മകന്റെ ശരീരം പൊക്കാനാകാതെ ആ വൃദ്ധപിതാവ് തറയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവും, കൊല്ലപ്പെട്ടവരുടെ ദേശം


എഴുത്തും ചിത്രങ്ങളും: മധുരാജ്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ  സഹജീവികളുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി ജീവിക്കുന്ന ഒരുവളുടെ ശബ്ദരേഖയാണ് ഇത്. ഒരു ജനത അനുഭവിക്കുന്ന ദുരിതങ്ങളും അവരുടെ ഘനീഭവിച്ച ദുഖവും പ്രതിഷേധവും....

..

മേയ് 30 ഒരു തിങ്കളാഴ്ച ടി.വി.യില്‍ പ്രൈം ടൈമിന് മുന്‍പ് സ്‌ക്രോള്‍ചെയ്ത് പോകുന്ന ഒരു വാര്‍ത്തയില്‍ കണ്ണുടക്കി.'' കാസര്‍കോട് പനത്തടിക്ക് അടുത്ത് ചാമുണ്ടികുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ മകളെ കഴുത്ത് ഞെരിച്ചുകൊന്ന് അമ്മ ആത്മഹത്യചെയ്തു''. വാര്‍ത്ത നടുക്കിയില്ല. പ്രതീക്ഷിക്കുന്ന ദുരന്തം മുന്നില്‍ എത്തുമ്പോഴുള്ള ഒരു നിര്‍വികാരത.ആ നേരത്താണ് വാട്സാപ്പില്‍ മുനീസയുടെ സന്ദേശം വന്നത്. എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ സജീവ പ്രവര്‍ത്തകയാണ് മുനീസ അമ്പലത്തറ. ജന്‍മനാ കാഴ്ചശക്തി ഇല്ലാത്തവള്‍: ''അന്ന് അവസാനം പറഞ്ഞ ആ വാക്ക് കടമെടുത്ത് പറഞ്ഞോട്ടെ, ദയാമരണം ഒരു അനുഗ്രഹമാണ്. രണ്ട് ജീവന്‍കൂടി..അല്ലെങ്കിലും സമൂഹത്തിന്റെ ഒരു ഭാഗമല്ലല്ലോ ഈ മനുഷ്യരൊന്നും.... സമൂഹത്തിന്റെ ബാധ്യത. ശരിക്കും ഭരണകൂടത്തിന്റെ ബാധ്യത...

മകളെ ജോലിക്കുപോകുമ്പോള്‍ ഏല്‍പ്പിക്കാന്‍ ഒരിടം ഇല്ലാത്തതുകൊണ്ട്...ജോലിക്ക് പോകാതെ ജീവിക്കാന്‍ പറ്റില്ലല്ലോ... അതുകൊണ്ട് കൊന്നു. മകളെ കൊന്ന് അമ്മയ്ക്ക് ജീവിക്കാന്‍ പറ്റുമോ? അതുകൊണ്ട് അവരും ജീവിതം അവസാനിപ്പിച്ചു. അഞ്ച് ലക്ഷം തന്നു. എല്ലാവരും എല്ലാം തീര്‍ന്നു എന്നാണ് കരുതുന്നത്. ഞങ്ങളുടെ ജീവന്റെ വില. പുനരധിവാസം അങ്ങനെ മണ്ണിലുറങ്ങട്ടെ...എന്താ എന്നറിയില്ല. ആരോടെങ്കിലും പറഞ്ഞ് മനസ്സിന്റെ ഭാരം കുറയ്ക്കണമെന്നേ ഉള്ളൂ. ഞാന്‍ അപ്രതീക്ഷിതമായിട്ടാണ് ഈ വാര്‍ത്ത കേള്‍ക്കുന്നത്. എത്ര ഭീതിതമാണ് ഇത്....എത്ര ബുദ്ധിമുട്ടുണ്ടായിട്ടും ഇരുപത്തിയെട്ട് വര്‍ഷക്കാലം ആ കുഞ്ഞിനെ നോക്കീട്ടും കഴുത്ത് ഞെരിച്ച് കൊല്ലുമ്പോള്‍ അവരുടെ മനസ്സിലൂടെ എന്തെല്ലാം കടന്നുപോയിക്കാണും?

ഇതിന് മുന്‍പ് മുനീസ എനിക്ക് സന്ദേശം അയച്ചത് 2022 ഏപ്രില്‍ പതിനാറിനാണ്. തലേന്ന് ആഘോഷിച്ച കയ്പേറിയ വിഷു അറിയിക്കാനായിരുന്നു അത്. അവള്‍ പറഞ്ഞു: ''ഇന്നലെ വിഷുദിനത്തില്‍ രാത്രി പതിനൊന്ന് മണിക്ക് ഞങ്ങളുടെ ഒരു കുട്ടികൂടി യാത്രയായി. പതിനൊന്നുകാരി സൗപര്‍ണിക.... സങ്കടമൊന്നും ഇല്ല. കോമാളി കരയരുതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കും കരച്ചിലൊന്നും വരാറില്ല. ഫിസിയോതെറാപ്പി കിട്ടി കുറച്ച് എഴുന്നേറ്റ് നില്‍ക്കാന്‍ തുടങ്ങിയതായിരുന്നു. പിന്നെ കോവിഡൊക്കെ വന്ന് സ്‌കൂള്‍ അടച്ചിട്ടപ്പോ ഫിസിയോ തെറാപ്പിയൊക്കെ മുടങ്ങി... മറ്റൊരു ലോകത്തെങ്കിലും അവള്‍ക്ക് സന്തോഷം ഉണ്ടാകും എന്ന് ആഗ്രഹിച്ചുപോകുന്നു.''

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ സഹജീവികളുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി ജീവിക്കുന്ന ഒരുവളുടെ ശബ്ദരേഖയാണ് ഇത്. ഒരു ജനത അനുഭവിക്കുന്ന ദുരിതങ്ങളും അവരുടെ ഘനീഭവിച്ച ദുഖവും പ്രതിഷേധവും നിസ്സഹായതയും ഇതിലും ആഴത്തില്‍ എങ്ങനെ രേഖപ്പെടുത്തും.

മുനീസ പറഞ്ഞ സൗപര്‍ണിക(11)യുടെ മരണം നാം ആരും അറിയാതെ കടന്നുപോയി. എന്നാ ആദ്യത്തേതിന് ഒരു സെന്‍സേഷണല്‍ സ്വഭാവം ഉള്ളതുകൊണ്ട് മാധ്യമങ്ങളില്‍ വാര്‍ത്തയായി. അമ്മയും മകളും തമ്മിലുള്ള വഴക്കിനെത്തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊന്ന ക്രൂരയായ അമ്മയുടെ കൊലപാതക കഥയായും വന്നു ഒരു വാര്‍ത്ത. എല്ലാ വാര്‍ത്തകളുംപോലെ നാം ഈ ദുരന്തവും മറക്കും. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തോട്, ദുരിത ബാധിതരോട് ഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും സമൂഹത്തിന്റേയും നിസ്സംഗത ഇതിലൂടെ വായിച്ചെടുക്കാന്‍ പറ്റും.

ഈ വര്‍ഷം കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെ മരണങ്ങളില്‍ ആറാമത്തേതായിരുന്നു സൗപര്‍ണികയുടേത്. തൃക്കരിപ്പൂരിലെ അഭിനവ് കൃഷ്ണന്‍(17), കുമ്പഡാജെ പഞ്ചായത്തിലെ പെരിഞ്ച മൊഗേര്‍ ആദിവാസി കോളനിയിലെ ഒന്നര വയസ്സുകാരി ഹര്‍ഷിത. മാണിക്കോത്തെ മുഹമ്മദ് ഇസ്മയില്‍(11), കുഞ്ഞാറ്റ, വിസ്മയ(18). ചികിത്സയും സാന്ത്വനവും കിട്ടാതെ മരണത്തിലേക്ക് മറയാന്‍ കാത്ത് ഇനിയും എത്രയോ കുഞ്ഞുങ്ങള്‍...

'അന്‍പ്' ഇല്ലാതാകുമ്പോള്‍...

2016ലെ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ദുരിതബാധിതര്‍ പ്രതീക്ഷയിലായിരുന്നു. പിണറായി വിജയന്‍ കാസര്‍കോട്നിന്ന് ആരംഭിച്ച നവകേരള യാത്ര ഒരു എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന് മധുരനാരങ്ങ നല്‍കിയായിരുന്നു ആരംഭിച്ചത്. ഒരു നല്ല തുടക്കമായി അതിനെ എല്ലാവരും കണ്ടു. പക്ഷേ, ആ പ്രതീക്ഷകള്‍ അസ്ഥാനത്തായി. മികച്ച ചികിത്സ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കപ്പെടുക, 2010 ലെ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ ഒന്നുപോലും നടപ്പാക്കാത്ത അവസ്ഥ മാറുക, രോഗബാധിതരുടെയും കുടുംബത്തിന്റെയും പുനരധിവാസം, തലമുറകളെ പിന്‍തുടരുന്ന ഒരു ദുരന്തം ആവശ്യപ്പെടുന്ന തുടര്‍ശ്രദ്ധ, എന്‍ഡോസള്‍ഫാന്‍ ദുരന്ത മേഖലകളിലെ നവജാത ശിശുക്കളില്‍ കണ്ടുവരുന്ന രോഗത്തുടര്‍ച്ച, പുതിയ രോഗികളെ കണ്ടെത്താനുള്ള പുതിയ മെഡിക്കല്‍ ക്യാമ്പ്, രോഗികളോടും കുടുംബത്തോടും അനുകമ്പാപൂര്‍ണമായ സമീപനം എന്നിങ്ങനെ പലതലങ്ങളി സ്പര്‍ശിക്കുന്ന സമഗ്രമായ ഒരു ഇടത് സമീപനം മനുഷ്യസ്‌നേഹികളെല്ലാം ആഗ്രഹിച്ചിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സായിഗ്രാമം പണിത വീടുകള്‍ കാടുമൂടികിടക്കുന്നു

പക്ഷേ, രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാംവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അനുഭവം മറിച്ചാണ്. രോഗികളുടെ നില മെച്ചപ്പെടുത്താന്‍ 2004- ആരംഭിച്ചതായിരുന്നു എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് റിഹാബിലിറ്റേഷന്‍ സെല്‍. മന്ത്രി ചെയര്‍മാനും കളക്ടര്‍ കണ്‍വീനറും. ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഒരുപാട് മുറവിളികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഒടുവില്‍ മന്ത്രി എം.വി. ഗോവിന്ദന്‍ ചെയര്‍മാനായി ഒരുവര്‍ഷത്തിനുശേഷമാണ് പുനഃസംഘടിപ്പിച്ചത്. ലിസ്റ്റ് വന്നപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ പുറത്ത്. പ്രത്യേകിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി പോലുള്ള സംഘടനകള്‍. അന്വേഷിച്ചപ്പോള്‍ അത് സര്‍ക്കാരിന് സംഭവിച്ച ഗുമസ്തപ്പിഴവ്! പക്ഷേ, അത് തിരുത്താനും വേണ്ടിവന്നു സെക്രട്ടേറിയറ്റുവരെ നീണ്ട സമരവും സമ്മര്‍ദവും.

കഴിഞ്ഞ സെല്ലിന്റെ കണ്‍വീനര്‍ കളക്ടര്‍ ഡോ. സജിത് ബാബു ഉണ്ടാക്കിയ പുകില്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കണം. ലോകം അടഞ്ഞുകിടന്ന കോവിഡിന്റെ നാളുകളില്‍ ഇദ്ദേഹം എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കുവേണ്ടി അടച്ചിട്ട മുറിയില്‍ ഇരുന്ന് ഒരു പ്രബന്ധം രചിക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ അനര്‍ഹര്‍ കയറിപ്പറ്റി എന്നതായിരുന്നു അതിലെ പ്രധാന കണ്ടെത്തല്‍. അതുകൊണ്ട് പഴയ പട്ടിക തള്ളി പട്ടികയിലുള്ള 6728 പേരേയും പുനഃപരിശോധിക്കണം എന്നായിരുന്നു മുന്നോട്ടുവെച്ച നിര്‍ദേശം. വിദഗ്ധരായ ഒരുകൂട്ടം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മാസങ്ങളോളം കഠിനാധ്വാനംചെയ്ത് ഉണ്ടാക്കിയ റിപ്പോര്‍ട്ട് തള്ളിക്കളയാനാണ് കളക്ടര്‍ നിര്‍ദേശിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഉത്തരവാദി ഭരണകൂടമാണ് എന്ന് ആര്‍ജവത്തോടെ പ്രഖ്യാപിച്ച ഒരു ഇടതുപക്ഷ സര്‍ക്കാരിന്റെ (വി.എസ്. അച്യുതാനന്ദന്‍ ആയിരുന്നു അന്ന് മുഖ്യമന്ത്രി) തുടര്‍ മന്ത്രിസഭ ഭരിക്കുമ്പോഴാണ് ഇത്. മൂന്നുവര്‍ഷമായിരുന്നു ഈ കളക്ടറും കൂടെയുള്ള ബ്യൂറോക്രസിയും ചേര്‍ന്ന് അഭയംതേടിയെത്തിയ അശരണരായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും അവരുടെ ആശ്രിതരെയും അപമാനിച്ചത്. അപമാനത്തിന്റെ കണ്ണീര്‍ കുതിര്‍ന്ന എത്രയോ കഥകള്‍ ഇവര്‍ക്ക് പറയാനുണ്ട്. ബാക്കിയായ ചോദ്യം ഒന്നുമാത്രം: ദുരിതബാധിതരോട് കനിവോടെ പെരുമാറേണ്ട സെല്‍ കണ്‍വീനര്‍സ്ഥാനത്ത് എന്‍ഡോസള്‍ഫാനുവേണ്ടി മുന്നേ പരസ്യമായ നിലപാട് എടുത്ത ഒരു കളക്ടറെ ഇരുത്തുകയും തുടരെ പരാതി ഉയര്‍ന്നിട്ടും അദ്ദേഹത്തെ അവിടെത്തന്നെ നിലനിര്‍ത്തുകയും ചെയ്തതിന് പിറകിലെ താത്പര്യം ആരുടെതായിരുന്നു?

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് സ്ഥാപിച്ചതായിരുന്നു ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജിനുവേണ്ടിയുള്ള തറക്കല്ല്. പേരിനുമാത്രം അതിന്റെ ഒ.പി. പ്രവര്‍ത്തിച്ചുതുടങ്ങിയത് ഈ അടുത്ത കാലത്ത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷമാണ് എന്‍ഡോസള്‍ഫാന്‍. ഈ വിഭാഗത്തില്‍ പെട്ട രോഗികളാണ് ഏറെയും. ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കാനും ഈ ജില്ലയ്ക്ക് അധികൃതരുടെ പിറകെ നടക്കേണ്ടിവന്നത് പത്തുവര്‍ഷം.

ചികിത്സാ അപര്യാപ്തതകൊണ്ട് ദുരിതബാധിതര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ എഴുതിയാല്‍ തീരില്ല. എന്തിനും ഏതിനും ഇതര ജില്ലകളെയും സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ട ദുരവസ്ഥ. കേരളത്തിന് കേന്ദ്രം അനുവദിച്ച പഠന ഗവേഷണങ്ങള്‍ സമന്വയിക്കുന്ന എയിംസ് അജ്ഞാതരോഗങ്ങളുടെ വിളഭൂമിയായ ഈ ജില്ലയ്ക്ക് എന്തുകൊണ്ടും അത്യാവശ്യമാണ്. എന്നാല്‍ ഈ നാടിന്റെ മുറവിളി ഭരണകൂടം കേട്ടതായിപ്പോലും നടിക്കുന്നില്ല. ഒടുവില്‍ ധാരാളം മെഡിക്കല്‍ കോളേജുകളും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി സൗകര്യങ്ങളുമുള്ള ജില്ലയിലേക്ക് എയിംസിനെ കടത്തിക്കൊണ്ടുപോകാനാണ് ധൃതി.

ദുരിതബാധിതര്‍ക്ക് അഞ്ചുലക്ഷം നഷ്ടപരിഹാരം എന്ന മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നടപ്പിലാക്കാന്‍ സുപ്രീംകോടതി വിധി വന്നിട്ടും പന്ത്രണ്ടുവര്‍ഷം എടുത്തു. പരമോന്നത നീതിപീഠത്തിന്റെ ഒടുവിലത്തെ അന്ത്യശാസനത്തില്‍ സര്‍ക്കാരിന് കീഴടങ്ങേണ്ടിവന്നു എന്നതാണ് സത്യം. അഞ്ചുലക്ഷം എന്ന വലിയ തുകയുടെ കണക്ക് പറയുമ്പോഴും നടപ്പിലാക്കാന്‍ വൈകിയതിനാല്‍ പന്ത്രണ്ടുവര്‍ഷംകൊണ്ട് രൂപയ്ക്ക് വന്ന മൂല്യശോഷണത്തിന് ദുരിതബാധിതരോട് ആര് കണക്ക് പറയണം?

കിടപ്പിലായ രോഗികള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരം നല്‍കുന്ന ദുരിതാശ്വാസത്തെക്കുറിച്ച് പറയാം. പത്തുവര്‍ഷംമുന്‍പ് നല്‍കിയ തുകയാണിത്. ഈ തുക ഇതുവരെ പുതുക്കിയിട്ടില്ല. മാത്രമല്ല, ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തുക ആയിരത്തി എഴുനൂറ് രൂപയാക്കി കുറച്ചു. ഈ തുച്ഛമായ തുകയെ മാത്രം ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ ഇവിടെയുണ്ട് . കിടപ്പിലായ രോഗികളെ ശുശ്രൂഷിക്കേണ്ടതിനാല്‍ പണിക്ക് പോകാനാകാത്ത കുടുംബങ്ങളുടെ ഏക വരുമാനം ഇതാണ്. മാസങ്ങള്‍ വൈകിയാണ് പലപ്പോഴും തുക വിതരണം ചെയ്യുന്നത്. 2021- അഞ്ചുമാസം പെന്‍ഷന്‍ മുടങ്ങിയപ്പോള്‍ ചിങ്ങം ഒന്നിന് പട്ടിണി സമരം നടത്തേണ്ടിവന്നു ഇവര്‍ക്ക്. ദുരിതബാധിത മേഖലകളില്‍ ഇപ്പോഴും കുഞ്ഞുങ്ങള്‍ ചാപിള്ളകളെപ്പോലെ ജനിക്കുന്നു. എന്നാല്‍ 2017- നുശേഷം ഒരു മെഡിക്കല്‍ ക്യാമ്പ് നടത്താന്‍പോലും സര്‍ക്കാര്‍ മനസ്സുവെച്ചിട്ടില്ല.

പത്തുവര്‍ഷം മുന്‍പ് തറക്കല്ലിട്ട മുതലപ്പാറയിലെ പുനരധിവാസ ഗ്രാമം നോക്കുകുത്തിപോലെ നില്‍ക്കുന്നു. ഈ മാസം (ജൂണ്‍ 8ന്) മേധാ പട്കര്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. പീഡിത മുന്നണി പ്രവര്‍ത്തകര്‍ ശിലാഫലകത്തില്‍ റീത്തുവെച്ച് പ്രതിഷേധിച്ചു.

സര്‍ക്കാരിന് ഒരു ചില്ലിക്കാശുപോലും ചെലവില്ലാതെ എന്‍മഗജെയിലും പെരിയയിലും ദുരിതബാധിതര്‍ക്കായി സായി ഗ്രാമം നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ കാടുകയറി നശിക്കുന്നു. നൂറുകണക്കിന് നിരാലംബരായവര്‍ കേറിക്കിടക്കാന്‍ സ്വന്തമായി കൂരയില്ലാതെ അധികൃതര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് ഈ കൊടിയ ക്രൂരത. 2021 മാര്‍ച്ചില്‍ ഈ സ്ഥലം സന്ദര്‍ശിച്ച് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അധികൃതര്‍ വാര്‍ത്ത കണ്ടതായിപ്പോലും നടിച്ചില്ല.

2010-ലെ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടതാണ് പാലിയേറ്റീവ് കെയര്‍ ആശുപത്രി സ്ഥാപിക്കണം എന്നത്. രോഗപീഡയില്‍ ശാരീരികവും മാനസികവുമായ വേദന തിന്നുന്ന ആയിരങ്ങളുടെ ജീവിതത്തില്‍ സാന്ത്വന പരിചരണത്തിനുള്ള സ്ഥാനം വലുതാണ്. വര്‍ഷം പന്ത്രണ്ട് കഴിഞ്ഞു, ഒരൊറ്റ പാലീയേറ്റീവ് കെയര്‍ ഹോസ്പിറ്റല്‍ പോലും ജില്ലയില്‍ വന്നിട്ടില്ല.ഇതിനെല്ലാമുപരി എന്‍ഡോസള്‍ഫാന്‍ ഒരു കള്ളക്കഥയാണ് എന്ന് ശാസ്ത്രനാമത്തില്‍ ആണയിട്ട് ഒരു വിഭാഗം ദുരിതജീവിതം നയിക്കുന്നവരെ അപമാനിക്കാന്‍ പരസ്യമായി രംഗത്തുവരാന്‍ ധൈര്യപ്പെടുന്നു. ഇവര്‍ നിരന്തരമായി ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദൃശ്യരായി ഇടപെടുന്നുണ്ട്. സ്റ്റോക് ഹോം കണ്‍വെന്‍ഷന്റെ എന്‍ഡോസള്‍ഫാന്റെ ലോകവ്യാപകമായ നിരോധനം ശരിവെച്ചുകൊണ്ടുള്ള സുപ്രീകോടതി വിധി നിലവിലുള്ളപ്പോഴാണ് ഇത് എന്നത് കേവലം ഒരു യാദൃച്ഛികതയല്ല. ഹോളോകാസ്റ്റ് ഒരു കെട്ടുകഥയാണ് എന്ന ലോകവ്യാപകമായി നടക്കുന്ന കള്ളക്കഥയ്ക്ക് തുല്യം. മനുഷ്യരാശിക്കെതിരേ നടന്ന കുറ്റകൃത്യം എന്ന നിലയില്‍ ന്യൂറന്‍ബര്‍ഗ് വിചാരണപോലെ വിചാരണ ചെയ്യപ്പെടേണ്ടതാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഉത്തരവാദികളായവരെ. അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സും പ്ലാന്റേഷന്‍ കോര്‍പ്പറേഷനും കാര്‍ഷിക സര്‍വകലാശാലയും കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രവും ചേര്‍ന്ന് വിതച്ച ദുരന്തത്തിന്റെ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തി വിചാരണചെയ്ത് തുറുങ്കിലടച്ചാലേ ഭരണകൂടത്തിന് ഈ പാപക്കറ കഴുകിക്കളയാന്‍ പറ്റൂ. ആ നിലയില്‍ നമ്മുടെ മനസ്സാക്ഷി ഉണര്‍ന്നാലേ ഒരു ജനാധിപത്യ സമൂഹം എന്ന നിലയില്‍ നമുക്ക് നിലനില്പുള്ളൂ.ഭരണകൂടത്തിന്റെ അനുതാപപൂര്‍വമായ ഇടപെടലാണ് കാലം കാത്തിരിക്കുന്നത്.

വിമലയുടെ വീട്

എല്ലാ ദിവസവും ഞങ്ങള്‍ വിളിക്കുമായിരുന്നു... വല്ലപ്പോഴും, ഇടിയും മഴയും ഉണ്ടാകുമ്പോള്‍ മാത്രമേ ആ വിളി മുടങ്ങൂ... എന്താവശ്യത്തിനും ഞങ്ങള്‍ ഓടിയെത്തും...'', എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊന്ന് ആത്മഹത്യചെയ്ത വിമലയുടെ മൂത്ത മകന്‍ രഞ്ജിത്, മരണത്തിന്റെ ആറാംനാള്‍ രാവിലെ, ആ ഓര്‍മകളിലൂടെ സഞ്ചരിക്കുന്നു.

കാസര്‍കോട് പെരിയയ്ക്ക് അടുത്ത് ബന്തടുക്ക ബളാന്തോട് പാതയില്‍ ചാമുണ്ഡിക്കുന്ന് ഓട്ടമലയിലാണ് ആ വീട്. പണ്ട് കുണ്ടുംകുഴിയുമായിരുന്ന പാത 'മക്കാഡം'ചെയ്ത് പുതുക്കിയത് അടുത്ത കാലത്താണ്. മലയടിവാരത്തിലുള്ള വീട്ടിലെത്തലാണ് സാഹസം. വെട്ടുക വഴിയിലൂടെ സൂക്ഷിച്ചുവേണം നടക്കാന്‍. ഭര്‍ത്താവ് മരണപ്പെട്ട് ഏകയായ ഒരു സ്ത്രീ ഈ വഴിയിലൂടെയുള്ള യാത്രയില്‍ വയ്യാത്ത തന്റെ കുഞ്ഞുമായി അനുഭവിച്ച ക്ലേശങ്ങള്‍ എത്ര വലുതായിരിക്കും? ആ വീട്ടിലെത്തുമ്പോള്‍ രഞ്ജിത്തും ഭാര്യയും ഭാര്യാസഹോദരനും വീടുപൂട്ടി ജോലിസ്ഥലമായ പൊന്‍കുന്നത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു.

വിമലയുടെ വീട്‌

രണ്ടുപേര്‍ ജീവനൊടുക്കിയ ആ വീടിന്റെ പരിസരം അപ്പോഴും മൂകമായിരുന്നു. കോലായിലെ ചുവരില്‍ ഇ.കെ. നായനാരുടെ നിറംമങ്ങിയ ഒരു ചിത്രം. പകല്‍ വെളിച്ചം കുറഞ്ഞ പരിസരം. വീടിനകത്തും ഇരുട്ട് വീണുകിടന്നു. അകത്തേക്ക് കാല്‍ വയ്ക്കുമ്പോള്‍ ജീവിതത്തോട് പൊരുതി കീഴടങ്ങിയ രണ്ട് ജന്മങ്ങള്‍ക്കുമുന്നില്‍ ശിരസ്സ് കുനിച്ചു. രേഷ്മ അവസാനമായി കിടന്ന മുറി. അമ്മ അവസാനശ്വാസത്തിനുവേണ്ടി പിടഞ്ഞ അടുക്കള. ക്യാമറയോടൊപ്പം വേദനയോടെ സഞ്ചരിച്ചു. അധികനേരം അവിടെ ചെലവഴിക്കാന്‍ മനസ്സ് അനുവദിച്ചില്ല...

''ഇവിടെ വറ്റാത്ത കുടിവെള്ളം ഉണ്ടായിരുന്നു. വെള്ളം നോക്കിയാണ് ഞങ്ങള്‍ ഈ സ്ഥലം വാങ്ങിയത്. എന്റെ കല്യാണത്തിനുശേഷം. ആദ്യത്തെ വീട്ടില്‍ വേനല്‍ക്കാലത്ത് ഞങ്ങള്‍ക്ക് വെള്ളം തികയില്ലായിരുന്നു. അങ്ങനെയാണ് ഇവിടെ വീടുവെച്ചത്. പിന്നീട് ഇവിടെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടായപ്പോള്‍ മേലേയുള്ള അടുക്കത്ത്, റോഡ്‌സൈഡില്‍ അമ്മയുടെ പേരില്‍ വീടുപണിയാനായി കുറച്ച് സ്ഥലം വാങ്ങി. വീടിനായി ലൈഫ് മിഷന് അപേക്ഷ നല്‍കിയിരുന്നു. അത് നീണ്ടുപോയി. അവിടെ ഒരു വീടായാല്‍ മാളുവിനെ(മരണപ്പെട്ട രേഷ്മ) കൊണ്ടുപോകാനും വരാനും എളുപ്പമായി,'' അമ്മ പറയുമായിരുന്നു. മുപ്പത് കിലോമീറ്റര്‍ ദൂരേയുള്ള ഗിരിക്കുളത്ത് പള്ളില്‍ നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളി ആയിരുന്നു രേഷ്മ പോയിരുന്നത്. ആഴ്ചയ്ക്ക് അവളെ പോയി കാണും. വീടിനടുത്ത് പനത്തടിയില്‍ മൂന്നുവര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തിയായ ഒരു ബഡ്‌സ് സ്‌കൂളുണ്ട്. അത് തുറന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കി എന്ന് ആശിച്ചുപോയി. എന്നും പോയിവരാവുന്ന ദൂരത്ത് വീടിന്റെ സാന്നിധ്യം അവളിലും സന്തോഷം നിറച്ചേനെ.
അമ്മ ചാമുണ്ടിക്കുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാചകജോലി ചെയ്തിരുന്നു. ''ഞങ്ങള്‍ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുകയായിരുന്നില്ല,'' കുട്ടികളില്ലാത്തതിന് ചികിത്സയില്‍ കഴിയുന്ന രഞ്ജിത് പറഞ്ഞു. ''പെന്‍ഷനും അവളുടെ പെന്‍ഷനും ഞങ്ങളുടെ സഹായവുംകൊണ്ട് അവര്‍ക്ക് സുഖമായി കഴിയാമായിരുന്നു.'' പൊന്‍കുന്നത്ത് സ്റ്റീല്‍ അലമാരക്കമ്പനിയിലെ ജീവനക്കാരനാണ് രഞ്ജിത്. വിവാഹിതനായ അനുജനും കൂടെയുണ്ട്...

വിമലയുടെ മകന്‍ വീട് പൂട്ടിയിറങ്ങുന്നു

ജീവിതത്തോട് പൊരുതി ഇത്രവരെ എത്തിയിട്ടും അമ്മ ഇത് എന്തിന് ചെയ്തു എന്ന ചോദ്യത്തിനുമുന്നി അയാള്‍ ഒരുനിമിഷം നിശ്ശബ്ദനായി. ''അമ്മയുടെ മരണത്തിന്റെ കാരണം അറിയുന്ന ഒരാള്‍ മാത്രമേ ഉള്ളൂ. അത് അമ്മ മാത്രം... അമ്മ ജീവിച്ചിരിപ്പും ഇല്ല'', രഞ്ജിത്തിന്റെ കണ്ഠമിടറി.''
കൂടപ്പിറപ്പുകള്‍ അവരുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള യാത്രയിലാകുമ്പോള്‍ വീടിന്റെ ഏകാന്തതയിലും നിസ്സഹായതയിലും രോഗികളായ മക്കളോടൊപ്പം ഒറ്റപ്പെട്ടുപോകുന്ന രക്ഷിതാക്കള്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ ഓരോ വീടും ഇന്ന് നേരിടുന്ന ക്രൂരമായ യാഥാര്‍ഥ്യം. ഞങ്ങള്‍ക്കുശേഷം രോഗിയായ എന്റെ കുഞ്ഞിന് ആര് എന്ന ചോദ്യത്തിന് മുന്നിലാണ് അവര്‍ അടിപതറുന്നത്. ചാമുണ്ടിക്കുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളി ആയിരത്തോളം കുരുന്നുകള്‍ക്ക് അന്നം വിളമ്പിയ ആ കൈകള്‍കൊണ്ട് സ്വന്തം കുഞ്ഞിന്റെ കഴുത്ത് ഞെരിക്കാന്‍ ആ അമ്മയെ പ്രേരിപ്പിച്ചത് മറ്റൊരു ചിന്തയാകാന്‍ വഴിയില്ല.

അബ്ദുള്‍ റഹ്മാന്‍(32)

ആ വീട്ടില്‍ രണ്ടുപേര്‍ മാത്രം. ബാപ്പയും മകനും. മകനെ തറയിലൂടെ വലിച്ചിഴച്ച് കൊണ്ടുവരുന്നു. ഇരിക്കാനും നില്‍ക്കാനും കഴിയാത്ത മകന്‍. അവനെ താങ്ങിനിര്‍ത്താന്‍ ആ പിതാവിനാകില്ല.
''ഓള് പോയശേഷം ഞാന്‍ ഈ വീടുവിട്ട് പുറത്ത് ഇറങ്ങിയിട്ടില്ല. കല്യാണവീട്ടിലോ മരിച്ചവീട്ടിലോ പോലും... തനിച്ചാക്കിയത് എന്നെ മാത്രല്ല, ദാ ഇവനെക്കൂടിയാണ്,'' മുഖത്ത് വിടാതെ നില്‍ക്കുന്ന ചിരി.

അബ്ദുള്ളയും മകന്‍ അബ്ദുള്‍ റഹ്മാനും

വേദനയിലും ഇവര്‍ക്ക് ചിരിക്കാനാകും. അറുപത്തിയൊന്ന് കഴിഞ്ഞ അബ്ദുള്ള തറയില്‍ കിടക്കുന്ന മകനെ നോക്കി. അഞ്ചുവര്‍ഷംമുന്‍പ് അവന്റെ ഉമ്മ വിട്ടുപോയി. എല്ലാംകേട്ട് ചിരിച്ച് മകന്‍ അബ്ദുള്‍ റഹ്മാന്‍. പാന്റും ടീഷര്‍ട്ടും വേഷം. കൈയില്‍ ഒരു റിസ്റ്റ് വാച്ച്. വിരിഞ്ഞ മാറിടം. ഉയരമുള്ള ഒത്ത പുരുഷനാണ് തറയില്‍ കിടക്കുന്നത്. ശരീരം അനക്കാന്‍ ആകാതെ... പ്രാഥമിക കാര്യങ്ങള്‍ മുതല്‍ ഭക്ഷണം കഴിക്കുന്നതുവരെ അവന് ഉപ്പയുടെ സഹായം വേണം. മകന്റെ ഭാരമേറിയ ശരീരം പൊക്കാനാകാതെ ആ വൃദ്ധപിതാവ് തറയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന കാഴ്ച ആരേയും വേദനിപ്പിക്കുന്നതാണ്. ''മറ്റെന്ത് ചെയ്യാനാ? കുഞ്ഞായിരിക്കുമ്പോള്‍ ഞാന്‍ ഒക്കത്ത് വെക്കുവായിരുന്നു,'' ചിരി വിടാത്ത ചുളിവുകള്‍ വീണ മുഖത്ത് വിഷാദം.മകന്റെ കൈകളില്‍ ആ വാപ്പ സ്‌നേഹപൂര്‍വം ഒരു വാച്ച് കെട്ടിക്കൊടുത്തിട്ടുണ്ട്. ആ വാച്ചിന്റെ സൂചികള്‍ തിരിയുമ്പോള്‍ കാലം കടന്നുപോകുന്നത്, പക്ഷേ, അവന്‍ അറിയുന്നില്ല... കാലം അബ്ദുള്‍ റഹ്മാന് ഒരു തലകീഴായ കാഴ്ചയാണ്... കിടക്കുന്ന തറയുടെ ചൂടും തണുപ്പുമാണ്. രാവിലെ ജാലകത്തിലൂടെ അരിച്ചുകടന്നുവരുന്ന സൂര്യന്റെ ചുവന്ന വെളിച്ചം. ഉച്ചയ്ക്ക് മുറിയിലൂടെ കടന്നുപോകുന്ന ഈര്‍പ്പമില്ലാത്ത കാറ്റ്. ഒരു നിലാക്കീറ്.

ഞങ്ങളെ യാത്രയയയ്ക്കുമ്പോള്‍ ആ വാപ്പയുടെ കണ്ണുകളില്‍ ഒരു ചോദ്യം ഉച്ചരിക്കാതെ ബാക്കിനിന്നു.എനിക്കുശേഷം? ചെങ്ങള പഞ്ചായത്തിലെ ബേര്‍ക്കി താമസിക്കുന്ന ഇവര്‍ക്ക് വികലാംഗ പെന്‍ഷനും എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസവും കിട്ടുന്നുണ്ട്. മൂന്നുമക്കളില്‍ നടുവിലാണ് അബ്ദുള്‍ റഹ്മാന്‍. ഒരു മകനും മകളുംകൂടിയുണ്ട്.

ഉദ്ധേശ് കുമാര്‍ (32)

ഉച്ചനേരത്താണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി പ്രവര്‍ത്തകരോടൊപ്പം ആ വീട്ടില്‍ എത്തുന്നത്. കോലായിലെ നേര്‍ത്ത ഇരുട്ടില്‍ കുഞ്ഞിനെ മടിയിലിരുത്തി ഭക്ഷണംകൊടുക്കുന്ന ഒരു സ്ത്രീയുടെ നിഴല്‍ രൂപം. അടുത്തെത്തിയപ്പോള്‍ മനസ്സിലായി, ഭക്ഷണമല്ല, മരുന്നുകൊടുക്കുകയാണ് അമ്പത്തിയേഴുകാരി ശാരദ. മടിയില്‍ കിടക്കുന്നത് മൂത്ത മകന്‍ ഉദ്ധേശ് കുമാര്‍. വെറും എല്ലുകള്‍കൊണ്ട് തീര്‍ത്ത ഒരുപിടി ശരീരം... ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി ഉടുതുണിപോലും മാറിയിട്ടില്ല. മകന്റെ വയസ്സ് മുപ്പത്തിയൊന്ന് ജന്മനാ കാഴ്ചയില്ല. ശബ്ദത്തെ ഭയമാണ്. ''രാത്രി ഉറങ്ങില്ല. കരഞ്ഞുകൊണ്ടേയിരിക്കും. മുപ്പത്തൊന്ന് കൊല്ലം നോക്കി, ഇനിയും... വേറൊന്നും ചെയ്യാനാവില്ലല്ലോ, അതുകഴിഞ്ഞ്...'', ശാരദയുടെ വാക്കുകള്‍ മുറിഞ്ഞു. കുരിശില്‍ നിന്നിറക്കിയ തിരുശരീരം പോലെ ഉദയകുമാറിന്റെ ദേഹം മറ്റൊരു വ്യാകുലമാതാവിന്റെ കൈകളില്‍ ... ഉറഞ്ഞുകൂടിയ കണ്ണീര്‍... വേദനമാത്രം ഇവര്‍ക്ക് പ്രാപഞ്ചികസത്യം.

ഉദ്ധേശ്കുമാര്‍ അമ്മ ശാരദയുടെ മടിയില്‍

കാസര്‍കോട് അണങ്കൂരിലെ ശാരദ-ഗോപാലന്‍ ദമ്പതിമാരുടെ മൂന്നുമക്കളില്‍ നടുവിലത്തേതാണ് ഉദ്ധേശ്. അവന്റെ രോഗം എന്താണെന്ന് അവര്‍ക്കറിയില്ല, വൈദ്യശാസ്ത്രത്തിനും. കഴിഞ്ഞമാസം കാസര്‍കോട് സന്ദര്‍ശിച്ച മേധാ പട്കര്‍ ഈ വീട്ടി വന്നു. കുടുംബത്തിന്റെ ദുരവസ്ഥ മാധ്യമശ്രദ്ധയിലേക്ക് വന്നിരുന്നു. സ്വന്തമായി ഒരു വീട് ഇവര്‍ക്കില്ല. സര്‍ക്കാര്‍ വിദൂരമായ മറ്റൊരു വില്ലേജില്‍ നല്‍കിയ മൂന്നുസെന്റ് ഭൂമി വലിയ ചര്‍ച്ചയായി. മാധ്യമങ്ങളുടെ ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം (06/06/2022) റവന്യൂ മന്ത്രി വീടിനടുത്ത് അഞ്ചുസെന്റ് ഭൂമി അടിയന്തരമായി അനുവദിച്ചു. ''ഇനി സ്വന്തമായി ഒരു വീട് വേണം. മോനെ കൊണ്ടുപോകാന്‍ ഒരു വാഹനവും,'' ആ അമ്മ തന്റെ കൊച്ചുസ്വപ്നം പങ്കുവെച്ചു...

അഞ്ജലി(21)

ഇരുപത്തിയൊന്നുകാരിയായ ഏകമകളെ അഴിയിട്ട മുറിക്കുള്ളില്‍ പൂട്ടി പോകേണ്ടിവരുന്ന അമ്മയെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. അഞ്ജലി(21)യും അമ്മ രാജേശ്വരിയും(45). ആക്രമാസക്തയാകുന്ന അഞ്ജലി കണ്ണില്‍ക്കണ്ടതല്ലാം വലിച്ചെറിയും. തല ചുവരിലിടിച്ച് പൊട്ടിക്കും. സ്വന്തം ശരീരം കടിച്ചുമുറിവേല്‍പ്പിക്കും. ചിലനേരങ്ങളില്‍ അപസ്മാരം വന്ന് ആ കുരുന്നുദേഹം തറയില്‍ വീണ് പിടയും. ഇപ്പോള്‍ വീട്ടിലെത്തുമ്പോള്‍ കണ്ടത് മറ്റൊരു അഞ്ജലിയെ. സ്‌നേഹപൂര്‍വം മുടി ചീകിക്കൊടുക്കുന്ന അമ്മയോടൊപ്പം ചേര്‍ന്നിരിക്കുന്ന അഞ്ജലിയെ... ''ഇപ്പോള്‍ നല്ല മാറ്റമുണ്ട്,'' സന്തോഷത്തോടെ അമ്മ രാജേശ്വരി.

വീടിനുള്ളില്‍ അഞ്ജലിയെ പാര്‍പ്പിച്ചിരുന്ന തടവറ

അഞ്ജലിയെ അച്ഛന്‍ ചെറുപ്പത്തിലേ ഉപേക്ഷിച്ച് പോയി. ഒടുവില്‍ മകളുമായി രാജേശ്വരി ചെങ്ങള പഞ്ചായത്തിലെ കള്ളകട്ടയിലെ സഹോദരന്റ വീട്ടില്‍ അഭയം തേടി. മകളുടെ രോഗംമൂലം മറ്റൊരു ജോലിചെയ്യാനാകാത്ത അമ്മ. സര്‍ക്കാരിന്റെ 1600 രൂപ വികലാംഗ പെന്‍ഷന്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്ന 1700 രൂപ ദുരിതാശ്വാസം. ഇതാണ് ഏക ആശ്രയം. നഷ്ടപരിഹാരമായി കിട്ടിയ അഞ്ചുലക്ഷം മരുന്നിന് മാത്രമേ തികയൂ.

അഞ്ജലിയും രാജേശ്വരിയും

മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഒരമ്മയുടെ പെടാപ്പാടറിഞ്ഞ സുമനസ്സുകളാണ് ഇവര്‍ക്ക് കൈത്താങ്ങായത്. അവര്‍ അയച്ചുകൊടുത്ത പണംകൊണ്ട് രാജേശ്വരി മകള്‍ക്ക് ചികിത്സ നടക്കുന്നത്. ഒരുപാട് മുറവിളികള്‍ക്കുശേഷം കാസര്‍കോട് ഉക്കിനടുക്കയില്‍ വന്ന മെഡിക്കല്‍ കോളേജും (പേരിനെങ്കിലും) ന്യൂറോളജിസ്റ്റിന്റെ നിയമനവും അനുഗ്രഹമായി. അടുത്തകാലത്ത് തുടങ്ങിയ സ്പീച്ച് തെറാപ്പി, സ്‌പെഷ്യ സൂളിലെ ട്രെയിനിങ് ഇവയും അവളില്‍ വലിയ മാറ്റംവരുത്തി.

''എട്ടുവര്‍ഷം അവളെ ജയിലിലെന്നപോലെ ഇടേണ്ടിവന്നു. വേറെ വഴിയില്ലാഞ്ഞിട്ടാണ്. ഇപ്പോള്‍ അല്പം ആശ്വാസമുണ്ട്,'' അവര്‍ സന്തോഷം മറച്ചുവെയ്ക്കുന്നില്ല. സര്‍ക്കാര്‍ പതിച്ചുനല്‍കിയ മൂന്നുസെന്റ് ഭൂമിയി സ്വന്തമായി ഒരു വീട്- അത് ഈ അമ്മയുടെ സ്വപ്നമാണ്.

നേരത്തേ ചികിത്സയും സാന്ത്വനപരിചരണവും കിട്ടിയാല്‍ ഈ മകള്‍ക്കും അമ്മയ്ക്കും ഇത്ര ദുരിതം അനുഭവിക്കേണ്ടിവരില്ലായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിതത്തില്‍ ശരിയായനേരത്ത് ഇടപെട്ടാല്‍ ഗുണപരമായ വലിയ മാറ്റങ്ങളുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഈ അമ്മയും മകളും.

ഹസ്സന്‍ (8), ഷംന (20)

പാട്ടും ചിരിയും നൃത്തവും പ്രസരിപ്പുംകൊണ്ട് എങ്ങും ഉത്സാഹം വാരിവിതറുന്നവരാണ് ഷംനയും അനുജന്‍ ഹസ്സനും. ഒരു റിയാലിറ്റി ഷോയി ഷംന അവതരിപ്പിച്ച നൃത്തം കണ്ട് നിറഞ്ഞ സദസ്സ് എഴുന്നേറ്റുനിന്നാണ് കരഘോഷം മുഴക്കിയത്! കാലുകൊണ്ടല്ല വെറും ഉടലും കൈകളും മുഖഭാവങ്ങളുംകൊണ്ട് ഷംന കാണികളെ കൈയിലെടുത്തു!

എല്ലുപൊട്ടുന്ന രോഗമുള്ള ഷംനയ്ക്ക് ഒന്ന് ഇരിക്കാന്‍വേണ്ടിമാത്രം ആ കൊച്ചുശരീരത്തില്‍ ചെയ്തത് ഇരുപത്തിനാല് ശസ്ത്രക്രിയകള്‍. ബി.എ. ഇക്കണോമിക്‌സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി. പഠിക്കാന്‍ മിടുക്കി ഇതേരോഗമുള്ള അനുജന്‍ ഹസ്സന്‍ നന്നായി പാടും. മൂന്നാംക്ലാസില്‍ പഠിക്കുന്നു. കിടന്ന നിലയിലുള്ള ഹസ്സന്റെ ശരീരത്തില്‍ ഇതുവരെ പതിന്നാല് ശസ്ത്രക്രിയകള്‍. ഒന്ന് ഇരിക്കണമെങ്കില്‍ വൈദ്യശാസ്ത്രത്തിന്റെ കടമ്പകള്‍ ഇനിയുമേറെ...

ഹസ്സനും ഷംനയും

കാസര്‍കോട് ചട്ടന്‍കുഴി വിദ്യാനഗറിലെ സീതി-മൈമുന ദമ്പതിമാരുടെ അഞ്ചുമക്കളില്‍ രണ്ടുപേരാണ് ഈ പ്രതിഭകള്‍. ''പലരോടും കൈനീട്ടീട്ടുണ്ട്. കുട്ടികള്‍ക്കു വേണ്ടിയല്ലേ. ചിലര്‍ സഹായിക്കും. ഇനിയും അങ്ങനെ ചെയ്യാന്‍ മടിയില്ല. നാല്‍പ്പതുലക്ഷം രൂപയോളം ചികിത്സയ്ക്ക് ചെലവായി. വീട് പണയത്തിലായി (വീടിന് ജപ്തിനോട്ടീസ് നല്‍കിയിരിക്കയാണ്. ആഭരണങ്ങള്‍ പണയത്തിലാണ്). ഒരുപാടുപേരുടെ സഹായത്തില്‍ ഇത്രയും എത്തി,'' മൈമുനയുടെ വാക്കുകളില്‍ ആത്മവിശ്വാസം. ഡ്രൈവറായ ഭര്‍ത്താവിന്റെ ഏകവരുമാനത്തിലാണ് കുടുംബം പുലരുന്നത്. ഒരു കുടുംബം പരസ്പരം താങ്ങായി, അതിജീവനത്തിനായി പൊരുതി മുന്നോട്ടുപോകുന്ന വിസ്മയകരമായ കാഴ്ച!

ഹസ്സനും ഷംനയും ദയാബായിക്കൊപ്പം

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നല്ല ചികിത്സയും സാന്ത്വനപരിചരണവും കിട്ടിയാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനാകുന്ന എത്രയോ കുഞ്ഞുപ്രതിഭകള്‍ ഇവിടെയുണ്ട്. എന്നാല്‍ , ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ചികിത്സാസൗകര്യമില്ലാതെ ഉഴലുകയാണ് ജില്ല. പേരിനുമാത്രമുള്ള മെഡിക്കല്‍ കോളേജ് ശൈശവാവസ്ഥയില്‍ . കേരളത്തിന് കേന്ദ്രം അനുവദിച്ച, പഠനഗവേഷണങ്ങള്‍ സമന്വയിക്കുന്ന എയിംസ് അജ്ഞാതരോഗങ്ങളുടെ വിളഭൂമിയായ ഈ ജില്ലയ്ക്ക് എന്തുകൊണ്ടും ത്യാവശ്യമാണ്. എന്നാല്‍ , ഈ നാടിന്റെ മുറവിളി ഭരണകൂടം കേട്ടതായി നടിക്കുന്നില്ല.

അമ്മദ് (മൂന്നര)
തികച്ചും യാദൃച്ഛികമായാണ് അമ്മദിനെ കാണുന്നത്. ഷംനയുടെ അയ വീട്ടി . ശോഷിച്ച ശരീരം. വളഞ്ഞ കാലുകള്‍. കൂടെയുള്ള എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകര്‍ക്ക് അങ്ങനെ ഒരു കുഞ്ഞിനെ അറിയില്ല. നിലവില്‍ നഷ്ടപരിഹാരം ലഭിക്കേണ്ട എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റിലും ഇങ്ങനെ ഒരു കുഞ്ഞില്ല. \

അമ്മദ്ദ്‌

ഞങ്ങള്‍ ആ വീട്ടിലേക്ക് ചെന്നു. അവര്‍ കാര്യങ്ങള്‍ പറഞ്ഞു. ആയിഷാ മന്‍സിലിലെ ഇഷഹാക്കിന്റെയും അനീഷയുടെയും മകന്‍ അഹമ്മദിന് മൂന്നര വയസ്സ്. ജന്‍മനാ അവന്റെ രണ്ട് കിഡ്നിയും തകരാറിലാണ്. ഇപ്പോള്‍ 17% ശതമാനം മാത്രം പ്രവര്‍ത്തനക്ഷമം. മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്ക കോളേജിലാണ് ചികിത്സ. ജീവനും മരണവുമായുള്ള മല്‍സരത്തില്‍ എത്രയോ നിര്‍ണായക ഘട്ടങ്ങള്‍ ഈ ചെറുപ്രായത്തിലേ അവന്‍ കടന്നുപോയിരിക്കുന്നു. തിന്ന വേദനയ്ക്ക് കണക്കില്ല. എട്ടുവയസ്സുവരെ അവന് ഡയാലിസിസ് വേണം. എട്ട് എത്തിയാല്‍ കിഡ്നി മാറ്റിവെക്കണം ''മണിപ്പാലില്‍ സ്ഥിരമായി താമസിക്കണം. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് വേണം. മറ്റ് ചെലവുകള്‍... ഇങ്ങനെ മാസം അമ്പതിനായിരം രൂപയെങ്കിലും ചെലവ് വരും. ഇതിനെല്ലാം പണമെവിടെ...?'', ഫാന്‍സി കടയിലെ ജീവനക്കാരനായ ഇസഹാക്കിന്റെ (അഹമ്മദിന്റെ ഉപ്പ) വാക്കുകള്‍.

അമൃത(25)

മഹാകവി കുട്ടമത്തിന്റെ ജന്‍മംകൊണ്ട് പ്രസിദ്ധമാണ് കുട്ടമത്ത് എന്ന ദേശം. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിന് അടുത്ത്. കുട്ടമത്ത് പൊന്‍മാലത്തെ ആ പഴയ വീട്ടിലെ ചുമരിലെ ഫോട്ടോകള്‍ക്ക് താഴെ അഖില കുമാരിയും(49),മകള്‍ അമൃതയും. ആ ഫോട്ടോകള്‍ക്കിടയില്‍ അഖില കുമാരിയുടെ അമ്മ ലക്ഷ്മിക്കുട്ടിയമ്മ(82) സ്ഥാനം പിടിച്ചിട്ട് ഏതാനും മാസങ്ങള്‍ മാത്രം... ജീവിതത്തില്‍ താങ്ങും തണലുമായി നിന്ന അമ്മയുടെ വിയോഗം താങ്ങാനാവുന്നില്ല അവര്‍ക്ക്. ബുദ്ധിമാന്ദ്യമുള്ള മകളും എന്നോ വിട്ടുപോയ ഭര്‍ത്താവും. ജീവിതത്തിലെ യാതനാഭരിതമായ നാളുകളില്‍ എന്നും കൈത്താങ്ങ് അമ്മയായിരുന്നു. മകളെ ബഡ്സ് സ്‌കൂളില്‍ എത്തിക്കുന്നതിലും അവളെ പരിചരിക്കുന്നതിലും ഏകാന്തതയിലും കൂട്ട്... ആ അമ്മയാണ് വിട്ടുപോയത്.

അമൃതയ്ക്ക് മധുരം നല്‍കുന്ന ഫറീന ടീച്ചര്‍ സമീപം അമ്മ അഖിലകുമാരി

അമ്മയുടെ മരണശേഷം ഇവരുടെ കാര്യങ്ങള്‍ ആശങ്കയിലാണ്. ഈ അടുത്തകാലത്ത് പാചകത്തൊഴിലാളി വിമല സ്വന്തം മകളെ കൊന്ന് ആത്മഹത്യചെയ്ത സംഭവം അഖിലകുമാരിയെ വല്ലാതെ ഉലച്ചിരുന്നു. അമ്മ പറഞ്ഞതായി അവര്‍ ഓര്‍ത്തു. ''ഞാന്‍ പോയാലും നീ തനിച്ചല്ല ഇവര്‍(എന്‍ഡോസള്‍ഫാന്‍ പീഡിതമുന്നണി) കൂടെയുണ്ട്''എന്ന്. അഖിലകുമാരി പറഞ്ഞു. ഞങ്ങള്‍ ആ വീട്ടിലെത്തി കുറച്ചുനേരം കൊണ്ട് മുന്നണിയുടെ പ്രവര്‍ത്തക ഫറീന ടീച്ചറോട് അമൃത കൂടുതല്‍ അടുത്തു. പോകാന്‍നേരം ടീച്ചര്‍ക്ക് അവള്‍ ഒരു ഉമ്മ കൊടുത്തു. അഖിലകുമാരിയുടെ മുഖത്ത് ചിരി പരന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും അവരുടെ ആശ്രിതര്‍ക്കും വേണ്ടത് ചികിത്സ മാത്രമല്ല. അവരുടെ വ്യസനങ്ങളും ആശങ്കകളും പങ്കുവെക്കാന്‍ ആരെങ്കിലും ഉണ്ട് എന്ന തോന്നലാണ്. സ്‌നേഹപൂര്‍ണമായ പരിചരണമാണ്.

2010-ലെ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശങ്ങളി പ്രധാനപ്പെട്ടതാണ് പാലിയേറ്റീവ് കെയര്‍ ആശുപത്രി സ്ഥാപിക്കണം എന്നത്. രോഗപീഡയില്‍ ശാരീരികവും മാനസികവുമായ വേദന തിന്നുന്ന ആയിരങ്ങളുടെ ജീവിതത്തില്‍ സാന്ത്വന പരിചരണത്തിനുള്ള സ്ഥാനം വലുതാണ്. വര്‍ഷം പന്ത്രണ്ട് കഴിഞ്ഞു. ഒരൊറ്റ പാലീയേറ്റീവ് കെയര്‍ ഹോസ്പിറ്റല്‍ പോലും ജില്ലയില്‍ വന്നില്ല. മാത്രമല്ല അങ്ങനെ ഒരു സംവിധാനത്തെക്കുറിച്ച് അധികൃതരുടെ ആലോചനയില്‍ പോലുമില്ല എന്നതാണ് ദുഃഖകരമായ യാഥാര്‍ഥ്യം.

മിഥുന്‍ രാജ്(16)

ജീവിക്കണോ... അതോ മരിക്കണോ? ഓരോ ദിവസവും കടന്നുപോകുമ്പോഴും ഇങ്ങനെ ആലോചിക്കുന്നവര്‍. അതില്‍പ്പെട്ട ഒരാളാണ് രാവണേശ്വരത്ത് താമസിക്കുന്ന ബിന്ദു(40). ബിന്ദുവിന് ഒരു ചെറിയ ജോലിയുണ്ട്. പെരിങ്ങാട്ടിടത്തെ മാവേലി സ്റ്റോറില്‍ 550 രൂപാ ദിവസക്കൂലി. എന്നാല്‍ മാസം ആറായിരം രൂപാ ഇതുവരെ തികച്ച് വാങ്ങാന്‍ പറ്റിയിട്ടില്ല. കാരണം ജോലിക്ക് വരാന്‍ പറ്റാത്ത സാഹചര്യം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റിലുള്ള പതിനേഴുകാരന്‍ മിഥുന്‍ രാജ്. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന മകള്‍ രചന. ഇവര്‍ രണ്ടുപേരാണ് മക്കള്‍. ഭര്‍ത്താവ് നാലുവര്‍ഷം മുന്‍പ് പക്ഷാഘാതംവന്ന് മരിച്ചു. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും പരസഹായം ആവശ്യമായ, മിണ്ടാനും പറയാനുംപോലും അറിയാത്ത മകന് ആദ്യകാലത്ത് പെരിയ മഹാത്മ ബഡ്‌സ് സ്‌കൂള്‍ ആശ്വാസമായിരുന്നു. പോകെപ്പോകെ അവന്റെ സ്വഭാവം മാറി. ഏത് നിമിഷവും അക്രമാസക്തനാകും. മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ച അഞ്ചുലക്ഷം ആദ്യം കിട്ടയവരില്‍ ഒരാളാണ് ബിന്ദു. അതുകൊണ്ട് സ്വന്തമായി ഒരു കൊച്ചുവീടുണ്ടാക്കി. ഈയിടെ ബഡ്‌സ് സ്‌കൂളില്‍ പോകാന്‍ അവന്‍ കൂട്ടാക്കുന്നില്ല. ശരീരത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങളാവാം കാരണം എന്ന് ഡോക്ടര്‍മാര്‍. മകനെക്കൂട്ടി ജോലിസ്ഥലത്തേക്ക് പോകും. മാവേലിസ്റ്റോറിന് മുന്നിലും മിഥുന്‍ ചില ദിവസങ്ങളില്‍ അക്രമാസക്തനാകും. ശാസിക്കാന്‍ വരുന്നവരെ ഉപദ്രവിക്കും. കല്ല് എടുത്ത് എറിയും. ചില ദിവസങ്ങളില്‍ ബഡ്സ് സ്‌കൂളില്‍ പോകാന്‍ അവന്‍ തയ്യാറാകും. ''രാവണേശ്വരത്തെ വീട്ടില്‍ നിന്ന് പെരിയ ബഡ്സ് സ്‌കൂളിലേക്ക് ഓട്ടോ ചാര്‍ജ് 130 രൂപ. ബഡ്‌സ് സ്‌കൂളില്‍ നിന്ന് തിരികെ ജോലി ചെയ്യുന്ന മാവേലി സ്റ്റോറില്‍ എത്താന്‍ 100 രൂപാ കൊടുക്കണം. ഓട്ടോവിന് മാത്രം 230 രൂപ. വൈകീട്ട് ബഡ്‌സ് സ്‌കൂള്‍ ബസ് മകനെ മാവേലി സ്റ്റോറി ഇറക്കും. ജോലി കഴിഞ്ഞ് ഓട്ടോവില്‍ വീട്ടിലേക്ക്. മാവേലി സ്റ്റോറി രാവിലെ 9.30 തൊട്ട് വൈകുന്നേരം 6.30 വരെ ജോലി ചെയ്താല്‍ കിട്ടുന്നത് 550 രൂപയാണ്. ദുരിതബാധിര്‍ക്ക് മാസംതോറും കിട്ടുന്ന 2200 രൂപ കിട്ടിയിട്ട് മാസം നാലുകഴിഞ്ഞു. അതിനും ഇനി ഞങ്ങള്‍ സമരം ചെയ്യേണ്ടിവരും. വീട്ടിലെ ചെലവുകള്‍, മകളെ പഠിപ്പിക്കണം...'', ബിന്ദുവിന്റെ ശബ്ദം ഇടറുന്നു. ''പിന്നെ ഞങ്ങള്‍ എങ്ങനെ ജീവിക്കും?''
18 വയസ്സിന് താഴെ പ്രായമുള്ളവരെ മാത്രമേ ബഡ്സ് സ്‌കൂളി പ്രവേശിപ്പിക്കൂ. അനുദിനം പ്രവചനാതീതമായി പെരുമാറുന്ന മകനെ എന്ത് ചെയ്യണമെന്നറിയാതെ ഉഴലുകയാണ് ചെറുപ്രായത്തിലേ വിധവയായ, നിസ്സഹായയായ ഈ സ്ത്രീ. ബിന്ദു ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് സര്‍ക്കാരാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് രോഗികളായ പ്രായംചെന്ന മക്കളുടെ ആശ്രിതരുടെ പ്രശ്‌നങ്ങള്‍. അവര്‍ക്ക് ശേഷം മക്കളെ ആര് നോക്കും എന്നത്. രോഗികളായ മക്കളെയുംകൊണ്ട് കുടുംബം മുന്നോട്ട് പോകാനാവാത്ത അവസ്ഥ. കുടുംബം മുന്നോട്ട് പോകാന്‍ തൊഴിലെടുക്കേണ്ടിവരുന്നവരുടെ പ്രശ്‌നങ്ങള്‍. കര്‍ഷകത്തൊഴിലാളികള്‍. കൈത്തൊഴിലാളികള്‍. ഇടത്തരക്കാര്‍. പിന്നാക്ക വിഭാഗക്കാര്‍. ഇവരാണ് ഇവിടെ കൂടുത . ഈ ദുരിതം അനുഭവിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.

അബൂ താഹിര്‍(7)

മൂന്ന് മക്കളില്‍ മൂത്തയാളാണ് അബു. സെറിബ്രല്‍ പാള്‍സിയാണ്. 2017-ലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് ഉദുമയില്‍ വെരിഫിക്കേഷനും കഴിഞ്ഞു. ലിസ്റ്റ് വന്നപ്പോള്‍ അതില്‍ അബു ഇല്ല. ചുറ്റുവട്ടത്തുള്ളവര്‍ ലിസ്റ്റില്‍ കയറിയപ്പോള്‍ അബു മാത്രം ഒഴിവായി. ''കാരണം എന്താണെന്ന് മാത്രം അറിയില്ല'', ഉമ്മ റയ്ഹാന. അതുകൊണ്ട് ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല. ഭര്‍ത്താവ് ഉമ്മര്‍(34) ഒരു മൊബൈല്‍ കടയില്‍ ജോലിചെയ്യുന്നു. പള്ളിക്കരയിലെ അജാനൂരിലാണ് അബൂ താഹിറിന്റെ വീട്.

സാനിയ (16)

ഗീതയുടെ(54) രണ്ടാമത്തെ മകളാണ് സാനിയ. സാനിയ അവളുടെ സാന്നിധ്യമറിയിക്കുന്നത് കാലുകളിലൂടെയാണ്. ആകാശത്തിലേക്ക് എപ്പോഴും എഴുന്നുനില്‍ക്കുന്ന രണ്ട് കാലുകള്‍. പ്രാഥമിക കാര്യങ്ങള്‍പോലും ചെയ്യാനാവാത്ത അവള്‍ക്ക് കൂട്ട് അമ്മ. മൂത്ത മകളുടെ മകള്‍ കൊച്ചു ഋതികയ്ക്ക് ഇളേമ്മയുടെ കാര്യത്തില്‍ ശ്രദ്ധയുണ്ട്. ഞങ്ങള്‍ ഗീതയുടെ വീട്ടില്‍ ചെല്ലുമ്പോള്‍ ഇളയമ്മയെ മടിയിലിരുത്തി പരിചരിക്കുകയാണ് കൊച്ചു ഋതിക. ഓട്ടോ ഡ്രൈവര്‍ ആയിരുന്ന ഗീതയുടെ ഭര്‍ത്താവ് മോഹന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. മകളുടെ അസുഖംമൂലം ഗീതയ്ക്ക് ഒരു ജോലിക്കും പോകാന്‍ പറ്റില്ല. വികലാംഗ പെന്‍ഷനും എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസവുമാണ് ഏക വരുമാനം. പിന്നെ മൂത്തമകളുടെ സഹായവും. കാഞ്ഞങ്ങാട് കല്ലൂരാവിയിലാണ് ഇവരുടെ വീട്... എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ അവകാശ സമരങ്ങളുടെ ഭാഗമായി ഗീത സാനിയയുമായി സെക്രട്ടറിയേറ്റ് പടിക്കലുള്ള സമരപ്പന്ത വരെ എത്തിയിട്ടുണ്ട്. പരസ്പര സ്‌നേഹവും കരുതലുംകൊണ്ട് ഒരു കുടുംബം വേദനകളെ മറക്കാന്‍ ശ്രമിക്കുന്നു.

റീന (32)

മകള്‍ സൗപര്‍ണിക(11)മരിച്ചതിന്റെ നാല്‍പത്തി എഴാം ദിവസമായിരുന്നു ഞങ്ങള്‍ റീനയുടെ വീട്ടി എത്തിയത്. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകര്‍ മിസ്രിയയും സമീറയും അരികി ആശ്വാസവാക്കുകളില്ലാതെ മൂകരായി ഇരുന്നു. കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ആകുമായിരുന്നില്ല സൗപര്‍ണികയ്ക്ക്. സെറിബ്രല്‍ പാള്‍സിയും അപസ്മാരവും വിട്ടുമാറാത്ത പനിയും പകുത്തെടുത്തതായിരുന്നു കൊച്ചു സൗപര്‍ണികയുടെ ജീവിതം. റീനയുടെ ഭര്‍ത്താവ് രതീഷ് ഹോട്ടല്‍ തൊഴിലാളിയായിരുന്നു. കാലിലെ വെരിക്കോസ് വെയിന്‍ പൊട്ടി രതീഷ് മരിക്കുമ്പോള്‍ സൗപര്‍ണികയ്ക്ക് അഞ്ചുവയസ്സ്.

റീന

''മോള്‍ടെ അസുഖത്തിന്റെ വേവലാതിയി സ്വന്തം ശരീരം നോക്കാന്‍ മറന്നു,'' റീന ഓര്‍ക്കുന്നു... ഒമ്പതാംക്ലാസ് വരെ പഠിച്ച റീന ബീഡി തിരച്ച് കിട്ടുന്ന തുകകൊണ്ടായിരുന്നു മുന്നോട്ട് പോയത്. മകളുടെ പേരില്‍ 1700 രൂപ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസം കിട്ടിത്തുടങ്ങിയത് കഴിഞ്ഞ വര്‍ഷം മുതലായിരുന്നു. ''മോള് പെരിയയിലെ ബഡ്സ് സ്‌കൂളില്‍ പോയിരുന്നു. രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള പെരിയാട്ടട്ക്കം വരെ സ്‌കൂള്‍ ബസ് വരും. പക്ഷേ, അവള്‍ക്ക് നടക്കാനാവൂല. ഓട്ടോവിന് കൊടുക്കാന്‍ കാശില്ലാത്തതിനാ അവളെ എടുത്ത് നടക്കും.'' സൗപര്‍ണികയുടെ അവസാനത്തെ രണ്ടുമാസം പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു... കടുത്ത പനിയും ശ്വാസംമുട്ടലും. ഒടുവില്‍ മകളും വിട്ടുപോയപ്പോള്‍ റീന തനിച്ചായി... എന്‍ഡോസള്‍ഫാന്‍ കശക്കിയെറിഞ്ഞ, ജീവിക്കുന്ന രക്തസാക്ഷി.

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Travel Through endosulphan Affected villages in Kasaragod

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented