കോവിഡ് മരണത്തിന്റെ കാര്യമായാലും ദരിദ്രരുടെ കാര്യമായാലും കണക്കുകള്‍ ചോദിക്കരുത്


പി.ചിദംബരം

കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ നാണിക്കേണ്ടകാര്യമില്ല. കോവിഡ് മരണത്തിന്റെ കാര്യമായാലും ദരിദ്രരുടെ കാര്യമായാലും

പ്രതീകാത്മക ചിത്രം| ANI

ജീവിതത്തില്‍ സാധാരണ നമ്മള്‍ സമയത്തെക്കുറിച്ച് കണക്കുകൂട്ടിക്കൊണ്ടിരിക്കാറുണ്ട്. പണത്തെക്കുറിച്ച്, കളികളിലെ റണ്ണിനെയും ഗോളിനെയും കുറിച്ച്, വിജയത്തെയും പരാജയത്തെയും കുറിച്ച്, വോട്ടെണ്ണത്തെയും സീറ്റെണ്ണത്തെയും കുറിച്ച്... അങ്ങനെ എല്ലാറ്റിനെയുംപ്രതി നമുക്ക് കണക്കുകൂട്ടലുകളുണ്ട്.

കൈവശം കൃത്യമായി കണക്കുകളുണ്ടെന്നതില്‍ നാണിക്കേണ്ട കാര്യമൊന്നുമില്ല, മരണത്തിന്റെ കണക്കുകൂട്ടലിലൊഴിച്ച്. കോവിഡ് മഹാമാരി ലോകമെങ്ങും എണ്ണമറ്റ മരണങ്ങള്‍ക്കു കാരണമായിട്ടുണ്ട്. കോവിഡ് കാരണം എത്രപേര്‍ മരണത്തിനു കീഴടങ്ങിയെന്ന കൃത്യമായ കണക്കുകിട്ടണമെങ്കില്‍ രോഗബാധിതരായ ഓരോരുത്തരെയും കൃത്യമായി കണ്ടെത്തുകയും പരിശോധനനടത്തുകയും രോഗമുക്തിയുറപ്പാക്കുകയും മരിച്ചവരുടെ ശരീരം പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കുകയും വേണം. കുറഞ്ഞ ജനസംഖ്യയുള്ള രാജ്യങ്ങളിലോ അല്ലെങ്കില്‍ ആരോഗ്യക്ഷേമ സംവിധാനങ്ങള്‍ അത്രയേറെ പുരോഗമിച്ചിട്ടുള്ളയിടങ്ങളിലോ മാത്രമാണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കാര്യക്ഷമമായി നടത്താനാകുക. 2020ലെ ഇന്ത്യയില്‍ ഈ രണ്ടു കാര്യങ്ങളുമില്ല.

മരണങ്ങളെത്ര?

എത്രയോ മനുഷ്യരാണ് ഇന്ത്യയില്‍ കോവിഡിനു കീഴടങ്ങിയത്. ഇതില്‍ എല്ലാവര്‍ക്കും പരിശോധന നടത്തുകയോ വേണ്ട ചികിത്സ ലഭ്യമാക്കുകയോ ചെയ്തിട്ടില്ലെന്നത് ഉറപ്പിച്ചുപറയാനാകും. ഇവരില്‍ എല്ലാവരും മരിച്ചതും ആശുപത്രികളില്‍വെച്ചല്ല. ഇന്ത്യയില്‍ കോവിഡ് മരണങ്ങളുടെ കൃത്യമായ കണക്കില്ലെന്നതാണ് വസ്തുത. 2022 ഏപ്രില്‍ 22ന് രാവിലെ 5,22,065 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചെന്ന കണക്കുമായിരിക്കുന്ന സര്‍ക്കാരൊഴികെ മറ്റെല്ലാവരും ഈ സത്യത്തെ അംഗീകരിച്ചുകഴിഞ്ഞു.

പുറത്തുവരുന്ന ഓരോ പഠനങ്ങളും ഈ കണക്കിലെ കള്ളത്തരങ്ങളെ തുറന്നുകാട്ടിയിട്ടുണ്ട്. ഗുജറാത്തിലായിരുന്നു ആദ്യത്തെ സംഭവം. സര്‍ക്കാര്‍ വകുപ്പുകള്‍ വിതരണംചെയ്ത മരണസര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍, കോവിഡ് ബാധിക്കപ്പെട്ട വര്‍ഷങ്ങളിലെ മരണങ്ങള്‍ കോവിഡിനുമുമ്പുള്ള മരണങ്ങളെക്കാള്‍ കൂടുതലാണെന്ന് ഒരു പത്രം കണക്കുകള്‍സഹിതം തെളിയിച്ചിരുന്നു. കൂടുതലുള്ള മരണം കോവിഡ് കാരണമാകാമെന്നായിരുന്നു നിഗമനം. എന്നാല്‍, മരണങ്ങളിലെ ഈ 'വ്യത്യാസം' സര്‍ക്കാരിന്റെ പക്കലുള്ള കണക്കുകളെക്കാള്‍ ഏറെ കൂടുതലായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ മുനിസിപ്പാലിറ്റിഅടിസ്ഥാനത്തില്‍ ഇതേരീതിയില്‍ കണക്കെടുത്തപ്പോഴും സര്‍ക്കാര്‍ കണക്കുകള്‍ തെറ്റാണെന്ന് തെളിയിക്കപ്പെടുകയുണ്ടായി.

ശാസ്ത്രവും സാമാന്യയുക്തിയും

2022 ജനുവരിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട പഠനത്തില്‍ ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ മുപ്പതുലക്ഷത്തിലേറെ വരുമെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയുന്നത്. ലാന്‍സെറ്റില്‍ ഏപ്രിലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് മരണസംഖ്യ 40 ലക്ഷം കടന്നെന്നും. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍നടന്ന ഒരു വര്‍ഷത്തോളംനീണ്ട പഠനമാണ് മൂന്നാമത്തേത്. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും ആ പഠനവും പറയുന്നത് മരണസംഖ്യ 40 ലക്ഷത്തോളമെന്നുതന്നെ.

ഇതനുസരിച്ച് കോവിഡ് മരണങ്ങള്‍ 30 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയിലാണെങ്കില്‍ അടിസ്ഥാനമേഖലകളില്‍നിന്ന് കൃത്യമായി കണക്കുകള്‍ ശേഖരിക്കുന്നതില്‍ ഇന്ത്യന്‍ ഭരണകൂടം പരാജയപ്പെട്ടെന്ന് പറയേണ്ടിവരും.

സര്‍ക്കാരിന്റെ കണക്കുകളെക്കാള്‍ ആറോ എട്ടോ മടങ്ങ് കൂടുതലാണ് ശരിയായ മരണസംഖ്യ. എന്നാല്‍, ശാസ്ത്രീയപഠനങ്ങളിലെ പോരായ്മകള്‍ കണ്ടെത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ലോകത്താകമാനമുള്ള ആരോഗ്യവിദഗ്ധര്‍ ചേര്‍ന്ന് ലോകാരോഗ്യസംഘടന നടത്തിയ പഠനത്തിന്റെ 'രീതി' ശരിയല്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ ആരോപണം.

പഠനരീതിയുടെ കാര്യം മാറ്റിവെക്കാം, സാമാന്യയുക്തി ഉപയോഗിച്ചുനോക്കൂ. 2019ല്‍ ഇന്ത്യയിലുണ്ടായിരുന്നത് 6,64,369 ഗ്രാമങ്ങളാണ്. ഇതില്‍ 20 ശതമാനം ഗ്രാമങ്ങള്‍ ഏറ്റവും ഉള്‍പ്രദേശത്താണെന്നും അതിനാല്‍ കോവിഡ് ബാധിച്ചിട്ടില്ലെന്നും കരുതാം (തെറ്റായ അനുമാനമാണെങ്കില്‍പ്പോലും). എങ്കിലും അഞ്ചുലക്ഷത്തിലേറെ ഗ്രാമങ്ങള്‍ ബാക്കിയുണ്ട്. ഏറ്റവും കുറഞ്ഞത് ഒരു ഗ്രാമത്തില്‍ രണ്ടുപേരെങ്കിലും കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെങ്കില്‍ ആകെ ഗ്രാമങ്ങളിലെ മരണം പത്തുലക്ഷം. നഗരങ്ങളില്‍ മരിച്ചവരെക്കൂടി കൂട്ടിയാല്‍ (35 ശതമാനമാണ് നഗരങ്ങളിലെ ജനസംഖ്യ) ആകെ 15 ലക്ഷം.

ദാരിദ്ര്യവും നികുതിയും

സര്‍ക്കാരിന് സന്തോഷമുണ്ടാക്കിയ കാര്യമാണെങ്കിലും മറ്റൊരു കണക്കും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. ലോകബാങ്ക് പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ഇന്ത്യയിലെ അതിദാരിദ്ര്യം 2011നെ അപേക്ഷിച്ച് 12.3 ശതമാനം കുറഞ്ഞ് 2019ല്‍ 10.2 ശതമാനത്തിലെത്തി. ഗ്രാമങ്ങളില്‍ 14.7 ശതമാനത്തിന്റെ കുറവുണ്ടായെന്നും കണക്കില്‍ പറയുന്നു. ദാരിദ്ര്യം കുറഞ്ഞെന്നകാര്യം ഞാനും സമ്മതിക്കുന്നു. എന്നാല്‍, ചില പരിമിതികള്‍ പറയേണ്ടതുണ്ട്.

ഒന്നാമത്തേത് 2019 വരെയുള്ള കാര്യങ്ങള്‍ മാത്രമേ പഠനത്തില്‍ പറഞ്ഞിട്ടുള്ളൂ. കോവിഡ് കാരണമുണ്ടായ നഷ്ടങ്ങളെ പരിഗണിച്ചിട്ടേയില്ല. രണ്ടാമത്തേത്, 2020 മാര്‍ച്ചുമുതല്‍ ഇന്ത്യയില്‍ എല്ലാ ക്ഷേമസൂചികകളും താഴേക്കാണ്. 2020 മുതല്‍ 23 കോടിപ്പേര്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ടെന്ന് അസിം പ്രേംജി സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ 2019 വരെയുണ്ടായ നേട്ടങ്ങളെ ഇനിയും എടുത്തുകാട്ടുന്നതില്‍ പ്രസക്തിയില്ല. കോവിഡുണ്ടാക്കിയ ആഘാതങ്ങളില്‍നിന്ന് നാം ഇനിയും മുക്തരായിട്ടില്ലെന്നതാണ് മൂന്നാമത്തേത്. നഷ്ടമായ തൊഴിലുകള്‍ ഇനിയും പൂര്‍ണമായി തിരിച്ചെത്തിയിട്ടില്ല, ഓരോ വീടുകളിലുമുണ്ടായ കടങ്ങള്‍ ഇതുവരെയും പൂര്‍ണമായും തിരികെ നല്‍കിയിട്ടില്ല, പുതിയ തൊഴിലവസരങ്ങള്‍ ഇപ്പോഴും ചോദ്യചിഹ്നമായി തുടരുകയാണ്.

Content Highlights: Statistics of covid and Poverty

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


ravisankar prasad and rahul gandhi

1 min

മറ്റുള്ളവരെ അധിക്ഷേപിക്കാൻ രാഹുലിന് പൂര്‍ണസ്വാതന്ത്ര്യം വേണമെന്നാണോ?; കോൺഗ്രസിനെ വിമർശിച്ച് ബിജെപി

Mar 23, 2023

Most Commented