പേടിച്ച് ജോലി മാറാനോ ഓടാനോ തുടങ്ങിയാല്‍ ജീവിതാവസാനം വരെ ഓടേണ്ടി വരുമെന്നാണ് പ്രതിസന്ധികളെ തരണം ചെയ്ത് കൊണ്ട് മുന്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട്‌ ഒരിക്കല്‍ പ്രതികരിച്ചത്. കയ്യേറ്റങ്ങളെ മറയാക്കി സ്ഥാപിക്കുന്ന കുരിശുകളെയും ഭണ്ഡാരങ്ങളെയും പൊളിക്കാന്‍ ആര്‍ജ്ജവമുള്ള ഒരു ഉദ്യോഗസ്ഥനില്‍ നിന്ന് പ്രതീക്ഷിക്കുന്ന വാക്കുകള്‍ തന്നെ. പറഞ്ഞപോലെ ശ്രീറാം ഓടിയില്ല പക്ഷെ ഓടാത്തയാളെ ഓടിപ്പിക്കാനുള്ള സംഗതി സര്‍ക്കാരിന്റെ കയ്യിലുണ്ട്. ആ സംഗതിയെ സാങ്കേതികത്വത്തില്‍ പൊതിഞ്ഞ് ഇങ്ങനെ പറയാം.

നാല് വര്‍ഷം സര്‍വീസുള്ളവരെ മാറ്റുന്നതിന്റെ ഭാഗമായുള്ള സ്ഥലം മാറ്റല്‍ മാത്രമാണിത്. അദ്ദേഹത്തെ വകുപ്പ് മേധാവിയായി സ്ഥാനക്കയറ്റം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 

സർക്കാർ ഉത്തരവിൽ പറയുന്നു.

 യോഗത്തില്‍ റവന്യൂ മന്ത്രി ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് അറിയുന്നത്. പക്ഷെ പരസ്യമായ എതിര്‍പ്പറിയിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തിനെക്കുറിച്ച്‌ ഉത്തമ ബോധ്യമുള്ളതു കൊണ്ടാവാം ഭരണപരമായ നടപടിയെന്നാണ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഈ സ്ഥലം മാറ്റത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. സര്‍ക്കാര്‍ നടപടിയില്‍ തെറ്റില്ല എന്നും മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ തടസപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Sriramഒരു ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ അതേ വകുപ്പിലെ സ്ഥാനങ്ങളിലേക്കുമാത്രമേ മാറാവൂ എന്ന് നിര്‍ബന്ധം പിടിക്കാനാവില്ല എന്ന് പ്രഖ്യാപിച്ച് തന്റെ കസേരയെ  അരക്കിട്ടുറപ്പിച്ചു മന്ത്രി. സ്വന്തം പാർട്ടിയുടെ എതിർപ്പോ പ്രതിഷേധങ്ങളോ പിന്തുണയോ ഒന്നും ശ്രീറാമിനെ മാത്രമല്ല തന്നെയും തുണക്കില്ലെന്ന് മന്ത്രി കരുതിക്കാണും.

11 മാസം മുമ്പാണ് ശ്രീറാം  വെങ്കിട്ടരാമന്‍ ദേവികുളം സബ്കളക്ടറായി എത്തുന്നത്. കയ്യേറ്റക്കാര്‍ക്കെതിരെ വിട്ടു വീഴ്ച്ചയില്ലാത്ത നടപടി സ്വീകരിച്ചതോടെ ഭൂമാഫിയയുടെ നോട്ടപ്പുള്ളിയായി. മൂന്നാറിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ചതോടെ റിസോര്‍ട്ടുടമകളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും കരിമ്പട്ടികയിൽ പെട്ടു.

ഭൂമി രേഖകള്‍ രാഷ്ട്രീയക്കാരനോട് പോലും മുഖം നോക്കാതെ ചോദിച്ചതിന്  ഇടുക്കി എംപി ജോയിസ് ജോര്‍ജ്ജിന്റെയും മന്ത്രി എംഎം മണിയുടെയും കണ്ണിലെ കരടായി. ഇവരെ പിന്തുണച്ച് എംഎല്‍എ എസ് രാജേന്ദ്രനും രംഗത്ത വന്നു.

പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചു നീക്കി മതമേലങ്കിയിട്ട ഭൂ മാഫിയകളെപ്പോലും വെല്ലുവിളിച്ചതോടെ ശ്രീരാമിനെ തുരത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായാന്‍ നിര്‍ബന്ധിരാവുകയായിരുന്നു സർക്കാർ.

പാറമടകളുടെ പ്രവര്‍ത്തനം 100മീറ്റര്‍ പരിധിയില്‍ നിന്ന് 50 മീറ്റര്‍ പരിധിയായി ചുരുക്കുകയും ലൈസന്‍സ് 3 വര്‍ഷം എന്നതില്‍ നിന്ന 5 വര്‍ഷമായി വര്‍ധിപ്പിക്കുകയും ചെയ്ത സര്‍ക്കാരില്‍ നിന്ന് കൂടുതലെന്ത് പരിസ്ഥിതി പക്ഷം പ്രതീക്ഷിക്കാന്‍. അത്യന്തം അപകടകരമായ രീതിയില്‍ ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിക്കൊപ്പം മാത്രം എന്തേ ഇടതുപക്ഷം നിന്നില്ല എന്ന അനേകം ചോദ്യങ്ങളിൽ ഏറ്റവും ഒടുവിലത്തേതാവുകയാണ് ദേവികുളം സബ്കളക്ടറിന്റെ സ്ഥലം മാറ്റം.  ജനങ്ങൾ എന്ത് കരുതിയാലും വേണ്ടില്ല ഞങ്ങൾ വിചാരിച്ചത് നടത്തിക്കും എന്ന സർക്കാർ നേതൃത്വത്തിന്റെ ധാർഷ്ട്യവും ഈ സ്ഥലം മാറ്റത്തിലൂടെ വായിച്ചറിയാം. അത് ഒരിക്കൽ സെൻകുമാറിനോട് പറഞ്ഞു ഇന്ന് വെങ്കിട്ടരാമനോടും.

ഇടതു നയത്തിന്റെ ദുര്‍ബല വിഭാഗത്തില്‍ പരിസ്ഥിതിയില്ല, അതാണ് പരിസ്ഥിതി ചൂഷണത്തെയും അതിനെ ആര്‍ജ്ജവത്തോടെ നേരിട്ട ഉദ്യോഗസ്ഥനെയും മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ നിന്ന് പൊതു ജനങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്നത്. മൂന്നാറിലെ ലൗഡേല്‍ എന്ന ഹോംസ്‌റ്റേ വിവാദത്തില്‍  തട്ടിയല്ല ശ്രീറാമിനെ മാറ്റുന്നതെന്ന സർക്കാരിന്റെ സാങ്കേതിക ന്യായങ്ങളെ സാധാരണക്കാര്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അത് തെറ്റിദ്ധാരണയാണെങ്കില്‍ മാറ്റേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.

സര്‍ക്കാറിന് തിരിച്ചടിയായി മൂന്നാര്‍ ഭൂമി ഏറ്റെടുക്കലില്‍ കലക്ടറുടെ ഉത്തരവ് ശരിവച്ച് കൊണ്ട് ചൊവ്വാഴ്ച ഹൈക്കോടതി വിധി പുറപ്പെടുവിച്ചതാണ് പെട്ടെന്നുള്ള ശ്രീറാമിന്റെ സ്ഥലം മാറ്റത്തിന് കാരണമെന്നാണ് ജനസംസാരം.ഭൂമി കയ്യേറ്റത്തിനെതിരെ വിട്ടു വീഴ്ച്ചയില്ലാതെ നടപടിയെടുത്തതിന്റെ പേരിൽ ഈ സര്‍ക്കാർ സ്ഥാനം തെറിപ്പിക്കുന്ന രണ്ടാമത്തെ ഐഎസ് ഉദ്യോഗസ്ഥനാണ് ശ്രീറാം വെങ്കിട്ടരാമൻ. കൊച്ചി സബ് കളക്ടർ അഥീല അബ്ദുള്ളയാണ് ഇതിനു മുമ്പ് സർക്കാരിന്റെ പ്രതികാര നടപടിക്ക് വിധേയയായത്.

കൊച്ചിയില്‍ പ്രമുഖന്റെ ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കക്ഷി ചേര്‍ന്നതാണ് അഥീലയുടെ പെട്ടെന്നുള്ള സ്ഥലം മാറ്റത്തിന് വഴിയൊരുക്കിയത്.ശ്രീറാമും അഥീലയും ഡോക്ടര്‍ ജോലി വിട്ടാണ് ഐഎഎസ് കരസ്ഥമാക്കിയതെന്നത് യാദൃശ്ചികം മാത്രം.

കഴിഞ്ഞ ഒന്‍പതു മാസമായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറായി പ്രവര്‍ത്തിക്കുന്ന അഥീല ഇതിനകം 200 കോടിയിലധികം വിലമതിക്കുന്ന ഭൂമികളിലെ കയ്യേറ്റങ്ങൾക്കെതിരാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഇനിയും  നിരവധി കയ്യേറ്റങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാനിരിക്കെയാണ് ഇരുവരുടേയും അപ്രതീക്ഷിത സ്ഥലമാറ്റം.

ശ്രീറാം വെങ്കിട്ടരാമന്‍ ഒരിക്കല്‍ മാതൃഭൂമിയോട് ഇങ്ങനെ പറഞ്ഞു

ഒരു ഡോക്ടര്‍ക്ക് കിട്ടുന്നതിലും കുറവ് പൈസയേ ഇപ്പോഴത്തെ ജോലിക്ക് കിട്ടുകയുള്ളൂ എന്നത് ശരിയാണ്. പക്ഷേ, അതിനേക്കാളും എത്രയോ വലിയ കാര്യങ്ങള്‍ ചെയ്യാനാവും. ജനങ്ങളുടെ ജീവിതത്തിന്റെ കാര്യത്തിലായാലും സര്‍ക്കാരിന്റെ നയങ്ങളുടെ കാര്യത്തിലായാലും'

ആ പൈസയെ വകവെക്കാതെ ജോലി ചെയ്തതിനുള്ള കൂലിയാണ് ലൗഡേല്‍ വഴി തിരുവനന്തപുരത്തെത്തിച്ചതെന്ന് ശ്രീറാമിനെ അറിയിക്കുക മാത്രമല്ല. ശ്രീറാമാകാനും അഥീലയാവാനും മുതിരുന്നവരെ സ്ഥലം മാറ്റങ്ങളിലൂടെ ഭയപ്പെടുത്തുക കൂടിയാണ് സർക്കാർ.