കൊച്ചി: 30 സെക്കന്‍ഡുള്ള ഡാന്‍സ് വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളില്‍ തരംഗമായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ എസ്എഫ്‌ഐ യൂണിറ്റ്. 

'STEP UP WITH RASPUTIN, AGAINST RACISM' എന്ന ഹാഷ് ടാഗില്‍ നൃത്ത മത്സരം നടത്താനാണ് എസ്എഫ്‌ഐ തീരുമാനം. നവീനും ജാനകിയും നൃത്തം ചെയ്ത റാസ്പുടിന്‍ ഗാനത്തിനൊപ്പം ചുവടുവെയ്ക്കുന്ന വീഡിയോ വാട്‌സാപ്പ് വഴിയോ ഇന്‍സ്റ്റാഗ്രാമിലൂടെയോ എസ്എഫ്‌ഐ കുസാറ്റ് എന്ന ഐഡിയിലേക്ക് അയക്കണം. തിരഞ്ഞെടുക്കുന്ന മികച്ച ഡാന്‍സ് വീഡിയോക്ക് 1500 രൂപയാണ് സമ്മാനം. ബുധനാഴ്ചക്ക് മുന്‍പായി എന്‍ട്രികള്‍ അയക്കണം.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും ചേര്‍ന്ന് ചെയ്ത 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള നൃത്ത വീഡിയോ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. അതിനിടെയാണ് ഇരുവരുടെയും മതം ചര്‍ച്ചയാക്കി ചിലര്‍ വിദ്വേഷ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഇട്ടത്.

നവീന്‍ റസാഖിന്റേയും ജാനകി ഓംകുമാറിന്റേയും വൈറല്‍ ഡാന്‍സ് വീഡിയോ മതത്തിന്റെ നിറം നല്‍കി ചര്‍ച്ചയാക്കിയവര്‍ക്ക് മറുപടിയെന്നോണം പുതിയ ഡാന്‍സ് വീഡിയോയുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. നവീനിനും ജാനകി ഓംകുമാറിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വൈറല്‍ വീഡിയോയിലെ അതേ പാട്ടിന് നൃത്തം ചവിട്ടുകയാണ് ഇരുവരുടെയും സഹപാഠികള്‍. 

വെറുക്കാന്‍ ആണ് ഉദ്ദേശമെങ്കില്‍ ചെറുക്കാന്‍ ആണ് തീരുമാനം എന്ന തലക്കെട്ടോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് യൂണിയന്‍ ഫെയ്സ്ബുക്ക് പേജിലാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  #resisthate എന്ന ഹാഷ്ടാഗ് നല്‍കിയിരിക്കുന്ന പോസ്റ്റില്‍ വീഡിയോയില്‍ നൃത്തം ചെയ്ത എല്ലാവരുടേയും മുഴുവന്‍ പേരും നല്‍കിയിട്ടുണ്ട്. 

ഇവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാല്‍ കുറച്ചുകൂടി വക കിട്ടും, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടാന്‍ എന്നുകൂടി പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നു.

content highlights: Step up with Rasputin dance competition, CUSAT SFI Solidarity with Naveen and Janaki