ർഭത്തിനുത്തരവാദിയല്ലെന്ന് ഡിഎൻഎ ടെസ്റ്റിലൂടെ തെളിയിക്കപ്പെട്ട ശേഷം 18 കാരൻ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ വാർത്ത വലിയ ചർച്ചയാണ് ഉയർത്തിയിരിക്കുന്നത്. ബലാത്സംഗവുമായി ബന്ധപ്പെട്ട് വ്യാജപരാതികൾ ഏറുന്നു, നിരപരാധികൾ വേട്ടയാടപ്പെടുന്നു എന്ന തരത്തിലുള്ള ചർച്ചകൾ പലയിടങ്ങളിലും കാണുകയുണ്ടായി. എന്നാൽ, ഇത്തരം സാമന്യവത്കരണങ്ങളിലേക്ക് ചർച്ചകൾ കൊണ്ടു പോകുമ്പോൾ ഇന്ത്യയിലെ സ്ത്രീകളുടെ നിലവിലെ സ്ഥിതി എന്തെന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.

88 ബലാത്സംഗക്കേസുകളാണ് ഇന്ത്യയിൽ ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേരളമുൾപ്പെടെ ചിലയിടങ്ങൾ ഒഴികെ മിക്ക സംസ്ഥാനങ്ങളിലും റേപ് പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുപോലുമില്ല. രാജ്യത്ത് ബലാത്സംഗക്കേസുകളുടെ എണ്ണം കൂടുകയും, എന്നാൽ കേസിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കുറവു വരികയും ചെയ്ത ഘട്ടത്തിലാണ് സ്ത്രീകളുടെ മൊഴിയുണ്ടെങ്കിൽ ബലാത്സംഗത്തിന് കേസെടുക്കാം എന്ന നിർണ്ണായക വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. റേപ് നടക്കുന്നത് രഹസ്യ ഇടങ്ങളിലാണെന്നും അവിടെ കുറ്റകൃത്യത്തിന് മറ്റ് സാക്ഷികൾ വേണമെന്ന് ശഠിക്കാനാവില്ലെന്നുമുള്ള ബോധ്യത്തിൽ നിന്നാണ് സുപ്രീം കോടതി അത്തരത്തിലൊരു ഐതിഹാസിക വിധി പുറപ്പെടുവിച്ചത്.

ഇരയുടെ മൊഴി പ്രകാരം കേസെടുക്കാം എന്ന സുപ്രീം കോടതി വിധി സ്ത്രീകൾക്കനുകൂലമായ മാറ്റങ്ങൾ ലൈംഗികാതിക്രമ കേസുകളിൽ ഉണ്ടാക്കിയെങ്കിലും, ഇന്ത്യയിൽ ബലാത്സംഗ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നത് ഇപ്പോഴും 30 ശതമാനം പേർ മാത്രമാണ് എന്നതാണ് വസ്തുത. അതായത് 100 റേപ് കേസുകളിൽ 30 എണ്ണത്തിൽ മാത്രമാണ് കുറ്റക്കാർ അഴിയെണ്ണുന്നത്. 

ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് വ്യാജ ലൈംഗിക ആരോപണങ്ങൾ അപകടകരമായ പ്രത്യാഘാതങ്ങൾ സമൂഹത്തിലുണ്ടാക്കുന്നത്. 100 ൽ 30 ലൈംഗിക കുറ്റവാളികൾ മാത്രം ശിക്ഷിക്കപ്പെടുന്ന രാജ്യത്ത്, ശിക്ഷിക്കപ്പെടാതെ പോയ 70 ശതമാനത്തെക്കാൾ കൂടുതൽ ഈ വ്യാജ ആരോപണ വാർത്തകൾക്ക് പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ എന്നതും പ്രസക്തമാണ്. അവയെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാതെ ലൈംഗികാതിക്രമ പരാതി കൊടുക്കുന്ന സ്ത്രീകളെയെല്ലാം സംശയദൃഷ്ടിയോടെ കാണുന്നതിനേ അത്തരം വ്യാജപരാതി വാർത്താഘോഷണങ്ങൾ ഉപകരിക്കൂ. 

എല്ലാ നിയമങ്ങളും ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. അത് യുഎപിഎ കേസിലായാലും ഗുണ്ടാആക്ടിന്റെ കാര്യത്തിലായാലും മറ്റേത് കേസിലായാലും...സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളോ നിയമങ്ങളോ വരുമ്പോൾ മാത്രം, അത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും എന്ന തരത്തിൽ വിധിയെഴുതുന്ന മനോഭാവം പരിഷ്‌കൃതസമൂഹത്തിന് യോജിച്ചതല്ല. മാരിറ്റൽ റേപ് കുറ്റകൃത്യമാക്കാൻ ഐക്യരാഷ്ട്രസഭ വരെ ഇന്ത്യയോട് ആവശ്യപ്പെട്ടപ്പോഴും ഈ വ്യാജപരാതി ഭീതിയിലും മിഥ്യസാംസ്‌കാരിക ബോധത്തിലും തട്ടി തടഞ്ഞ് നിയമം നിർമ്മിക്കാതെ മാറി നിൽക്കുകയാണ് ഇന്ത്യൻ പാർലമെന്റ് പോലും

മലപ്പുറത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഡി.എന്‍.എ. ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ 18 കാരന്‍ ഇനിയും കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല. പക്ഷെ പയ്യനല്ല കുറ്റം ചെയ്തതെങ്കില്‍(അതിലിനിയും അന്തിമ തീര്‍പ്പായിട്ടില്ല) ചെയ്യാത്ത തെറ്റിന് അകത്തു കിടക്കേണ്ട സാഹചര്യമാണ് വരുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ പയ്യന്റെ ഗതി മറ്റൊന്നാകുമായിരുന്നു. ആ പയ്യന്‍ ഇപ്പോഴും അകത്തു കിടക്കേണ്ടി വന്നേനെ. അത് ക്രൂരതയാണ്, എന്നാണ് ഹൈക്കോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ ഹരീഷ് വാസുദേവന്‍ പറയുന്നത്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ഇന്ത്യന്‍ നീതിബോധം വെച്ച് നോക്കുമ്പോള്‍ ചെയ്യാത്ത കുറ്റത്തിന് ഒരാള്‍ ജയിലില്‍ കിടക്കേണ്ടി വരുന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ്. ഭാവിയില്‍ കേസില്‍ നിന്ന് പയ്യന്‍ കുറ്റവിമുക്തനാക്കപ്പെടുകയാണെങ്കില്‍ അവന്‍ ഇത്ര ദിവസം ജയിലില്‍ കിടന്നതിനും ഏറ്റ അപമാനത്തിനും ആര് സമാധാനം പറയും.

Hareesh Vasudevan
ഹരീഷ് വാസുദേവൻ

കേരളത്തിൽ വ്യാപകമായി ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങൾ നടക്കുന്നുണ്ട് എന്നാണ് അഭിഭാഷകനായ ഹരീഷ് വാസുദേവൻ പ്രതികരിച്ചത്. '25 ലക്ഷം രൂപ തട്ടിപ്പു നടത്തിയ കേസിലെ പ്രതി ലൈംഗികാതിക്രമം നടത്തി എന്ന ആരോപണവുമായി രംഗത്തു വന്നതായി ഒരു പോലീസുദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം എന്നോട് പറയുകയുണ്ടായി. തട്ടിപ്പു കേസ് പതുക്കെ അന്വേഷിച്ചു ചെയ്യേണ്ടതാണല്ലോ. അതിനാൽ തട്ടിപ്പു കേസ് മാറ്റിവെച്ച് സത്രീയുടെ പരാതിയിൻമേൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു', ഹരീഷ് വാസുദേവൻ പറയുന്നു

ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങൾ മൂലം വളരെ സത്യസന്ധമായ കേസുകളിൽ പെട്ട സ്ത്രീകൾക്ക് പോലും തങ്ങൾ നേരിട്ട ക്രൈം തെളിയിക്കേണ്ടത്‌ ചെയ്യേണ്ടത് ബാധ്യതയായി വരികയാണെന്നും ഹരീഷ് വാസുദേവൻ പറയുന്നു. അതിനാൽ ബലാത്സംഗവുമായി ബന്ധപ്പെട്ട പരാതികളിൽ നിയമം ദുരുപയോഗം ചെയ്യുന്നവർക്ക് ശിക്ഷ ഉറപ്പാക്കണം എന്നാണ് ഹരീഷിന്റെ പക്ഷം. നിലവില്‍ വ്യാജപരാതിക്കെതിരേ കേസെടുക്കാന്‍ നിയമത്തില്‍ പറയുന്നുണ്ട്. അത് പ്രകാരം വ്യാജപരാതികള്‍ക്കെതിരേ നടപടിയെടുക്കാവുന്നതേയുള്ളൂ എന്നാണ് അഡ്വക്കറ്റ് ആശ പറയുന്നത്.

ADV. Asha
അഡ്വ. ആശ

അതേസമയം, നിയമത്തിന്റെ ദുരുപയോഗ സാധ്യത മാത്രം കണക്കിലെടുത്ത് അത്തരം നിയമങ്ങൾക്കെതിരേ നമ്മൾ വാചാലരാവുന്നതിലും ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ 2018 ലെ കണക്കു പ്രകാരം ഇന്നും ലോകത്ത് സ്ത്രീകൾക്ക് ഏറ്റവും അപകടം പിടിച്ച ഇടങ്ങളിൽ ഒന്ന് ഇന്ത്യയെന്നതാണ് യാഥാർഥ്യം. 

സ്ത്രീകളെ ലൈംഗികമായി അക്രമിക്കുന്നവർക്കെതിരേ ശക്തമായ നിയമം വന്നിട്ടും, രാജ്യത്തെ ബലാത്സംഗ കേസുകളിൽ ഇതുവരെയും കുറവ് രേഖപ്പെടുത്തിയിട്ടില്ല. പ്രതിവർഷം 30,000 ത്തിലധികം സ്ത്രീകൾ ഇന്ത്യയിൽ ഇപ്പോഴും ബലാത്സംഗത്തിനിരയാവുന്നു. 2019 ലെ കണക്ക് പ്രകാരം പ്രതിവർഷം 59,853 കുറ്റകൃത്യങ്ങളാണ് യുപിയിൽ സ്ത്രീകൾക്കെതിരേ നടന്നക്കുന്നത്. ബലാത്സംഗകേസുകളിൽ രാജസ്ഥാൻ, യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര, എന്നിവ കഴിഞ്ഞാൽ അഞ്ചാം സ്ഥാനമാണ് കേരളത്തിന് (2,023 കേസുകൾ). നിർഭയകേസിലെ പ്രതികൾക്ക് തൂക്കുകയർ വിധിച്ചത് കുറ്റകൃത്യത്തിന് മുതിരുന്നവരുടെ മാനസികാവസ്ഥയിൽ പ്രത്യേകം മാറ്റമുണ്ടാക്കിയില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. അതിനാൽ തന്നെ, ആയിരത്തിൽ ഒരു വ്യാജ ആരോപണം വരുമ്പോൾ അതിനെ ആഘോഷിക്കണമോ എന്നുള്ളതും നമ്മൾ നോക്കി കണേണ്ട കാര്യമാണ്. 

നിയമവും സംവിധാനങ്ങളും തങ്ങൾക്കൊപ്പമുണ്ട് എന്ന തോന്നലിൽ അടുത്ത കാലത്താണ് സ്ത്രീകൾ ധൈര്യപൂർവ്വം പോലീസിൽ പരാതി നൽകാനുള്ള ആർജ്ജവം കാണിച്ചു തുടങ്ങിയതുതന്നെ. 

എന്നാൽ, പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതി കുറ്റവിമുക്തനായി എന്ന തരത്തിൽ വാർത്തകൾ വരുന്നത് ശരിയല്ലെന്നാണ് ആക്ടിവിസ്റ്റും അഭിഭാഷകയുമായ ആശ ആർ.കെ. പറയുന്നത്. 

'ആ പയ്യനെ വെറുതെ വിട്ടതുപോലെയാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. അതിനൊന്നും സമയമായിട്ടില്ല. ഡിഎൻഎ ടെസ്റ്റ് പ്രകാരം ഗർഭത്തിന് ഉത്തരവാദിയല്ലന്നേ വരുന്നുള്ളൂ. പെൺകുട്ടി മൊഴിയിൽ ഉറച്ചു നിൽക്കുകയാണ്. അതിനാൽ ആ പയ്യൻ ശിക്ഷയിൽ നിന്ന് മോചിതനായി എന്ന് ആഘോഷിക്കുന്നത് ശരിയല്ല. മാത്രവുമല്ല പയ്യന്റെ മുഖം കാണിച്ച് റിപ്പോർട്ട് ചെയ്യുന്നതും പയ്യനൊപ്പം പണ്ട് ഇന്ന സ്‌കൂളിൽ പഠിച്ച കുട്ടിയെന്ന റിപ്പോർട്ടിൽ പറയുന്നതെല്ലാം ഇരയുടെ സ്വകാര്യത നഷ്ടപ്പെടുത്തും', അഡ്വ ആശ പറഞ്ഞു.

ഒരാൾ പോക്സോ ആക്ട് പ്രകാരം പ്രതിയാവുമ്പോഴും അയാളെ ഉടൻ തന്നെ 35 ദിവസം ജയിലിലിടുന്ന രീതിയിൽ ചില പുനരാലോചനകൾ ഉണ്ടാവണമെന്നാണ് അഡ്വക്കറ്റ് ആശയുടെ പക്ഷം. കുട്ടികളുടെ വെറും മൊഴിയുടെ അടിസ്ഥാനത്തിൽ ആളെ പിടിച്ച് ജയിലിലിടാതെ ആ മൊഴിയിൽ കാമ്പുണ്ടോ എന്നു നിർബന്ധമായും ചെൽഡ് സൈക്കോളജിസ്റ്റ്, ചൈൽഡ് സെക്കാട്രിസ്ര്റ്, ഗൈനക്കോളജിസ്റ്റ് എന്നിവരടങ്ങിയ പാനലിൽ ഇരുത്തി ആ കുട്ടിക്ക് കൗൺസിലിങ്ങ് നൽകിയ ശേഷമേ പ്രതിയെ ജയിലിൽ ഇടാൻ പാടുള്ളൂ. ആക്ടിലെ റൂൾസ് ഇപ്രകാരം ഭേദഗതി ചെയ്യണമെന്നാണ് അഡ്വക്കറ്റ് ആശ പറയുന്നത്. 

വിവാഹവും വിവാഹമോചനവും കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇത്തരം വ്യാജആരോപണങ്ങൾ കൂടുതൽ കണ്ടുവരുന്നത്. അല്ലാതെ കേരളത്തിലെ ബലാത്സംഗ കേസുകളിൽ പലതും വ്യാജ ആരോപണങ്ങളാണെന്ന സാമാന്യവത്കരണത്തോട് യോജിക്കാനാവില്ല എന്നും ആശ പറയുന്നു. മകനെ പീഡിപ്പിച്ചെന്ന് പറഞ്ഞ് അമ്മക്കെതിരേ വ്യാജപരാതി കൊടുത്ത സംഭവങ്ങളും കേരളത്തിലുണ്ടായിട്ടുണ്ടെന്നതും നമ്മൾ ചേർത്ത് വായിക്കേണ്ടതാണ്. അതിനാൽ തന്നെ, സ്ത്രീ മാത്രമേ വ്യാജ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച്  പുരുഷനെ വേട്ടയാടൂ എന്നും പറയാനാവില്ല. 

പി.എം.ആതിര
പി.എം.ആതിര

വ്യാപക ദുരുപയോഗം നടന്നു എന്ന ചര്‍ച്ചകള്‍ വിപരീതഫലം ഉണ്ടാക്കും 

സ്ത്രീകളുടെ സംരക്ഷണം ഉറപ്പു വരുത്തുന്ന നിയമങ്ങളില്‍ നൂറില്‍ ഒരു മിസ് യൂസ് നടന്നുവെന്നിരിക്കട്ടെ അപ്പോഴേക്കും വലിയ വൈകാരികമായാണ് ആളുകള്‍ അതിനെ കാണുന്നത്. തിരൂരങ്ങാടിയിലെ പോക്സോ കേസില്‍ അങ്ങനെ ഒരു ദുരുപയോഗം നടന്നു എന്ന അഭിപ്രായം പോലും എനിക്കില്ല. ഡിഎന്‍എ റിസള്‍ട്ടിന് ഉത്തരവാദിയല്ല എന്ന് മാത്രമേ ജാമ്യം കൊടുത്തതു കൊണ്ട് അര്‍ഥമാകുന്നുള്ളൂ. ഗ്യാങ്ങ് റേപ്പിലുണ്ടോ ഇല്ലയോ എന്നതൊക്കെ ഇനി തെളിയാന്‍ കിടക്കുന്നതേ ഉള്ളൂ.

രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള നിയമങ്ങളും മറ്റും ധാരാളം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. പക്ഷെ അപ്പോഴൊന്നും ഇല്ലാത്ത മുറവിളിയാണ് ഇത്തരം കേസുകളില്‍ ഉയരുന്നത്. മൈനര്‍ ആയ കുട്ടി മൊഴിയിലെ വൈരുധ്യങ്ങളാണ് ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്. വലിയ ആളുകള്‍ അത്തരം ലൈംഗിക അതിക്രമത്തിന് ഇരയായാല്‍ വരെ അപ്പോഴത്തെ മാനസികാവസ്ഥയില്‍ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടാവാറുണ്ട്. അപ്പോള്‍ ആ കുട്ടിയെ തേജോവധം ചെയ്യേണ്ടതില്ല.

ഇനി നിയമ ദുരുപയോഗം നടന്നാലും അയാള്‍ക്ക് പുറത്തു കടക്കാനാവും എന്നു കൂടിയല്ലേ ഈ കേസ് കാണിക്കുന്നത്. പരിമിത അളവില്‍ മാത്രമേ ദുരുപയോഗം നടക്കൂ എന്നല്ലേ ഡിഎന്‍എ ടെസ്റ്റ് ഫലവും പയ്യന് ജാമ്യം കിട്ടിയതും കാണിക്കുന്നത്. ആ രീതിയില്‍ കാണാതെ വ്യാപക ദുരുപയോഗം നടന്നു എന്ന ചര്‍ച്ചകള്‍ നെഗറ്റീവ് എഫക്ടേ ഉണ്ടാക്കൂ. -  പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം.ആതിര

Content Highlights: Tirurangadi POCSO case accused get bail controversy and fake allegations