ലൈം​ഗിക വിദ്യാഭ്യാസം: പാഠ്യപദ്ധതി പൂർണമായി പരിഷ്കരിക്കുമെന്ന് മന്ത്രി; പരമ്പരയുടെ പ്രതികരണങ്ങൾ


വി. ശിവൻകുട്ടി

തൊരു സമൂഹത്തിന്റെയും ശരിയായ ആരോ​ഗ്യത്തിന് ലൈം​ഗികവിദ്യാഭ്യാസം അനിവാര്യമാണ്. ഇക്കാര്യം പ്രതിപാദിക്കുന്ന 'വിലക്കണോ ലൈംഗികവിദ്യാഭ്യാസം' എന്ന പരമ്പരയ്ക്കുള്ള പ്രതികരണങ്ങൾ വായിക്കാം.

ഗൗരവമായി പരിശോധിക്കും-വി. ശിവൻകുട്ടി, വിദ്യാഭ്യാസമന്ത്രി

‘വിലക്കണോ ലൈംഗികവിദ്യാഭ്യാസം’ എന്ന പരമ്പര ശ്രദ്ധയോടെ വായിച്ചു. വ്യക്തവും കാര്യമാത്രപ്രസക്തവുമാണ് പരമ്പരയുടെ ഉള്ളടക്കം. മാതൃഭൂമിക്ക് എന്റെ അഭിനന്ദനങ്ങൾ. ജെൻഡർ സാക്ഷരത മുൻനിർത്തി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താൻ മാധ്യമങ്ങൾക്ക് കഴിയും. അതിന് മുൻകൈയെടുക്കുന്ന എല്ലാ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും പ്രോത്സാഹിപ്പിക്കും. നിലവിലെ കോടതിവിധിയുടെ അടിസ്ഥാനത്തിൽ ലൈംഗികവിദ്യാഭ്യാസകാര്യത്തിൽ കേരളം ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്. പുതിയ പ്രവർത്തനങ്ങൾക്കുള്ള ആദ്യകാൽവെപ്പാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ ഉണ്ടാവുക.

ലൈംഗികതയുടെ വിവിധ വശങ്ങളെക്കുറിച്ച് നൽകുന്ന അവബോധമാണ് ലൈംഗികവിദ്യാഭ്യാസത്തിന്റെ കാതൽ. ഇതിൽ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. പുതിയ പദ്ധതി രൂപവത്‌കരിക്കുന്ന ഘട്ടത്തിൽ ഇത്തരം കാര്യങ്ങളെല്ലാം പരിഗണിക്കേണ്ടിവരും. പാഠ്യപദ്ധതി പൂർണമായും പരിഷ്‌കരിക്കാൻ പോവുകയാണ്. ഇതിനായി കരിക്കുലം കമ്മിറ്റിയെയും കരിക്കുലം കോർ കമ്മിറ്റിയെയും രൂപവത്‌കരിച്ചുകഴിഞ്ഞു. അവർ ഇക്കാര്യം ഗൗരവമായി പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും അന്തിമതീരുമാനങ്ങൾ.

സക്കറിയ

ഈ ഒളിച്ചുകളി എത്രനാൾ- സക്കറിയ

കേരളത്തിലെ സ്കൂൾ കുട്ടികളിൽ ഒരു വലിയ പങ്ക് പോൺ സൈറ്റുകളിൽ നിന്നാണ് ലൈംഗിക വിദ്യാഭ്യാസം നേടുന്നതെങ്കിൽ അതിന് മാതാപിതാക്കൾ ‘നന്ദി’ പറയേണ്ടത് താഴെ പറയുന്നവരോടാണ്. അധ്യാപകസംഘടനകൾ, സ്കൂൾ മാനേജ്‌മെന്റുകൾ, വിദ്യാഭ്യാസമന്ത്രിമാർ, മത സംഘടനകൾ, രാഷ്ട്രീയപ്പാർട്ടികൾ, സിലബസ് കമ്മിറ്റികൾ. 2007-ൽ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി യൂണിസെഫിന്റെ മാനദണ്ഡപ്രകാരമുള്ള ഒരു കൗമാര വിദ്യാഭ്യാസ ഹാൻഡ്ബുക്ക് പാഠ്യ പദ്ധതിയിൽ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചപ്പോൾ കനത്ത തിരിച്ചടികിട്ടിയത് മേൽപ്പറഞ്ഞവരിൽനിന്നു മാത്രമല്ല. വിദ്യാർഥിസംഘടനകളിൽനിന്നുകൂടിയാണ്! സാംസ്കാരിക പുരോഗതി നേടിയ സമൂഹങ്ങളിൽ ഏറ്റവും താഴെ ക്ലാസുകൾ മുതൽ ശരീരശാസ്ത്രവും മാനസികപക്വത പ്രാപിക്കുന്നതിനനുസരിച്ച് ലൈംഗികതയുടെ പ്രാഥമിക പാഠങ്ങളും സ്ത്രീ-പുരുഷ ബന്ധങ്ങളിൽ പാലിക്കേണ്ട മാന്യതകളും നിബന്ധനകളും മുൻകരുതലുകളും പഠിപ്പിക്കുന്നു. പെൺകുട്ടികളെ തങ്ങൾക്ക്‌ തുല്യരായി കാണാൻ ആൺകുട്ടികളെയും അവരെ തുല്യരായി കാണാൻ പെൺകുട്ടികളെയും പരിശീലിപ്പിക്കുന്നു.

കേരളത്തിലെ ഒളിഞ്ഞുനോട്ടക്കാരോട് സഹതാപമാണ് ഉണ്ടാവേണ്ടത്. കാരണം അവർ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും നമ്മുടെ സാമൂഹിക മുഖമുദ്രയായ കപട സദാചാരത്തിന്റെയും നിർഭാഗ്യവാന്മാരായ ഇരകളാണ്. പക്ഷേ, അവർ അടുത്ത പടിയിലേക്കു കടക്കുമ്പോൾ -സ്വയം ഇരതേടിത്തുടങ്ങുമ്പോൾ -അവർ സ്ത്രീകൾക്കും സമൂഹത്തിനും ഭീഷണിയായി മാറുന്നു.

കേരളം ഉത്പാദിപ്പിക്കുന്ന ആയിരമായിരം ലൈംഗിക ഞരമ്പുരോഗികളുടെ പിന്നിൽ നാം കാണുന്നത്‌ മറ്റൊന്നുമല്ല, മനുഷ്യജീവിതത്തിന്റെതന്നെ പ്രഭവകേന്ദ്രമായ ഒരു പ്രക്രിയയെ സംബന്ധിച്ച തിരിച്ചറിവുകൾ കുട്ടികൾക്ക് നൽകുന്നതിനുള്ള ജീവന്മരണപ്രാധാന്യമുള്ള ഉത്തരവാദിത്വത്തിൽനിന്നുള്ള കുറ്റകരമായ ഒഴിഞ്ഞുമാറലാണ് ഇപ്പോൾ നടക്കുന്നത്‌.

അധികാരികൾ ഇക്കാര്യത്തിൽ പുനരാലോചന നടത്തണമെന്ന ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ നൂറുശതമാനം ശരിയാണ്. പക്ഷേ, സംഘടനാ താത്പര്യങ്ങൾക്കും മതകാപട്യങ്ങൾക്കും ഭരണകൂട ഒളിച്ചുകളികൾക്കും മീതേ അത് പറക്കുമോ. അത് വിദ്യാഭ്യാസമന്ത്രി പറയട്ടെ. പെൺ-ആൺ ഭേദമില്ലാതെ കുട്ടികളെ ക്ലാസിലിരുത്തണം എന്നു പറയാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് മറക്കുന്നില്ല.

പരമ്പര ഒരുപക്ഷേ, വിഷയത്തെ സ്വതന്ത്രമായും വിശദമായും പഠിക്കാനുള്ള കേരള പൊതുസമൂഹത്തിലെ ആദ്യ പരിശ്രമമാണ്. അത് ഒരു മാറ്റത്തിലേക്ക് വഴിതെളിക്കുമെന്ന് ആശിക്കുന്നു. വീണ ചിറക്കലിനും മാതൃഭൂമിക്കും അഭിനന്ദനങ്ങൾ.

കൃത്യമായി അറിയുക പ്രധാനം-ഡോ. ജയശ്രീ, സാമൂഹിക പ്രവർത്തക

ഡോ. ജയശ്രീ

ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ചുവന്ന ഈ പരമ്പര കാലഘട്ടത്തിന് വളരെ ഉചിതമായ ഒന്നാണ്. ഒരുപാട് കാലമായി ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഇതുവരെയും നടപ്പാക്കാൻ കഴിയുന്നില്ല. ശരീരവുമായും ബന്ധങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ് ലൈംഗികവിദ്യാഭ്യാസം. ബന്ധങ്ങളിലെ തുല്യതയും മൂല്യങ്ങളുമൊക്കെയാണ് ലൈംഗികവിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. അത് ശരിയായ സ്രോതസ്സുകളിൽനിന്ന് കൃത്യമായി അറിയുക എന്നത് പ്രധാനമാണ്.

സമഗ്രമായ അവബോധം വേണം-ജിയോ ബേബി, സംവിധായകൻ

ജിയോ ബേബി

ലൈംഗികവിദ്യാഭ്യാസം സംബന്ധിച്ച ഇത്തരത്തിലുള്ള പുരോഗമന കാഴ്ചപ്പാടുള്ള കണ്ടന്റുകൾക്ക് ഒരുപാടുപേരെ സ്വാധീനിക്കാനാവും. പ്രൈമറി ക്ലാസുകളിൽനിന്നുതന്നെ തുടങ്ങേണ്ടതാണ് ലൈംഗികവിദ്യാഭ്യാസം. കുട്ടികളെ മാത്രം ബാധിക്കുന്ന വിഷയമായി ഒരിക്കലും ഇതിനെ സമീപിക്കരുത്. അധ്യാപകരിലും മാതാപിതാക്കളിലും ഇതുസംബന്ധിച്ച അവബോധം ആദ്യം ഉണ്ടാക്കിയെടുക്കണം. ലൈംഗികന്യൂനപക്ഷങ്ങളെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ടാവണം നടപ്പാക്കേണ്ടത്.

ലൈംഗികവിദ്യാഭ്യാസം അനിവാര്യം-ആൻസൻ പി.ഡി. അലക്‌സാണ്ടർ, ഡയറക്ടർ, കനൽ

ആൻസൻ പി.ഡി. അലക്‌സാണ്ടർ

ലൈംഗികവിദ്യാഭ്യാസം സംബന്ധിച്ച് സമൂഹത്തിന് അവബോധം നൽകുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന വിഭാഗമാണ് മാധ്യമങ്ങൾ. നിർഭാഗ്യവശാൽ കഴിഞ്ഞ കാലയളവുകളിലൊന്നും അത് കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല. അവിടെയാണ് ഈ പരമ്പര ഏറെ അഭിനന്ദനമർഹിക്കുന്നത്. ഇത്തരത്തിലുള്ള ഒട്ടേറെ ചർച്ചകൾ ഉരുത്തിരിയണം. ഇത് വലിയ ഒരു മാറ്റത്തിന്റെ തുടക്കമാണ്. ലൈംഗികതയെക്കുറിച്ച് ശാസ്ത്രീയമായിത്തന്നെ കുട്ടികൾ പഠിച്ചിരിക്കണം. എത്ര മുഖംതിരിച്ചാലും ഇനിവരുന്ന തലമുറയ്ക്കെങ്കിലും ലൈംഗികവിദ്യാഭ്യാസം നിഷേധിക്കപ്പെടരുത്.

വിലക്കണോ ലൈം​ഗിക വിദ്യാഭ്യാസം- ഭാ​ഗം 1 വായിക്കാം

വിലക്കണോ ലൈം​ഗിക വിദ്യാഭ്യാസം- ഭാ​ഗം 2 വായിക്കാം

വിലക്കണോ ലൈം​ഗിക വിദ്യാഭ്യാസം- ഭാ​ഗം 3 വായിക്കാം

വിലക്കണോ ലൈം​ഗിക വിദ്യാഭ്യാസം- ഭാ​ഗം 4 വായിക്കാം

Content Highlights: need of sex education in Kerala, investigative series


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented