Bell curve

സ്റ്റാറ്റിസ്റ്റിക്‌സിലെ അടിസ്ഥാനപരമായ ഒന്നാണ് നോര്‍മല്‍ ഡിസ്ട്രിബ്യുഷന്‍. ഇതിനെ ഒരു ഗ്രാഫാക്കി വരച്ചാല്‍ ഒരു ബെല്ലിന്റെ ആകൃതിയായിരിക്കും. അതുകൊണ്ടിതിനെ 'ബെല്‍ കര്‍വ്' എന്നും വിളിക്കും. 

സമൂഹത്തിലെ പല കാര്യങ്ങളും ഒരു ഗ്രാഫിലേക്ക് പകര്‍ത്തിയാല്‍ അത് ബെല്‍ കര്‍വ് ആകുമെന്നാണ് പൊതുവെ പറയുക. ഉദാഹരണത്തിന്  ആളുകളുടെ ഉയരം കണക്കിലെടുത്താല്‍, വളരെ കൂടുതല്‍ ഉയരമുള്ളവരും തീരെ പൊക്കമില്ലാത്തവരും സമൂഹത്തില്‍ കുറവായിരിക്കും. ബഹുഭൂരിപക്ഷവും ഗ്രാഫിന്റെ മധ്യഭാഗത്തായിരിക്കും. സമൂഹത്തിലെ ആളുകളുടെ സമ്പത്തിന്റെ അളവ് നോക്കിയാലും ഗ്രാഫ് ഏതാണ്ട് ഇതുപോലൊക്കെയായിരിക്കും (അതല്‍പ്പം ഏങ്കോണിച്ച ബെല്‍ ആയിരിക്കും എന്ന് തോന്നുന്നു). ഒരു വര്‍ഷത്തെ താപനില നോക്കിയാലും ഏറ്റവും കൂടിയ ചൂടുള്ള ദിവസങ്ങളും തണുപ്പുള്ള ദിവസങ്ങളും ഒക്കെ ഇതുപോലെ ബെല്‍ കര്‍വ് ആയി വരും. 

ബെല്‍ കര്‍വില്‍ ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഉയരവും പണവും ചൂടും ഒന്നുമല്ല, ആളുകളുടെ  ചിന്താഗതിയെപറ്റിയാണ്. അത് രാഷ്ട്രീയമാകാം, വംശീയമാകാം, മതപരമാകാം. ഓരോ വിഷയത്തിലും ആളുകളുടെ വികാരത്തിന്റെ രൂക്ഷത ഏതെങ്കിലും രീതിയില്‍ അളന്ന്  പ്ലോട്ട് ചെയ്താല്‍ അതും ഒരു ബെല്‍ കര്‍വാകും. ഉദാഹരണത്തിന് രാഷ്ട്രീയമെടുത്താല്‍ തീവ്ര വലതുപക്ഷവും തീവ്ര ഇടതുപക്ഷവും ന്യൂനപക്ഷമാണ്. ഭൂരിഭാഗം പേരും ഇതിനു രണ്ടിനും നടുക്കാണ്. ഈ നടുഭാഗത്ത് ഇടതുപക്ഷ അനുഭാവമുള്ളവരും വലതുപക്ഷ അനുഭാവമുള്ളവരും കാണും. മതം, ഭാഷ, വംശം ഉള്‍പ്പെടെ ഏതു വികാരം എടുത്താലും ഇതുതന്നെ സ്ഥിതി. 

ഞാന്‍ ഏതു വിഷയത്തെ പറ്റി ചിന്തിക്കുമ്പോഴും എന്റെ മനസ്സില്‍ ഒരു ബെല്‍ കര്‍വ് ഉണ്ട്. അതിനെ ഞാന്‍ നാലായി വിഭജിച്ചിരിക്കുന്നു.

എ. നമുക്ക് കട്ട സപ്പോര്‍ട്ട് 

ബി. നമ്മുടെ ആളാ, പക്ഷെ സൂക്ഷിച്ചില്ലേല്‍  മറ്റവര്‍ കൊണ്ട് പോകും 

സി. ഓന്റെ ആളാ, പക്ഷെ ഒന്ന് ശ്രമിച്ചാല്‍ നമ്മുടെ വലയില്‍ വീഴും 

ഡി. പോക്ക് കേസാ, ഒരു കാലത്തും നമ്മള്‍ പിടിച്ചാല്‍ കിട്ടില്ല 

ഏതെങ്കിലും ഒരു വിഷയം എടുക്കുക. ഉദാഹരണത്തിന് രണ്ടു മതങ്ങള്‍. അതില്‍ തീവ്രവാദികള്‍ ആയവര്‍  എ യും ഡി യും ആണ്. ഒരു മതത്തില്‍ വിശ്വസിക്കുകയും എന്നാല്‍ തീവ്രവാദികള്‍ അല്ലാതിരിക്കുകയും ചെയ്യുന്നവര്‍ ആണ് ബി യും സി യും. ഇതില്‍ എ യും ഡി യും ആണ് ഫെയ്‌സ്ബുക്കില്‍ ഗോഗ്വായും ആയി വരുന്നത്. 

എയില്‍ നില്‍ക്കുന്നവരുടെ ഉദ്ദേശം രണ്ടാണ്.

1. കര്‍വിന്റെ മറുവശത്ത് (സി/ഡി) ഉള്ളവരെ ഇപ്പുറത്തേക്ക് വരാന്‍ സ്വാധീനിക്കുക.

2. കര്‍വില്‍ അവരുടെ വശത്തുള്ളവരെ (ബി) മറുവശത്തേക്ക് പോകാതെ നോക്കുക.

ഇവിടെയാണ് തീവ്രവാദികള്‍ ശുദ്ധമണ്ടത്തരം കാണിക്കുന്നത്. അവര്‍ എ യില്‍നിന്നുകൊണ്ട് ഡി ക്കാരെയാണ് നേരിടുന്നത്.  ടിവിയില്‍ ഡി യുടെ പ്രതിനിധിയെ വെല്ലുവിളിക്കുന്നു, ഫെയ്‌സ്ബുക്കില്‍ ഡി കാരെ അപമാനിക്കുന്നു, മോശമായ പദപ്രയോഗങ്ങള്‍ ഡി യിലുള്ളവരെപ്പറ്റിയും  അവരുടെ മതത്തിലുള്ളവരെപ്പറ്റിയും പറയുന്നു. ഇതിന്റെ ഫലമെന്താണ്?

എ യുടെ വാക്കുകേട്ട് ഒരുകാലത്തും ഡി യിലുള്ളവര്‍ എ യിലേക്കോ ബി യിലേക്കോ വരില്ല. കാരണം എ യെപ്പോലെ തന്നെ മസ്തിഷ്‌ക്കപ്രക്ഷാളനം ചെയ്തു പോകപ്പെട്ടവരാണവര്‍. അവരെ ആശയംകൊണ്ട് നേരിടാന്‍ പറ്റില്ല. പക്ഷെ ഡി യോട് യുദ്ധം ചെയ്യുമ്പോള്‍ ഡി യുടെ വശത്തുള്ളവരും എന്നാല്‍ ചിന്തിക്കാന്‍ കഴിവുള്ളവരും ആയ സി യിലുള്ളവരെ എ മുറിവേല്പിക്കും. അവര്‍ പതുക്കെ ഡി യോട് അടുക്കും. ഫലത്തില്‍ ഒന്നും മിണ്ടാതിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നതിലും  കഷ്ടമായ അന്തിമഫലം ആണ് ഇത്. 

നാല്പതു വര്‍ഷമായി എന്റെ കുടുംബവും മതപുസ്തകങ്ങളും എന്റെ മതത്തിലെ തീവ്രമത പ്രസംഗക്കാരും ഒക്കെ വിചാരിച്ചിട്ടും മതവിശ്വാസിപോയിട്ട് ദൈവവിശ്വാസി പോലും ആകാത്ത എന്നെ എന്റെ എതിര്‍ചേരിയിലെ തീവ്രമതവിശ്വാസികള്‍ മനസ്സുവെച്ചാല്‍ നാലുദിവസം കൊണ്ട് എന്നെ മത തീവ്രവാദികളുടെ സംഘത്തില്‍ എത്തിക്കാന്‍ പറ്റും. അതാണവരുടെ സംഘടിതശ്രമങ്ങളുടെ ശക്തി. ഇതെന്റെ കാര്യം മാത്രമല്ല. പരസ്പരം ഗോഗ്വാ വിളിക്കുന്ന കേരളത്തിലെ വര്‍ഗ്ഗീയവാദികള്‍ എങ്ങനെയാണ് ശരാശരി മതവിശ്വാസികളെ അവരുടെ ശത്രുപക്ഷത്തേക്ക് തള്ളിവിടുന്നതെന്ന് ആലോചിച്ചാല്‍ പെട്ടെന്ന് പിടികിട്ടും ഈ കാര്യം.

ഇക്കാര്യമൊന്നും എ ക്കും ഡി ക്കും പറഞ്ഞാല്‍ മനസ്സിലാവില്ല. കാരണം, അവര്‍ അവരുടെ ആശയങ്ങള്‍ മാത്രം ശരി എന്ന വിശ്വാസത്തില്‍ അന്ധരാണ്. അതവര്‍ വളരെ ചിന്തിച്ച് ഉറപ്പിച്ചതാണെന്നും 'ഭൂരിഭാഗം വരുന്ന മധ്യവര്‍ഗ്ഗത്തില്‍ പെടുന്ന ബി ക്കും സി ക്കും വലിയ ചിന്ത ഇല്ലെന്നും' ആണെന്നാണ് അവരുടെ ചിന്ത. 

പക്ഷെ, സത്യം അതല്ല, ഒരു മനുഷ്യക്കുട്ടിയും മതം കൊണ്ടോ രാഷ്ട്രീയം കൊണ്ടോ അന്ധരായി പിറന്നുവീഴുന്നില്ല. സ്വന്തം ചിന്തകൊണ്ട് വളരുന്നവര്‍ എപ്പോഴും കര്‍വിന്റെ നടുക്കായിരിക്കും. പക്ഷെ, തലച്ചോറില്‍ ആര്‍ക്ക് എന്തും എഴുതാവുന്ന കാലത്ത് അവരെ ഏതെങ്കിലും അല്‍ഗോരിതം പിടിമുറുക്കിയതിന്റെ ബാക്കിപത്രമാണ് നാം ഇന്ന് നമുക്കുചുറ്റും കാണുന്ന തീവ്രചന്താഗതിക്കാരൊക്കെ. അല്‍ഗോരിതം അവരുടെ കുടുംബമാകാം, മതപഠന കേന്ദ്രങ്ങള്‍ ആകാം, പാര്‍ട്ടിക്ലാസ്സാകാം. ചില കരിസ്മാറ്റിക്ക് ആയ നേതാക്കളോ തീവ്രവാദികള്‍ ആയ കൂട്ടുകാരോ ആകാം. 

നമ്മുടെ ചുറ്റുമുള്ള മത തീവ്രവാദികളില്‍ എത്രപേര്‍ വേറൊരു മതത്തിലോ നിരീശ്വരവാദികളുടെ മതത്തിലോ പിറന്നതിനു ശേഷം സ്വന്തമായി വായിച്ചും ചിന്തിച്ചും മറുപുറത്തെത്തിയര്‍ ഉണ്ടെന്ന് ഒന്ന് കണക്കെടുത്താല്‍ ഇക്കാര്യം വ്യക്തമാകും. അപ്പോള്‍ സ്വയം പഠിച്ചു മനസ്സിലാക്കി ചിന്തിച്ചൊന്നും അല്ല ആളുകള്‍ മതതീവ്രവാദത്തില്‍ (രാഷ്ട്രീയ തീവ്രവാദത്തിലും) എത്തുന്നത്. പ്രസവം ആണ്, പ്രസംഗം അല്ല കേരളത്തില്‍ ബഹുഭൂരിപക്ഷം ആളുകളുടെ മതവും ഭൂരിപക്ഷം ആളുകളുടെ രാഷ്ട്രീയവും തീരുമാനിക്കുന്നത്. 

എന്റെ കാര്യം അങ്ങനെ അല്ല. ഞാന്‍ ചിന്തിക്കുന്നത് ശരി എന്നൊരു ചിന്തയും എനിക്കില്ല. പക്ഷെ എന്റെ ചിന്തകള്‍ മറ്റുള്ളവരോട് പങ്കുവെക്കണം എന്നുണ്ട് താനും. പക്ഷെ അതാരോട് ചെയ്താല്‍ ആണ് ഏറ്റവും ഫലപ്രദം എന്നാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. അതിനാണ് ഞാന്‍ ഈ ബെല്‍ കര്‍വ് ഉപയോഗിക്കുന്നത്. 

ഉദാഹരണത്തിന് സാമ്പത്തിക സിദ്ധാന്തങ്ങളില്‍ ഞാന്‍ എ (തീവ്ര വലതുപക്ഷം) ആന്നെന്നു കരുതുക. എന്റെ ആശയം പ്രചരിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യമെങ്കില്‍ ഞാന്‍ ചെയ്യുന്നത് സി യിലുള്ളവരോട് സംവദിക്കുകയാണ്, കാരണം തീവ്രഇടതു പക്ഷം ആയ ഡി ഒരു കാലത്തും എന്നോട് യോജിക്കുകയില്ല, അവരുടെ ചിന്തകളെ എനിക്ക് സ്വാധീനിക്കാനും കഴിയില്ല. പക്ഷെ സി അങ്ങനെയല്ല. അവര്‍ ചിന്തിക്കാന്‍ ആയി മനസ്സ് തുറന്നിട്ടിരിക്കുന്ന ഇടതുപക്ഷ ചിന്താഗതിക്കാര്‍ ആണ്. ബി അതുപോലെ തീവ്രവലതുപക്ഷ ചിന്തയില്ലാത്ത വലതുപക്ഷം ആണ്. ബി യിലും സി യിലും ഉള്ളവര്‍ തമ്മില്‍ ചിന്തയില്‍ പല സമാനതകളും ഉണ്ട്. പക്ഷെ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അവര്‍ രണ്ടുപേരും നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാണ്, പറയുന്നത് അവര്‍ക്ക് ശരിയെന്നു തോന്നിയാല്‍ മാറി ചിന്തിക്കാനുള്ള കഴിവ് അവര്‍ക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നതൊക്കെയാണ്.  അവരോട് സംസാരിക്കാന്‍ ഒച്ചപ്പാടും പൂര്‍വിക സ്മരണയും ജാടയും ഒന്നും വേണ്ട.  

ഉച്ചത്തിലുള്ള  ശബ്ദം കൊണ്ടല്ല, ആശയത്തിന്റെ തെളിച്ചം കൊണ്ടാണ് നമ്മള്‍ ആളുകളുടെ ചിന്തയെ തിരിച്ചുവിടേണ്ടത്. പ്രായോഗികമായിട്ടും ഇതാണ് കൂടുതല്‍ നല്ലത്. കാരണം ഡി എവിടേയും ഉള്ളത് ഒരു ന്യൂനപക്ഷം ആണ്, അവരെ തര്‍ക്കിച്ചു ജയിച്ചാലും നമുക്ക് കിട്ടുന്നത് ഒരു ചെറിയ കൂട്ടത്തിന്റെ പിന്തുണയാണ്. സി യും ബി യും അങ്ങനെ അല്ല. അതുകൊണ്ടാണ് ഞാന്‍ എപ്പോഴും ബി യോടും സി യോടും സംസാരിക്കുന്നത്. 

കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീകളും ഭൂരിപക്ഷം യുവാക്കളും ആശയപരമായ താല്പര്യങ്ങള്‍ ഉണ്ടെങ്കിലും അവരുടെ ചിന്താശേഷി പണയം വെയ്ക്കാത്തവര്‍ ആണ്. അതുകൊണ്ടാണ് അവരില്‍ ഞാന്‍ കേരളത്തിന്റെ ഭാവി കാണുന്നത്.  ആശയങ്ങളില്‍ തീവ്രവാദം ഉള്ളവരോട് സംസാരിക്കുന്നത് വൃഥാ വേലയാണ്. അതുകൊണ്ടാണ് ഞാന്‍ അവരെ കണ്ടാല്‍ മാറി നടക്കുന്നത്. ചേട്ടന്മാര്‍ക്ക് വിഷമം ഒന്നും തോന്നരുത്, താല്പര്യം ഇല്ലാഞ്ഞിട്ടാണ്.