പ്രതീകാത്മക ചിത്രം
മലപ്പുറം: ജില്ലയിലെ വിവാഹമോചനക്കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 3,275 കേസുകളാണ് തിരൂര്‍, മലപ്പുറം കുടുംബകോടതികളിലായി രജിസ്റ്റര്‍ചെയ്തത്. 2020 ല്‍ 786 പേരാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതികളിലെത്തിയത്. 2021 ല്‍ ഇത് 1,338 ലെത്തി. കോവിഡിനുശേഷം വലിയ രീതിയിലുള്ള വര്‍ധനയാണ് ഉണ്ടായത്. കേസുകളില്‍ 2,295 എണ്ണവും സ്ത്രീകള്‍ ഫയല്‍ ചെയ്തവയാണ്. 70 ശതമാനം വരുമിത്. തിരൂര്‍ കുടുംബകോടതിയില്‍ 288 കേസുകളാണ് 2020 ല്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍. 2021 ല്‍ 773 കേസുകള്‍ വരെയായി. മലപ്പുറം കുടുംബകോടതിയില്‍ 2020 ല്‍ 498 കേസുകളാണുണ്ടായിരുന്നത്. 2021 ല്‍ ഫയല്‍ ചെയ്ത കേസുകളുടെ എണ്ണം 565 ആയി.
മദ്യപാനം മുതല്‍ ഭര്‍ത്തൃബലാത്സംഗം വരെ
മദ്യപാനമുള്‍പ്പെടെ വിവിധ കാരണങ്ങളാണ് വിവാഹമോചനത്തിനു പിന്നിലുള്ളത്. വിവാഹേതര ബന്ധങ്ങളും ഇന്റര്‍നെറ്റ് വഴിയുള്ള മറ്റ് ബന്ധങ്ങളുമെല്ലാം പലപ്പോഴും വിവാഹമോചനത്തില്‍ ആണ് അവസാനിക്കുന്നത്. വ്യക്തിത്വവൈകല്യങ്ങള്‍ ഭാര്യയോ ഭര്‍ത്താവോ തിരിച്ചറിയാതെ പോകുന്നതും പ്രശ്നങ്ങളിലെത്തിക്കുന്നു. സ്വത്ത്, ഗാര്‍ഹികപീഡനം, ഭര്‍ത്തൃബലാത്സംഗം എന്നിവയെല്ലാം കാരണങ്ങളുടെ പട്ടികയിലുണ്ട്.
വേണം, ലൈംഗിക വിദ്യാഭ്യാസം
കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ കുടുംബകോടതികളിലെത്തിയ വിവാഹമോചന കേസുകളുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഭര്‍ത്തൃബലാത്സംഗങ്ങള്‍. ഭാര്യയുടെ സമ്മതമില്ലാത്ത എല്ലാ ലൈംഗിക ബന്ധങ്ങളും ബലാത്സംഗങ്ങളുടെ പരിധിയില്‍ വരും. ലൈംഗിക സൈറ്റുകള്‍ക്ക് അടിമകളായ ഭര്ത്താക്കന്മാര് ലൈംഗിക വൈകൃതങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നതായും കേസുകള്‍ ഫയല്‍ചെയ്ത സ്ത്രീകള്‍ പറയുന്നു. ചെറുപ്രായത്തില്‍ വിവാഹിതരായ ഇവരില്‍ പലരും ഇത് ബലാത്സംഗമാണെന്ന് തിരിച്ചറിഞ്ഞതുപോലും വൈകിയാണ്.
അവഗണിക്കരുത് വിവാഹമോചിതരെ
'21ാം വയസ്സില്‍ പ്രണയിച്ച് വിവാഹംകഴിച്ചു. 24 ല്‍ അയാളുടെ അടിമയായി നില്ക്കാനാവില്ലെന്ന ഉറച്ച തീരുമാനത്തില്‍ ഞാന്‍ വിവാഹമോചനം ആവശ്യപ്പെട്ടു. എല്ലാം സഹിച്ചശേഷമാണ് വിവാഹമോചനം നേടി തിരിച്ചെത്തുന്നത്. ഇത്തരക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ വേണ്ടത് സ്വന്തം വീട്ടുകാരില്‍നിന്നുള്ള പിന്തുണയാണ്. പലപ്പോഴും കിട്ടാതെ പോവുന്നതും ഇതാണ്. കുട്ടിയുടെ കാര്യം പറഞ്ഞുകൊണ്ടാണ് വിലപേശല്‍.
രണ്ടാം വിവാഹത്തിനുള്ള നിര്‍ബന്ധിക്കലും ബന്ധുക്കളില്‍നിന്നുപോലും ലൈംഗികാതിക്രമങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ഇനി തീരുമാനങ്ങള്‍ ഞാനെടുക്കും' തിരൂര്‍ കോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ടെത്തിയ പെണ്‍കുട്ടിയുടെ വാക്കുകളാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം മുടങ്ങിപ്പോയ തന്റെ ഉന്നത വിദ്യാഭ്യാസം തുടരുകയാണവള്.
സ്ത്രീകളും സമൂഹവും മാറി
വിവാഹമോചനം ആവശ്യപ്പെട്ടെത്തുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ വര്‍ധന ശുഭസൂചകമായി കണക്കാക്കാം. സ്ത്രീകള്‍ കുറേക്കൂടി വിദ്യാഭ്യാസത്തിലും ജോലിയിലും മുന്പോട്ടുവന്നു. എല്ലാംസഹിച്ച് നില്‍ക്കേണ്ടതില്ലെന്ന ബോധ്യം സ്ത്രീകള്ക്കുണ്ടായതുപോലെത്തന്നെ വിവാഹമോചനം മോശപ്പെട്ട കാര്യമാണെന്ന സമൂഹത്തിന്റെ ചിന്തയിലും മാറ്റംവന്നിട്ടുണ്ട്. ഇതിന്റെ ഒരു പ്രതിഫലനം കൂടിയാണ് കേസുകളുടെ എണ്ണത്തിലെ വര്‍ധന.
അഡ്വ. എന്‍.പി. അഞ്ജന,
അഭിഭാഷക, തിരൂര്‍ കുടുംബ കോടതി
പാരന്റല്‍ ഏലിയനേഷന്‍
പാശ്ചാത്യരാജ്യങ്ങളിലുള്ളതുപോലെ ആരോഗ്യപരമായ വിവാഹമോചനങ്ങളല്ല നമ്മുടെ നാട്ടിലേത്. ഇവിടെ വരുന്ന പല കേസുകളിലും കണ്ടു വരുന്നതാണ് പാരന്റല്‍ ഏലിയനേഷന്‍. വിവാഹമോചിതരാകുന്ന രക്ഷിതാക്കളിലൊരാള്‍ കുട്ടികളിലേക്ക് മറുഭാഗത്തുള്ള ആളെപ്പറ്റി കുറ്റപ്പെടുത്തലുകള്‍ മാത്രം പറഞ്ഞുകൊണ്ടിരിക്കും. ഇത് കുട്ടിയില്‍ അച്ഛനമ്മമാരിലൊരാളോട് സ്നേഹവും ഒരാളോട് വിദ്വേഷവും വളര്‍ത്തും. കൗണ്‍സലിങ്ങിലൂടെ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെങ്കിലും പരസ്പര ബഹുമാനത്തോടെ പിരിയുന്നവരുടെ എണ്ണം കുറവാണ്.
ടി.ആര്. ഹണി,
പ്രിന്‍സിപ്പല്‍ കൗണ്‍സലര്‍,
മലപ്പുറം കുടുംബകോടതി
Content Highlights: The number of divorce cases is increasing
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..