Representative image/AP
ഈയിടെ വിനീറ്റ്സെ നഗരത്തില്‍ ഒരു പ്രദര്‍ശനം നടന്നിരുന്നു. വിവിധയിനം പ്രാണികളുടെ പ്രദര്‍ശനം. ചിലന്തികള്‍, രക്തമൂറ്റിക്കുടിക്കുന്ന കൊതുകുകള്‍, വിദേശത്തുനിന്നടക്കമുള്ള വണ്ടുകള്‍, പുഴുക്കള്‍ തുടങ്ങിയവ. പ്രാണികളോടുള്ള ഭയമില്ലാതാക്കാന് താത്പര്യമുള്ള എല്ലാവരും ആ പ്രദര്‍ശനത്തിലേക്ക് ക്ഷണിക്കപ്പെട്ടു. ഭയം ജനിപ്പിക്കുന്ന ചിലന്തികളെ നിങ്ങള്‍ക്ക് തൊട്ടുനോക്കാം. അവയ്ക്കൊപ്പം ചിത്രങ്ങളെടുക്കാം. അവരിപ്പോള്‍ അപകടകാരികളേയല്ല. കാരണം, അവയ്ക്കൊന്നും ജീവനില്ല. ജീവനില്ലാത്ത അപകടങ്ങള്‍ അപകടങ്ങളായിത്തന്നെ അവസാനിക്കുന്നു. എങ്കിലും പലപ്പോഴും അവ ഭയത്തെ വര്‍ധിപ്പിച്ചുകൊണ്ടിരിക്കും.
ഇത്തരത്തിലുള്ള ക്ഷുദ്രജീവികളോടുള്ള ഭയമില്ലാതാക്കാനുള്ള എളുപ്പവഴി യുദ്ധമാണ്. ആപത്തിനോടുള്ള ഒരു മനുഷ്യന്റെ മനോഭാവത്തെ മാറ്റിമറിക്കാന്‍ യുദ്ധത്തിനാകും. യുദ്ധം എല്ലാം മാറ്റിമറിക്കുന്നു. ശത്രുസൈന്യം കൊള്ളക്കാരായ ക്ഷുദ്രജീവികളല്ല, വെട്ടുകിളികളോ കടന്നലുകളോ ചിലന്തികളോ അല്ല. മറിച്ച്, അതിലും മോശമായ, തികച്ചും വ്യത്യസ്തമായ നിലയില്‍ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഒന്നാണ്.
ഇതു പറയുമ്പോള്‍ റഷ്യന്‍ സൈന്യത്തെ വെട്ടുകിളികളോട് ഉപമിക്കുന്നത് ന്യായമാണ്. അധിനിവേശ ഖേര്‍സണ്‍ മേഖലയിലെ കര്‍ഷകരുടെ വിളകളെല്ലാം റഷ്യന്‍ സൈന്യം പിടിച്ചെടുക്കുന്നു. തങ്ങളുടെ കാര്‍ഷികവിളകള്‍ വില്ക്കാന് യുക്രൈന്റെ സ്വതന്ത്രമേഖലകളിലേക്ക് യാത്രചെയ്യാന്‍പോലും സൈന്യം കര്‍ഷകരെ അനുവദിക്കുന്നില്ല. വിളവ് തങ്ങളുടെ പിടിയിലുള്ള ക്രൈമിയയില്‍ വിറ്റാല്‍ മതിയെന്നാണ് റഷ്യന്‍സൈന്യത്തിന്റെ ശാഠ്യം. ഒരുകൂട്ടം വെട്ടുകിളികളെപ്പോലെ റഷ്യന്‍ സൈന്യം യുക്രൈനില്‍നിന്ന് ടണ്‍കണക്കിന് ഗോതമ്പ് കവര്‍ന്നെടുത്ത് സിറിയയിലേക്ക് കപ്പല്കയറ്റുന്നു.
''റഷ്യ എന്താണോ അങ്ങനെത്തന്നെയായിരിക്കും. ഞങ്ങളെന്താണോ അങ്ങനെത്തന്നെ ലോകത്തിനുമുന്നിലും കാട്ടുന്നതില്‍ ഒരു നാണക്കേടുമില്ല'' റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന അന്താരാഷ്ട്ര ഇക്കണോമിക് ഫോറത്തിനിടെ ബി.ബി.സി.ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെയാണ്.
യുക്രൈനെ തൊട്ട മൂന്നു സംഭവങ്ങള്‍
മൂന്ന് വ്യത്യസ്ത സംഭവങ്ങള്‍ ഇപ്പോള്‍ യുക്രൈനില്‍ വലിയ ചര്‍ച്ചാവിഷയാണ്. കീവിലെ ഇരുപത്തിനാലു വയസ്സുമാത്രമുള്ള ആക്ടിവിസ്റ്റ് റോമന്‍ റാതുഷ്നിയുടെ മരണമായിരുന്നു ആദ്യത്തേത്. റഷ്യന്‍ സൈന്യം മാര്‍ച്ചില്‍ മരിയൊപോളില്വെച്ച് അറസ്റ്റുചെയ്ത, യുക്രൈന് സൈന്യത്തിന്റെ ഭാഗമായ പ്രമുഖ ഡിസൈനറും അത്ലറ്റുമായ യൂലിയ 'തായിറ' പെവസ്കയുടെ മോചനമാണ് രണ്ടാമത്തേത്. റഷ്യന്‍ യുദ്ധക്കപ്പല്‍ വാസിലി ബേഖിനെ ഡാന്യൂബിന്റെ എതിര്‍വശത്തുള്ള റഷ്യന്‍ അധിനിവേശ ദ്വീപായ സ്മിയേനിക്കടുത്തുവെച്ച് മുക്കിയത് മൂന്നാമത്തെ സംഭവം.
റോമന്‍ റാതുഷ്നി, എന്റെ ഏറെക്കാലത്തെ സുഹൃത്തും സഹപ്രവര്‍ത്തകയും യുക്രൈന് എഴുത്തുകാരിയുമായ സ്വിറ്റ്ലാന പോവോലിയേവയുടെ മകന്. അതിനുമപ്പുറം യുക്രൈനിലെ യുവ ആക്ടിവിസ്റ്റെന്ന് അറിയപ്പെട്ടയാള്‍. സുന്ദരന്‍, ആദര്‍ശവാദി, ദൃഢനിശ്ചയവും വിട്ടുവീഴ്ചയില്ലാത്തവനും യുക്രൈന് രാഷ്ട്രീയത്തില്‍ വലിയമാറ്റം കൊണ്ടുവരാനാഗ്രഹിക്കുന്ന ഒട്ടേറെപ്പേരുടെ പ്രതീക്ഷയായിരുന്നു അയാള്‍. ഹാര്കിവിന് സമീപമുണ്ടായ ഏറ്റുമുട്ടലില്‍ റാതുഷ്നി കൊല്ലപ്പെട്ടതിനുശേഷം രാഷ്ട്രീയത്തിലോ പൊതുജീവിതത്തിലോ താത്പര്യമില്ലാത്ത ആളുകളിലേക്കുപോലും അദ്ദേഹത്തെ സുപരിചിതനാക്കാന്‍ എല്ലാ ശ്രമങ്ങളും പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി.
കേക്ക് സ്റ്റുഡിയോ കഫേ സങ്കടത്തിലാണ്
റഷ്യന്‍ സൈനികക്കപ്പലായ മോസ്ക്വയെ തകര്‍ത്തതിന്റെ ചിത്രമുള്ള സ്റ്റാമ്പ് വാങ്ങാന്‍ കീവിലും ഹാര്‍കിവിലും ആളുകള്‍ മണിക്കൂറുകളോളമാണ് വരിനില്‍ക്കുന്നത്. എന്നാല്‍, ഞാനും ഭാര്യയും താമസിക്കുന്ന അസ്ഹൊരാഡ് നഗരത്തിലുള്ളവര്‍ക്ക് ദേശഭക്തി തുളുമ്പുന്ന ഇത്തരം സ്റ്റാമ്പുകളോട് വലിയ പ്രതിപത്തിയില്ല. വിലകുറഞ്ഞ സ്യൂട്ട്കേസുകള്‍ക്കും ബാഗുകള്‍ക്കുമാണ് ഇവിടെ ഡിമാന്‍ഡ് കൂടുതല്‍. കച്ചവടക്കാര്‍ ഹംഗറിയില്‍ നേരിട്ടുപോയി അവിടത്തെ മൊത്തക്കച്ചവടകേന്ദ്രങ്ങളില് കാണുന്നതെല്ലാം ഇവിടേക്കു കൊണ്ടുവരുകയാണ്. എന്നാല്‍, ലഗേജ് ബാഗുകളോടുള്ള ആശ്ചര്യവും ഇപ്പോള്‍ ഇല്ലാതായിക്കഴിഞ്ഞു. അസ്ഹൊരാഡില്നിന്ന് അഭയാര്‍ഥികളും കുടിയേറ്റക്കാരും വലിയതോതില്‍ മടങ്ങുന്നതാണ് ഇതിനു പ്രധാനകാരണം. ഒഡേസയിലെയും ഹാര്കിവിലെയും ചെര്ണീവിലെയും വിന്നിറ്റ്സിയയിലുമുള്ള തങ്ങളുടെ വീടുകളിലേക്ക് അവര്‍ മടങ്ങിപ്പോകുന്നുണ്ട്.
മിക്കവാറും സമയങ്ങളിലും എഴുതാനായി ഞാന്‍ പോകാറുള്ള അസ്ഹൊരാഡിലെ കപുഷന്സ്കാ തെരുവിലെ കേക്ക് സ്റ്റുഡിയോ കഫേയുടെ നടത്തിപ്പുകാരും കുടിയേറ്റക്കാരുടെ തിരിച്ചുപോക്കില്‍ വലിയസങ്കടത്തിലാണ്. യുദ്ധത്തിനുമുമ്പ് അവരുടെ കടയില്‍ ഇത്രയും കച്ചവടമുണ്ടായിരുന്നില്ല. ഈ കഫേയില്‍ മാത്രമല്ല, അസ്ഹൊരാഡിലെങ്ങും അഭയാര്‍ഥികളും കുടിയേറ്റക്കാരും വലിയതോതില്‍ പണം ചെലവഴിച്ചിരുന്നു. അസ്ഹൊരാഡും മറ്റ് ട്രാന്സ്കാര്പാത്തിയന്മേഖല മുഴുവനും യുദ്ധത്തില്‍നിന്ന് ലാഭമുണ്ടാക്കിയെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, യുക്രൈന്റെ തെക്കുകിഴക്കന്‍, മധ്യമേഖലകളില്നിന്ന് വലിയതോതില്‍ പണം പടിഞ്ഞാറന്‍ യുക്രൈനിലേക്കൊഴുകിയിട്ടുണ്ട്. ഒട്ടേറെ വ്യവസായങ്ങളും ഫാക്ടറികളും ചെറിയ കമ്പനികളും പടിഞ്ഞാറന്‍ യുക്രൈനിലേക്ക് മാറി. അവയില്‍ പലതും വീണ്ടും തെക്ക്, കിഴക്കന്‍ മേഖലയിലെ തങ്ങളുടെ മാതൃനഗരങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ തുടങ്ങുന്നു. ഒഡേസയിലും ഹര്‍കീവിലും ചെര്‍ണീവിലും സുമിയിലും തുടരുന്ന ഷെല്ലാക്രമണങ്ങളെ അവഗണിച്ചാണിത്.
തിരികെവരുന്ന യുക്രൈന്
യുക്രൈന് വ്യവസായങ്ങള്‍ പതിയെ തിരിച്ചുവരുകയാണ്. മരിയൊപോളില്നിന്നും സെവെറോഡൊണെസ്കില്നിന്നും ഡോണ്‍ബാസിലെ മറ്റു നഗരങ്ങളില്നിന്നുമെല്ലാം പടിഞ്ഞാറന്‍ യുക്രൈനിലേക്ക് പറിച്ചുനടപ്പെട്ട കമ്പനികളില്‍ ഭൂരിഭാഗവും അവിടെത്തന്നെ തുടരാനാണ് സാധ്യത. അവരവിടെ കുടിയേറ്റക്കാര്‍ക്കും തദ്ദേശീയര്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നേരത്തേ കാര്‍ഷികമേഖലയെ അടിസ്ഥാനമാക്കി മുന്നോട്ടുപോയിരുന്ന പടിഞ്ഞാറന്‍ യുക്രൈനില്‍ വ്യവസായവത്കരണത്തിനു തുടക്കമിടുന്നതിന് ഇതു കാരണമാകും. രാജ്യത്തെ പ്രധാന വ്യവസായകേന്ദ്രമായി തുടരാന്‍ ഇനി ഡോണ്ബാസിനാവില്ല. ആ പ്രദേശത്തിന് ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രവചിക്കാനുമാവില്ല. ഒരുപക്ഷേ, ഇനിയവിടെ ഗോതമ്പ് വിളയിക്കാനാകുമായിരിക്കും. പക്ഷേ, വിലകൂടും. കാരണം, ഗോതമ്പുപാടങ്ങള്‍ക്ക് സംരക്ഷണം വേണം. വിള കട്ടെടുക്കുന്ന ചെറുകീടങ്ങളില്നിന്ന് മാത്രമല്ല, അപകടകാരികളായ അയല്‍ക്കാരില്‍നിന്നും. അക്കാര്യം റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ്റോവ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. 'റഷ്യ വെറും പപ്പും പൂടയുമല്ല' എന്ന്. അവരെങ്ങനെയാണോ അങ്ങനെത്തന്നെ തുടരും. അതില്‍ അവര്‍ക്ക് ഒരു നാണക്കേടുമില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..