എഴുപത്തിമൂന്ന് വര്‍ഷങ്ങള്‍. ദീര്‍ഘായുസ്സുള്ള ഒരു തലമുറയുടെ കാലഘട്ടം എന്നു പറയാം. പക്ഷേ, സംഭവിച്ചത് തലമുറകള്‍ക്കതീതമായ മാറ്റങ്ങളാണ്. 1947-ല്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ കോളേജ് വിദ്യാര്‍ഥിയായി പങ്കെടുത്ത എനിക്ക് ചരിത്രത്തിന്റെ ഏടുകള്‍ അവിശ്വസനീയമായ രീതികളില്‍ മാറിമറയുന്നത് നേരിട്ടു കാണാന്‍ 'ഭാഗ്യമുണ്ടായി' എന്ന് പറയുന്നില്ല, അവസരമുണ്ടായി എന്ന് പറയുന്നതാണ് ഉചിതം.

നാല് ഇന്ത്യകളാണ് ഈ കാലഘട്ടത്തില്‍ രൂപപ്പെട്ടത്. ജവാര്‍ഹര്‍ലാല്‍ നെഹ്രുവിന്റെ ഇന്ത്യ ആത്മവിശ്വാസവും ശുഭപ്രതീക്ഷകളുംകൊണ്ടുനിറഞ്ഞ, കലാശാസ്ത്ര രംഗങ്ങളില്‍ നേട്ടങ്ങള്‍ വാരിക്കൂട്ടിയ ഇന്ത്യയായിരുന്നു. ഇന്ദിരാഗാന്ധിയുടെ ഇന്ത്യ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും എമര്‍ജന്‍സി എന്ന ഏകാധിപത്യത്തില്‍ കാല്‍തട്ടി വീണുപോയി. നരസിംഹറാവു-മന്‍മോഹന്‍ സിങ് നയിച്ച ഇന്ത്യ കുറെ തരംഗങ്ങള്‍ സൃഷ്ടിച്ചു. സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍നിന്ന് സമ്പദ്വ്യവസ്ഥയെ മോചിപ്പിച്ച് അടിസ്ഥാനപരമായ പുരോഗതിയിലേക്ക് വാതിലുകള്‍ തുറന്നിട്ടു. പക്ഷേ, നരസിംഹറാവുവിന്റെ ആഭിമുഖ്യത്തില്‍നടന്ന അഴിമതികളും മന്‍മോഹന്‍ സിങ്ങിന്റെ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന പരിപാടിയും ശരിയായ മുന്നേറ്റത്തിന് തടസ്സങ്ങളായി.

ഈ മൂന്ന് ഇന്ത്യകളിലും രാജ്യത്തിന്റെ ആത്മാവിനെ നശിപ്പിക്കുന്ന സംഭവങ്ങളൊന്നും നടന്നില്ല. നാലാമത്തെ ഇന്ത്യയില്‍ അതാണ് നടന്നത്. നാളിതുവരെ ലോകം കണ്ടിട്ടില്ലാത്ത ഒരു മുഖം, ഹിന്ദുത്വം എന്ന കാഴ്ചപ്പാടിന്റെ ഹിംസാത്മകമായ മുഖം എല്ലാവരെയും നടുക്കിക്കൊണ്ട് പ്രത്യക്ഷപ്പെട്ടു. ലോകം ആദരിച്ച ഹിന്ദുധര്‍മത്തിന്റെ സാര്‍വത്രികതയെ പുറംതള്ളി മതം രാഷ്ട്രീയത്തിന്റെ ഉപകരണമായി മാറുന്നതാണ് ഇവിടെ കണ്ടത്. അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് ഹിന്ദുത്വ അജന്‍ഡ നാടെങ്ങും നടപ്പാക്കാന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടി രംഗത്തിറങ്ങിയതോടെ പലരും ലാഭേച്ഛകൊണ്ടോ അല്ലെങ്കില്‍ ഭയംകൊണ്ടോ ആവഴിക്കു തിരിഞ്ഞു. കൂട്ടത്തില്‍ മാധ്യമങ്ങളും എന്നുപറയാതെ വയ്യ.

സ്വാതന്ത്ര്യത്തിനും നീതിക്കുംവേണ്ടി പട്ടിണികിടന്നും ജയില്‍വാസമനുഭവിച്ചും പൊരുതിമുന്നേറിയ പാരമ്പര്യമാണ് ഇന്ത്യയിലെ പത്രപ്രവര്‍ത്തനത്തിനുള്ളത്. എന്നാല്‍, കഴിഞ്ഞ പത്തുകൊല്ലമായി അടിസ്ഥാനപരമായ മാറ്റങ്ങളാണ് പത്രപ്രവര്‍ത്തനരംഗത്തുണ്ടായിട്ടുള്ളത്. ഇതിന്റെ പ്രതിഫലനം ഭീകരമായ രീതിയില്‍ കാണുന്നത് ടെലിവിഷന്‍ വാര്‍ത്തകളുടെ കാര്യത്തിലാണ്. മലയാളം ടെലിവിഷന്‍ നോക്കിയാല്‍ ഇത് മനസ്സിലാകുകയില്ല. കാരണം, മലയാളം ടെലിവിഷനില്‍ മാധ്യമസ്വാതന്ത്ര്യം പ്രകടമാണെന്നു മാത്രമല്ല, സര്‍ക്കാരിനെ മലര്‍ത്തിയടിക്കുന്ന പരിപാടികള്‍ ഘോരഘോരം മുന്നേറുന്നുമുണ്ട്. വേറെയെവിടെയാണ് ദാക്ഷീണ്യലേശമില്ലാതെ കാര്യങ്ങള്‍ വെട്ടിത്തുറന്നുപറയുന്ന മാധ്യമപ്രവര്‍ത്തകരുള്ളത്.

ഇംഗ്ലീഷ് ടി.വി. ന്യൂസിന്റെ സ്ഥിതി നേരെ മറിച്ചാണ്. സംഗതികള്‍ വളച്ചൊടിക്കുക മാത്രമല്ല, കാണിക്കേണ്ടത് കാണിക്കാതിരിക്കുകയും പറയേണ്ടത് പറയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണവിടെ. അധികാരികളോടുള്ള വിധേയത്വം പ്രകടിപ്പിക്കാന്‍ അവതാരകര്‍ക്ക് ലജ്ജയില്ല. ചിലരെക്കുറിച്ച് ഒരു തരി വിമര്‍ശനംപോലുമില്ല. മറ്റു ചിലരെക്കുറിച്ച് വിമര്‍ശനം മാത്രമേയുള്ളൂ. പ്രേക്ഷകര്‍ മണ്ടന്‍മാരാണെന്ന ചിന്താഗതിയാണ് ഇതിനു കാരണം. മണ്ടന്മാരുടെ ചിന്താഗതിയാണത്.

മാധ്യമരംഗത്ത് മാത്രമല്ല, രാജ്യത്ത് പൊതുവേ മുെമ്പങ്ങും ഇല്ലാത്തരീതിയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നത് പ്രത്യക്ഷമാണ്. മാറ്റങ്ങളില്‍ ഒരു ഘടകം ഭയമാണ്. ഭരണകൂടത്തിന് സ്വീകര്യമല്ലാത്ത സംഭവങ്ങള്‍ വന്നാല്‍ അതിന്റെ ഉത്തരവാദികളെ വോട്ടയാടാന്‍ നിയമവ്യവസ്ഥയെ വളച്ചൊടിക്കുന്നതിനുപോലും മടിക്കാത്തവരാണ് സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നത്. ആദായനികുതി അന്വേഷണം, സി.ബി.ഐ. അന്വേഷണം തുടങ്ങി മുഖംമൂടികള്‍ ധരിച്ച ഗുണ്ടകളുടെ ആക്രമണംവരെ പല ആയുധങ്ങള്‍ അവരുടെ കൈകളിലുണ്ട്. സാധാരണക്കാരുടെ ഇടയില്‍ ഒരുതരം ഭയം പടര്‍ന്നുപിടിക്കാനുള്ള പ്രധാന കാരണമിതാണ്. നാലാമത്തെ ഇന്ത്യയെ അതിനുമുമ്പുള്ള ഇന്ത്യയില്‍നിന്നു വേര്‍തിരിക്കുന്നത് ഈ ഭയമാണ്. അടിയന്തരാവസ്ഥയില്‍പ്പോലും ഈ ഭയം നമ്മുക്ക് അന്യമായിരുന്നു. ഇന്ദിരയുടെ സ്വേച്ഛാധിപത്യത്തെ ഐതിഹാസികമായ ധൈര്യത്തോടെയാണ് എതിര്‍പക്ഷം നേരിട്ടത്. ഭയം എന്തെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.

ഇന്ത്യയില്‍ സമാധാനം ഇല്ലതായിരിക്കുന്നെന്നത് ആര്‍ക്കും കാണാവുന്ന സത്യമാണ്. ഉടനീളം സമരമുറകളും പ്രതിഷേധ സമ്മേളനങ്ങളും അരങ്ങേറുന്നു. പൗരത്വനിയത്തിനെതിരായി രാജ്യത്തിന്റെ മുക്കിലും മൂലയിലുമെല്ലാം എത്ര പ്രതിഷേധങ്ങളാണ് നടന്നത്. ഒരു ക്ഷീണവുമില്ലാതെ യുവാക്കളും വിദ്യാര്‍ഥികളും നയിക്കുന്ന റാലികള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. അടുത്തകാലത്ത് ജെ.എന്‍.യു.വില്‍നടന്ന അക്രമങ്ങള്‍ക്കുപിന്നില്‍ ഭരണപക്ഷത്തിന്റെ പങ്കാളിത്തം സജീവമായിരിക്കുന്നു.

മുഖംമൂടി ധരിച്ച അക്രമികള്‍ കാമ്പസിനുള്ളില്‍ക്കടന്ന് വിദ്യാര്‍ഥികളെ മര്‍ദിക്കുക, ഹോസ്റ്റല്‍ മുറികളുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറുക, പോലീസുകാര്‍ ഒന്നുകില്‍ നോക്കിനില്‍ക്കുക അല്ലെങ്കില്‍ അക്രമികളെ സഹായിക്കുക ഇതൊക്കെയാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. ലോകത്തിലേക്കും വാചാലനായ പ്രധാനമന്ത്രിക്ക് ഇതിനെക്കുറിച്ച് ഒരക്ഷരംപോലും ഉരിയാടാനില്ല.

മതത്തെ രാഷ്ട്രീയത്തില്‍നിന്നകറ്റിനിര്‍ത്തിയാണ് ജനാധിപത്യം ഇന്ത്യയില്‍ വേരുറപ്പിച്ചത്. മതത്തെ രാഷ്ട്രീയത്തിന്റെ പ്രധാന കണ്ണിയാക്കിമാറ്റിയാണ് ബി.ജെ.പി. മുന്നേറിയത്. ഈ സമീപനം ഇന്ത്യയെ ഒരു ഹിന്ദുപാകിസ്താനാക്കുമോ എന്ന് ശശി തരൂരിനെപ്പോലുള്ള സൂഷ്മനിരീക്ഷകര്‍ ആശങ്കപ്പെട്ടപ്പോള്‍ അവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യാനാണ് ഹിന്ദുത്വപ്രേമികള്‍ തുനിഞ്ഞത്. കാതലായ വിഷയങ്ങളിലേക്ക് കടക്കാന്‍ അവര്‍ക്ക് ഇഷ്ടമില്ല.

മോദിയുടെ പൊതുവായ സമീപനമാണത്. വാദപ്രതിവാദങ്ങളില്‍ അദ്ദേഹം സായുജ്യം കണ്ടെത്തുന്നു. വാചകമടിയാണ് അദ്ദേഹത്തിന്റെ ജി.ഡി.പി. സാമ്പത്തികം പിന്നോട്ടാണെന്ന് കുട്ടികള്‍ക്കുപോലും അറിയാം. കര്‍ഷകര്‍ ആത്മഹത്യ നിര്‍ത്തിയിട്ടില്ല. വിദ്യാഭ്യാസം അരാജകത്വത്തിലാണ്. ജനാധിപത്യം അമിത് ഷാ ജിയുടെ പോക്കറ്റിലാണ്. പുരോഗതി ബി.ജെ.പി.യുടെ കീശയിലും. ഇതൊക്കെയല്ലേ മുന്നേറ്റമെന്നാണ് അവരുടെ ഭാഷ്യം. ശരിയല്ലേ? അമേരിക്ക എന്ന മഹാരാജ്യത്ത് നടന്ന ഹൗഡി മോഡി പോലെയൊരു ആഘോഷം മറ്റേത് പ്രധാനമന്ത്രിക്കാണ് സാധ്യമായിട്ടുള്ളത്? ആഘോഷമല്ലേ ജീവിതം? കൈയടിയല്ലേ വിജയം? ആര്‍ത്തുവിളിച്ച് അഭിവാദ്യങ്ങളര്‍പ്പിക്കുന്ന സദസ്സുകളുള്ളപ്പോള്‍ പിന്നെന്തുവേണം മനുഷ്യന്?

content highlights: TJS George on Indian Democracy and Modi Government