പ്രതീകാത്മക ചിത്രം | Photo-Canva
മാനന്തവാടി: എന്നും വിദ്യാർഥിസംഘർഷങ്ങളിലും സമരങ്ങളിലും വാർത്തയാകാറുള്ള വയനാട് ഗവ. എൻജിനിയറിങ് കോളേജ് കഴിഞ്ഞദിവസം ശ്രദ്ധനേടിയത് ചരിത്രസമരത്തിലൂടെയാണ്. ആൺ-പെൺ വിവേചനങ്ങൾക്കെതിരേ സമൂഹം നിലപാടെടുക്കുന്ന സമയത്ത് കോളേജ് അധികൃതരിൽനിന്നുണ്ടായ ലിംഗവിവേചനത്തിനെതിരേയാണ് ഒരുകൂട്ടം പെൺകുട്ടികൾ പാതിരാത്രി സമരത്തിനിറങ്ങിയത്. ആൺകുട്ടികൾക്ക് ഹോസ്റ്റലിൽ പ്രവേശിക്കുന്നതിനുള്ള സമയം രാത്രി 9.30 വരെയും പെൺകുട്ടികൾക്ക് 7.30 വരെയും എന്ന കോളേജ് അധികൃതരുടെ നിലപാടിനോടാണ് കുട്ടികൾ സമരംചെയ്തത്.
ആൺ, പെൺ ഭേദമന്യേ എല്ലാവർക്കും ഹോസ്റ്റലിൽ പ്രവേശിക്കുന്നതിനുള്ള സമയം 9.30 ആയാണ് ഉന്നതവിദ്യാഭ്യാസവകുപ്പ് നിജപ്പെടുത്തിയിട്ടുള്ളത്. തീപ്പന്തങ്ങളേന്തിയും ഭക്ഷണം പാകംചെയ്തും പെൺകുട്ടികൾ നടത്തിയ ചരിത്രസമരം വിജയത്തിലേക്കെത്തുകതന്നെ ചെയ്തു. അടുത്ത രക്ഷാകർത്തൃസമിതി ചേരുന്നതുവരെ പെൺകുട്ടികൾക്കും രാത്രി ഹോസ്റ്റലിൽ പ്രവേശിക്കാനുള്ള സമയം രാത്രി 9.30 ആക്കിയതോടെയാണ് സമരം താത്കാലികമായി അവസാനിപ്പിക്കാൻ കുട്ടികൾ തയ്യാറായത്.
1200-ലേറെ വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ 700-ലേറെവരും പെൺകുട്ടികൾ. സാങ്കേതികവിദ്യാഭ്യാസരംഗത്ത് തലയെടുപ്പോടെ നിൽക്കുന്ന സ്ഥാപനമാണ് വയനാട് ഗവ. എൻജിനിയറിങ് കോളേജ്. 1999-ൽ പ്രവർത്തനം തുടങ്ങിയ കോളേജ് കണ്ണൂർ സർവകലാശാലയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.
കാമ്പസ് പ്രതികരിക്കുന്നു.......

ആൺ, പെൺ ഭേദമന്യേ എല്ലാ വിദ്യാർഥികൾക്കും 9.30വരെ ഹോസ്റ്റലിൽ പ്രവേശിക്കാമെന്നുള്ള ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം വയനാട് ഗവ. എൻജിനിയറിങ് കോളേജിലും നടപ്പാക്കണം. ഹോസ്റ്റലിലും കോളേജിലുമായി വിദ്യാർഥികൾ മറ്റ് പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട്. അതിനു പരിഹാരം ആവശ്യപ്പെട്ട് ബന്ധപ്പെട്ടവരെ നിരന്തരം സമീപിച്ചിട്ടും അവഗണനയാണുണ്ടായത്. മാവോവാദി പ്രശ്നവും മറ്റും പറഞ്ഞാണ് പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ കയറുന്നതിനുള്ള സമയപരിധി 7.30 ആക്കിയത്. അങ്ങനെയെങ്കിൽ ആൺകുട്ടികൾക്കും ഇത് ബാധകമാക്കണ്ടേ. 21-ന് ചേരുന്ന പി.ടി.എ. യോഗത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ രണ്ടാംഘട്ടസമരവുമായി മുന്നോട്ടുപോകും.
അനശ്വര എസ്. സുനിൽ
എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി, ബി.ടെക്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് മൂന്നാംവർഷ വിദ്യാർഥിനി

18 വയസ്സ് പൂർത്തിയായ ഞങ്ങൾക്ക് തെറ്റും ശരിയും എന്തെന്ന് നന്നായി തിരിച്ചറിയാനാകും. ഹോസ്റ്റലിൽ കയറാനുള്ള സമയം 7.30 ആക്കുന്നതിനോട് യോജിക്കാനാകില്ല. രാവിലെ ഒൻപതുമുതൽ നാലുവരെ ക്ലാസായതിനാൽ അതിനുശേഷമുള്ള സമയമാണ് സുഹൃത്തുക്കളുമായി അല്പം സംസാരിച്ചിരിക്കാൻ കിട്ടുക. ഹോസ്റ്റലിന്റെ ഗേറ്റ് 7.25-ന് അടയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കോളേജ് കാമ്പസിൽപോലും ഇരിക്കാൻ അനുവാദമില്ല. ഉന്നതവിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന സ്ഥാപനത്തിൽ കാട്ടുന്ന ഇത്തരം നീതികേടിനോട് പ്രതികരിക്കാതിരിക്കാനാകില്ല.
അരുണിമ എസ്. പിള്ള
കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് രണ്ടാംവർഷ വിദ്യാർഥിനി

ആൺ, പെൺ ഭേദമന്യേ വിദ്യാർഥികളെ ഒരുപോലെ കാണാനാണ് കോളേജ് അധികൃതരും സമൂഹവും തയ്യാറാകേണ്ടത്. ഹോസ്റ്റലിന് ചുറ്റുമതിലില്ല, ഇഴജന്തുക്കളുടെ ശല്യമുണ്ടാകും എന്ന കാരണമൊക്കെ പറഞ്ഞാണ് പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ പ്രവേശിക്കുന്നതിനുള്ള സമയം 7.30 ആക്കി ചുരുക്കിയത്. ആൺകുട്ടികളുടേതുപോലെത്തന്നെ തങ്ങൾക്കും 9.30വരെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോളേജ് അധികൃതരോട് സംസാരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. തങ്ങളുടെ ആവശ്യങ്ങളോട് മുഖംതിരിച്ചതിനാലാണ് പ്രത്യക്ഷസമരത്തിന് നിർബന്ധിതരായത്.
കെ.വി. ആതിര
സ്റ്റുഡന്റ് ഗേൾ റെപ്രസന്റേറ്റിവ്, ബി.ടെക്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് മൂന്നാംവർഷ വിദ്യാർഥിനി
Content Highlights: strike against gender discrimination by students in hostel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..