പ്രതീകാത്മക ചിത്രം | ഫോട്ടോ:സജീവൻ എൻ എൻ
കോഴിക്കോട്: സ്കൂളിലെ പെണ്‍കുട്ടികളുടെ എണ്ണം കണക്കാക്കിമാത്രം ഒരു തസ്തിക... ലിംഗസമത്വത്തിനുവേണ്ടി സംസാരിക്കുമ്പോഴും നമ്മുടെ വിദ്യാഭ്യാസവകുപ്പില്‍ തുടരുന്നതാണ് പ്രവൃത്തിപരിചയ അധ്യാപകതസ്തിക (തുന്നല്‍) യ്ക്കുള്ള നിയമനം. ഒരു സ്കൂളില്‍ 200 പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ തസ്തികയുണ്ടാവൂ.
എന്നാല്‍, അഞ്ചുമുതല്‍ ഒന്‍പതാംക്ലാസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇവര്‍ ക്ലാസെടുക്കണം. പ്രവൃത്തിപരിചയമേളകളിലേക്ക് ഇവരെ മത്സരത്തിന് തയ്യാറാക്കുകയും വേണം.പെണ്‍കുട്ടികളുടെ എണ്ണം ഒന്നുകുറഞ്ഞാല്‍ തസ്തിക തെറിക്കും. അങ്ങനെയുള്ള അധ്യാപകര്‍ക്ക് മറ്റൊരു സ്കൂളിലെ ക്ലാസുകള്‍ ചേര്‍ത്തുനല്‍കി തസ്തിക സംരക്ഷിക്കുന്ന രീതിയായിരുന്നു ഇതുവരെ. എന്നാല്‍, ആ പതിവുമാറ്റി അധ്യാപകരെ സ്ഥലംമാറ്റുക എന്നതാണ് വിദ്യാഭ്യാസവകുപ്പിന്റെ പുതിയരീതി. യു.പി.യിലും ഹൈസ്കൂളിലും ക്ലാസെടുക്കുന്ന ഇവരുടെ തസ്തിക ഹൈസ്കൂള്‍ ടീച്ചര്‍ എന്നാണെങ്കിലും യു.പി. വിഭാഗത്തിന്റെ വ്യവസ്ഥയിലാണ് ശമ്പളം.
തുടരുന്നത് പഴയ നിയമം
1957ല്‍ ജോസഫ് മുണ്ടശ്ശേരി കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആയപ്പോഴാണ് കേരള വിദ്യാഭ്യാസച്ചട്ടം നിലവില്‍വന്നത്. ഇതിലാണ് പ്രവൃത്തിപരിചയ അധ്യാപകതസ്തികയുടെ നിബന്ധനകളുള്ളത്. ചട്ടത്തിലെ ലിംഗഅനീതി ഒട്ടേറെത്തവണ അധ്യാപകര്‍ വേണ്ടപ്പെട്ടവരെ അറിയിച്ചെങ്കിലും കാലഹരണപ്പെട്ട നിബന്ധനകള്‍ മാറ്റിയെഴുതാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഇത്തരത്തില്‍ സംസ്ഥാനത്ത് 531 അധ്യാപകരാണുള്ളത്. ഇതില്‍ പുരുഷന്മാര് വിരലിലെണ്ണാവുന്നവര്‍മാത്രം.2017 മുതല്‍ കലാകായിക പ്രവൃത്തിപരിചയ വിഷയത്തില്‍ എഴുത്ത്പ്രാക്ടിക്കല് പരീക്ഷ നടത്തുന്നുണ്ട്. വിഷയം പഠിപ്പിക്കാനായി അധ്യാപകരില്ലാത്ത സ്കൂളുകളിലെ വിദ്യാര്‍ഥികളും പരീക്ഷയെഴുതണം. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട കരിക്കുലം കമ്മിറ്റിയിലും ഈ അധ്യാപകരെ ഉള്‍പ്പെടുത്തിയിട്ടില്ല.
പ്രവൃത്തിപരിചയ അധ്യാപകര്‍ കൂടാതെ ബി.ആര്.സി.യുടെ കീഴിലുള്ള സ്പെഷ്യലിസ്റ്റ് അധ്യാപകരും സ്കൂളുകളില്‍ ഈ വിഷയത്തിന് ക്ലാസെടുക്കുന്നുണ്ട്.
Content Highlights: craft teacher vaccancies in school
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..