സമരങ്ങള്‍ക്കെതിരായ 'ട്വന്റി ട്വന്റി' വികാരം; ഒടുവിലത്തെ പ്രതീകമായി ജോജു


പ്രേംചന്ദ്

വഴിമുടക്കപ്പെട്ട നടന്‍ ജോജു ജോര്‍ജ്ജിന്റെ പൊട്ടിത്തെറി വളരെ പെട്ടെന്നാണ് ചാനലുകളും പത്രങ്ങളും തല്‍സമയം ഏറ്റെടുത്തത്. രാഷ്ട്രീയ കേരളത്തില്‍ അതിപ്പോള്‍ ഒരു തരംഗം തന്നെയായി മാറിയിരിക്കുന്നു.

ഫോട്ടോ: മാതൃഭൂമി

രാഷ്ട്രീയ പാര്‍ട്ടികളുടെ വഴിമുടക്കി സമരങ്ങള്‍ക്കെതിരെ തെരുവിലുയരുന്ന പ്രതിഷേധം എന്നും മാധ്യമശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. 'സംഘടിത ജനവികാരം ' എത്രമാത്രം സമരങ്ങള്‍ക്കെതിരായി മാറിയിരിക്കുന്നു എന്നതിന് തെളിവായി അത് എല്ലായിപ്പോഴും ഉദാഹരിക്കപ്പെടുകയും ചെയ്യുന്നു.

വഴിമുടക്കപ്പെട്ട നടന്‍ ജോജു ജോര്‍ജ്ജിന്റെ പൊട്ടിത്തെറി വളരെ പെട്ടെന്നാണ് ചാനലുകളും പത്രങ്ങളും തല്‍സമയം ഏറ്റെടുത്തത്. രാഷ്ട്രീയ കേരളത്തില്‍ അതിപ്പോള്‍ ഒരു തരംഗം തന്നെയായി മാറിയിരിക്കുന്നു .

എല്ലാ സമരങ്ങളും അനാവശ്യങ്ങളെന്ന് ചിന്തിക്കുന്ന നിലയിലേക്ക് നമ്മുടെ പൊതുബോധം വളര്‍ത്തിയെടുക്കപ്പെട്ടത് പെട്ടെന്ന് സംഭവിച്ച പരിണാമമല്ല. എല്ലാവിധ സമരങ്ങള്‍ക്കും എതിരായ ഒരു 'ട്വന്റി ട്വന്റി ' വികാരം വേരുറച്ചു തുടങ്ങിയിട്ട് നാല് പതിറ്റാണ്ടങ്കിലുമായി. അതിന്റെ ഒടുവിലത്തെ പ്രതീകമായി ജോജു ജോര്‍ജ് ഉയര്‍ന്നു എന്നത് യാദൃശ്ചികം. അതൊരു മാധ്യമം മാത്രം. അതിപ്പോള്‍ അണ പൊട്ടിയൊഴുകുന്നു .

Farmers Protest
കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടന്ന കർഷക പ്രക്ഷോഭത്തിനിടെ | Photo:Mathrubhumi/Sabu Scariachen

സമരവിരുദ്ധ ശക്തികള്‍ ഒന്നിച്ചണിനിരക്കുമ്പോള്‍

'ഞങ്ങള്‍ക്കും പറയാനുണ്ട് ' എന്ന മാതൃഭൂമിയുടെ ചാനല്‍ ചര്‍ച്ചയില്‍ ഒരഭിഭാഷകന്‍ ആവേശത്തോടെ പറയുന്നു : 'ഒരു നിമിഷം പോലും വഴിമുടക്കി സമരം ചെയ്യുന്നത് നിയമവിരുദ്ധമാണ് '. സമരശൂന്യകേരളത്തിന്റെ പുതിയ മുഖം കരുത്താര്‍ജ്ജിക്കുകയാണ്. 'ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ' എന്ന ആവശ്യത്തെ മുന്‍നിര്‍ത്തി എല്ലാവിധ വഴിമുടക്കി സമരങ്ങള്‍ക്കും എതിരെ അധികാരത്തിന്റെ എല്ലാ സഖ്യശക്തികളും ഒന്നിച്ചണിനിരക്കുന്നു. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും.

ഇന്ധനവില വര്‍ദ്ധനവിന് എതിരായിരുന്നു കോണ്‍ഗ്രസ്സിന്റെ ദേശീയപാതാ ഉപരോധം. ഏറ്റവും തിരക്കേറിയ റോഡുകള്‍ മണിക്കൂറുകള്‍ സ്തംഭിപ്പിച്ച് സമരം ചെയ്യാമോ എന്ന ചോദ്യം എന്നും സമരങ്ങള്‍ നേരിട്ടിട്ടുണ്ട്. അത് എന്ത് ആവശ്യത്തിന് വേണ്ടിയുള്ള സമരമായായാലും ശരി.

"സമരം എന്നാല്‍ പോലീസ് സമ്മതത്തോടെയുള്ള സമരം എന്നതാണ് അധികാരത്തിന്റെ പുതിയ മതം."

പാടില്ല പാടില്ല എന്ന വികാരമാണ് ഉയര്‍ത്തിക്കൊണ്ടു വരികയോ ഉയര്‍ന്നു വരികയോ ചെയ്യുന്നത്. അതാണ് വായിക്കപ്പെടേണ്ടത്. ഒരു വര്‍ഷമായി തുടരുന്ന കര്‍ഷകസമരത്തിനെതിരെ ദില്ലിയില്‍ ഉയര്‍ന്നു വരുന്ന വികാരവും അതു തന്നെ. കോടതിയും അത് തന്നെ ചോദിക്കുന്നു. അനുദിന ഇന്ധന വിലവര്‍ദ്ധനവ് തന്നെ 'സ്വീകാര്യമായ' വസ്തുതയായി മാറിക്കഴിഞ്ഞു. കാലാന്തരത്തില്‍ കോണ്‍ഗ്രസ്സ് തുറന്നിട്ട ഭൂതത്തെ പിടിച്ചുകെട്ടാന്‍ അവര്‍ തന്നെ പാടുപെടുന്നു . സമരം എന്നാല്‍ പോലീസ് സമ്മതത്തോടെയുള്ള സമരം എന്നതാണ് അധികാരത്തിന്റെ പുതിയ മതം.

farmers protest
ഡൽഹിയിൽ നടന്ന കർഷക പ്രക്ഷോഭത്തിനിടെ ഗതാഗതം തടസപ്പെട്ടപ്പോൾ | Photo: Mathrubhumi/Unnikrishnan PG

സമരശൂന്യതയുടെ യുഗപ്പിറവി

ഒരു ലൊക്കേഷനില്‍ നിന്നും മറ്റൊരു ലൊക്കേഷനിലേക്ക് കോടികള്‍ വിലമതിക്കുന്ന ആഡംബരവാഹനത്തില്‍ റോഡിലൂടെ കുതിയ്ക്കുന്ന ഒരു താരത്തിന് ഇന്ധനവില വര്‍ധനയില്‍ പൊള്ളുമോ ? ഇല്ല . എന്നാല്‍ വഴിമുടക്കിയാല്‍ പൊള്ളും. കാരണം സമയം അവര്‍ക്ക് മൂലധനമാണ്. അത് വിലയുള്ളതാണ്. തിരിച്ച് കര്‍ഷകരുടെയോ മഹാ ഭൂരിപക്ഷം വരുന്ന ജനതയുടെയോ സമയത്തിന്റെ വിലയില്ലായ്മ എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. അവര്‍ സമരം ചെയ്യാതിരിക്കണമെങ്കില്‍ നിലവിലുള്ള സംവിധാനം അവര്‍ക്ക് സ്വീകാര്യമാകണം. സമരങ്ങള്‍ അന്യായമാണ് എന്ന ബോധം അപ്പോള്‍ അധികാരത്തിന്റെ നിലനില്‍പിന് അനിവാര്യമാണ്. അത് കുത്തിപ്പൊക്കാന്‍ പറ്റിയ കെണിയാണ് വഴിമുടക്കല്‍. അതിന്റെ ശ്വാസം മുട്ടലില്‍ സമരം ചെയ്യുന്നവര്‍ ഒഴിച്ചുള്ള എല്ലാവരും ജനമാകും. ജനം സമരത്തിന് എതിരും.

"സമരങ്ങള്‍ അന്യായമാണ് എന്ന ബോധം അപ്പോള്‍ അധികാരത്തിന്റെ നിലനില്‍പിന് അനിവാര്യമാണ്. അത് കുത്തിപ്പൊക്കാന്‍ പറ്റിയ കെണിയാണ് വഴിമുടക്കല്‍"

'നഗരത്തില്‍ ഒരനീതിയുണ്ടായാല്‍ അവിടെയൊരു കലാപമുണ്ടാകണം. ഇല്ലെങ്കില്‍ സന്ധ്യമയങ്ങും മുമ്പ് ആ നഗരം കത്തിച്ചാമ്പലാവുകയാണ് നല്ലത് ' - എണ്‍പതുകളില്‍ അടിയന്തരാവസ്ഥക്ക് തൊട്ടു പിറകെ കേരളത്തില്‍ മുഴങ്ങിയ മഹാകവി ബ്രെഹ്‌തോള്‍ഡ് ബ്രെഹ്തിന്റെ കവിതയിലെ വരികളാണിത്. അത് കെട്ടടങ്ങിയത് അതേ ദശകത്തിന്റെ അന്ത്യത്തിലാണ്. 90-കള്‍ ഒരു പുതുയുഗപ്പിറവിയായിരുന്നു ഇന്ത്യയില്‍, ആഗോളവല്‍ക്കരണത്തിന്റെ . സമരശൂന്യതയുടെ യുഗപ്പിറവി അവിടെ തുടങ്ങുന്നു. സമരം സമം ജനവിരുദ്ധം എന്ന പ്രത്യയശാസ്ത്ര ആയുധം ജനതക്ക് സ്വീകാര്യമാക്കുന്ന നയം ഏത് സര്‍ക്കാരുകളുടെയും അടിസ്ഥാന ദര്‍ശനമായി മാറി.

DYFI Protest
അഞ്ചു വര്‍ഷത്തെ ഭരണം പിന്നിട്ട് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് വന്നതോടെ സമരത്തിലൂടെ വളര്‍ന്ന ഇടതുപക്ഷ ജനാധിപത്യ ഭരണമുന്നണിക്ക് ചുക്കാന്‍ പിടിക്കുന്ന സി.പി.ഐ.എമ്മും അവരുടെ യുവജന വിഭാഗമായ ഡി.വൈ.എഫ്.ഐ.യും വിദ്യാര്‍ത്ഥി വിഭാഗമായ
എസ്.എഫ്.ഐ.യുമൊക്കെ സമരശൂന്യതയുടെ പത്തുവര്‍ഷം എന്ന അറ്റവും കടന്ന് വീണ്ടുമൊരു തുടര്‍ഭരണമാണ് ലക്ഷ്യമിടുന്നതെങ്കില്‍ സമരശൂന്യകേരളം ബാക്കി വയ്ക്കുന്ന പ്രത്യയശാസ്ത്ര ദൃശ്യം ഇരുളടഞ്ഞതായിരിക്കുമെന്ന് പറയാതെ വയ്യ.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp Group

ഇന്ന് ജയ് ജവാന്‍ മാത്രം, ജയ് കിസാനില്ല

അത്ര സങ്കീര്‍ണ്ണമൊന്നുമല്ല കാര്യങ്ങള്‍. പട്ടിണി അനുഭവിക്കുന്ന 121 രാഷ്ട്രങ്ങളുടെ പട്ടികയില്‍ നമ്മുടെ രാജ്യം 116-ാം സ്ഥാനത്താണ്. വികസനം നമ്മുടെ നാട്ടില്‍ ഇല്ലെന്നല്ല. ആന്ദ്രേ ഗുന്ദര്‍ ഫ്രാങ്ക് ദശകങ്ങള്‍ക്ക് മുമ്പേ ചൂണ്ടിക്കാണിച്ചത് പോലെ അത് 'ലുമ്പന്‍ ഡവലപ്പ്‌മെന്റ് ' മാത്രമാണ്. ഏതാനും പേര്‍ക്ക് വേണ്ടി മാത്രമുള്ള വികസനം. അതിനെതിരായ എല്ലാ ശബ്ദവും നിശബ്ദമാക്കപ്പെടാന്‍ ഏറ്റവും അനിവാര്യമായ അധികാര ദര്‍ശനം എല്ലാ സമരങ്ങളും അന്യായമാണ് എന്ന ബോധമാണ്. അതാണ് ജോജു ജോര്‍ജ്ജിലൂടെ വെളിപ്പെട്ടത്. ജോജു ഒരു മാധ്യമം മാത്രം. പ്രതീകവും.

Mahila Congress
ഇവിടെ ' ജയ് ജവാന്‍ ജയ് കിസാന്‍ ' എന്ന മുദ്രാവാക്യമൊക്കെ പണ്ട്. ഇന്ന് ജയ് ജവാന്‍ മാത്രം. ആഗോള കമ്പോളത്തില്‍ സ്വന്തം ഉല്പന്നത്തിന്റെ വിലത്തകര്‍ച്ചയില്‍ കൂട്ട ആത്മഹത്യയുടെ മുനമ്പിലൂടെ നടക്കുന്ന കര്‍ഷകര്‍ സമരം ചെയ്യുമ്പോള്‍ പാര്‍ലമെന്റ് നിര്‍ത്തിവച്ച് അവരുടെ ആവശ്യങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്ത് പോയിട്ടില്ല. അവരുടെ വഴി തടയല്‍ സമരത്തെ ജനവിരുദ്ധ സമരമായി മുദ്രകുത്തി ഉന്മൂലനം ചെയ്യുവാനുള്ള ചിന്താ തരംഗം രാജ്യം നിര്‍മിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. നാമതിന് വലിയ വില കൊടുക്കേണ്ടി വരും . എല്ലാവിധ സമഗ്രാധിപത്യങ്ങളുടെയും അടിവളം ഈ സമര വിരുദ്ധതയാണ്. എന്നും.

അടിക്കുറിപ്പ്:

'നാവടക്കൂ പണിയെടുക്കൂ ' എന്നതായിരുന്നു അടിയന്തരാവസ്ഥയുടെ ദര്‍ശനം. 81,32209 പേരെ അത് വന്ധ്യംകരണത്തിന് വിധേയമാക്കി. 1,10,806 പേരെ അന്യായമായി തടങ്കലിലിട്ടതായി ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നു. സമരങ്ങളില്ലാത്ത കാലം. അത് കേരളത്തില്‍ കോണ്‍ഗ്രസ് തുടര്‍ഭരണത്തിന് വഴിയൊരുക്കി. അതുതന്നെ അതിവേഗം ബഹുദൂരം എന്ന് പാടുന്ന ആഗോളവല്‍ക്കരണത്തിന്റെയും ദര്‍ശനം. സമരശൂന്യകേരളമാണ് ആ ട്വന്റി ട്വന്റി കേരള മാതൃക. അതാണ് ഭാവിയുടെ ലക്ഷ്യമെങ്കില്‍ എന്തും ഇവിടെ സ്വീകാര്യമാകും. ജനം പ്രതികരിക്കില്ല. പെട്രോളിന് 200 രൂപയായാലും.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented