പ്രതീകാത്മക ചിത്രം
അടുക്കള - അമ്മ / സ്ത്രീ എന്ന സമീകരണം വളരെ സ്വാഭാവികമായി നമ്മള് സ്വീകരിച്ചതാണ്. രുചികരമായി ഭക്ഷണം തയ്യാറാക്കുന്ന എല്ലാവര്ക്കും സ്നേഹത്തോടെ വിളമ്പി നല്കുന്ന ഒരമ്മയാണ് മലയാളിയുടെ മാതൃകയും ഗൃഹാതുരത്വവും. മാതൃത്വം, വാത്സല്യം, സൗമ്യത, ത്യാഗം, നൈര്‍മല്യം ഒക്കെ സ്ത്രീയുടെ സദ്ഗുണങ്ങളായി വാഴ്ത്തിപ്പാടുന്ന സാഹിത്യവും സിനിമയുമെല്ലാം ഈ ധാരണകളെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ജീവിക്കാനേറ്റവും ആവശ്യമായ ഒരു കഴിവിനെ ഒരു വിഭാഗത്തിന്റെ മാത്രം സവിശേഷ ഗുണമായി കാണുന്നതിലെ നീതികേടിനെക്കുറിച്ച് ഇപ്പോഴും ഉറക്കെപ്പറയാന്‍ നമുക്ക് ഭയമാണ്. കാരണം ജന്ഡര്വാര്പ്പു മാതൃകകളെ അത്രയും സ്വാഭാവികമായാണ് നമ്മുടെ സമൂഹം സ്വീകരിച്ചിട്ടുള്ളത്.
വീട്ടിലും, നാട്ടിലുമെല്ലാം വെച്ചുവിളമ്പുക, കുഞ്ഞുങ്ങളെ നോക്കുക, വീട്ടുജോലി ചെയ്യുക, സ്വീകരണ പരിപാടികളില്‍ പൂച്ചെണ്ടുനല്കുക, പൊതു ജാഥകളില്‍ ബാനര്‍ പിടിക്കുക, താലപ്പൊലിയുമായി വരവേല്‍ക്കുക തുടങ്ങിയ ജോലികളൊക്കെ സത്രീകളുടേതല്ലേ.അതിലൊക്കെ മാറ്റം വരുത്തിയാല്‍ പിന്നെ സമൂഹത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാവില്ലേ? ആണുങ്ങള് ഈ ജോലികളൊക്കെ ചെയ്താല്‍ അവര്‍ പെണ് കോന്തന്മാരും, ഒന്നിനും കൊള്ളാത്തവരുമായി മാറില്ലേ?എന്തൊക്കെ ആശങ്കകളാണ് അപ്പോഴേക്കും പൊന്തിവരിക.
കുടുംബം തകര്‍ക്കാനുള്ള ഫെമിനിസ്റ്റുകളുടെ ശ്രമങ്ങളുടെ ഭാഗമാണെന്ന ഗൂഡാലോചന സിദ്ധാന്തം വരെ ഉയര്‍ന്നു വരും.ലിംഗനീതിയെന്ന വാക്കൊക്കെ നമ്മള് വലിയ വായില്‍ പ്രസംഗിക്കുമെങ്കിലും അതു പ്രയോഗിക്കേണ്ട ഇടങ്ങളെ ഇപ്പോഴും കണ്ടെത്താനും നടപ്പിലാക്കാനും വലിയ പ്രയാസമാണെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. എറ്റവും ഒടുവില്‍ സ്ക്കൂളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ ആക്കാനായി യൂണിഫോമില്‍ തുല്യത വരുത്തുവാനും, പാഠഭാഗങ്ങളിലെ ഇത്തരത്തിലുള്ള ജെന്ഡര്വാര്പ്പു മാതൃകകളുടെ മഹത്വവത്ക്കരണത്തെ ചോദ്യം ചെയ്യാനുമൊക്കെയുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെയാണ് സ്ക്കൂളുകളില്‍ രൂപവത്ക്കരിക്കുന്ന മാതൃസമിതിയുടെ പ്രധാന ചുമതലകളിലൊന്ന് ഉച്ചഭക്ഷണ പരിപാടിയില്‍ സഹായിക്കലാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സ്ക്കൂള് മാന്വലിന്റെ കരടില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉച്ചഭക്ഷണ പരിപാടികള്‍, പഠനയാത്രകള്‍ എന്നിവയെ സഹായിക്കുകയാണ് അമ്മമാരുടെ സമിതിയുടെ ചുമതലയെന്ന് പറയുന്നത്. നോക്കൂ എത്ര സ്വാഭാവികമായാണ് ഈ നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുള്ളത്. വീട്ടുജോലികളൊക്കെ തീര്‍ത്തതിനു ശേഷം അമ്മമാര്‍ സ്ക്കൂളിലെ അടുക്കളയിലേക്കെത്തുകയും, കുട്ടികള്‍ക്ക് രുചികരമായ ഭക്ഷണമുണ്ടാക്കി കൊടുക്കുകയും ചെയ്യണം. അമ്പതു ശതമാനം വനിതകളെ ഉള്‍പ്പെടുത്തി രൂപവല്‍ക്കരിക്കുന്ന അധ്യാപക-രക്ഷകര്‍ത്തൃ സമിതി കൂടാതെ മാതൃസമിതി രൂപീകരിക്കണം. കുട്ടികളുടെ പഠന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും, പഠന നിലവാരം ഉയര്‍ത്തേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും മാതൃസമിതിയുടെ ഉത്തരവാദിത്തമാണ്. പെണ്‍കുട്ടികളുടെ ശാക്തീകരണത്തിന്റെ ചുമതലയും അമ്മമാരുടെതാണ്. കുട്ടികളുടെ വളര്‍ത്തലും, അവരുടെ പഠനത്തിന്റെയും, ഭക്ഷണത്തിന്റെയും ചുമതലയും, ശാക്തീകരണ ചുമതലുയുമൊക്കെ അമ്മമാരുടെ മാത്രം ഉത്തരവാദിത്തമായി കണ്ട് പിതൃമേധാവിത്ത സമൂഹത്തിലെ സ്ത്രീകളുടെ ജെന്‍ഡര്‍ റോളുകള്‍ ഇതൊക്കെയാണ് എന്ന് സര്‍ക്കാര്‍ ഉത്തരവുകളും അടിവരയിടുകയാണ്.
Also Read
നിലവില്‍ സ്ക്കൂളുകളില്‍ അടുക്കള, ടോയ്ലെറ്റ് ക്ലീനിംഗ് ഉറപ്പാക്കല്‍ മുതല്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങുക പാചകം ചെയ്യുക വിളമ്പി കൊടുക്കുക എന്നീ ജോലികള്‍ മാതൃസമിതിയിലെ അമ്മമാരാണ് ചെയ്യുന്നത്. പ്രത്യേകിച്ചും പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ ഇത്തരം ജോലികളൊക്കെ ചെയ്യുന്നത് അമ്മമാര്‍ മാത്രമാണ്. ഇതിനു പുറമെ വീട്ടിലെത്തിയാല്‍ കുട്ടികള്‍ ഹോം വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതും അവരെ അതിനു സഹായിക്കേണ്ടതും അമ്മമാരാണ്. ക്ലാസ് ടീച്ചര്മാര് കുട്ടിയുടെ പഠന കാര്യങ്ങളും ക്ലാസിലെ പെരുമാറ്റങ്ങളെ കുറിച്ചെല്ലാം സംസാരിക്കുന്നതും അമ്മമാരോടാണ്. തൊഴിലുറപ്പും, കുടുംബശ്രീ പ്രവര്‍ത്തനങ്ങളുമൊക്കെയായി നമ്മുടെ സ്ത്രീകള്‍ പൊതു രംഗങ്ങളിലൊക്കെ സജീവമാണ്. രാഷ്ട്രീയത്തിലും, തദ്ദേശഭരണ രംഗങ്ങളിലുമൊക്കെ അവര്‍ സക്രിയമായി ഇടപെടുന്നുണ്ട്. പി.ടി.എകളില്‍ മുമ്പത്തേക്കാളും സ്ത്രീ പങ്കാളിത്തമുണ്ട്. എന്നാല്‍ ഈ രംഗങ്ങളിലൊക്കെ തന്നെ സമൂഹം ആവശ്യപ്പെടുന്നത് അമ്മയുടെ ത്യാഗവും ലിംഗ പദവിയില്‍ സമൂഹം നല്കിയ ചുമതലകളുമാണ്. വീടിനകത്തെ ജനാധിപത്യമില്ലായ്മ ഇവിടെയും ഉറപ്പിക്കുന്നു ആരോഗ്യമന്ത്രിയായാലും. ഷൈലജ ടീച്ചര്‍ നമുക്ക് ടീച്ചറമ്മയാണ്. അമ്മയെന്ന നിലയില്‍, ഭാര്യയെന്ന നിലയില്‍ അവരുടെ പ്രവര്ത്തനങ്ങളെങ്ങനെയെന്നറിയാനാണ് മാധ്യമങ്ങള്‍ പോലും അവരിലേക്ക് മൈക്ക് ചൂണ്ടുന്നത്.

കുട്ടികളുടെ വളര്‍ച്ചയില്‍ അച്ഛന്റെ പങ്കെന്താണ്?
കുട്ടികളുടെ പഠന കാര്യങ്ങളില്‍, മാനസിക വളര്‍ച്ചയില്‍, സാമൂഹിക ഇടപെടലില്‍ അച്ഛന് യാതൊരു ഉത്തരവാദിത്തവുമില്ലേ? പെണ്‍കുട്ടികളുടെ ശാക്തീകരണം അമ്മമാരുടെ മാത്രം ഉത്തരവാദിത്തമാണോ? സ്ക്കൂളിലെ മറ്റു വികസന പ്രവര്‍ത്തനങ്ങളിലും, പഠന, കായിക നിലവാരമുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളിലും അമ്മമാര്‍ക്ക് തുല്യ പങ്കാളിത്തമുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തരണമെങ്കില്‍ ലിംഗനീതി എന്താണെന്ന് കൃത്യമായി വിശദീകരിക്കണം.
ആണ് - പെണ് ലിംഗ വ്യത്യാസത്തെ മുന്‍നിര്‍ത്തിയുള്ള തൊഴില്‍ വിഭജനവും, സാമൂഹിക പദവികളിലുള്ള വിവേചനവും ഇല്ലാതാക്കി കൊണ്ടു സമത്വപൂര്‍ണ്ണവും എന്നാല്‍ ലിംഗ വൈവിധ്യങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്നതുമായ ഒരു സാമൂഹിക നിര്‍മ്മിതിയിലേക്കുള്ള ആദ്യപടിയാണ് ലിംഗനീതി. ലിംഗ വാര്‍പ്പു മാതൃകകളെ ഉടച്ചുവാര്‍ക്കുക എന്നത് അതിന്റെ പ്രാഥമിക ലക്ഷ്യമാണ്.
അമ്മമാര്‍ക്ക്/സ്ത്രീകള്‍ക്കു മാത്രം ചെയ്യാവുന്ന ജോലികളല്ല ഇതെന്ന ബോധം കുട്ടികളിലുണ്ടാകാതിരിക്കാന് ഇതില്‍ തുല്യ പങ്കാളിത്തം ഉറപ്പ് വരുത്തണം.
ലിംഗ വ്യത്യാസമല്ല ജോലികളെ വിഭജിക്കാനുള്ള മാനദണ്ഡമെന്ന് കുട്ടികള്‍ അറിയണം. കുട്ടിയുടെ മാനസിക ശാരീരിക വളര്‍ച്ചയില്‍ മാതാപിതാക്കള്‍ക്ക് തുല്യ പങ്കാളിത്തമാണ് വേണ്ടത്.നിലവില്‍ വീട്ടുജോലികളും, സാമൂഹിക ഇടപെടലും, ജോലിയും ഒപ്പം കുട്ടികളുടെ ചുമതലയും ഒക്കെ സ്ത്രീകളുടെ ചുമലിലാണ്. അതിനു പുറമെയാണ് സ്കൂളിന്റെ ഉത്തരവാദിത്തം .
സ്ത്രീകളെ ഇടപ്പെടുത്താത്ത മേഖലകളില്‍ക്കൂടി അവരെ ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ വിപുലീകരിക്കേണ്ടതാണ്. നിലവില്‍ പി.ടി.എ പ്രസിഡന്റുമാരില്‍ എത്ര സ്ത്രീകള്‍ ഉണ്ടെന്നു നോക്കിയാല്‍ തന്നെ ഈ വിവേചനം മനസിലാകും. മാതൃസമിതിയുടെ മറ്റൊരു പ്രധാന ചുമതലായി പറയുന്ന പെണ്‍കുട്ടികളുടെ ശാക്തീകരണം എങ്ങനെയാണ് ഈ വാര്‍പ്പു മാതൃകകളെ പിന്‍പറ്റുന്നവര്‍ക്ക് ചെയ്യാനാവുക?
യഥാര്‍ത്ഥത്തില്‍ പെണ്‍കുട്ടികള്‍ക്കു മാത്രമല്ല ആണ്‍കുട്ടികള്‍ക്കും എങ്ങനെ ജന്‍ഡര്‍ വ്യത്യാസമില്ലാതെ പെരുമാറണമെന്ന, ജീവിക്കണമെന്നതിന്റെ പ്രാഥമിക പാഠങ്ങള്‍ സ്കൂളില്‍ നിന്നു തന്നെ നല്‍കേണ്ടതാണ്. സ്ക്കൂളിന്റെ പൊതു ഉത്തരവാദിത്തമായി പെണ് ശാക്തീകരണം മാറേണ്ടതുണ്ട്.പഠന യാത്രകള്‍ക്കു മാത്രമല്ല സ്കൂളിലെ കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കാനും ഭരണപരമായ കാര്യങ്ങളില്‍ പങ്കാളികളാകാനും സ്ത്രീകള്‍ക്കു കഴിയണം.
'അമ്മയെന്നെ കളിപ്പിക്കണം, പൊട്ടു തൊടീക്കണം' പോലുള്ള കവിതകളും, സാഹസികതയും, തന്റേടവും പുരുഷന്റെ മാത്രം സവിശേഷ ഗുണങ്ങളായി ചിത്രീകരിക്കുന്ന പാഠഭാഗങ്ങളും, സിലബസില്‍ നിന്ന് മാറ്റുന്നതിനൊപ്പം തന്നെ വിദ്യാലയങ്ങളില്‍ നിലനില്‍ക്കുന്ന ഇത്തരത്തിലുള്ള ലിംഗവിവേചനങ്ങളെ അഭിസംബോധന ചെയ്യാതെ ലിംഗനീതി എങ്ങനെ ഉറപ്പുവരുത്താന്‍ കഴിയും?
(കാലിക്കറ്റ് സർവ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം അധ്യാപികയാണ് ലേഖിക)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..