Photo: instagram.com|pbbphoto
അഫ്ഗാനിസ്താനിൽ മുഖം മറയ്ക്കുന്ന വേഷം ധരിച്ച് മാത്രമേ സ്ത്രീകള്‍ പൊതുസ്ഥലങ്ങളിലേക്ക് എത്താന്‍ പാടുള്ളു എന്ന ഉത്തരവുമായി താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുല്ല അകുന്‍സാദ. ഉത്തരവ് ലംഘിച്ചാല്‍ പെണ്‍കുട്ടിയുടെ പിതാവിനോ രക്ഷിതാവിനോ ജയില്‍ ശിക്ഷയും സര്‍ക്കാര്‍ ജോലിയുണ്ടെങ്കില്‍ അവയില്‍ നിന്ന് പിരിച്ച് വിടുകയും ചെയ്യും. 1996 മുതല്‍ 2001 വരെയുള്ള താലിബാന്‍ ഭരണകാലത്ത് ബുര്‍ഖ നിര്‍ബന്ധമായിരുന്നു. ഇക്കാലയളവില്‍ സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന നീല ബുര്‍ഖ തന്നെയാണ് അഭികാമ്യമെന്നും താലിബാന്‍ അറിയിച്ചു. അഫ്ഗാനിസ്താനില്‍ മിക്കയിടങ്ങളിലും മതപരമായ തലമൂടുന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് സ്ത്രീകള്‍ പുറത്തിറങ്ങുന്നത്. എന്നാല്‍ കാബൂള്‍ പോലുള്ള സ്ഥലങ്ങളില്‍ സ്ഥിതി വിഭിന്നമാണ്.
പെണ്‍കുട്ടികളുടെ പഠനം ഏറെകുറെ താലിബാന്‍ അധികാരത്തില്‍ വന്നതോടെ നിലച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ്. അടുത്തിടെ പെണ്‍കുട്ടികളുടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍ ഉത്തരവിറക്കിയിരുന്നു. ഇതോടെ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം തീര്‍ത്തിരുന്നു.
ഭക്ഷണമടക്കമുള്ള അവശ്യസാധനങ്ങളുടെ ക്ഷാമത്തോടൊപ്പം മനുഷ്യാവകാശ ലംഘനകളും ഇവിടെ സാധാരണമാവുകയാണ്. സാമ്പത്തികമായി തകര്‍ന്നടിഞ്ഞിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍
കാബൂളിലെയും മറ്റ് പ്രവിശ്യകളിലെയും സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഏറ്റവും പുരോഗമന നഗരമായ ഹെറാത്തില്‍ പോലും സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്താന്‍ ഡ്രൈവിംഗ് പരിശീലകരോട് താലിബാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
അക്രമമില്ലാത്ത രീതിയിലായിരിക്കും തങ്ങളുടെ ഭരണമെന്ന് കാണിക്കാന്‍ താലിബാന്‍ തുടക്കത്തില്‍ മൃദുഭരണം കാഴ്ച വെച്ചിരുന്നു.ആണ്‍തുണയില്ലാതെ പുറത്തിറങ്ങുന്നതും, പുരുഷന്‍മാരും സ്ത്രീകളും ഒരേ സമയം പാര്‍ക്കിലെത്തുന്നതിനും വിലക്കുകളുണ്ട്.
Content Highlights: Taliban order women burqa in public
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..