തിരുവനന്തപുരം: സംസ്ഥാനത്ത് ഈവര്‍ഷം ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണത്തില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനവ്. 158 കുട്ടികളാണ് ലോക്ക് ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ആത്മഹത്യചെയ്തത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തത് മലപ്പുറം ജില്ലയിലാണ്. സംസ്ഥാനത്ത് ആകെ ആത്മഹത്യചെയ്തതില്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ട്. 90 പെണ്‍കുട്ടികളാണ് കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ ജൂലൈ 31 വരെയുള്ള സമയങ്ങളില്‍ ആത്മഹത്യ ചെയ്തിട്ടുള്ളത്.

ആത്മഹത്യ ചെയ്ത കുട്ടികളില്‍ ഭൂരിഭാഗവും 15- മുതല്‍ 18 വയസ് വരെയുള്ള പ്രായ പരിധിയില്‍ പെട്ടവരാണ് എന്നതാണ് ഇതിലെ ഞെട്ടിപ്പിക്കുന്ന വസ്തുത.  ഈ പ്രായത്തിലുള്ള 108 കുട്ടികളാണ് ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. പത്ത്, ഹയര്‍സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇവര്‍. പരീക്ഷ സംബന്ധിച്ചുള്ള സമ്മര്‍ദ്ദമോ പഠനസംബന്ധമായ വിഷയങ്ങളോ ആകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടിലെ നിഗമനം.

ആത്മഹത്യ കൂടുതലും നടന്നിട്ടുള്ളത് അവരവരുടെ വീടുകളില്‍ തന്നെയാണ്. മറ്റുള്ളവരുമായി ഇടപഴകാന്‍ സാധിക്കാതെ ദിവസത്തില്‍ ഭൂരിഭാഗം സമയവും വീടിനുള്ളില്‍ കഴിയേണ്ടി വരുന്നത് ആത്മഹത്യയ്ക്ക് ഒരുകാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അണുകുടുംബങ്ങളിലെ കുട്ടികളാണ് ആത്മഹത്യചെയ്തതില്‍ അധികവും.  132 പേരാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്തിട്ടുള്ളത്.

ആത്മഹത്യ ചെയത 141 കുട്ടികള്‍ക്കും കാര്യമായ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. മാത്രമല്ല നന്നായി പഠിക്കുന്ന കുട്ടികള്‍ പോലും ആത്മഹത്യയില്‍ അഭയം തേടി. ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്നത് മധ്യവര്‍ഗ കുടുംബങ്ങളിലാണ്. 51 ശത്മാനം. പാവപ്പെട്ട  കുടുംബങ്ങളിലും കുട്ടികളുടെ ആത്മഹത്യ നിരക്ക് കൂടുതലാണ്-38 ശതമാനം.

93 ശതമാനം കുട്ടികളും മുമ്പ് ആത്മഹത്യാ പ്രവണത കാണിച്ചിരുന്നില്ലെന്നതും ഗൗരവമര്‍ഹിക്കുന്നു. പഠനത്തില്‍ മുമ്പന്തിയില്‍ നിന്നവര്‍, സ്്റ്റുഡന്റ്സ് പോലീസ് കേഡറ്റായിരുന്നവര്‍, രാഷ്ട്രപതിയുടെ മെഡല്‍ വാങ്ങിയവര്‍ ഒക്കെ മരിച്ചവരിൽ ഉൾപ്പെടും. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ പ്രശ്നങ്ങളെ വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ശ്രീലേഖ ഐപിഎസ് അധ്യക്ഷയായ  അഞ്ചംഗ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.‌

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

content highlights : Study on child suicides in Kerala during Lockdown