ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക കോളനിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ച എയ്ഡ്‌സ് രോഗികളും കുടുംബങ്ങളും കടുത്ത ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്ത് പറയാനൊരു പേരുപോലും ഇല്ലാത്ത കോളനിയിലാണ് എയ്ഡ്‌സ് രോഗികളും കുടുംബങ്ങളും ഉള്‍പ്പെടെ നൂറോളം പേര്‍ താമസിക്കുന്നത്. റോഡോ, വൈദ്യുതിയോ ചികിത്സാ സൗകര്യമോ ലഭ്യമല്ലാത്ത ഇവിടെ രോഗികള്‍ തീരാദുരിതം അനുഭവിക്കുകയാണ് 

മിറര്‍ നൗ ടി.വി. ചാനലാണ് കര്‍ണാടകയിലെ ഈ സര്‍ക്കാര്‍ നിര്‍മിത കോളനിയെക്കുറിച്ച് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള മേട്ടിപ്പാളയ എന്ന സ്ഥലത്താണ് ഈ കോളനി. രാജീവ് ഗാന്ധി പാര്‍പ്പിട പദ്ധതിയില്‍ നിര്‍മിച്ച വീടുകളില്‍ 2014- മുതലാണ് ആളുകള്‍ താമസം ആരംഭിച്ചത്. ഇതില്‍ മിക്കവരും എച്ച്.ഐ.വി പോസീറ്റിവായ എയ്ഡ്‌സ് രോഗികളും അവരുടെ കുടുംബങ്ങളുമാണ്. ദിവസവും ആശുപത്രിയില്‍ പോയി ചികിത്സ തേടേണ്ടവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഒരു റോഡ് പോലും ഇല്ലാത്ത ഇവിടെനിന്നും ആശുപത്രിയിലേക്ക് എത്താന്‍ 40 കിലോമീറ്റര്‍ സഞ്ചരിക്കണം. ഇതിനുപുറമേ, വൈദ്യുതിയില്ലാത്തതും മറ്റു സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതും ദുരിതം ഇരട്ടിയാക്കുന്നു.  

എയ്ഡ്‌സ് രോഗികളെയും കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചശേഷം അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് കോളനിവാസികളുടെ പരാതി. അതേസമയം, എയ്ഡ്‌സ് രോഗികളെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തുന്ന രീതിയില്‍ താമസിപ്പിച്ചതിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്. 2017-ലെ എച്ച്.ഐ.വി, എയ്ഡ്‌സ് ആക്ട് പ്രകാരം എച്ച്.ഐ.വി പോസിറ്റീവായവരോട് വിവേചനം കാണിക്കുന്നത് കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തന്നെ ഇവരെ പ്രത്യേക സ്ഥലത്ത് ഒറ്റപ്പെടുത്തി പാര്‍പ്പിച്ചിരിക്കുന്നത്. 

Content Highlights: tv channel report;a special colony for hiv aids patients.