ഗ്രാമസേവകന്‍ പടിയിറങ്ങുമ്പോള്‍ ഗ്രാമീണ കേരളത്തിന് സംഭവിക്കുന്നത്


സി. ചന്ദ്രബാബു

കമ്മ്യൂണിറ്റി പ്രോജക്റ്റുകള്‍ ആവിര്‍ഭവിക്കുന്നതിന് മുന്‍പ് വരെ സര്‍ക്കാര്‍ എന്നാല്‍ കരം പിരിക്കുന്ന വില്ലോജ് ഓഫീസറും അറസ്റ്റ് ചെയ്യാന്‍ എത്തുന്ന പോലീസും ആയിരുന്നു ഗ്രാമീണ ജനതയുടെ മുന്നിലെ സര്‍ക്കാര്‍ മുഖം. അതിനു ബദലായി ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ ഏത് പ്രശ്‌നവും പരിഹരിക്കാന്‍ ഉപദേശം നല്‍കുന്ന ഫ്രണ്ട്, ഫിലോസഫര്‍, ഗൈഡ് എന്ന തലത്തിലേക്ക് ഉയരുന്നതിന് ഈ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു.

വര | എൻഎൻ സജീവൻ

ധികാര വികേന്ദ്രീകരണം, പ്രാദേശിക ആസൂത്രണം, പ്രാദേശിക വികസനം എന്നിവ ലക്ഷ്യം വെച്ച് കൊണ്ടാണ് രാജ്യം 73, 74 ഭരണഘടനാ ഭേദഗതികളിലൂടെ പഞ്ചായത്തി രാജ് നഗരപാലികാ നിയമം പാസ്സാക്കിയത്. ഈ നിയമങ്ങളുടെ പരിരക്ഷ ഏറ്റവും ഫലപ്രദമായി പ്രയോജനപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. 1996 മുതല്‍ കേരളത്തില്‍ നടപ്പിലാക്കി വരുന്ന ജനകീയാസൂത്രണ പദ്ധതി, ഇന്ത്യക്കെന്നല്ല ലോകത്തിനു തന്നെ പുതുമാതൃക സൃഷ്ടിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ പഞ്ചായത്തുകള്‍ക്ക് എന്ത് ചെയാന്‍ കഴിയുമെന്ന് 2018 ലെയും 2019 ലെയും വെള്ളപ്പൊക്കങ്ങളും, നാമിപ്പോള്‍ അഭിമുഖികരിച്ച് കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയും നമുക്ക് കാണിച്ചുതന്നു. ഇത് തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഗ്രാമനഗര വ്യത്യാസമില്ലാതെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നു. ഈ ദിശയിലുള്ള ഏറ്റവും നിര്‍ണ്ണായകമായ ചുവട് വെയപ്പാണ് തദ്ദേശ ഭരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രാമ വികസനം, നഗരവികസനം, പഞ്ചായത്ത് ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗ്, എല്‍എസ് ജിഡി എന്‍ജിനീയറിംഗ് വിഭാഗം എന്നീ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ട് ഒരു പ്രാദേശിക ഭരണ വകുപ്പ് രൂപവത്കരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം . കേരളത്തിലെ അധികാര വികേന്ദ്രീകരണം കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു ഭരണ പരിഷ്‌കാരം തികച്ചും സ്വാഗതാര്‍ഹാമാണ്. എന്നാല്‍ നിലവിലുള്ള വി.ഇ.ഒ ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ ശേഷം വി.ഇ.ഒ തസ്തിക വാനിഷിംഗ് കാറ്റഗറി ആക്കികൊണ്ട് ഇതില്‍ ഒഴിവു വരുന്ന തസ്തികകള്‍ ക്ലാര്‍ക്ക് തസ്തികയാക്കി മാറ്റേണ്ടതാണ് എന്ന നിര്‍ദ്ദേശവും ഇതോടൊപ്പം വന്നിരിക്കുന്നു. ചീഫ് എന്‍ജിനീയര്‍ മുതല്‍ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ വരെയും അഡിഷണല്‍ ഡയറക്ടര്‍, അഡിഷണല്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ തുടങ്ങി ക്ലാര്‍ക്ക്മാര്‍ വരെയുള്ള എല്ലാ തസ്തികകളും അതേപടി തുടരുമ്പോഴാണ് സ്വതന്ത്ര ഇന്ത്യയില്‍ ഗ്രാമാ പുനരുദ്ധാരണത്തിനായി സൃഷ്ടിക്കപ്പെട്ട ഒരു സംഘം ഗ്രാമതല പ്രവര്‍ത്തകരുടെ തസ്തിക ഇല്ലാതാക്കുന്നത്.
ഇന്ത്യയുടെ ആത്മാവും ഗ്രാമതല പ്രവര്‍ത്തകനും
സ്വാതന്ത ഭാരതത്തിന്റെ ഗ്രാമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിന് സ്വാതന്ത്യ സമര കാലത്ത് തന്നെ നിരവധി ഗ്രാമ വികസന പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ എടുത്തു പറയത്തക്ക ഒന്നാണ് ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് കുടി കൊള്ളുന്നത് എന്ന് പ്രഖ്യാപിച്ച മാഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ''വാര്‍ധാ പരീക്ഷണം''. സ്വയം പര്യാപ്ത ഗ്രാമങ്ങളായിരുന്നു മഹാത്മജിയുടെ സ്വപ്നം. കൃഷി, ചെറുകിട വ്യവസായം, മൃഗ സംരക്ഷണം, ശുചിത്വം, ശുദ്ധ ജല ലഭ്യത, ഹരിജനോദ്ധാരണം എന്നിവ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് വാര്‍ധാ പരീക്ഷണത്തിലൂടെ ഗാന്ധിജി ഏറ്റെടുത്തത്. ഇത്തരത്തില്‍ ജനങ്ങളുടെ ഇടയില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതിനു സന്നദ്ധരായ ഒരു വിഭാഗം പ്രവര്‍ത്തകരെ ഗാന്ധിജി വാര്‍ത്തെടുത്തു. അവര്‍ക്ക് അദ്ദേഹം നല്‍കിയ പേരാണ് ഗ്രാമ സേവകര്‍. മാഹാകവി രവീന്ദ്രനാഥ ടാഗോറിന്റ നേതൃത്വത്തില്‍ ബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ ഏറ്റെടുത്ത ഗ്രാമ വികസന പരീക്ഷണമാണ് ''ശ്രീ നികേതന്‍ പരീക്ഷണം'' (1921). ഇതുപോലെ ഗുര്‍ഗാവോണ്‍ പ്രോജക്റ്റ്, ഫിര്‍ക്ക ഡെവലപ്പ്‌മെന്റ് പ്രോജക്റ്റ് എന്നിവ ബ്രിട്ടീഷ് ഭരണാധികാരികളുടെ നേതൃത്വത്തിലും സ്വാതന്ത്ര്യ പൂര്‍വ്വ ഭാരതത്തില്‍ അരങ്ങേറുകയുണ്ടായി. ഈ പദ്ധതികളെല്ലാം തന്നെ ജനങ്ങളെ സംഘടിപ്പിക്കുന്നതിനും കര്‍മ്മോന്‍മുഖരാക്കുന്നത്തിനും അവരോടൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു വിവിധോദ്ദേശ പ്രവര്‍ത്തകന്റെ ആവശ്യകതയിലേക്കാണ വിരല്‍ ചൂണ്ടുന്നത്്. ഈ അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ് സ്വതന്ത്ര ഇന്ത്യയില്‍ ഗ്രാമ വികസനത്തിനായി കമ്മ്യൂണിറ്റി പ്രോജക്ടുകളും നാഷണല്‍ എക്സ്റ്റന്‍ഷന്‍ സര്‍വ്വീസ് ബ്ലോക്കുകളും (പിന്നീട് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ബ്ലോക്ക് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത്) രൂപം കൊണ്ടപ്പോള്‍ ഗ്രാമ സേവകന്‍/ ഗ്രാമ സേവിക എന്ന വിവിധോദ്ദേശ പ്രവര്‍ത്തകരെ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വിന്യസിച്ചത്. മാറ്റത്തിന്റെ ആദ്യ കിരണങ്ങള്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എത്തിക്കുന്നതിന് ഇവര്‍ വഹിച്ച പങ്ക് നിസ്തുലമാണ്.
കമ്മ്യൂണിറ്റി പ്രോജക്റ്റുകള്‍ ആവിര്‍ഭവിക്കുന്നതിന് മുന്‍പ് വരെ സര്‍ക്കാര്‍ എന്നാല്‍ കരം പിരിക്കുന്ന വില്ലോജ് ഓഫീസറും അറസ്റ്റ് ചെയ്യാന്‍ എത്തുന്ന പോലീസും ആയിരുന്നു ഗ്രാമീണ ജനതയുടെ മുന്നിലെ സര്‍ക്കാര്‍ മുഖം. അതിനു ബദലായി ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ ഏത് പ്രശ്‌നവും പരിഹരിക്കാന്‍ ഉപദേശം നല്‍കുന്ന ഫ്രണ്ട്, ഫിലോസഫര്‍, ഗൈഡ് എന്ന തലത്തിലേക്ക് ഉയരുന്നതിന് ഈ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു. ജനങ്ങളുടെ ബോധ നിലവാരം ഉയര്‍ത്തുന്നതിനും അവരില്‍ ശരിയായ സമീപനം ഉളവാക്കുന്നതിനും ജനങ്ങളുടെ നൈപുണി വികസിപ്പിക്കുന്നതിനും ഈ വിഭാഗം ഉദ്യോഗസ്ഥര്‍ ചെയ്ത സേവനങ്ങള്‍ എടുത്തുപറയത്തക്കതാണ്.
ബ്ലോക്ക് തലത്തിലുള്ള കൃഷി, മൃഗ സംരക്ഷണം, സഹകരണം, വനിതാ ക്ഷേമം, ചെറുകിട വ്യവസായം, എന്‍ജിനീയറിംഗ് എന്നിങ്ങനെയുള്ള സാങ്കേതിക ഉദ്യോഗസ്ഥരുടെ ഉപദേശങ്ങള്‍ ഗ്രാമ തലത്തില്‍ എത്തിക്കുന്നതിനും ജന ജീവിതം മെച്ചപ്പെടുത്തുന്നതിനും ഈ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിടുണ്ട്. തുടക്കത്തില്‍ 'Grow More Food Campaign' ന്റെ ഭാഗമായും ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട വിത്ത്, വളം, കൃഷിരീതി എന്നിവ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതിന് ഇവര്‍ക്ക് കഴിഞ്ഞു. കമ്പോസ്റ്റ് പ്രചാരണം, വളക്കുഴി നിര്‍മ്മാണം, ശീമക്കൊന്ന നട്ടുപിടിപ്പിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ഈ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലാണ് നടന്നത്. മെച്ചപ്പെട്ട കന്നുകാലി ജനുസ്സുകളുടെ പ്രചാരണവും ഇവരിലൂടെയാണ് നടന്നത്. ഗ്രാമ സേവകന്‍ എന്ന പേര് മാറി വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടിട്ടും പൊതുജനം ബ്ലോക്കിലെ വിത്തും ബ്ലോക്കിലെ കോഴിയും ഉപേക്ഷിക്കാത്തത് പോലെ ഗ്രാമ സേവകന്‍ എന്ന പേരും ഉപേക്ഷിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ വികസന ഊന്നലുകള്‍ക്കനുസരിച്ച് VEO എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ഗ്രാമ സേവകന്റെ റോളുകളും മാറി കൊണ്ടിരുന്നു. എല്ലാ മേഖലകളിലും സ്‌പെഷ്യലൈസേഷന്‍ വന്നതിന്റെ ഭാഗമായി കൃഷി, മൃഗ സംരക്ഷണം, സഹകരണം, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ ബ്ലോക്കുകളില്‍ നിന്ന് സ്വതന്ത്രമാക്കപ്പെട്ടതോടെ ഈ വകുപ്പുകളുടെ നേര്‍ പ്രാതിനിധ്യം വിഇഒയ്ക്ക് നഷ്ടപ്പെട്ടു. എങ്കിലും പുതിയ പ്രവര്‍ത്തനങ്ങള്‍ അവരുടെ ചുമലില്‍ സ്വാഭാവികമായി വരികയും ചെയ്തു. ഭൂപരിഷ്‌കരണം, ജനസംഖ്യാ നിയന്ത്രണം, മഹിളാ സമാജങ്ങളുടെ രൂപീകരണം, പോഷകാഹാര ബോധവത്കരണം എന്നിവ അവയില്‍ എടുത്തു പറയതക്കതാണ്.
അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധി അധികാരത്തില്‍ വന്നതോടെയാണ് ഗ്രാമ വികസന മേഖലയില്‍ ധാരാളം വികസന പദ്ധതികള്‍ ആവിര്‍ഭവിക്കുന്നത്. 1976 ലെ വോള്‍ട്ടയര്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള സംയോജിത ഗ്രാമ വികസനം എന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കികൊണ്ട് സ്വയംതൊഴില്‍ പദ്ധതിയും തെഴില്‍ദാന പദ്ധതികളും ആവിഷ്‌കരിക്കപ്പെട്ടു. സ്വയം തൊഴില്‍ പദ്ധതിയില്‍ ഏറ്റവും പ്രാധാന്യം നേടിയത് ഇന്റഗ്രേറ്റഡ് റൂറല്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം (IRDP) ആയിരുന്നു. പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകളിലെ ചെറുകിട സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതിനു ദരിദ്ര ജനവിഭാഗങ്ങളെ പ്രാപ്തരാക്കുന്നതിനും അവര്‍ക്ക് വായ്പയും സബ്‌സിഡിയും അടങ്ങുന്ന പദ്ധതികള്‍ തയ്യാറാക്കി നല്‍കി അവ നടപ്പിലാക്കുന്നതിനും നേതൃത്വം നല്‍കിയിരുന്നത് ഗ്രാമ സേവകരാണ്. തൊഴില്‍ ദാന പദ്ധതി എന്ന നിലയില്‍ NREP, RLEGP പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ഈ വിഭാഗം തന്നെയാണ് നേതൃത്വം നല്‍കുന്നത്. ഗ്രാമീണ റോഡുകള്‍, കുളങ്ങള്‍, കലുങ്കുകള്‍, തടയണകള്‍, ബാലവാടി/ അംഗന്‍വാടി കെട്ടിടങ്ങള്‍ , സ്‌കൂള്‍ കെട്ടിടങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം സൗജന്യമായി ലഭ്യമാക്കുന്നതിനും ഗുണഭോക്തൃ സമിതികള്‍ രൂപീകരിച്ച് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും നേതൃത്വം നല്‍കിയതും ഈ വിഭാഗം ജീവനക്കാരാണ്. ഇന്ത്യയില്‍ ഇന്ന് സാര്‍വത്രികമായി നടപ്പിലാക്കി വരുന്ന ICDS പദ്ധതി നമുക്കേവര്‍ക്കും അറിയാവുന്നതാണ്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍ എന്നിവര്‍ക്കായുള്ള ആരോഗ്യ പോഷണ പരിപാടികള്‍ ICDS പദ്ധതികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ബ്ലോക്കുകളുടെ ചുമതലയായിരുന്നു. അപ്ലൈഡ് ന്യൂട്രിഷന്‍ പ്രോഗ്രാം എന്നറിയപ്പെടുന്ന ഈ പദ്ധതി മഹിളാ സമാജങ്ങളുടെ നേതൃത്വത്തില്‍ ബാലവാടികളിലൂടെയാണ് നടപ്പിലാക്കികൊണ്ടിരുന്നത്. ഇവയുടെ മേല്‍നോട്ടവും നിര്‍വ്വഹിച്ചിരുന്നത് വിഇഒ മാരാണ്.
ശുചിത്വ സാക്ഷരതാ യജ്ഞത്തില്‍ വിഇഒമാരുടെ സംഭാവന
കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനം ലോക ശ്രദ്ധ നേടിയതാണ്. അതിനു മുന്നോടിയായി കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് റൂറല്‍ ഫങ്ങ്ഷണല്‍ ലിറ്ററസി പ്രോഗ്രാം. ഈ പദ്ധതിയുടെ ഭാഗമായി സായംകാല ഗ്രാമീണ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും അതിന് അനുയോജ്യരായ സാക്ഷരതാ പ്രേരക്മാരെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനും ഓഫീസ് സമയം കഴിഞ്ഞും പഠന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് അവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കിണഞ്ഞു പരിശ്രമിച്ചത് വിഇഒമാരല്ലാതെ മറ്റാരുമല്ല.
''സ്വാതന്ത്യത്തേക്കാള്‍ പ്രധാനമാണ് ശുചിത്വം'' എന്ന് ഉദ്‌ഘോഷിച്ചത് മറ്റാരുമല്ല നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മജി തന്നെയാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പ്രചാരണ വൈഭവം കൊണ്ട് നാം ഏവരുടെയും മനസ്സില്‍ പതിഞ്ഞ പദ്ധതിയാണ് സ്വച്ച് ഭാരത് അഭിയാന്‍. എന്നാല്‍ അതിനു മുന്‍പുതന്നെ ഇന്ത്യയില്‍ വിവിധ പേരുകളില്‍ ഗ്രാമീണ ശുചിത്വ പരിപാടികള്‍ നടപ്പിലാക്കിയിരുന്നു. CRSP, RCRSP, Total Sanitation Campaign എന്നീ പദ്ധതികളുടെ പേരില്‍ ഗ്രാമങ്ങളില്‍ കക്കൂസ് നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള പദ്ധതിയും വിഇഒ മാരുടെ നേതൃത്വത്തിലാണ് ഏറ്റെടുത്തത്. 2008 ല്‍ തന്നെ കേരളത്തിലെ ഭൂരിഭാഗം ഗ്രാമ പഞ്ചായത്തുകളും 100% കക്കൂസ് നിര്‍മ്മിച്ചു നല്‍കികൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍മ്മല്‍ ഗ്രാമ പുരസ്‌കാരം നേടുകയുണ്ടായി. അത്തരത്തില്‍ സമ്മാനിതരാകുന്ന ഒരു ഗ്രാമ പഞ്ചായത്തിന് 5 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന് 20 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന് 50 ലക്ഷം രൂപയുമാണ് അവാര്‍ഡ് തുക. ഏറ്റവും പ്രയാസകരമായ ഈ പദ്ധതി വിജയകരമായി ഏറ്റെടുക്കുന്നതിനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് തല സാനിറ്റേഷന്‍ സമിതികളുടെ രൂപീകരണത്തിനും സംഘാടനത്തിനും നേതൃത്വം നല്‍കുന്നത് ഈ വിഭാഗം ജീവനക്കാരാണ്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച അവകാശാധിഷ്ഠിത പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വാര്‍ഷിക കര്‍മ്മ പദ്ധതി രൂപീകരണം (കൃഷി, മൃഗ സംരക്ഷണം, കോഴി വളര്‍ത്തല്‍, മണ്ണ് സംരക്ഷണം, ജല സംരക്ഷണം, തടയണകളുടെ നിര്‍മ്മാണം, വനവത്കരണം എന്നീ ഘടകങ്ങള്‍ അടങ്ങുന്ന) ഗ്രാമ സഭകളുടെ സംഘാടനം, വര്‍ക്ക് സൈറ്റ് സൂപ്പര്‍വിഷന്‍, തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കും നേതൃത്വം നല്‍കുന്നത് വിഇഒമാരല്ലാതെ മാറ്റാരുമല്ല.
ജനകീയാസൂത്രണ പദ്ധതിയില്‍ ട്രഷറിയില്‍ നിന്നു പണം മാറാന്‍ അധികാരമുള്ള അപൂര്‍വ്വം നോണ്‍ ഗസറ്റഡ് ജീവനക്കാരില്‍ ഒരാളാണ് വിഇഒ. പഞ്ചായത്തിലെ പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികളായ ഭവന നിര്‍മ്മാണം, കക്കൂസ് നിര്‍മ്മാണം, കമ്പോസ്റ്റ്, സോക്കേജ് പിറ്റ് നിര്‍മ്മാണം, ജല സംരക്ഷണ പദ്ധതികള്‍ എന്നിവയും നടപ്പിലാകുന്നതിനുള്ള ചുമതലയും വിഇഒ മാര്‍ക്കാണ്. എന്നാല്‍ ഭവന നിര്‍മ്മാണം, ദാരിദ്യ നിര്‍മ്മാര്‍ജനം എന്നിവയ്ക്കായി പ്രത്യേക മിഷന്‍ ഉള്ളതുകൊണ്ട് വിഇഒമാരെആവശ്യമില്ല എന്നതാണ് വിഇഒ തസ്തിക വേണ്ടെന്നു വെക്കാനുള്ള ന്യായീകരണങ്ങളില്‍ ഒന്ന്. എന്നാല്‍ ഇത്തരം മിഷനുകള്‍ക്ക് എല്ലാം തന്നെ ജില്ലാ തലത്തില്‍ നേതൃത്വം നല്‍കുന്നത് ഡെപ്യുട്ടേഷനിലൂടെ താത്കാലികമായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരാണ്. ഇത്തരം മിഷനുകളുടെ എല്ലാം തന്നെ ഗ്രാസ് റൂട്ട് ലെവല്‍ പ്രവര്‍ത്തനം വിഇഒമാരാണ് ഇപ്പോഴും നടത്തുന്നത്. ഏറ്റവും ഒടുവില്‍ ദുരന്ത നിവാരണവും പകര്‍ച്ചവ്യാധി നിവാരണത്തിനും ജനപ്രതിനിധികളോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും വിഇഒ മാരാണ്.
ഇത്തരത്തില്‍ വിവിധ മേഖലകളിലെ (കൃഷി, മൃഗ പരിപാലനം, ഗ്രാമീണ ശിചിത്വം, ജനകീയാസൂത്രണ പദ്ധതികള്‍ നടപ്പിലാക്കല്‍, പകര്‍ച്ചവ്യാധി പ്രതിരോധം, ദുരന്ത നിവാരണം) പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനു ഇവരെ പ്രാപ്തരാക്കുന്നത് എന്താണ്? പിഎസ് സി നിയമിക്കുന്ന ഉദ്യോഗസ്ഥരെ നേരിട്ട് പഞ്ചായത്തില്‍ നിയോഗിക്കുകയല്ല ചെയ്യുന്നത്. ആറുമാസക്കാലം സാമൂഹ്യവികസനം, കൃഷി, മൃഗസംരക്ഷണം, വനിതാ വികസനം, ശിശു വികസനം, ന്യുട്രീഷന്‍, സാമൂഹ്യ ശാസ്ത്രം, ബിഹേവിയറല്‍ സയന്‍സ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന പരീക്ഷയില്‍ പാസാകുന്നവരെ മാത്രമേ സര്‍വ്വീസില്‍ സ്ഥിരപ്പെടുത്തുകയുള്ളൂ.
ഇങ്ങനെ ബഹുമുഖമായ പ്രവൃത്തി പരിചയമുള്ള വിഇഒ തസ്തിക എങ്ങനെയാണ് അധികാര വികേന്ദ്രീകരണത്തിനു എതിരാകുന്നത്? ഈ ജോലിയെല്ലാം പഞ്ചായത്തിലെ ക്ലറിക്കല്‍ ജീവനക്കാര്‍ക്ക് ചെയ്യാവുന്നതാണ് എന്നാണ് ഈ തസ്തിക നിര്‍ത്തലാക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിലെ വിവക്ഷ. ഏറ്റവും താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ എങ്ങനെയാണ് വികേന്ദ്രീകരണത്തിന് എതിരാകുക? അധികാരം ജനങ്ങളിലേക്ക് എത്തുമ്പോള്‍ ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ആവശ്യമില്ല എന്നും ജില്ലാ തലത്തില്‍ ഇപ്പോഴുള്ള അസി. ഡെവലപ്‌മെന്റ് കമ്മീഷണര്‍, ഡെപ്യുട്ടി ഡയറക്ടര്‍ പഞ്ചായത്ത് എന്നിവര്‍ക്ക് മുകളില്‍ ജോയിന്റ് ഡയറക്ടര്‍മാര്‍ വരുമ്പോള്‍ വികേന്ദ്രീകരണത്തിന് കൂടുതല്‍ മെച്ചം എങ്ങനെയാണ് ഉണ്ടാകുക? അഞ്ച് വകുപ്പുകള്‍ സംയോജിപ്പിക്കുമ്പോള്‍ ഇന്ത്യയുടെ കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തെ ഗ്രാമവികസന പ്രവര്‍ത്തനത്തിന്റെ പാരമ്പര്യവും നൈരന്തര്യവും പേറുന്ന ഗ്രാമ സേവകനെ പുറത്താക്കുന്നതില്‍ എന്ത് യുക്തിയാണ് ഉള്ളത്? സംയോജിപ്പിക്കപ്പെട്ട അഞ്ച് വകുപ്പുകളില്‍ ഈ തസ്തിക മാത്രം അധികപ്പറ്റാണ് എന്ന് തോന്നാന്‍ കാരണമെന്താണ്? ജനങ്ങളുമായി നിരന്തരം സംവദിക്കുന്ന ഉദ്യോസ്ഥര്‍ക്കാണ് അവരുടെ പള്‍സ് ശരിക്കും അറിയാവുന്നത്. അല്ലാതെ ഓഫീസിനുള്ളില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന് അത് അദ്ദേഹം എത്ര കഴിവുള്ളവനാണ് എങ്കിലും ഗ്രാമീണ മേഖലയിലെ ഓണംകേറാ മൂലകളിലെ അവശരും ആലംബഹീനരുമായ സാധാരണക്കാരന്റെ വേദന അറിയാന്‍ കഴിയില്ല. പരിശീലന മികവും പ്രവൃത്തി പരിചയവുമുള്ള ഒരു തസ്തിക ഇല്ലാതാക്കുകയും എന്നാല്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ പ്രത്യേക ചുമതലകള്‍ ഒന്നും തന്നെ നിര്‍വ്വഹിക്കാനില്ലാതെ നിഷ്‌ക്രിയമായ അനേകം തസ്തികകള്‍ നിലനിര്‍ത്തുന്നതിന്റെ യുക്തി എന്താണ്?
മാറുന്ന കാലഘട്ടത്തിനനുസരിച്ച് വികസന ഭരണ സംവിധാനത്തില്‍ മാറ്റങ്ങള്‍ ആവശ്യമാണ്. ആ അര്‍ത്ഥത്തില്‍ കേരളം പോലെ ഗ്രാമ നഗര വ്യത്യാസം ചുരുങ്ങി വരുന്ന ഒരു സംസ്ഥാനത്ത് തദ്ദേശ ഭരണ മേഖലയിലെ വിവിധ വകുപ്പുകളുടെ സംയോജനം അനിവാര്യമാണ്. എന്നാല്‍ വിഇഒ തസ്തിക പോലെ ഒരു വിവിധോദ്ദേശ പ്രവര്‍ത്തകന്റെ ആവശ്യകത നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടികളുടെ ഫലപ്രദമായ നിര്‍വഹണത്തിനും അനിവാര്യമാണ്. എന്തുകൊണ്ടാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമങ്ങളില്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുകയും എന്നാല്‍ അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി ഉദ്ദേശിച്ച ഫലം ചെയ്യാതിരിക്കുകയും ചെയ്തത് എന്ന് അധികാരികള്‍ ആത്മാര്‍ത്ഥമായി പരിശോധിക്കുന്നത് നന്നായിരിക്കും. വിഇഒ തസ്തിക നിര്‍ത്തലാക്കിയത് മൂലം ഈ തസ്തികയിലേക്ക് പരീക്ഷയെഴുതി കാത്തിരിക്കുന്നവരുടെ മാത്രം പ്രശ്‌നമായല്ല പിന്നയോ സാധാരണ ജനങ്ങള്‍ക്ക് സധൈര്യം ഇടപെടാന്‍ കഴിയുന്ന ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം പ്രവര്‍ത്തകരെയാണ് ഈ ''ഗുമസ്ത വത്കരണത്തിലൂടെ'' പുറത്താക്കുന്നത്.
(റിട്ട. ജോയിന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ ആണ് ലേഖകന്‍)
content highlights: Village extension officers posts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented