പോലീസിനോട് ഇത് കേരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞേ തീരൂ


വഴിപോക്കന്‍

പോലീസിനെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ സന്യാസിയായാലും സഖാവായാലും വലിയ വില കൊടുക്കേണ്ടി വരും.

ചീഫ്സെക്രട്ടറിയും ഒരു സാധാരണ പോലീസ് കോണ്‍സ്റ്റബിളും ഒന്നിച്ച് വഴിയില്‍ ഇറങ്ങി നിന്നാല്‍ ജനം ബഹുമാനിക്കുക പോലീസുകാരനെയായിരിക്കും. പോലീസുകാരുടെ തലപ്പത്തുള്ള ഡിജിപിക്കും മേലെയുള്ളയാളാണ് ചീഫ് സെക്രട്ടറിയെന്ന് പറഞ്ഞറിയാന്‍ സമയമെടുക്കും. കാക്കിയുടെ കാര്യത്തില്‍ അതു വേണ്ട. സംഗതി ബോദ്ധ്യമാവാന്‍ ഒന്നു കണ്ടാല്‍ മാത്രം മതി. കാക്കി പ്രതീകവും ചിഹ്നവുമാണ്. അധികാരത്തിന്റെ മാസ്മരിക പ്രഭാവം നമ്മള്‍ സാധാരണക്കാര്‍ ആദ്യം അറിയുന്നത് കാക്കിയിലൂടെയാണ്. അധികാരം ആസ്വദിക്കണമെന്നുള്ളവര്‍ കാക്കിയുടെ ഈ ശക്തി മനസ്സിലാക്കിയവരായിരിക്കും. ഇന്ദിരയും ജയലളിതയുമൊക്കെ ഈ മര്‍മ്മം അറിഞ്ഞു പെരുമാറിയിരുന്നവരാണ്. അധികാരവുമായുള്ള മുഖാമുഖത്തില്‍ കാക്കി പോലെ തെളിഞ്ഞു നില്‍ക്കുന്ന മറ്റൊരു നിറമില്ല.

കാക്കിയിട്ട പോലീസുകാരുടെ പെരുമാറ്റമാണ് ഭരണകൂടത്തിനെ പലപ്പോഴും നിര്‍ണ്ണയിക്കുന്നതും നിര്‍വ്വചിക്കുന്നതും. അടിയന്തരാവാസ്ഥ അടിയന്തരാവസ്ഥയായത് പോലീസുകാരുടെ പെരുമാറ്റം കൊണ്ടാണ്. അന്ന് ആ പോലീസ് ഭീകരതയ്ക്ക് ഇരയായ വ്യക്തിയാണ് ഇന്നിപ്പോള്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തരാവസ്ഥയില്‍ പോലീസുകാര്‍ തല്ലിച്ചതച്ചതിന്റെ കേട് സഖാവ് പിണറായായുടെ ദേഹത്ത് ഇപ്പോഴുമുണ്ട്. അങ്ങിനെയുള്ള പിണറായി ഭരിക്കുമ്പോഴാണ് വരാപ്പുഴയിലേതു പോലൊരു കസ്റ്റഡി കൊലപാതകം സംഭവിക്കുന്നതെന്നത് തീര്‍ച്ചയായും ഞെട്ടിപ്പിക്കുന്നതാണ്. സഖാവ് അച്ച്യുത മേനോന്‍ ഭരിച്ചപ്പോഴായിരുന്നു പോലീസ് കസ്റ്റഡിയില്‍ രാജന്‍ കൊല്ലപ്പെട്ടത്. പക്ഷേ, അച്ച്യുതമേനോനല്ല കെ. കരുണാകരനായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. ഇന്ദിരയുടെയും സഞ്ജയ്ഗാന്ധിയുടെയും വിശ്വസ്തനായിരുന്ന കരുണാകരന്‍ അന്ന് പല തലത്തിലും മുഖ്യമന്ത്രിക്ക് മേലെയായിരുന്നു. ഈ വസ്തുതകള്‍ക്ക് പോലും രാജന്‍ വധത്തിന്റെ കളങ്കത്തില്‍നിന്ന് അച്ച്യുതമേനോനെ രക്ഷിക്കാനായിട്ടില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ അച്ച്യുതമേനോന്റെ തലയ്ക്ക് മേലെ ഇന്നും രാജന്റെ മരണത്തിന്റെ കരിനിഴലുണ്ട്.

അച്ച്യുതമേനോന്‍ ഉയര്‍ത്തിയിരുന്ന ഒഴികഴിവ് പോലും ഇന്നിപ്പോള്‍ പിണറായിക്ക് പറയാനാവില്ല. ഈ കേരള സംസ്ഥാനം ഭരിക്കുന്നത് പിണറായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ്. പിണറായിയുടെ കീഴിലുള്ള പോലീസാണ് വരാപ്പുഴ സംഭവത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. സംസ്ഥാനത്തെ ഓരോ സ്റ്റേഷനിലെയും പോലീസുകാരുടെ പെരുമാറ്റം ആഭ്യന്തരമന്ത്രിയുടെ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവെയ്ക്കുന്നത് ശരിയല്ലെന്ന് വാദിക്കുന്നവരുണ്ട്. പോലീസിനെ പേടിയുണ്ടെങ്കിലേ രാജ്യത്ത് നിയമവാഴ്ച സുഗമമാവുകയുള്ളുവെന്ന വാദവും കാണാതിരിക്കാനാവില്ല. പേടി പലപ്പോഴും വിവേകത്തിലേക്കുള്ള വഴി തുറക്കാറുണ്ട്. ശിക്ഷിക്കപ്പെടും എന്ന പേടിയില്ലെങ്കില്‍ പിന്നെ നിയമങ്ങള്‍ അനുസരിക്കാന്‍ ആരാണ് തയ്യാറാവുക ?

പക്ഷേ, ഒരാളെയും കൊല്ലാന്‍ പോലീസിന് അധികാരമില്ല. ജനാധിപത്യ വ്യവസ്ഥിതിയില്‍ പോലീസ് ആത്യന്തികമായി ജനസേവകര്‍ തന്നെയാണ്. കുറ്റം ചെയ്തിട്ടുള്ളവരെ ശിക്ഷിക്കാന്‍ ഇവിടെ നിയമത്തിന് കൃത്യമായ വഴികളുണ്ട്. അവ പിന്തുടരുന്നതിനു പകരം ശിക്ഷ തങ്ങള്‍തന്നെ നിശ്ചയിക്കും എന്ന് പോലീസ് കരുതാന്‍ തുടങ്ങിയാല്‍ അത് നിയമവാഴ്ചയുടെ അന്ത്യമാണ് കുറിക്കുന്നത്. ഭരണകൂടം ഒരുമ്പെട്ടിറങ്ങിയാല്‍ സാധാരണ മനുഷ്യര്‍ക്ക് പിടിച്ചു നില്‍ക്കുക എളുപ്പമല്ല. ബലാത്സംഗം ചെയ്യപ്പെട്ട യുവതിയുടെ പിതാവിനെ പോലീസ് മര്‍ദ്ദിച്ചു കൊന്നത് സന്യാസിയായ യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ്. പോലീസിനെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ സന്യാസിയായാലും സഖാവായാലും വലിയ വില കൊടുക്കേണ്ടി വരും.

വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യചെയ്ത കേസില്‍ പ്രതിയല്ലാത്തയാളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് ആത്മത്യ ചെയ്തയാളുടെ മകന്‍ പറയുന്നത്. ഇതാണ് വാസ്തവമെങ്കില്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് പോലീസ് ചെയ്തിരിക്കുന്നത്. കേരളം ഒരു വെള്ളരിക്കാപട്ടണമല്ലെന്ന് പോലീസുകാരെ ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത മുഖ്യമന്ത്രിക്കുണ്ട്. ശ്രീജിത്തിന്റെ മരണത്തിനുത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അതിനുള്ള സത്വര നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ടത്. ആളെ കൊന്നല്ല പോലീസ് കേസ് അന്വേഷിക്കേണ്ടത്. അങ്ങിനെയുള്ള അന്വേഷണങ്ങള്‍ ഒരു ജനാധിപത്യ സര്‍ക്കാരിനും ഭൂഷണമല്ല. പോലീസിനെ നിലക്ക് നിര്‍ത്താനാവുന്നില്ലെങ്കില്‍ പിന്നെ ഒരു ഭരണകൂടത്തിനും മുന്നോട്ടുള്ള യാത്ര എളുപ്പമായിരിക്കില്ല. ഇതൊരു മുന്നറിയിപ്പാണ്. ഇത് ഗൗരവമായി എടുക്കുന്നില്ലെങ്കില്‍ കാലവും ചരിത്രവും ഇടതുപക്ഷ സര്‍ക്കാരിനെ വിചാരണ ചെയ്യുന്നത് തീര്‍ച്ചയായും മൃദുവായിട്ടായിരിക്കില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented