കുലീനയായ സത്രീ ഒരു തവണയേ പീഡിപ്പിക്കപ്പെടൂ എന്ന മൂഢവിചാരമാണ് സമൂഹത്തിന് | ജീവിതം മിടൂവിന്‌ ശേഷം 


By നിലീന അത്തോളി

7 min read
Read later
Print
Share

"ഇവിടെ മരിച്ചാല്‍ മാത്രമേ സപ്പോര്‍ട് സിസ്റ്റവും അനങ്ങുന്നുള്ളൂ. കൊലപാതകമോ രക്തസാക്ഷിത്വമോ ഉണ്ടാവണം. കുലീനയായ സത്രീ ഒരു തവണയേ പീഡിപ്പിക്കപ്പെടൂ എന്ന മൂഢവിചാരമാണ് പലര്‍ക്കും"

മിടൂ ആരോപണവുമായി മുന്നോട്ട് വന്ന രേവതി സമ്പത്ത്, നൂറ, ആർഷ

2006-ല്‍ തരാണ ബുര്‍ക്കെ ആരംഭിച്ച #മിടൂ മുന്നേറ്റം സജീവവും ക്രിയാത്മകമായും നടന്ന അപൂര്‍വ്വം ഇടങ്ങളിലൊന്നാണ് കേരളം. മിടൂ ആരോപണവുമായി മുന്നോട്ടു വന്ന ഒരുപിടി സ്ത്രീകള്‍ക്ക് നല്ല രീതിയിലുള്ള പിന്തുണ നല്‍കാന്‍ കേരളീയ സമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്. പരസ്പരം ശക്തി പകരുന്ന രീതിയില്‍ സ്ത്രീകളുടെ കമ്മ്യൂണിറ്റികള്‍ തന്നെ മിടൂവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉയര്‍ന്നുവന്നു. അതേസമയം, പോലീസ് കേസാവുന്നതോടെ ഒട്ടുമിക്ക കേസുകളും പാതിവഴിയിലോ വിചാരണ ആരംഭിക്കാതെയോ ഇഴഞ്ഞു നീങ്ങുകയാണ്. ചില കേസുകളിലെങ്കിലും അക്രമി ശക്തനും സംഘടിതനും ആവുന്നതിനനുസരിച്ച്‌ മിടൂവുവിന്റെ ഗതിയും മാറിമറിഞ്ഞു. മിടൂ ആരോപണം ഉന്നയിച്ച് സമൂഹമാധ്യമങ്ങളില്‍ നിന്നാകെ പിന്‍വാങ്ങിയ രേവതി സമ്പത്ത് ചോദിക്കുന്നതുപോലെ റേപ്പിനും പ്രിവിലജ് ഉണ്ടെന്നത് പുനഃപരിശോധിക്കേണ്ട കാര്യമാണ്. തങ്ങളുടെ ഇരുപതുകളില്‍ മിടൂ ഉന്നയിച്ച രേവതി, ആര്‍ഷ, നൂർ എന്നീ മൂന്ന് പെണ്‍കുട്ടികളുടെ മിടൂ ആനന്തര ജീവിതം അവർ പങ്കുവെക്കുന്നു.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ആര്‍ഷയ്ക്ക് പറയാനുള്ളത്:

ടാറ്റു ആര്‍ട്ടിസ്റ്റിനെതിരേയുള്ള മിടൂ വെളിപ്പെടുത്തലിന്റെ ആദ്യഘട്ടത്തില്‍ അനുഭവിച്ച മാനസ്സിക സംഘര്‍ഷങ്ങളൊഴിച്ചാല്‍ ആര്‍ഷയുടെ മുന്നോട്ടുള്ള വഴി പിന്തുണ നിറഞ്ഞതായിരുന്നു. ഒരു പക്ഷെ അധികാരശക്തികേന്ദ്രങ്ങളുള്ള വ്യവസായവുമായോ രാഷ്ട്രീയ- സാംസ്കാരിക രംഗവുമായോ ബന്ധപ്പെട്ടതല്ല ആര്‍ഷയുടെ മിടൂ ആരോപണം എന്നതു കൂടി യാത്ര ആയാസരഹിതമാക്കി. താന്‍ ആരോപണം ഉന്നയിച്ചയാള്‍ക്കെതിരേ ഇരുപതോളം കുട്ടികള്‍ സമാന ആരോപണമുന്നയിച്ചതും ഏഴു പോലീസ് കേസുകളും ആര്‍ഷയുടെ ആരോപണത്തിന് കൂടുതല്‍ സാധൂകരണം നല്‍കി.

ആർഷ

"കേസ് കോടതിയിലെത്തിയപ്പോൾ മൊഴി കൊടുക്കാന്‍ മാത്രമായി മൂന്ന് തവണയാണ് ഞാന്‍ ബംഗ്ലൂരില്‍നിന്ന് കൊച്ചിയിലേക്ക് വന്നത്. എന്നെ അറിയിക്കാതെ മൊഴിയെടുക്കല്‍ മാറ്റി. പഠിക്കുന്ന കാലത്ത് പാര്‍ട് ടൈം ജോലിയെടുത്ത് ഉണ്ടാക്കിയ കാശാണ് ഒരു കാര്യവുമില്ലാതെ ഇങ്ങനെ ടിക്കറ്റെടുത്ത് നഷ്ടപ്പെടുത്തിയത്. ഈ അനുഭവങ്ങള്‍ നേരിടുന്നതിനാല്‍ ഏതെങ്കിലും സ്ത്രീകള്‍ നിയമസംവിധാനത്തിന്റെ സഹായം തേടിയെത്തുമോ എന്ന് ആലോചിക്കാറുണ്ട്. അവിടെയാണ് മിടൂവിന്റെ പ്രസക്തി. ഇനി ഇവളോടൊന്നും പറയാന്‍ പറ്റില്ല, തൊട്ടാല്‍ മിടൂവാകും എന്ന ചില 'തമാശകള്‍' മിടൂ കാളൗട്ടിന് ശേഷം എനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ, ഞാനതിനെ പോസിറ്റീവായാണ് കാണുന്നത്. അന്ന് ടാറ്റു സ്റ്റുഡിയോയില്‍വെച്ച് ചൂഷണം ചെയ്യപ്പെടുകയാണെന്ന് ആ നിമിഷം എനിക്ക് ബോധ്യപ്പെട്ടിരുന്നില്ല. ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായിരുന്നു. സ്വകാര്യഭാഗങ്ങളില്‍ ടാറ്റു ചെയ്ത് ശീലമില്ലാത്ത ഞാന്‍ ഇത്രയധികം സെലിബ്രിറ്റികള്‍ എന്‌ഡോഴ്‌സ് ചെയ്ത ടാറ്റു ആര്‍ട്ടിസ്റ്റ് പ്രഫഷണലായിരിക്കും എന്ന് കരുതി. പക്ഷെ, വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ്‌ ആ അനുഭവം എത്രത്തോളം എന്നെ അടിമുടി ഉലച്ചുകളഞ്ഞെന്ന് മനസ്സിലാക്കുന്നത്.

തുറന്നുപറച്ചില്‍ എന്നെ ശക്തയാക്കി. തുറന്നു പറയാതെ എനിക്ക് മനസ്സമാധാനം കിട്ടുമായിരുന്നില്ല. മിടൂ എംപവറിങ് ആണെങ്കിലും നിയമപരമായി മുന്നോട്ടു പോകുമ്പോഴാണ് ഓരോ സ്ത്രീയും ദുരിത കയത്തിലേക്ക് വീഴുന്നത്.

എന്നാൽ മിടൂവിലൂടെ ഉണ്ടായ സ്ത്രീകൂട്ടായ്മകളുടെയും സ്ത്രീകളുടെയും പിന്തുണയാണ് ഇന്നെനിക്ക് ശക്തി പകരുന്നത്. റേപ് ചെയ്യപ്പെട്ട് നേരെ പോലീസ് സ്റ്റേഷനില്‍ പോയ നടി നീതിക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് അഞ്ച് വർഷം പിന്നിട്ടു. ഫലം പ്രതീക്ഷിച്ചല്ല ഞാന്‍ പോലീസില്‍ പരാതി നല്‍കിയത്. അതുവരേക്കും മിടൂവില്‍നിന്ന് കിട്ടിയ പിന്തുണ എന്റെ മുന്നോട്ടുപോക്കിനെ സുഗമമാക്കും. മാധ്യമശ്രദ്ധ കിട്ടിയ വിഷയമായതു കൊണ്ട് പോലീസ് നല്ല സഹകരണമായിരുന്നു. എന്റെ തൊഴില്‍ മേഖല പുരുഷാധിപത്യ മേഖലയല്ലാത്തതും ഞാൻ ഫെമിനിസ്റ്റ് സംഘടനയായ വനജ കളക്ടീവിന്റെ ഭാഗം കൂടിയായതും യാത്ര സുഗമമാക്കി".

അത്രമാത്രം പുരോഗമന സ്വഭാവക്കരല്ലാഞ്ഞിട്ടും നല്ല രീതിയിലുള്ള പിന്തുണ വീട്ടുകാരില്‍നിന്നു ലഭിച്ചു. 10 വര്‍ഷം മുമ്പ് ഇത്തരമൊരനുഭവം തുറന്നു പറയാന്‍ നമ്മളോ അത് കേള്‍ക്കാന്‍ സമൂഹമോ പാകപ്പെട്ടിരുന്നില്ല. കാരണം റേപ്പിസ്റ്റിനെ കല്ല്യാണം കഴിക്കുന്നതാണല്ലോ സിനിമകള്‍വരെ കാണിച്ചു തന്നിട്ടുള്ളത്. എന്നാല്‍, മിടൂ എന്ന ശക്തമായ ഉപാധിയിലൂടെ ഇന്ന് സ്ത്രീകള്‍ക്ക് തങ്ങള്‍ നേരിട്ട അനീതിയെ തുറന്നു കാണിക്കാനാവുന്നുണ്ട്. അക്രമിയെ നാണം കെടുത്താനെങ്കിലും കഴിയുന്നുണ്ട്. വൈകി നീതി ലഭിക്കുന്ന നിയമവ്യവസ്ഥയുള്ള നമ്മുടെ നാട്ടില്‍ മിടൂവും കൂടി ഇല്ലായിരുന്നെങ്കില്‍ എന്തായേനെ...!"

നൂർ

സ്വയം വിളിക്കാനിഷിടം നൂർ

ക്വീര്‍ വ്യക്തി എന്ന നിലയില്‍ കോളേജില്‍നിന്ന് നേരിട്ട ഒറ്റപ്പെടുത്തലുകളില്‍ ആശ്വാസമായെത്തിയ അധ്യാപകനിൽനിന്നാണ് നൂറിന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. കോവിഡില്‍ ഹോസ്റ്റല്‍ അടച്ചുപൂട്ടിയ ഘട്ടത്തിലാണ് തന്റെ മാര്‍ഗ്ഗദര്‍ശിയും അധ്യാപകനും സർവ്വോപരി കോളേജിന്റെ ഡീന്‍ പദവിയിലുമിരിക്കുന്ന വ്യക്തിയുടെ വീട്ടില്‍ രണ്ടു ദിവസത്തേക്ക് താമസിക്കാനായി നൂര്‍ പോകുന്നത്. അതിനാല്‍ തന്നെ ബലാത്സംഗം ചെയ്യപ്പെടുന്ന സന്ദര്‍ഭത്തില്‍പോലും ഇത് തനിക്ക് സംഭവിക്കുന്നത് തന്നെയാണോ, എന്നൊരന്ധാളിപ്പിലും ഷോക്കിലുമായിരുന്നു അവള്‍. വിഷാദം ബാധിച്ച് ഒരിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോഴും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ ആശ്വാസവാക്കുമായി അക്രമി വീണ്ടും നൂറിനുമുന്നിലെത്തി. ഡീന്‍ ആണെന്നും അധികാരശക്തിയുള്ള വ്യക്തിയാണെന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍ ഇടക്കിടെ അയാള്‍ നടത്തി. അങ്ങനെ ജീവിതം സ്വയം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മിടൂ കാള്‍ ഔട്ടിന് നൂര്‍ ശ്രമിക്കുന്നത്. അന്ന് കിട്ടിയ സ്ത്രീ സമൂഹത്തിന്റെ പിന്തുണയാണ് ഇന്നും തന്നെ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് പറയുന്നു നൂര്‍.

റേപ് ചെയ്യപ്പെടുമ്പോള്‍ 22 വയസ്സായിരുന്നു എന്റെ പ്രായം

"ഒരു സ്ത്രീയായതുകൊണ്ട് തന്നെ പൊതുസ്ഥലങ്ങളിലും മറ്റും നമുക്ക് അനാവശ്യ കയ്യേറ്റങ്ങള്‍ നിരവധി തവണ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ, എനിക്ക് സുരക്ഷയൊരുക്കുമെന്ന് കരുതിയ ഒരാളുടെ വീട്ടില്‍വെച്ചാണ് ഞാനതു നേരിട്ടത്. സംഭവം നടന്ന ശേഷം പ്രേമമായിരുന്നുവെന്ന് മാനിപ്പുലേറ്റ് ചെയ്യാൻ അയാൾ ശ്രമിച്ചു. പുറത്ത് പറഞ്ഞാല്‍ കരിയറിനെയും മുന്നോട്ടുള്ള ജീവിതത്തെയും ബാധിക്കുമെന്ന് പറഞ്ഞ് പേടിപ്പിച്ചു. വെറും അധ്യാപകനല്ല; ഡീനാണെന്ന് അയാളെന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. സംഭവശേഷം കോളേജില്‍ തിരിച്ചു വന്നപ്പോള്‍ ഇയാളെ കണ്ടുകൊണ്ടിരിക്കേണ്ടി വന്നത് സഹിക്കാൻ കഴിയുമായിരുന്നില്ല. കോളേജില്‍ അത്രക്കധികം ആത്മബന്ധം ഉള്ളവര്‍ ഇല്ലാത്തതിനാല്‍ ആരോടും പറഞ്ഞില്ല. എനിക്ക് ഞാനാവാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അയാള്‍ക്കെതിരേ സംസാരിച്ചാല്‍ ആളുകള്‍ എന്നെ വിശ്വാസത്തിലെടുക്കുമോ എന്നും പഠനത്തെ ബാധിക്കുമോ എന്നും പേടിയുണ്ടായിരുന്നു. അങ്ങനെ അനിശ്ചിതാവസ്ഥയിലെത്തിയപ്പോഴാണ് മരിക്കാനുള്ള തീരുമാനമെടുക്കുന്നത്. മരുന്ന് കഴിച്ച് ഓവര്‍ഡോസിലായ എന്നെ ആശുപത്രിയില്‍ കാണാന്‍ വന്ന ശേഷവും ഒന്നും നടക്കാത്ത പോലെയാണ് അയാള്‍ സംസാരിച്ചത്. അങ്ങനെയാണ് ജീവിക്കാനുള്ള അവസാനത്തെ ആശ്രയമെന്ന രീതിയില്‍ ഇന്‍സ്റ്റയിലൂടെ മിടൂ കാള്‍ഔട്ട് നടത്തുന്നത്. മിടൂ ചെയ്തില്ലായിരുന്നെങ്കില്‍ എനിക്കുള്ള പിന്തുണയും ഇയാളുടെ പ്രിഡേറ്റര്‍ സ്വഭാവവും ഞാന്‍ തിരിച്ചറിയില്ലായിരുന്നു.

മിടൂവിലൂടെ ലഭിച്ച സമൂഹത്തിന്റയും സ്ത്രീകളുടെയും പിന്തുണയാണ് മുന്നോട്ടു ജീവിക്കാനുള്ള മോഹവും വിശ്വാസവും എന്റെയുള്ളില്‍ പാകിയത്. അതിനു ശേഷമായിരുന്നു പോലീസില്‍ പരാതിപ്പെടുന്നത്.ഒരു മാസം വേണ്ടി വന്നു പ്രമുഖനായ വ്യക്തിക്കെതിരേ പരാതി കൊടുക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും ആര്‍ജ്ജിക്കാന്‍.

കലഹപ്രിയയായതുകൊണ്ടും മാനസിക പ്രശ്‌നങ്ങളുള്ളതുകൊണ്ടുമാണെന്ന പ്രത്യാരോപണം നേരിട്ടെങ്കിലും എനിക്ക് സംഭവിച്ച അനീതിക്കെതിരേ ഞാന്‍ പോരാടി. അതിനാൽ തന്നെ ആത്മഹത്യ പോലുള്ള കാര്യങ്ങളെ കുറിച്ച് ഇനിയൊരിക്കലും ഞാന്‍ ചിന്തിക്കില്ല. അധികമൊന്നുമില്ലെങ്കിലും കോളേജില്‍ നിന്നുള്ള ഒരു പറ്റം കുട്ടികളുടെ ആത്മാര്‍ഥമായ പിന്തുണ എനിക്ക് നേടിത്തന്നത് മിടൂ കാള്‍ഔട്ടാണ്. പോലീസ് പരാതിയുമായി മുന്നോട്ടു പോകാനുള്ള ആര്‍ജ്ജവവും അത് നല്‍കി. എച്ച്.ഒ.ഡി. മാറിയതോടെ കോളേജിന് നല്ല മാറ്റമുണ്ടായി, കമ്മ്യൂണിറ്റി രൂപപ്പെട്ടു. ആ മാറ്റത്തില്‍ എനിക്ക് പങ്കുണ്ടായി എന്നത് അഭിമാനമാണ്. പണ്ടൊക്കെ റേപ് വാര്‍ത്തകള്‍ കാണുമ്പോള്‍ അവളവിടെ പോയതു കൊണ്ടല്ലേ അങ്ങനെ സംഭവിച്ചതെന്ന ചിന്തയൊക്കെ വീട്ടുകാര്‍ പങ്കുവെക്കുമായിരുന്നെങ്കിലും എനിക്കുണ്ടായ ദുരനുഭവം തിരിച്ചറിഞ്ഞതോടെ അതീജീവിതമാരെ കുറ്റപ്പെടുത്തുന്ന അവരുടെ മനോഭാവത്തിലും മാറ്റം വന്നു.

മിടൂ എന്നെ ശാക്തീകരിച്ചെങ്കിലും മെഡിക്കല്‍ ചെക്കപ്പിന് പോയപ്പോഴും പോലീസിന്റെ ഭാഗത്തുനിന്ന്‌ ഒരിക്കലും നല്ല അനുഭവമല്ല നേരിടേണ്ടി വന്നത്. എന്റെ ഐഡന്റിറ്റി റേപ് വിക്ടിം മാത്രമാാണെന്ന തരത്തില്‍ ചിലരെങ്കിലും പെരുമാറുന്നുണ്ട്.. ചിലര്‍ക്ക് എന്നെ കാണുമ്പോൾ പേടി പോലെയാണ്.

'എനിക്ക് നൂറിനോട് സംസാരിക്കാൻ പേടിയാണ്, പോയി കേസ് കൊടുത്താലോ' എന്ന് ക്ലാസ് റൂമില്‍ വെച്ച് ടീച്ചര്‍ സംസാരിച്ചത് നിസ്സഹായയായി കേട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരു പ്രശ്‌നക്കാരി ഇമേജാണ് 25 ശതമാനം ആളുകളും വെച്ചു പുലര്‍ത്തുന്നത്. ഇതുകാരണം മറ്റു കുട്ടികള്‍ക്ക് എന്നെപ്പോലെ അബ്യൂസ് തുറന്നു പറയാന്‍ ധൈര്യം കുറയുമോ എന്ന പേടി എനിക്കുണ്ട്.

കോടതിയില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. മൂന്നാം വര്‍ഷം കഴിഞ്ഞാല്‍ ഞാനെന്തായാലും പുറത്തോട്ടു പോകും. അല്ലെങ്കിലും കുറ്റവാളി ഉടൻതന്നെ ശിക്ഷിക്കപ്പെടുമെന്ന് കരുതി മാത്രമല്ലല്ലോ നമ്മള്‍ മിടൂവുമായും മുന്നോട്ടുവരുന്നത്.

രേവതി സമ്പത്ത്

റേപ്പിലും പ്രിവലജ് - രേവതി പറയാനുള്ളത്

പ്രബലമായ സിനിമാ വ്യവസായത്തിലെ പ്രബലരായ രണ്ട് പേര്‍ക്ക് നേരെയായിരുന്നു രേവതി സമ്പത്തിന്റെ മിടൂ വെളിപ്പെടുത്തല്‍. ആദ്യം സംവിധായകന്‍ രാജേഷ് ടച്ച്റിവറിനെതിരേയും രണ്ടാമത് നടന്‍ സിദ്ദിഖിനെതിരേയും. ഇതിനു ശേഷം വിവിധ സമുദായങ്ങളിലെയും സംഘടനകളിലെയും അംഗങ്ങള്‍ കൂടി ആരോപണവിധേയരായതോടെ രേവതി ഒറ്റപ്പെട്ടു. അതിനാല്‍ തന്നെ മിടൂ ആനന്തരമുള്ള രേവതിയുടെ യാത്ര കഠിനമായിരുന്നു. ഒരു സ്ത്രീ ഒരാള്‍ക്കെതിരേ മിടൂ പറയാനുള്ള പ്രിവിലേജേ സമൂഹം നല്‍കിയിട്ടുള്ളൂ.ഒന്നില്‍ കൂടുതല്‍ മിടൂ വെളിപ്പെടുത്തല്‍ നടത്തിയാല്‍ അത് സ്ത്രീയുടെ കുഴപ്പമാണ് സമൂഹത്തെ സംബന്ധിച്ച്. തന്നെ ജീവിതത്തില്‍ മാനസികമായും ലൈംഗികമായും അക്രമിച്ച 14 പുരുഷന്‍മാര്‍ക്കെതിരേ മിടൂ വെളിപ്പെടുത്തല്‍ നടത്തിയ നടിയും സൈക്കോളജി വിദ്യാര്‍ഥിയുമായ രേവതിക്ക് താനേറെ സക്രിയമായിരുന്നു സമൂഹ മാധ്യമങ്ങളില്‍നിന്ന് മാറി നില്‍ക്കേണ്ടി വന്നത് മിടൂവിന് ശേഷമാണ്. അടുത്ത സുഹൃത്തുക്കള്‍ വരെ ശത്രുക്കളായി. ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനാണ് താനീ വെളിപ്പെടുത്തലുകള്‍ നടത്തുന്നതെന്ന ഹിസാത്മകമായ വാക്കുകള്‍ അവർക്കു കേള്‍ക്കേണ്ടി വന്നു.

അറ്റന്‍ഷന്‍സീക്കിങ്ങെന്ന ആരോപണം കൊണ്ട് റദ്ദ് ചെയ്യപ്പെട്ട മിടൂ- രേവതിക്ക് പറയാനുള്ളത്

"ഫേക്ക് ആണ് വിശ്വസിക്കാന്‍ കൊള്ളില്ല എന്ന വാക്കുകളാണ് ഒന്നില്‍ കൂടുതല്‍ മിടൂ വെളിപ്പെടുത്തലുകള്‍ നടത്തിയ ആദ്യമാത്രയില്‍ ഞാന്‍ കേള്‍ക്കേണ്ടി വന്നത്. അതിനൊപ്പമാണ് ശ്രദ്ധയാകര്‍ഷിക്കല്‍ രോഗമാണെന്ന പഴിയും വന്നത്. സിദ്ദിഖിനെതിരേ മിടൂ ഉന്നയിച്ചപ്പോള്‍ നീയാരാ, നീയെത്ര സിനിമ ചെയ്തു എന്ന സ്റ്റാറ്റിക്‌സ് വരെ എനിക്കെതിരേ ഉയര്‍ന്നിട്ടുണ്ട്. അശക്തയായ അസംഘടിതയായ ഒരാളെ ആക്രമിക്കാന്‍ എല്ലാ അക്രമികളും ഒരുമിക്കുന്ന അപൂര്‍വ്വ കാഴ്ചയും എന്റെ കാര്യത്തിലുണ്ടായി.

മൂന്ന് സിനിമയാണ് മിടൂവിന് ശേഷം നഷ്ടപ്പെട്ടത്. ആളുകള്‍ സംവിധായകനെ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് സിനിമ നഷ്ടപ്പെട്ടതെന്ന് സെറ്റിനുള്ളിലെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞ് പിന്നീട് ഞാനറിഞ്ഞു.

അവളെ സെറ്റലേക്ക് വിളിക്കരുത്, പ്രശ്‌നക്കരിയാണെന്ന പൊതുസംസാരം എന്നിവ ഞാനുമായി ബന്ധപ്പെട്ട് രൂപപ്പെട്ടു. ഭീകരി, അഹങ്കാരി ഇമേജ് ആയിരുന്നു. ഒരേസമയം 14 പേര്‍ക്കെതിരേ മിടൂ ആരോപണമുന്നയിച്ചതുകൊണ്ട് ഒപ്പമാരുമില്ല എന്ന റിയാലിറ്റിയിലേക്കെത്താന്‍ വൈകി. എനിക്കാരൊടും ക്ഷമിക്കാന്‍ തോന്നിയിട്ടില്ല. നല്ല ദേഷ്യവും പ്രതികാരവുമുണ്ട് പലരോടും. എന്നാലും മനസ്സമാധാനവും സന്തോഷവും സെല്‍ഫ് റസ്പടക്ടുമുണ്ട്. അതാണല്ലോ മുഖ്യം. മിടൂവിന്റെ പേരില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വരെ അകന്നപ്പോൾ അച്ഛനും അമ്മയും എനിക്കൊപ്പം ഉറച്ചു നിന്നു.

ദയാബായി പറഞ്ഞതു പോലെ ഹോപ്‌ലെസ്‌ സ്ഥലമാണ് എനിക്ക് കേരളം. ഏതെങ്കിലും സ്റ്റേഷനില്‍ പോയി മനസ്സമാധാനമായി പരാതി നല്‍കാന്‍ കഴിയുമോ?

ഈയടുത്ത് സദാചാര പോലീസിങ് തലശ്ശേരിയില്‍ വെച്ച് നേരിട്ടപ്പോള്‍ ഞാന്‍ പോലീസില്‍ പരാതി നല്‍കി. ഒരു കാര്യവുമുണ്ടായിരുന്നില്ല. ഇവിടെ മരിച്ചാല്‍ മാത്രമേ സപ്പോര്‍ട് സിസ്റ്റവും അനങ്ങുന്നുള്ളൂ. കൊലപാതകമോ രക്തസാക്ഷിത്വമോ ഉണ്ടാവണം. ഒരു കടയില്‍ സാധനം വാങ്ങാന്‍ പോയാല്‍ എന്തൊക്കെ നോട്ടം നേരിടണം..! അങ്ങനെയൊരു നാട്ടില്‍ ലൈഗികാതിക്രമം ഒന്നില്‍ കൂടുതല്‍ തവണ നേരിട്ടാല്‍ അതാ സ്ത്രീയുടെ കുഴപ്പമായാണ് സമൂഹം കാണുന്നത്.

ഇവിടെ മരിച്ചാല്‍ മാത്രമേ സപ്പോര്‍ട് സിസ്റ്റവും അനങ്ങുന്നുള്ളൂ.കുലീനയായ സത്രീ ഒരു തവണയേ പീഡിപ്പിക്കപ്പെടൂ എന്ന മൂഢവിചാരമാണ് പലര്‍ക്കും.

മിടൂ പറയുമ്പോള്‍ സമൂഹം പൂര്‍ണ്ണമായും കൂടെ നില്‍ക്കുമന്ന ആത്മവിസ്വാസം എനിക്കില്ലായിരുന്നു. പക്ഷെ, ഇത്ര മോശമായ അനുഭവം ഉണ്ടാകുമെന്ന് ഞാന്‍ കരുതിയുമില്ല. രാജേഷ് ടച്ച് റിവറിനെതിരേ ആദ്യ മിടൂ ആരോപണം ഉന്നയിച്ചപ്പോള്‍ ഒരുപാട് പേര്‍ കൂടെ നിന്നു. പക്ഷെ, പിന്നീട് സിദ്ദിഖിനെതിരേ പറഞ്ഞപ്പോള്‍ മലയാളം ഇന്‍ഡസ്ട്രിയിലെ ഒരു വലിയ വിഭാഗത്തിന്റെ സപ്പോര്‍ട്ടില്ലാതായി. പിന്നീട് ലൈംഗികമായും മാനസികമായും ബുദ്ധിമുട്ടിച്ച പത്തിലധികംപേരെ എക്‌സ്പോസ് ചെയ്തപ്പോള്‍ അവരുമായി ബന്ധപ്പെട്ട പാര്‍ട്ടിക്കാരും സൗഹൃദവലയവും എനിക്കെതിരായി. മിടൂ എക്‌സ്‌പോസ് ചെയ്യുന്നതിലൂടെ പല ഭൗതിക സുഖങ്ങളും നഷ്ടപ്പെടുകയാണ് ചെയ്തത്. എന്നിട്ടാണ് അറ്റന്‍ഷന്‍ സീക്കിങ്ങാണെന്ന ആരോപണം ഞാൻ നേരിടേണ്ടി വരുന്നത്. എന്റെ കയ്യില്‍ അധികാരശക്തിയില്ലാഞ്ഞിട്ടും തുറന്നുപറയാന്‍ കഴിഞ്ഞതില്‍ എനിക്കിന്നും അഭിമാനം മാത്രമേ ഉള്ളൂ. അതിനി സമൂഹത്തിലെത്ര മാത്രം ഒറ്റപ്പെട്ടാലും എന്റെ നിലപാടില്‍ മാറ്റമില്ല. ഞാന്‍ സിനിമ ഉപേക്ഷിച്ചു എന്ന് പറഞ്ഞു നടക്കുന്നുണ്ട് ചിലർ. അത് അഭ്യൂഹം മാത്രമാണ്. തിരക്കഥാ രചനയിലാണ്. താമസയാതെ സംവിധായക റോളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ."

(ഗൃഹലക്ഷ്മി മാർച്ച് 1-15 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: Survivors, fighters talk about their struggle and life after me too,revathy,arsha,noora

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
civic

5 min

പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം; സിവിക്കിന് ജാമ്യം നൽകിയ വിധി അതിജീവിതകളെ തകർക്കുന്നത്

Aug 17, 2022


mathrubhumi

1 min

മീ ടൂ: മുതിർന്ന പത്രപ്രവർത്തകൻ ഗൗരിദാസൻ നായർ അവധിയിൽ പ്രവേശിച്ചു

Oct 17, 2018


social
Premium

6 min

ഇലക്ട്രിക്ക് ഷോക്കും പ്രാകൃതചികിത്സയും; കണ്‍വേര്‍ഷന്‍ തെറാപ്പിയെന്ന പേരില്‍ നടക്കുന്നത്‌ കൊടുംക്രൂരത

Mar 4, 2023

Most Commented