു വരാവുന്നതാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും വിവേചനം പ്രത്യക്ഷമാവുന്ന രേഖയാണ് വോട്ടര്‍ ഐഡി. വിവാഹിതയായ ഒരു സ്ത്രീയുടെ വോട്ടര്‍ ഐഡിയില്‍ ഭര്‍ത്താവിന്റെ പേര് രേഖപ്പെടുത്തുമ്പോള്‍ പുരുഷന്റെ ഐഡിയില്‍ ഭാര്യയുടെ പേരല്ല അച്ഛന്റെ പേരാണ് എഴുതുന്നത്. ഇത് കടുത്ത വിവേചനമാണ്. പുതിയ സർക്കാര്‍ ഉത്തരവിന്റെ വെളിച്ചത്തില്‍ ഇതില്‍ മാറ്റം ഉടനടി ഉണ്ടാവേണ്ടതുണ്ട്.

Content Highlights: Vinaya NA, biography, The game changer, gender equality movement in Kerala, social, interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented