ആലപ്പുഴ : ഇവിടം പട്ടികജാതി കോളനിയാക്കാന്‍ അനുവദിക്കില്ല എന്നു വിളിച്ചുപറഞ്ഞാണ് ആലപ്പുഴ പല്ലന കടവില്‍ പറമ്പില്‍ ചിത്രയുടെ സ്വന്തമായ വീടെന്ന മോഹത്തിന് ചിലര്‍ തടസ്സം നിന്നത്. ചിത്ര നേരിട്ട് ജാത്യാധിക്ഷേപങ്ങള്‍ മാതൃഭൂമി വാര്‍ത്തയിലൂടെ വലിയ ചര്‍ച്ചയായതിനെത്തുടര്‍ന്ന് കളക്ടറും സര്‍ക്കാരും ജനപ്രതിനിധികളുമെല്ലാം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. നാളിതു വരെ നേരിട്ട ജാതീയാധിക്ഷേപത്തെ കുറിച്ചും അവഹേളനങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് മാതൃഭൂമി ഡോട്ട്‌കോമിനോട് ചിത്ര.

"സ്‌കൂളില്‍ പോകുമ്പോള്‍ മുതല്‍ ജാതീയ ഒറ്റപ്പെടല്‍ എനിക്കുണ്ടായിരുന്നു. അമ്മ പട്ടികജാതിയിലും അച്ഛന്‍ ഈഴവ സമുദായത്തിലുമുള്ളവരായിരുന്നു. എങ്കിലും എന്നോട് പെരുമാറുന്നതില്‍ ഒരു അകല്‍ച്ച കണ്ടിരുന്നു. എന്നാല്‍ പ്ലസ്ടുവിനെത്തിയപ്പോള്‍ സ്‌നേഹമുള്ള കൂട്ടുകാരുണ്ടായിരുന്നു' വീട്ടില്‍ പട്ടിണിയായിരുന്നു മിക്കപ്പോഴും. കൂലിപ്പണിക്കാരനായ അച്ഛന്റെ ചെറിയ വരുമാനത്തിലാണ് കഴിഞ്ഞത്. വെല്‍ഡിംഗ് ജോലി ചെയ്യുന്ന ധനേഷുമായുള്ള വിവാഹം നടന്നത് 22 വയസ്സിലാണ്. 14 വര്‍ഷമായി വാടക വീട്ടിലാണ്. കഴിഞ്ഞത്. മകന്‍ ധ നൂപ് ഇപ്പോള്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നു. മകള്‍ നീന അഞ്ചാം ക്ലാസ്സിലാണ്. ഒരു വീട് കിട്ടുന്നതിനായി നിരന്തരം പഞ്ചായത്തില്‍ കയറിയിറങ്ങി. ഒടുവില്‍ വീട് വെക്കാന്‍ അനുവദിച്ചുകിട്ടിയപ്പോള്‍ പട്ടിക ജാതിക്കാരിയല്ലെന്ന പരാതി ചെന്നു. അതില്‍ പട്ടികജാതി വിജലന്‍സ് വിഭാഗം അന്വേഷണം നടത്തി. പട്ടികജാതിക്കാരിയാണെന്ന് കണ്ടെത്തി. അങ്ങനെയാണ് രണ്ടു വര്‍ഷം മുമ്പ് ഹരിപ്പാട് ബ്ലോക്ക് മുഖാന്തിരം സ്ഥലം വാങ്ങി നല്‍കിയത്. അപ്പോഴേക്കും ഭര്‍ത്താവിന് പക്ഷാഘാതം വന്നു. ഉള്ളതെല്ലാം ചികിത്സയ്ക്കായി ചിലവഴിച്ചു.

Chithra and her son near their plastic shed
ചിത്രയും മകനും പ്ലാസ്റ്റിക് കൂരയ്ക്കരികില്‍

അങ്ങനെയിരിക്കേ കഴിഞ്ഞ മാര്‍ച്ചില്‍ ലൈഫ് പദ്ധതിയില്‍ വീടു വെക്കാന്‍ നാലു ലക്ഷം രൂപ അനുവദിച്ചു. 40,000 രൂപ ആദ്യ ഗഡുവായി കിട്ടി. ഇതുപയോഗിച്ച് അടിത്തറ കെട്ടാനായി കല്ലും ഇഷ്ടികയും കൊണ്ടുവന്നപ്പോഴാണ് പഞ്ചായത്ത് വഴി തുടങ്ങുന്ന ഭാഗത്തെ സ്ത്രീയും സമീപത്തെ മറ്റ് രണ്ട് വീട്ടുകാരും എതിര്‍ത്തത്. അവളുടെ വീട്ടിലേക്കാണെങ്കില്‍ കൊണ്ടു പോകാനാവില്ലെന്ന് ആക്രോശിച്ച് വണ്ടിക്കു മുന്നില്‍ നിന്നു", ചിത്ര പറയുന്നു

"ഇവിടം പട്ടികജാതി കോളനിയാക്കാന്‍ അനുവദിക്കില്ല എന്നു വിളിച്ചുപറഞ്ഞ അവരെ തടയാന്‍ ഒരാളും തയ്യാറായില്ല. എല്ലാവരും നോക്കി നിന്നു. വാഹനം കത്തിച്ചു കളയുമെന്നായപ്പോള്‍ വണ്ടിക്കാര്‍ മെറ്റലും സിമന്റിഷ്ടികയും വഴിയരികില്‍ ഇറക്കിയിട്ടു പോയി. അതിനുശേഷം പോലീസിന്റെ സഹായം ആവശ്യപ്പെട്ടു. പട്ടികജാതി ഫണ്ടിന്റെ നിര്‍വ്വഹണച്ചുമലയുള്ള വി.ഇ.ഒ. അരുണ്‍കുമാര്‍ ചിത്രയുടെ വീട് നിര്‍മ്മാണത്തിന് സാധനങ്ങള്‍ കൊണ്ടുപോകാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് തൃക്കുന്നപ്പുഴ പോലിസ് ഇന്‍സ്‌പെക്ടര്‍ക്ക് മാര്‍ച്ച് 16-ന് പരാതി നല്കി. പക്ഷേ പോലീസ് സഹായിച്ചില്ല. ആ സ്ത്രിയുടെ എതിര്‍പ്പ് ഇല്ലാതാക്കാന്‍ ഒരു വനിതാ പോലീസുകാരെയെപ്പോലും അയച്ചില്ല", ചിത്ര സങ്കടപ്പെട്ടു

അതിനിടയില്‍ വീട് വയ്ക്കാന്‍ സര്‍ക്കാര്‍ നല്കിയ സ്ഥലം തണ്ണീര്‍ത്തടമാണെന്നും അതു നികത്തുകയാണെന്നും ഇവര്‍ പരാതി നല്കി. തഹസീല്‍ദാര്‍ അന്വേഷണം നടത്തി തണ്ണീര്‍ത്തടം അല്ലെന്ന് റിപ്പോര്‍ട്ട് നല്കി. ഈ റിപ്പോര്‍ട്ട് ചിത്ര സ്വാധീനിച്ച് നേടിയതാണെന്നായി അടുത്ത പരാതി.

 ഇതിനിടയില്‍ വഴിതടസ്സപ്പെടുത്തുന്നതിനെതിരേ ചിത്ര ഹരിപ്പാട് മുന്‍സിഫ് കോടതിയില്‍ നല്‍കിയ പരാതിയിലും അനുകൂല വിധിയുണ്ടായി. അത് ജഡ്ജിയെ സ്വാധീനിച്ച് നേടിയതാണെന്നും ജാതിക്കോമരങ്ങള്‍ പറഞ്ഞു പരത്തി.  വാടക കൊടുക്കാന്‍ പോലും നിവൃത്തിയില്ലാത്തതിനാല്‍ കിട്ടിയ അഞ്ചു സെന്റില്‍ ഒരു ഷെഡ് വയ്ക്കുകയായിരുന്നു. പുറക്കാട് എസ്.എന്‍.എം.എച്ച്.എസ്.എസില്‍ പ്ലസ്ടുവിന് പഠിച്ചപ്പോഴുണ്ടായിരുന്ന കൂട്ടുകാരുടെ വാട്‌സ് ആപ് കൂട്ടായ്മ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി പിരിച്ചു നല്കിയ പണമെടുത്താണ് പ്ലാസ്റ്റിക്കും തകരവുമെല്ലാം ഉപയോഗിച്ച് ഷെഡ് ഒരുക്കിയത്.

 എല്ലാ വഹാനങ്ങളും തടഞ്ഞുനിര്‍ത്തി ചിത്രയുടെ വീട്ടിലേക്കല്ലെന്ന് ഉറപ്പുവരുത്തിയാണ് കടത്തിവിടുക. വഴിയുടെ ആദ്യഭാഗത്ത് സി.സി.ടി.വി.സ്ഥാപിച്ച് വരുന്നവരെയെല്ലാം ഇവര്‍ നിരീക്ഷിക്കുകയാണെന്നും ചിത്ര പറയുന്നു.

"കക്കൂസ് നിര്‍മ്മാണത്തിന് റിംഗ് കൊണ്ടുവരാന്‍ അനുവദിച്ചില്ല. മറ്റൊരു വഴിയിലൂടെ രണ്ടുപേര്‍ ചുമന്നുകൊണ്ടുവന്ന ഒരു റിങ്ങ് മാത്രം വച്ച് തോട്ടിലേക്ക് പൈപ്പ് വച്ചുള്ള ഒരു കക്കൂസാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. വീട്ടിലേക്ക് ഗ്യാസ് കുറ്റി കൊണ്ടുപോരുവാന്‍ സമ്മതിക്കില്ല. പരിസരത്തെ ഒരാളുപോലും ഒരു സഹായവുമായി എനിക്കുവേണ്ടി എത്തിയില്ല എന്നതാണ് എന്നെ ഏറെ ക്ലേശിപ്പിച്ചത്. തൊഴിലുറപ്പിനായി ഒരുമിച്ചുപോയി ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചവരുപോലും മിണ്ടിയില്ല.ഒരു ജന പ്രതിനിധി പോലും എനിക്കായി രംഗത്തുവന്നില്ല.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group
 

chithra house
വാർത്തയറിഞ്ഞ് ചിത്രയുടെ പ്രശ്നങ്ങളറിയാൻ വീട്ടിൽ എത്തിയ ആളുകൾ

പിന്നീടാണ് ദളിത് സെന്റര്‍ നേതാവ് മോഹന്‍ സി. അറവുന്തറ എന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി സഹായത്തിനെത്തുന്നത്. മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും റവന്യുമന്ത്രിക്കും തദ്ദേശ സ്വയംഭരണമന്ത്രിക്കും പട്ടികജാതി ക്ഷേമ മന്ത്രിക്കുമെല്ലാം അങ്ങനെ പരാതി നല്കി. രക്ഷയുണ്ടായില്ല.അങ്ങനെ മോഹന്‍ സാറിന്റെ സഹായത്തില്‍ പത്രസമ്മളനം നടത്തി വിവരം അറിയിക്കുകയായിരുന്നു. അതിനുശേഷമാണ് ലേഖകന്‍ വീട്ടിലെത്തി മാതൃഭൂമിയിലൂടെ സത്യാവസ്ഥ ലോകത്തെ അറിയിക്കുന്നത്.

 ഇപ്പോള്‍ ഈ ഭൂമിയില്‍ ഞാന്‍ ഒറ്റക്കല്ലെന്ന വിശ്വാസമുണ്ട്.പത്രത്തില്‍ വാര്‍ത്തവന്നതോടെ എത്ര പേരാണ് എന്നെത്തേടിയെത്തിയത്.പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡുമെമ്പറന്മാരും വീട്ടിലെത്തി.വീട്ടിലേക്കുള്ള സിമന്റിഷ്ടിക അവരുടെ നേതൃത്വത്തില്‍ വീട്ടിലെത്തിച്ചു.
 മുഖ്യമന്ത്രി,റവന്യുമന്ത്രി,ആഭ്യന്തരമന്ത്രി,തദ്ദേശമന്ത്രി എന്നിവര്‍ക്കുവേണ്ടി റിപ്പോര്‍ട്ട് നല്കാന്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. എനിക്ക് കൂടുതല്‍ ആത്മവിശ്വസമാണിപ്പോള്‍. എല്ലാവരും എനിക്കൊപ്പമുണ്ടെന്ന സന്തോഷത്തിലാണ് ഞാന്‍.എന്റെ വീടുപണി പൂര്‍ത്തിയാക്കും വരെ നിങ്ങളെല്ലാവരും എന്നെത്തിരക്കണേ". കണ്ണീര്‍വറ്റിയ കണ്ണുകളുയര്‍ത്തി അവള്‍ പറഞ്ഞു നിര്‍ത്തി. 

content highlights: Victim of castism in Kerala, Neighbours forbid SC families from building house