പത്തില്‍ ഒമ്പതു കുടുംബങ്ങള്‍ക്കും ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കേണ്ട സ്ഥിതി; പാപ്പരാണ് ശ്രീലങ്ക


By സിസി ജേക്കബ്

3 min read
Read later
Print
Share

'കാര്യങ്ങളെങ്ങനെ?' എന്നു ചോദിച്ച് തിങ്കളാഴ്ച രാവിലെ ശ്രീലങ്കയിലെ സുഹൃത്തിന് സന്ദേശമയച്ചു. കൊളംബോയിലെ പ്രശസ്തമായ എഫ്.എം. ചാനലിന്റെ മേധാവിയായ അദ്ദേഹത്തിന്റെ മറുപടി അധികം വൈകാതെയെത്തി: ' Very bad. No fuel. No gas. No president. No government.'ഇന്ധനമില്ല, പാചകവാതകമില്ല, പ്രസിഡന്റില്ല, സര്‍ക്കാരില്ല. ഇതാണ് ഇപ്പോള്‍ ശ്രീലങ്ക.

1.കൊളംബോയിലെ എമിഗ്രേഷൻ ഓഫീസിനുമുന്നിൽ പാസ്‌പോർട്ടിനായി കാത്തുനിൽക്കുന്ന സ്ത്രീ, 2. കൊളംബോയിൽ പ്രസിഡന്റിന്റെ ആസ്ഥാനമന്ദിരത്തിൽ ഇരമ്പിയെത്തിയ ജനങ്ങൾ

പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെയും ഔദ്യോഗിക വസതികള്‍ കൈയേറിയ ജനം അവിടെനിന്ന് ഇറങ്ങിപ്പോയിട്ടില്ല. ഇറക്കാന്‍ ആരും നോക്കുന്നുമില്ല. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി ഉറപ്പാക്കിയിട്ടേ ജനം അവിടം വിടൂ. 'അവര്‍ രാജിവെക്കും' ശ്രീലങ്കയിലെ സുഹൃത്തിന്റെ സന്ദേശത്തില്‍ ആത്മവിശ്വാസം.

പാപ്പരാണ് ശ്രീലങ്ക. രാജ്യം പാപ്പരായി എന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ തന്നെയാണ് ഈ മാസം അഞ്ചിനു പ്രഖ്യാപിച്ചത്. ഖജനാവില്‍ ആകെയുള്ളത് രണ്ടരക്കോടി ഡോളറിന്റെ (199 കോടി രൂപ) വിദേശനാണ്യം. ശ്രീലങ്കന്‍ രൂപയുടെ മൂല്യം 80 ശതമാനം താഴ്ന്നു. ഒരു ഡോളറിന് 360 ശ്രീലങ്കന്‍ രൂപ നല്‍കണമെന്ന സ്ഥിതി. ഇന്ധനം, ആഹാരം, വൈദ്യുതി, ജീവന്‍രക്ഷാ മരുന്നുകള്‍ എല്ലാത്തിനും ക്ഷാമം. പണപ്പെരുപ്പം 40 ശതമാനം. ഭക്ഷ്യവിലക്കയറ്റം 5760 ശതമാനം. മാസങ്ങളായുള്ള ഈ ദുരിതമാണ് ശനിയാഴ്ച പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗികവസതികള്‍ കൈയേറാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കിയത്. രാജിവെക്കുമെന്ന് വാക്കുനല്‍കിയിരിക്കുകയാണ് പ്രസിഡന്റ്. പക്ഷേ, രണ്ടു രാജികള്‍കൊണ്ട് പരിഹരിക്കാവുന്നതല്ല ശ്രീലങ്കയുടെ പ്രതിസന്ധി.

കഴുത്തോളം കടം

5100 കോടി ഡോളര്‍ (നാലുലക്ഷം കോടി രൂപ) ആണ് ശ്രീലങ്കയുടെ വിദേശകടം. ഇക്കൊല്ലം അടച്ചുതീര്‍ക്കേണ്ട 700 കോടി ഡോളറിന്റെ (55,623 കോടി രൂപ) തിരിച്ചടവ് പണമില്ലാത്തതിനാല്‍ ശ്രീലങ്ക ഏകപക്ഷീയമായി നിര്‍ത്തിവെച്ചു. പലിശയ്ക്കുമേല്‍ പലിശ കുമിഞ്ഞുകൂടുന്നു. കോവിഡും അതിനു തൊട്ടുമുമ്പുണ്ടായ ഈസ്റ്റര്‍ദിന ഭീകരാക്രമണമുയര്‍ത്തിയ അരക്ഷിതാവസ്ഥയും സമ്പദ്‌വ്യവസ്ഥയ്ക്ക് ഊര്‍ജമേകിയിരുന്ന വിനോദസഞ്ചാരമേഖലയെ തകര്‍ത്തു. അരിയും പഞ്ചസാരയും പെട്രോളിയം ഉത്പന്നങ്ങളും പാലുമുള്‍പ്പെടെ ഭൂരിഭാഗം വസ്തുക്കളും ഇറക്കുമതി ചെയ്യുന്ന ശ്രീലങ്കയ്ക്ക് അതിനു പണമില്ല. ഇന്ധന ഇറക്കുമതിക്കുമാത്രം മാസം 50 കോടി ഡോളര്‍ (3970 കോടി രൂപ) വേണം.

സ്വതവേ ഭക്ഷ്യക്ഷാമമേശാത്ത ശ്രീലങ്കയില്‍ പത്തില്‍ ഒമ്പതു കുടുംബങ്ങള്‍ക്കും ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കേണ്ട സ്ഥിതിവിശേഷമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതി പറയുന്നു. അല്ലാത്തവര്‍ ഒരുനേരത്തെയോ രണ്ടുനേര?െത്തയോ ആഹാരം കൊണ്ട് മൂന്നുനേരം കഴിയുന്നു. മുന്നൊരുക്കമില്ലാതെ കഴിഞ്ഞവര്‍ഷം രാജപക്‌സെ സര്‍ക്കാര്‍ നടപ്പാക്കിയ രാസവള ഇറക്കുമതി നിരോധനവും ജൈവകൃഷിയിലേക്കുള്ള പരിവര്‍ത്തനവും ഭക്ഷ്യക്ഷാമത്തിനു പ്രധാന കാരണമാണ്. ഈ ഉത്തരവുകള്‍ പിന്നീടു പിന്‍വലിച്ചെങ്കിലും സംഭവിക്കേണ്ടതു സംഭവിച്ചുകഴിഞ്ഞിരുന്നു.

ആവശ്യവും അത്യാവശ്യവും അനാവശ്യവും വിവേചിക്കാതെയും വരവുനോക്കാതെയും സര്‍ക്കാരുകള്‍ കടംവാങ്ങി ചെലവു നടത്തി. ആളുകയറാത്ത മട്ടല വിമാനത്താവളവും ചൈനയ്ക്കു പാട്ടത്തിനുകൊടുക്കേണ്ടിവന്ന ഹംബന്‍ടോട്ട തുറമുഖവും പോലുള്ള 'പൊങ്ങച്ച പദ്ധതി'കളില്‍ പണം മുടക്കി. സമ്പദ്‌രംഗം കൈകാര്യം ചെയ്യുന്നതിലെ പിടിപ്പില്ലായ്മയും അഴിമതിയും ചേര്‍ന്നപ്പോള്‍ ശ്രീലങ്ക ഈ നിലയ്ക്കായി.

പ്രസിഡന്റ് ഗോതാബയ രാജപക്‌സെയെയും അദ്ദേഹത്തിന്റെ ജ്യേഷ്ഠനും പ്രധാനമന്ത്രിയുമായിരുന്ന മഹിന്ദ രാജപക്‌സെയെയുമാണ് ജനങ്ങള്‍ അതിനു പഴിക്കുന്നത്. ആക്രമാസക്തമായ പ്രതിഷേധത്തിനൊടുവില്‍ മഹിന്ദ മേയില്‍ രാജിവെച്ചു. പറഞ്ഞതുപോലെ ബുധനാഴ്ച ഗോതാബയയും രാജിവെച്ചാല്‍, രാജപക്‌സെ കുടുംബത്തിന്റെ വാഴ്ചയ്ക്ക് താത്കാലികമായെങ്കിലും അന്ത്യമാകും.

സര്‍വകക്ഷി സര്‍ക്കാര്‍

സാമ്പത്തിക പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഗോതാബയ നേരത്തേ രാജിവെച്ച് സര്‍വകക്ഷി ഇടക്കാല സര്‍ക്കാരുണ്ടാക്കേണ്ടതായിരുന്നു. എന്നാല്‍, തന്റെതന്നെ മന്ത്രിമാരെ പഴിച്ചും ഇടംകാലിലെ മന്ത് വലംകാലിലേക്കു മാറ്റുംപോലുള്ള മന്ത്രിസഭാ അഴിച്ചുപണി നടത്തിയും അധികാരത്തില്‍ കടിച്ചുതൂങ്ങി അദ്ദേഹം. മഹിന്ദ രാജിവെച്ച ഒഴിവില്‍, പാര്‍ലമെന്റില്‍ ഒരു സീറ്റുമാത്രമുള്ള പാര്‍ട്ടിയുടെ പ്രതിനിധി റനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കി ജനങ്ങളെ വീണ്ടും പരിഹസിച്ചു. വിപുലമായ രാഷ്ട്രീയപരിചയവും ആഗോളബന്ധങ്ങളുമുണ്ടായിട്ടും രാജപക്‌സെമാരുമായുള്ള അടുപ്പം റനിലിന്റെ വിശ്വാസ്യതയില്ലാതാക്കി. അങ്ങനെ 'ഗോത ഗോ ഹോം' സമരം 'റനില്‍ ഗോ ഹോം' സമരം കൂടിയായി മാറി.

പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവെക്കുന്നതോടെ സ്പീക്കര്‍ക്കാണ് ഭരണഘടനാപരമായി ഇടക്കാല പ്രസിഡന്റിന്റെ ചുമതല. ഒരുമാസമേ സ്പീക്കര്‍ക്ക് ഈ പദവിയില്‍ തുടരാനാകൂ. അതിനുള്ളില്‍ പാര്‍ലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണം. 2024ല്‍ അടുത്ത തിരഞ്ഞെടുപ്പ് വരെയാണ് പുതിയ പ്രസിഡന്റിന്റെ കാലാവധി.

പ്രസിഡന്റ് തിരഞ്ഞെടുപ്പും ഇടക്കാല സര്‍വകക്ഷി സര്‍ക്കാര്‍ രൂപവത്കരണവും അവസരവാദ രാഷ്ട്രീയത്തില്‍ ഉലയാനുള്ള സാധ്യതയേറെയാണ്. 225 അംഗ പാര്‍ലമെന്റില്‍ രാജപക്‌സെമാരുടെ ശ്രീലങ്ക പൊതുജന പെരുമുനയാണ് (എസ്.എല്‍.പി.പി.) ഏറ്റവും വലിയ ഒറ്റക്കക്ഷി. നൂറു സീറ്റ് എസ്.എല്‍.പി.പി.ക്കുണ്ട്. മുഖ്യപ്രതിപക്ഷമായ സമാഗി ജന ബലവേഗയയ്ക്ക് (എസ്.ജെ.ബി.) അമ്പതോളം സീറ്റേയുള്ളൂ. സര്‍വകക്ഷി സര്‍ക്കാരുണ്ടാക്കാന്‍ ഗോതാബയ മുമ്പ് നടത്തിയ പ്രഹസനത്തോട് എസ്.ജെ.ബി.യും വിവിധ പ്രതിപക്ഷകക്ഷികളും മുഖം തിരിച്ചിരുന്നു. ഗോതാബയ രാജിവെച്ചൊഴിഞ്ഞാല്‍ സര്‍ക്കാരുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രതിപക്ഷത്ത് സജീവമാണ്.

മുള്‍പ്പാത

ആരു സര്‍ക്കാരുണ്ടാക്കിയാലും മുള്‍പ്പാതയാണ് മുമ്പില്‍. ദ്രുതപരിഹാരം അസാധ്യമാംവിധം തരിപ്പണമായ സമ്പദ്‌വ്യവസ്ഥ. സഹിച്ചുമടുത്ത് അരിശംകൊണ്ടുനില്‍ക്കുന്ന ജനം. അടുത്ത ആറുമാസം പിടിച്ചുനില്‍ക്കണമെങ്കില്‍ ശ്രീലങ്കയ്ക്ക് 600 കോടി ഡോളര്‍ (47,690 കോടി രൂപ) വേണം. അന്താരാഷ്ട്ര നാണ്യനിധിയിലാണ് (ഐ.എം.എഫ്.) അവരുടെ പ്രതീക്ഷ. ഐ.എം.എഫുമായുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഐ.എം.എഫിന്റെ കടാശ്വാസ പദ്ധതി ലഭിക്കാന്‍ ശ്രീലങ്ക പാലിക്കേണ്ട വായ്പ പുനഃക്രമീകരണവും മറ്റു പരിഷ്‌കാരങ്ങളും നയങ്ങളും സംബന്ധിച്ച തീരുമാനം ഓഗസ്റ്റിലുണ്ടാകുമെന്ന് വിക്രമസിംഗെ പ്രഖ്യാപിച്ചിരുന്നു. ഐ.എം.എഫുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടുപോകണമെങ്കില്‍ ഇടക്കാലസര്‍ക്കാര്‍ ഉടനുണ്ടായേ തീരൂ.

ഇന്ത്യ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളോടും ശ്രീലങ്ക സഹായം തേടിയിട്ടുണ്ട്. 300 കോടിയോളം ഡോളറിന്റെ സഹായം ഇന്ത്യ നല്‍കി. കഴിഞ്ഞമാസം ആദ്യം ശ്രീലങ്കയ്ക്കുവേണ്ടി ഐക്യരാഷ്ട്രസഭ ലോകവ്യാപകമായി സഹായം അഭ്യര്‍ഥിച്ചിരുന്നു. പക്ഷേ, ഇതുവരെ കാര്യമായൊന്നും കിട്ടിയിട്ടില്ല. കടാശ്വാസവും സഹായവും ദീര്‍ഘകാല പരിഹാരമാര്‍ഗങ്ങളല്ല. ശ്രീലങ്കയ്ക്കു വരുമാനമുണ്ടാവുകയാണ് ആത്യന്തികമായി സംഭവിക്കേണ്ടത്. രാഷ്ട്രീയ അനിശ്ചിതത്വവും അരക്ഷിതത്വവും നീങ്ങി വിനോദസഞ്ചാര മേഖല പച്ചപിടിക്കണം. തേയില, ഗ്രാമ്പൂ തുടങ്ങിയ കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് പുതിയ വിപണികളുണ്ടാകണം. ശ്രീലങ്കയിലേക്ക് വിദേശനാണ്യമെത്തണം. അപ്പോഴേ ആ രാജ്യം കരകയറുന്നു എന്നു പറയാനാകൂ.

Content Highlights: Sreelankan Crisis now

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
waste management

5 min

മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ നഗര പോലീസ്,പരിസ്ഥിതി സംരക്ഷണത്തിന് പ്രാദേശിക പോലീസ്; ചെയ്യാനേറെ

Sep 28, 2021


mathrubhumi

10 min

മുഖ്യമന്ത്രിയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെയും വിദേശ യാത്രയിലെ വേഷത്തെയും പരിഹസിക്കുന്നവർ വായിക്കണം

May 20, 2019


text book

3 min

പുതിയ തലമുറയുടെ പാഠപുസ്തകങ്ങളിൽനിന്ന് ജനാധിപത്യത്തെ പടിക്കുപുറത്താക്കിയതെന്തിന്?

Jun 3, 2023

Most Commented