കള്ളനെന്ന് മുദ്രകുത്തി, വേട്ടയാടി; പോലീസുകാരാല്‍ കീഴ്മേല്‍ മറിഞ്ഞ ജീവിതങ്ങള്‍


വിഷ്ണു കോട്ടാങ്ങല്‍

സിഐയുടെ പണി കളഞ്ഞിട്ട് നിന്റെ മക്കള് പഠിക്കേണ്ട എന്നാണ് പോലീസുകാര്‍ പറഞ്ഞത്. അന്നും ഒരുപാട് വൈകിയാണ് എന്നെ പോലീസുകാര്‍ മോചിപ്പിച്ചത്.

ജയചന്ദ്രൻ, രാജീവ്

നീതിരഹിതവും ദയാരഹിതവുമായ പോലീസ് ഇടപെടലുകളുടെ വാര്‍ത്തകളാണ് സമീപകാലത്ത് കേരളത്തില്‍ ഇടംപിടിച്ചത്. കുറ്റകൃത്യങ്ങള്‍ തടയേണ്ട പോലീസുകാര്‍ തന്നെ കുറ്റവാളികളായി മാറുന്ന കാലം. ഇത്തരത്തില്‍ പോലീസുകാര്‍ കാരണം ജീവിതം കീഴ്മേല്‍ മറിഞ്ഞ രണ്ട് ജീവിതങ്ങളാണ് ഇത്. തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് കാക്കിയുടെ അധികാര ധാര്‍ഷ്ട്യത്തിന്റെ കൊടുംചൂടേറ്റ് പൊള്ളിപ്പോയവര്‍.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp groupമോഷണവും പിടിച്ചുപറിയുമല്ലാതെ വേറെ എന്ത് ജോലിയും ചെയ്യും

"പൊതുവഴിയില്‍ നിങ്ങൾ കള്ളനെന്ന് അധിക്ഷേപിക്കപ്പെട്ടാല്‍ എന്താകും അവസ്ഥ. നിങ്ങളോടൊപ്പം സ്വന്തം മക്കളുള്ളപ്പോഴാണ് ഈ അധിക്ഷേപമെങ്കിലോ? എത്രവലിയ മാനസിക വ്യഥയാണ് അതുകൊണ്ടുണ്ടാവുക ... എങ്കില്‍ നിങ്ങളെ കള്ളനെന്ന് വിളിച്ചത് ജനങ്ങളെ സംരക്ഷിക്കാന്‍ അധികാരവും അവകാശവും നല്‍കപ്പെട്ട ഉദ്യോഗസ്ഥരാണെങ്കിലോ? നിസ്സഹായതയും അപമാനവും കൊണ്ട് ചൂളിപ്പോവുകയല്ലാതെ സാധാരണക്കാര്‍ക്ക് എന്ത് ചെയ്യാനാകും", തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ജയചന്ദ്രന്റേതാണ് ചോദ്യം. ഓഗസ്റ്റ് 28 നായിരുന്നു ജയചന്ദ്രനും മകളും പൊതുനിരത്തില്‍ വെച്ച് പോലീസുകാരാല്‍ അവഹേളിക്കപ്പെട്ടത്.

jayachandran
ജയചന്ദ്രന്‍

ജയചന്ദ്രന്റെ വാക്കുകളിലൂടെ

"അന്ന് ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞുകാണും. ഐഎസ്ഐആര്‍ഒയിലേക്ക് വരുന്ന വലിയ വാഹനം ആറ്റിങ്ങല്‍ വഴിയാണ് കടന്നുപോകുന്നതെന്ന് അറിഞ്ഞപ്പോള്‍ മകളേയും കൂട്ടി അത് കാണാനായാണ് ഞാന്‍ ഇറങ്ങിയത്. സ്ഥലത്ത് വെച്ച് മകള്‍ക്ക് ദാഹിച്ചപ്പോള്‍ കുടിക്കാന്‍ വെള്ളം വാങ്ങി നല്‍കി. ഇങ്ങനെ ഞങ്ങള്‍ സ്‌കൂട്ടറിനടുത്ത് നിന്ന് വലിയ വാഹനം നീങ്ങുന്നതും നോക്കി നില്‍ക്കവേയാണ് പെട്ടെന്ന് പോലീസുകാരി കാറുതുറന്ന് എന്തൊക്കെയൊ തിരഞ്ഞതും എന്നെ അടുത്തേക്ക് വിളിച്ചതും.

തുടര്‍ന്ന് ഫോണ്‍ എവിടെയെന്ന് തിരക്കി. അപ്പോള്‍ ഞാന്‍ കൈയിലിരുന്ന എന്റെ ഫോണ്‍ കൊടുത്തു. അതുകൊടുത്തപ്പോള്‍ ഈ ഫോണല്ല നീ കാറില്‍ നിന്നെടുത്ത ഫോണ്‍ ആണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു. ഇല്ല മേഡം ഞാന്‍ ഫോണ്‍ എടുത്തില്ല എന്ന് പറഞ്ഞു

ഇല്ല നീയെടുത്ത് കൊച്ചിന്റെ കൈയില്‍ കൊടുക്കുന്നത് ഞാന്‍ കണ്ടു, കൊച്ചിനെ ഇങ്ങ് വിളിക്കെന്ന് അവര്‍ ആവശ്യപ്പെട്ടു. മകളെ വിളിച്ച് ഫോണെവിടെയെന്ന് ചോദിച്ചപ്പോള്‍ അച്ഛന്റെ കൈയിലുള്ള ഫോണെ ഉള്ളുവെന്ന് അവള്‍ പറഞ്ഞു. നിന്റെ അച്ഛന്‍ എടുത്തുതന്ന ഫോണ്‍ ഇങ്ങോട്ടെടുക്കടി എന്ന് പറഞ്ഞ് അവര്‍ ദേഷ്യപ്പെട്ടു. ഇതോടെ മോള് കരയാന്‍ തുടങ്ങി.

ആ സമയമൊക്കെ ആളുകള്‍ ചുറ്റും നിന്ന് എന്താണ് സംഭവമെന്ന് നോക്കുന്നുണ്ടായിരുന്നു. അവരെ അടുത്തേക്ക് വിളിച്ചിട്ട് ഈ പോലീസുകാരി എന്നെ ചൂണ്ടി പറഞ്ഞു, ഇവന്‍ ഈ കാറില്‍ ചാരി നിന്ന് ഫോണെടുത്ത് കൊച്ചിന്റെ കൈയില്‍ കൊടുക്കുന്നത് ഞാന്‍ കണ്ടുവെന്ന് പറഞ്ഞു.

തുടര്‍ന്ന് അവിടെ നിന്ന ഒരു പൈയ്യന്റെ ഫോണില്‍ നിന്ന് ഇവര്‍ പറഞ്ഞ ഫോണിന്റെ നമ്പരിലേക്ക് വിളിച്ചു. എന്നാല്‍ ഫോണ്‍ റിങ്ങ് ചെയ്യുന്നുണ്ടെങ്കിലും ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നില്ല. അപ്പോള്‍ ഇവര്‍ പറഞ്ഞത് കൊച്ച് ഫോണ്‍ എറിയുന്നത് ഞാന്‍ കണ്ടുവെന്നായി. എന്റെ ദേഹം പരിശോധിക്കണം, ഷര്‍ട്ട് പൊക്കാന്‍ ആവശ്യപ്പെട്ടു. കൊച്ചിനെ സ്റ്റേഷനില്‍ കൊണ്ടുപോയി ദേഹപരിശോധന നടത്തണമെന്നായി അടുത്ത വാദം. ഇതോടെ ബഹളം കേട്ട് ചുറ്റും ആളുകള്‍ കൂടിവന്നു.

നിങ്ങള് ഫോണ്‍ ഓഫീസിലോ വണ്ടിയിലോ മറന്നുവെച്ചോയെന്ന് നോക്കിയോ എന്ന് ആരോ ചോദിച്ചു. അപ്പോള്‍ ഇവരുടെ കൂടെയുണ്ടായിരുന്ന വേറൊരു പോലീസുകാരി വണ്ടിയുടെ ഇടതുസൈഡില്‍ പുറകുവശത്ത് വെച്ചിരുന്ന ഇവരുടെ ബാഗ് പരിശോധിക്കുമ്പോ അതിനകത്ത് ഫോണ്‍ ഇരിക്കുന്നു. അത്രയും സമയം ഞങ്ങള്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് തന്നെയാണ് എല്ലാവരും കരുതിയിരുന്നത്. ( അത് പറയുമ്പോള്‍ മുഖത്ത് അന്നനുഭവിച്ച വേദനകള്‍ ഒളിമിന്നി).

ഇതോടെ അതുവരെ കണ്ടുനിന്നവരൊക്കെ പോലീസുകാര്‍ക്കെതിരെ തിരിഞ്ഞു. നിനക്കൊക്കെ എങ്ങനെ അറിയാം. ഇവന്‍ കുട്ടിയേയും കൊണ്ട് മോഷ്ടിക്കാനല്ല നടക്കുന്നത് എന്നാണ് അവരപ്പോള്‍ ചോദിച്ചത്. അന്നത്തെ സംഭവത്തിനു ശേഷം ഇതുവരെ മകള്‍ അതിന്റെ ആഘാതത്തില്‍ നിന്ന് മോചിതയായിട്ടില്ല. പോലീസിനെ കാണുമ്പോള്‍ ഇപ്പോഴും ഇവള്‍ പേടിച്ച് കരയും. സ്‌കൂൾ തുറന്ന് ഇത്രയും നാളായിട്ടും ക്ലാസില്‍ പോയിട്ടുമില്ല.

മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടുപോലും മൊഴിയെടുക്കാന്‍ തയ്യാറായില്ല

സംഭവം നടന്നതിന്റെ അടുത്ത ദിവസം ഓഗസ്റ്റ് 29ന് ജയചന്ദ്രന്‍ ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് പരാതി നല്‍കി. ആരും മൊഴി എടുക്കാനെത്തിയില്ല. പിന്നീട് ഡിജിപിക്ക് പരാതി നല്‍കി, ആരും തിരിഞ്ഞ് നോക്കിയില്ല. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും ആരും മൊഴി എടുക്കാനെത്തിയില്ല. ഒടുവില്‍ പട്ടികജാതി കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും ബാലാവകാശ കമ്മീഷനിലുമൊക്കെ പരാതി നല്‍കി.

ഒടുവില്‍ ദിശ എന്ന സംഘടനയാണ് നിയമസഹായവുമായെത്തിയത്. ഹൈക്കോടതിയെ സമീപിച്ചതോടെ കാര്യങ്ങള്‍ മാറി. വീഡിയോ തെളിവായെടുത്ത് കോടതി പോലീസുകാരി കുറ്റക്കാരിയെന്ന് വിധിച്ചു. പക്ഷെ എനിക്കും മകള്‍ക്കുമുണ്ടായ മാനഹാനിക്കും മാനസിക വ്യഥയ്ക്കും എന്താണ് പരിഹാരം. അവരെ സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു ഞാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വീടിനടുത്തുള്ള സ്ഥലത്തേക്ക് സ്ഥലം മാറ്റുകയായിരുന്നു ഉണ്ടായത്. ഇതെന്ത് നീതിയാണ്. റബര്‍ ടാപ്പിങ് തൊഴിലാളിയാണ് ഞാന്‍. അതുമാത്രമല്ല മഴയുള്ളപ്പോള്‍ മറ്റു പണികളും എടുത്താണ് കുടുംബം പോറ്റുന്നത്. മേഷണവും പിടിച്ചുപറിയുമല്ലാതെ വേറെ ഏത് ജോലിയും ഞാന്‍ ചെയ്യും"

ജയചന്ദ്രന്‍ പറഞ്ഞു. സാധാരണ കൂലിപ്പണിക്കാരനായതുകൊണ്ടാണ് ഇങ്ങനെയൊക്കെ നേരിടേണ്ടി വന്നത്. അല്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ മറ്റോ ആയിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ ഇവര്‍ പെരുമാറുമായിരുന്നോയെന്നും ജയചന്ദ്രൻ ചോദിക്കുന്നു.

പരാതി കൊടുക്കാനെത്തി, പോലീസ് കള്ളക്കേസില്‍ കുടുക്കി

തെന്മലയിലെ രാജീവിന് പറയാനുള്ളത് കുറച്ച് കഠിനമായ പോലീസ് മര്‍ദ്ദനത്തിന്റെ, പെരുമാറ്റത്തിന്റെ കാര്യങ്ങളാണ്. സ്ഥലത്തെ ലൈഫ് മിഷന്‍ പദ്ധതി നടത്തിപ്പില്‍ ഉണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതര്‍ക്കെതിരേ രാജീവ് രംഗത്ത് വന്നിരുന്നു. ഇതിന്റെ പേരില്‍ ബന്ധുവുമായി വാക്കേറ്റവും ഉണ്ടായി. വിഷയത്തില്‍ പരാതി പറയാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് രാജീവിന്റെ ജീവിതം തലകീഴായി മറിഞ്ഞത്.

രാജീവിന്റെ പരാതി കേട്ട് സ്റ്റേഷനിലേക്ക് അടുത്ത ദിവസം എത്തണമെന്ന് ബന്ധുവിനെ വിളിച്ച് പറഞ്ഞതിന് ശേഷം സിഐ ചൂരലുപയോഗിച്ച് രാജീവിനെ അടിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് രാജീവ് പറയുന്നതിങ്ങനെ.

rajeev
രാജീവ്‌

"പരാതി നല്‍കാനെത്തിയ എന്നെ ചൂരലുപയോഗിച്ച് അടിച്ചതില്‍ മനം നൊന്ത് ഞാന്‍ ഫോണില്‍ വീഡിയോ റെക്കോഡിങ് ഓണ്‍ ചെയ്തതിന് ശേഷം വീണ്ടും ചെന്നു. എന്താടാ നീ ഇതുവരെ പോയില്ലെ എന്ന് സിഐ ചോദിച്ചു. സാറെ

ഞാന്‍ തന്ന പരാതി സ്വീകരിച്ചതിന്റെ രസീത് വേണം എന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രസീതുമില്ല കോപ്പുമില്ല എന്ന് പറഞ്ഞ് അസഭ്യം വിളിക്കുകയായിരുന്നു തുടര്‍ന്നുണ്ടായത്.

എന്നെ ചീത്ത വിളിക്കല്ലെ സാറെ എന്ന് പറഞ്ഞതിന് പിന്നാലെ സിഐ എന്റെ കരണത്തടിക്കുകയായിരുന്നു. പിന്നാലെ എന്നെ പിടിച്ചുവലിച്ച് എന്റെ ഫോണും പിടിച്ചുവാങ്ങി. എന്നെ വിലങ്ങിട്ട് കൈവരിയില്‍ പൂട്ടിയിട്ടു. ഞാന്‍ വന്നിട്ട് വിട്ടാല്‍ മതിയെന്ന് പറഞ്ഞ് സിഐ പോവുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോള്‍ നിന്നെ അങ്ങനെ വിടാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെ രാത്രി 11 മണിവരെ എന്നെ അവിടെ പൂട്ടിയിട്ടു. ഒരുതുള്ളി വെള്ളംപോലും നല്‍കിയില്ല. എന്റെ ഭാര്യയും മക്കളെയും വിളിച്ച് പറയാമോ എന്ന് കേണപേക്ഷിച്ചിട്ടും പോലീസുകാര്‍ കേട്ടില്ല. ഈ സമയത്താണ് എസ്ഐ സ്റ്റേഷനിലെത്തിയത്.

വന്നപാടെ എന്റെ അടുക്കലെത്തി സിഐയ്ക്കെതിരെ പരാതി നല്‍കരുതെന്നൊക്കെ പറഞ്ഞ് ആദ്യം സമാധാനപരമായി സംസാരിച്ചു. എന്റെ ഫോണ്‍ കൈവശപ്പെടുത്തിയെങ്കിലും അതിന്റെ ലോക്ക് അഴിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അത് നടത്തിയെടുക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചു. പിന്നാലെ എന്റെ വീട്ടില്‍ വിളിച്ച് ഞാന്‍ പോലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയെന്നും ജാമ്യക്കാരുമായി എത്തിയാല്‍ വിടാമെന്നും അറിയിച്ചു.

ഇതിനിടെ സിഐയ്ക്കെതിരെ പരാതി നല്‍കരുതെന്ന് പറഞ്ഞ് കൈവിലങ്ങഴിച്ച് ഫോണ്‍ കൈയില്‍ നല്‍കി. അതിന്റെ ലോക്ക് അഴിച്ച് നല്‍കാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും ഞാന്‍ തയ്യാറായില്ല. സിഐയ്ക്കെതിരെ പരാതി നല്‍കരുതെന്ന് എന്റെ കാലുപിടിച്ച് അപേക്ഷിക്കാമെന്നൊക്കെ എസ്ഐ പറഞ്ഞു. ഒരു പോലീസുദ്യോഗസ്ഥന്‍ ഇത്രയേറെ തരം താഴുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്. ഇതോടെ പരാതി നല്‍കില്ലെന്ന് ഞാന്‍ പറഞ്ഞു. പിന്നെ എന്റെ അമ്മയുടെയും സഹോദരന്റെയും ജാമ്യത്തില്‍ എന്നെ രാത്രി 12 മണിക്ക് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചു.

ഞങ്ങടെ സിഐയുടെ പണി കളയാന്‍ നോക്കിയാല്‍ നിനക്കിട്ട് ഞങ്ങള്‍ പണി തരും

വീട്ടിലെത്തി ഫോണ്‍ നോക്കിയപ്പോഴാണ് അതില്‍ എന്നെ സിഐ മര്‍ദ്ദിക്കുന്നതൊക്കെ റെക്കോര്‍ഡായിട്ട് കിടക്കുന്നത് കണ്ടത്. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ എനിക്ക് സംഭവിച്ചത് എന്ന് പറഞ്ഞ് ഇത് ഞാന്‍ ഫെയ്സ്ബുക്കില്‍ ഇട്ടു. പിറ്റേന്നായപ്പോഴേക്കും അത് വലിയതോതില്‍ പ്രചരിച്ചു. നേരം വെളുത്തപ്പോഴാണ് തലേന്നത്തെ പോലീസ് മര്‍ദ്ദനത്തിന്റെ വേദന അറിഞ്ഞത്.

ഞാന്‍ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറിനെ കാണാനായി പോയി. ഈ സമയത്ത് പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറുമൊക്കെ എന്നെ വിളിച്ച് ശകാരിച്ചിരുന്നു. രാവിലെ ആശുപത്രിയില്‍ ഒപി ടിക്കറ്റിനായി ക്യൂനിന്ന എന്നെ എസ്്ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം കൈവിലങ്ങിട്ട് വലിച്ചുപിടിച്ച് വണ്ടിയിലേക്ക് തള്ളി കൊണ്ടുപോയി. എന്നിട്ട് സ്റ്റേഷനില്‍ കൊണ്ടുപോയി എന്റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ബലമായി എന്നെക്കൊണ്ട് അതിന്റെ ലോക്ക് അഴിപ്പിച്ചു. എന്നിട്ട് എന്റെ ഫോണില്‍ നിന്ന് സിഐയുടെ ഫോണിലേക്ക് ഭീഷണി സന്ദേശമയച്ചു. പിന്നാലെ എന്തൊക്കെയൊ വീഡിയോകളും മറ്റും എന്റെ ഫോണിലേക്ക് മാറ്റി. ഞങ്ങടെ സിഐയുടെ പണി കളയാന്‍ നോക്കിയില്ലെ. അതുകൊണ്ട് നിനക്കിട്ട് ഞങ്ങള് പണിതരാം എന്നാണ് എസ്ഐ ആക്രോശിച്ചത്. നിന്നെ പല പല കേസുകളില്‍ ഉള്‍പ്പെടുത്തുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി.

പിന്നാലെ ആര്‍പിഎല്‍ ചെക്ക് പോസ്റ്റിനടുത്ത് വെച്ച് സിഐയ്ക്ക് എന്നെ കൈമാറി. എന്റെ ഫോണിലേത് കൂടാതെ എവിടെയൊക്കെ റെക്കോര്‍ഡ് ചെയ്ത വീഡിയോ സൂക്ഷിച്ചിട്ടുണ്ടെന്ന് ചോദിച്ചായിരുന്നു പിന്നെ മര്‍ദ്ദനം. ഉച്ചയോടെ തെന്മല പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. ഇവിടെ കൈയില്‍ വിലങ്ങിട്ട് പൂട്ടി പെരുവെയിലത്ത് നിര്‍ത്തി.

എന്റെ ഫോണിലെ വിവരങ്ങള്‍ ഒക്കെ അവര്‍ ഡിലീറ്റ് ചെയ്ത് കളഞ്ഞു. ഫെയ്സ്ബുക്കില്‍ നിന്നും വീഡിയോ ഡിലീറ്റാക്കി. എന്റെ മക്കള്‍ക്ക് പഠിക്കാന്‍ ആകെ ഒരു ഫോണെയുള്ളു എന്ന് പറഞ്ഞിട്ടു പോലും അവര്‍ അതിലെ എല്ലാ കാര്യങ്ങളും അവര്‍ക്ക് പഠിക്കാനുള്ളതുള്‍പ്പെടെ ഡിലീറ്റാക്കി. സിഐയുടെ പണി കളഞ്ഞിട്ട് നിന്റെ മക്കള് പഠിക്കേണ്ട എന്നാണ് പോലീസുകാര്‍ പറഞ്ഞത്. അന്നും ഒരുപാട് വൈകിയാണ് എന്നെ പോലീസുകാര്‍ മോചിപ്പിച്ചത്.

ജീവിക്കാന്‍ അനുവദിക്കാത്ത ക്രൂരന്മാര്‍, എന്നെ കൊന്നുകളയും

നിരവധി തവണ പരാതി നല്‍കിയിട്ടും ഒരുനടപടിയുമുണ്ടായില്ല. നീതികിട്ടില്ലെന്ന് ബോധ്യമായപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതേതുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണമുണ്ടായെങ്കിലും അവരും പോലീസുകാരെ രക്ഷിക്കാനാണ് ശ്രമിച്ചത്.

പഞ്ചായത്തിലെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് ഇവരെല്ലാം ചേര്‍ന്ന് എനിക്കെതിരെ ഗൂഡാലോചന നടത്തിയത്. എന്നെ കള്ളക്കേസുകളില്‍ പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് മക്കളുമായി താമസിക്കുന്ന എനിക്ക് എന്തും സംഭവിക്കാം. ഏഴ് മാസം കഴിഞ്ഞ് ഇന്നും അവര്‍ എന്റെ പിന്നാലെയുണ്ട്.

ഹൈക്കോടതിയുടെ സംരക്ഷണമുള്ളതുകൊണ്ട് മാത്രമാണ് ഇവരാരും എന്നെ തൊടാത്തത്. പക്ഷെ ഏഴ് മാസമായി ഞാന്‍ ജോലി ചെയ്തിട്ട്. ഡ്രൈവറായിരുന്നു, ഇപ്പോള്‍ ഞാനെവിടെ ജോലിക്ക് പോയാലും ഇവരെല്ലാം അവിടെയെത്തി ഭീഷണിപ്പെടുത്തും. എന്നെ ജോലിക്ക് നിര്‍ത്തിയാല്‍ കള്ളക്കേസില്‍ കുടുക്കുമെന്നാണ് ഭീഷണി.

ഇങ്ങനെ എത്രകാലം മുന്നോട്ടുപോകാനാകും. റേഷന്‍ കിട്ടുന്നതുകൊണ്ട് മാത്രമാണ് ജീവന്‍ നിനില്‍ക്കുന്നത്. മറ്റ് വരുമാനമാര്‍ഗങ്ങളുമില്ല" രാജീവ് പറഞ്ഞ് നിര്‍ത്തി.

content highlights: Victims of fake police cases speaks about the traumas and beating which they face from Kerala Police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented