സുപ്രീം കോടതി| Photo: PTI
രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പിന്റെ ഭരണഘടനാസാധുത സുപ്രീംകോടതി ഉടനെത്തന്നെ പരിശോധിക്കും. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗബെഞ്ച് ഈ വിഷയം പരിഗണിക്കുമ്പോൾ മറ്റൊരു കൊളോണിയൽ നിയമംകൂടി വിചാരണചെയ്യപ്പെടുകയാണ്. യഥാർഥത്തിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമവ്യവസ്ഥയെ ഒരു സ്വതന്ത്രരാജ്യത്തെ ജനങ്ങൾ ഇപ്പോൾ വിചാരണ ചെയ്യുകയാണ് എന്ന് ചരിത്രപരമായി വ്യാഖ്യാനിക്കാവുന്നതാണ്.
നിർണായകമായ തീർപ്പിലേക്ക്
ഒരു പ്രശ്നമുള്ളത്, ശിക്ഷാനിയമത്തിലെ 124 എ വകുപ്പിനെ കേദാർനാഥ് സിങ്ങിന്റെ കേസിൽ (1962) സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ച് ശരിവെച്ചിരുന്നു എന്നതാണ്. അതിനുവിരുദ്ധമായി 124എ ഭരണഘടനാവിരുദ്ധമാണെന്ന് പറയാൻ ചുരുങ്ങിയത് ഏഴ് ന്യായാധിപരെങ്കിലും അടങ്ങിയ വിശാലബെഞ്ചിനേ കഴിയൂ. എന്നാൽ, കേദാർനാഥ് വിധിയിൽ അടിസ്ഥാനപരമായ അപൂർണതകളുണ്ടെന്ന് കണ്ടെത്തിയാൽ ഇപ്പോഴത്തെ മൂന്നംഗബെഞ്ചിന് മറിച്ച് വിധിപറയാം. ഈ രീതിയുടെ നിയമപരത പക്ഷേ, ഭാവിയിൽ ചോദ്യംചെയ്യപ്പെട്ടേക്കാം. സുപ്രീംകോടതി ഇപ്പോഴത്തെ കേസ് മറ്റൊരു വിശാലബെഞ്ചിനുവിടുമോ അതോ നേരിട്ട് ഇതേ മൂന്നംഗബെഞ്ചിലൂടെത്തന്നെ ഇക്കാര്യത്തിൽ തീർപ്പുകല്പിക്കുമോ എന്നത് കാത്തിരുന്നുകാണാം.
പക്ഷേ, കാലഹരണപ്പെട്ടതും ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ 124എ വകുപ്പ് റദ്ദാക്കപ്പെടണമെന്നതിൽ ഒരു സംശയവുമില്ല. ‘നിയമപ്രകാരം സ്ഥാപിക്കപ്പെട്ട’ സർക്കാരിനെതിരേ അവമതിപ്പുണ്ടാക്കുന്ന ഏതൊരു പരാമർശത്തെയും അടയാളത്തെയുംപോലും രാജ്യദ്രോഹക്കുറ്റമായി വ്യാഖ്യാനിച്ച് വേണമെങ്കിൽ ജീവപര്യന്തം തടവിനുവരെ ശിക്ഷിക്കാൻ പറ്റുന്നവിധത്തിലാണ് 124എ വകുപ്പിലെ വാക്കുകളും പ്രയോഗങ്ങളും. അക്രമത്തിന് പ്രേരണനൽകുമ്പോൾ മാത്രമാണ് ഈ വകുപ്പനുസരിച്ചുള്ള രാജ്യദ്രോഹക്കുറ്റം ചുമത്താനാവുക എന്ന് കേദാർനാഥ് കേസിൽ സുപ്രീംകോടതി വിധിപറഞ്ഞെങ്കിലും 60 വർഷമായി ഈ വിധിയെ കാറ്റിൽപ്പറത്തിക്കൊണ്ട് ആയിരക്കണക്കിന് കേസുകൾ ഭരണകൂടം വിമർശകർക്കെതിരേ ചുമത്തുകയുണ്ടായി. നിയമത്തിലെ വാക്കുകൾ വ്യാഖ്യാനിക്കുകമാത്രമാണ് കോടതി ചെയ്തത്. അവ എടുത്തുകളയാൻ മുമ്പ് കോടതി തയ്യാറായിരുന്നില്ല. അതിനാൽത്തന്നെ ഈ വ്യവസ്ഥ ഉപയോഗിച്ച് വിമർശകരെ പീഡിപ്പിക്കുക എന്നത് ഭരണകൂടത്തിന്റെ പതിവുശൈലിയായി മാറി. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി രാജ്യദ്രോഹവ്യവസ്ഥയുടെ ഭിന്നവശങ്ങൾ വീണ്ടും പരിശോധിക്കുന്നത്.
അവ്യക്തവും അമൂർത്തവും
തികച്ചും അവ്യക്തവും അമൂർത്തവും ആർക്കുവേണമെങ്കിലും എങ്ങനെവേണമെങ്കിലും വ്യാഖ്യാനിക്കാൻ കഴിയുന്ന വിധത്തിലുമുള്ളതാണ് 124 എ വകുപ്പിലെ പ്രയോഗം. അതിനാലാണ് അക്രമത്തിന് ആഹ്വാനംനൽകാത്ത കേവലവിമർശനങ്ങളെപ്പോലും ഈ വ്യവസ്ഥയുടെ കീഴിൽവരുന്നതായി വ്യാഖ്യാനിച്ച് മുന്നോട്ടുപോകാൻ സർക്കാരിന് അഥവാ പോലീസിന് കഴിയുന്നത്. ഫോർവേഡ് കമ്യൂണിസ്റ്റ് പാർട്ടി നേതാവായ കേദാർനാഥ് സിങ് കോൺഗ്രസിനെയും ഫ്യൂഡൽ വ്യവസ്ഥിതിയെയും വിമർശിച്ച് നടത്തിയ പ്രസംഗമായിരുന്നു രാജ്യദ്രോഹക്കുറ്റം അദ്ദേഹത്തിനെതിരേ ചുമത്തുന്നതിലേക്ക് നയിച്ചത്. ഇപ്പോഴും 124 എ വകുപ്പ് ജനവിരുദ്ധമായ വിധത്തിൽ പരന്നുകിടക്കുന്നതാണ്. നിയമവ്യവസ്ഥയുടെ ദുർവ്യാഖ്യാനസാധ്യത നിയമം റദ്ദാക്കാനുള്ള കാരണമാകാമെന്ന് ശ്രേയാ സിംഘാളിന്റെ കേസിൽ (2015) സുപ്രീംകോടതി പറഞ്ഞതാണ്.
കാലഹരണപ്പെട്ട നിയമം
ഇംഗ്ലണ്ടിലെ രാജ്യദ്രോഹക്കുറ്റമായിരുന്നു കേദാർനാഥ് കേസ് വിധിയുടെ ആധാരങ്ങളിലൊന്ന്. എന്നാൽ, 1998-ൽ ബ്രിട്ടണിൽ മനുഷ്യാവകാശനിയമം നിലവിൽവന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് ഇംഗ്ലണ്ടിൽ രാജ്യദ്രോഹക്കുറ്റം എടുത്തുകളയപ്പെട്ടത്. ന്യൂസീലൻഡ്, കാനഡ, യു.എസ്., ഓസ്ട്രേലിയ എന്നിങ്ങനെ പലരാജ്യങ്ങളിലും രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വ്യവസ്ഥകൾ റദ്ദാക്കപ്പെടുകയോ പിൻവലിക്കപ്പെടുകയോ ഉപയോഗിക്കപ്പെടാതിരിക്കുകയോ ചെയ്തു. അവികസിത ജനാധിപത്യങ്ങൾപോലും ഇന്ന് രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വ്യവസ്ഥകളിൽ വിശ്വസിക്കുന്നില്ല. അഭിപ്രായസ്വാതന്ത്ര്യത്തിന് തടയിടുന്നെന്ന് വിവരിച്ചുകൊണ്ട് നൈജീരിയയിലെ ഫെഡറൽ അപ്പലറ്റ് കോടതി അവിടത്തെ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് പറയുകയുണ്ടായി (ആർഥർ ന്വാൻക്വോയുടെ കേസ്, 1985). എല്ലാ അർഥത്തിലും നിരപരാധികളായ വ്യക്തികളെ അവരുന്നയിച്ച ഭരണകൂട വിമർശനത്തിന്റെ പേരിൽമാത്രം പ്രതികളാക്കാൻ ഭരണകൂടത്തെ സഹായിക്കുന്നതാണ് 124എ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ഭരണഘടനാനിർമാണ അസംബ്ലിയിൽ ഉണ്ടായ ചർച്ചകളെക്കുറിച്ച് വിശദമായ പരിശോധന കേദാർനാഥ് കേസ് വിധിയിൽ ഉണ്ടായിരുന്നില്ല. ഈ പറഞ്ഞ വാദമുഖങ്ങൾ ഇതിനുമുമ്പ് ഈ ലേഖകൻ വിശദമായി മുന്നോട്ടുവെച്ചിരുന്നു (ഫ്രണ്ട് ലൈൻ, 18 മാർച്ച് 2016).
വിയോജിപ്പും ജനാധിപത്യവും
ഗാന്ധിജിമാത്രമല്ല, ബാലഗംഗാധര തിലക് മുതൽ ലാലാ ലജ്പത്റായ്വരെ എത്രയോ സ്വാതന്ത്ര്യ സമരനേതാക്കൾക്കെതിരേ ബ്രിട്ടീഷുകാർ ഈ വ്യവസ്ഥ പ്രയോഗിച്ചു. 1922-ൽ ‘മഹത്തായ വിചാരണ’ (The great trial)യിൽ മഹാത്മാഗാന്ധി ഈ വ്യവസ്ഥയെ തുറന്നുകാണിക്കുകയുണ്ടായി. രാജ്യത്തെ മഹാന്മാരായ ദേശാഭിമാനികളിൽ പലരും ഈ ‘രാഷ്ട്രീയ നിയമവ്യവസ്ഥ’യുടെ ഇരകളായിരുെന്നന്ന് ഗാന്ധിജി പറഞ്ഞു. പണ്ഡിറ്റ് നെഹ്രുവും ഈ നിയമവ്യവസ്ഥയ്ക്കെതിരായ നിലപാട് സ്വീകരിച്ചു.
സുപ്രീംകോടതിതന്നെയും ഈ നിയമവ്യവസ്ഥയുടെ ദുരുപയോഗത്തിനെതിരേ ശക്തമായ പരാമർശങ്ങൾ മുൻകാലവിധികളിൽ നടത്തിയിട്ടുണ്ട്. ബൽവന്ത് സിങ്ങിന്റെ കേസ് (1995) ബിലാൽ അഹമ്മദിന്റെ കേസ് (1997) എന്നിവ ഉദാഹരങ്ങൾ.
വിയോജിപ്പുകളെ ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ആത്യന്തികമായി സൃഷ്ടിക്കുന്നത് ശ്മശാനങ്ങളുടെ ഐകരൂപ്യം മാത്രമാണെന്ന് പറഞ്ഞത് രാഷ്ട്രീയചിന്തകനായ റോബർട്ട് ജാക്സണാണ്. വിയോജിപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ സാംസ്കാരത്തിൽമാത്രമേ ജനാധിപത്യം വളരൂ. അത്തരമൊരു ഭരണഘടനാ സംസ്കാരത്തിൽ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വ്യവസ്ഥകൾക്ക് സ്ഥാനമുണ്ടാവില്ല. അതിനാൽത്തന്നെ ഇന്ത്യൻ സുപ്രീംകോടതി കാലഹരണപ്പെട്ട ഈ ജനവിരുദ്ധവ്യവസ്ഥ റദ്ദാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
(സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ് ലേഖകൻ)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..