'സ്ത്രീകളെ ദൈവമായി കണക്കാക്കുന്ന രാജ്യമാണ് ഇന്ത്യ.' 

ഇന്ത്യയുടെ പരമോന്നത നീതിപീഠം ഇങ്ങനെ പറയുമ്പോള്‍ ആ വാക്കുകള്‍ ചെന്നു തറയ്ക്കുന്നത് വിശ്വാസത്തിന്റെ പേരില്‍ ഇന്നോളം സ്ത്രീകളെ അകറ്റിനിര്‍ത്തിയ ഇന്ത്യന്‍ വിശ്വാസിസമൂഹത്തിന്റെ നെഞ്ചിലാണ്. വീണ്ടും പറഞ്ഞു സുപ്രീം കോടതി, സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കട്ടെയന്നും ഭക്തിയില്‍ തുല്ല്യത വേണമെന്നും, ഐപിസി 497 റദ്ദാക്കിയതിനു തൊട്ടടുത്ത ദിവസം മറ്റൊരു ചരിത്ര വിധികൂടി.

ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറമാണ് പൗരാവകാശവും തുല്ല്യതയുമെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു. ശബരിമലയില്‍ ഇനി പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് കോടതി പറയുമ്പോള്‍  അതിലൂടെ പൊളിച്ചെഴുതപ്പെടുന്നത് സ്ത്രീകളെ തഴഞ്ഞ കീഴ്വഴക്കങ്ങളോ ആചാരങ്ങളോ മാത്രമല്ല, വിശ്വാസങ്ങളുടെ പേരില്‍ സ്ത്രീകളെ അകറ്റുന്ന അവളുടെ സ്ത്രീസഹജമായ ജൈവീകമായ പ്രത്യേകതകളുടെ പേരില്‍ അകറ്റിനിര്‍ത്തപ്പെടുന്ന എല്ലാ സാഹചര്യങ്ങളുമാണ്. 

ആര്‍ത്തവം സ്ത്രീയെ ഒന്നില്‍നിന്നും അകറ്റാനുള്ള കാരണമല്ലെന്ന് കൂടിയാണ് സുപ്രീം കോടതി ഈ വിധിയിലൂടെ പറഞ്ഞുവയ്ക്കുന്നത്.  ആരോട്, എപ്പോള്‍, എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നതിന് നിയമങ്ങള്‍ നിശ്ചയിക്കുന്നത് ഒരു മതേതരത്വ രാജ്യത്ത് ഭൂഷണമല്ലെന്നും കോടതി ഈ വിധിയിലൂടെ പറഞ്ഞുവയ്ക്കുന്നു.

വ്യക്തിസ്വാതന്ത്ര്യത്തിന് ഇന്ത്യയുടെ പരമോന്നത നീതിപീഠം കല്‍പ്പിക്കുന്ന പ്രധാന്യമെന്താണെന്നും ഈ വിധിയിലൂടെ വ്യക്തമാക്കി കഴിഞ്ഞു.  വിശ്വാസത്തിന്റെ കാര്യത്തില്‍ ഇരട്ടനയം സ്ത്രീകളുടെ അന്തസ് ഇടിക്കുമെന്നും ഭക്തിയുടെ കാര്യത്തില്‍ ലിംഗ അസമത്വം പാടില്ലെന്നുമാണ് സുപ്രീം കോടതി വിധി പ്രസ്താവത്തിനിടെ വ്യക്തമാക്കിയത്.  

ഭരണഘടന ഉയര്‍ത്തിക്കാട്ടി അതിലെ സുപ്രധാനമായ ആര്‍ട്ടിക്കള്‍ പതിനഞ്ചും പതിനാലും എടുത്തുപറഞ്ഞാണ് കോടതി ഈ ചരിത്രവിധി പ്രസ്താവിച്ചിരിക്കുന്നത്.  ലിംഗവിവേചനത്തിന് വിശ്വാസം കാരണമാകാന്‍ പാടില്ലെന്നാണ് പ്രധാനപ്പെട്ട ഒരു നിരീക്ഷണം. വിശ്വാസത്തിന്റെ പേരിലാണ് പലപ്പോഴും ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വിവേചനം നേരിടുന്നതെന്ന് വ്യക്തമാക്കുകയാണ് കോടതി. ആര്‍ത്തവത്തിന്റെ പേരില്‍ ക്ഷേത്രങ്ങളില്‍നിന്നു മാത്രമല്ല, വീടുകളില്‍നിന്നുപോലും സ്ത്രീകള്‍ അകറ്റി നിര്‍ത്തപ്പെടുന്നത് ഇതേ വിശ്വാസത്തിന്റെ പേരിലാണ്. വിശ്വാസം മൂലമുള്ള ഒരു വിവേചനത്തെയും ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നില്ലെന്നും കൂടിയാണ് സുപ്രീം കോടതി ഈ വിധിയിലൂടെ വ്യക്തമാക്കിയത്.

കോടതിവിധിയെ അംഗീകരിക്കാം. ശബരിമലയില്‍ പോകാന്‍ വിശ്വാസം അനുവദിയ്ക്കാത്തവര്‍ക്ക് പോകാതിരിക്കാം. പോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പോവുകയുമാകാം. പോകുന്നവരെ തടയാനോ വിമര്‍ശിക്കാനോ ആര്‍ക്കും അവകാശമില്ല. കാരണം വിശ്വാസം വ്യക്തിസ്വാതന്ത്ര്യമാണെന്ന് കോടതി തന്നെ പറഞ്ഞുകഴിഞ്ഞു.

സ്ത്രീപ്രവേശനത്തിന് എതിരായ വാദങ്ങള്‍:

തുല്യത ഉറപ്പാക്കാനെന്നപേരില്‍ എല്ലാ മതങ്ങള്‍ക്കും പൊതു അളവുകോല്‍ നടപ്പാക്കാനാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി കെ.കെ. വേണുഗോപാല്‍ വാദിച്ചു. ശബരിമലയില്‍ ദേവപ്രശ്നം നടത്തിയാണ് കാര്യങ്ങള്‍ നിശ്ചയിച്ചത്. അതില്‍ കോടതി വിശ്വസിക്കുന്നുണ്ടോ എന്നതിനേക്കാള്‍ ഭക്തരുടെ വിശ്വാസത്തിനാണ് പ്രാധാന്യം. ശബരിമലയിലെ പ്രതിഷ്ഠ ബ്രഹ്മചാരിയായതിനാല്‍ മതവിശ്വാസത്തിന്റെ ഭാഗമായാണ് ഈ നിയന്ത്രണം.

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് ഭരണഘടനാ ലംഘനമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് അമിക്കസ് ക്യൂറിമാരില്‍ ഒരാളായ കെ. രാമമൂര്‍ത്തി വാദിച്ചു. അയ്യപ്പഭക്തരെ മതപരമായ പ്രത്യേക വിഭാഗമായിത്തന്നെ കാണണം.

യു.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയ അധികസത്യവാങ്മൂലം മറന്നുകൊണ്ട് മുന്നോട്ടുപോകാനാവില്ലെന്നും ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കും അവകാശങ്ങളുണ്ടെന്നും അയ്യപ്പധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനുവേണ്ടി അഡ്വ. വി.കെ. ബിജു വാദിച്ചു. പ്രതിഷ്ഠയ്ക്കും അവകാശമുണ്ടെന്നും ക്ഷേത്രത്തില്‍ പോകുന്നത് പ്രതിഷ്ഠയെ ആരാധിക്കാനാണെന്നും രാജീവ് ചന്ദ്രശേഖര്‍ എം.പി.യും വാദമുന്നയിച്ചു.

ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെടരുതെന്ന് പന്തളം രാജകുടുംബത്തിനുവേണ്ടി അഡ്വ. രാധാകൃഷ്ണന്‍ വാദിച്ചു. പന്തളം രാജാവിന് അയ്യപ്പന്റെ പിതാവിന്റെ സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ വികാരം പരിഗണിക്കണമെന്ന് വിശ്വഹിന്ദു പരിഷത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കൈലാസ് നാഥന്‍ പിള്ള ആവശ്യപ്പെട്ടു.

സ്ത്രീപ്രവേശനത്തിന് അനുകൂല വാദങ്ങള്‍!:

ആര്‍ത്തവത്തിന്റെപേരില്‍ പ്രവേശനം നിഷേധിക്കുന്നത് സ്ത്രീകളുടെ അന്തസ്സിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് അമിക്കസ് ക്യൂറിമാരില്‍ ഒരാളായ രാജു രാമചന്ദ്രന്‍ വാദിച്ചു. ക്ഷേത്രം, ആരാധന, ക്ഷേത്രഭരണം എന്നിവയെല്ലാം വ്യത്യസ്തമാണ്. ആരാധനാരീതിയും പ്രവേശനവും തമ്മില്‍ ബന്ധമില്ല. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ നിരോധനമേര്‍പ്പെടുത്തുന്ന കേരള പൊതു ഹിന്ദു ആരാധനാലയ (പ്രവേശനാധികാര) ചട്ടത്തിലെ മൂന്ന് (ബി) വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്.

പൊതുക്ഷേത്രമായ ശബരിമലയില്‍ ലിംഗവിവേചനമില്ലാതെ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണമെന്ന് 'ഹാപ്പി ടു ബ്ലീഡ്' സംഘടനയ്ക്കുവേണ്ടി ഇന്ദിര ജെയ്സിങ് വാദിച്ചു. ഭരണഘടനാതത്ത്വങ്ങള്‍ അനുസരിക്കാത്ത ഏത് ആചാരവും വിശ്വാസവും അസാധുവാക്കണം. സാമൂഹിക തിന്മകളെ ഇല്ലാതാക്കുന്നതാവണം നിയമങ്ങള്‍.
 
വിവേചനപരമായ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മുകളിലാവണം ഭരണഘടനാ തത്ത്വങ്ങള്‍. സ്ത്രീകളെ തടയുന്നത് പൊതുമതസ്ഥലങ്ങളായ ക്ഷേത്രങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അധികാരത്തില്‍വരുന്നില്ല. ശബരിമല ക്ഷേത്രം പൊതു ആരാധനാസ്ഥലമാണ്. സ്ത്രീകളെ തടയുന്നത് ഭരണഘടനയുടെ 25, 26 വകുപ്പുകളുടെ ലംഘനമാണ്. സ്ത്രീപ്രവേശനം അനുവദിക്കണമെന്ന് നിരവധി ക്ഷേത്രങ്ങളെക്കുറിച്ച് പുസ്തകമെഴുതിയ എസ്.പി. നമ്പൂതിരിയും ആവശ്യപ്പെട്ടു.

Supreme court verdict women of all ages be allowed in Sabarimala