പാചകവാതകസിലിന്‍ഡര്‍ ഒന്നിന് വില 4200 രൂപ, അനുദിനം ക്ഷയിക്കുന്ന ശ്രീലങ്ക; ആകുലതകൾ അതിജീവനങ്ങൾ


സിസി ജേക്കബ്പാചകവാതകം, പെട്രോള്‍, മണ്ണെണ്ണ, ഭക്ഷണസാധനങ്ങള്‍ എല്ലാത്തിനും തീവില. ശ്രീലങ്കൻ ജനതയുടെ സംഘർഷങ്ങളും അതിജീവന വഴികളും

മൗണ്ട് ലാവിനിയയിൽ പാചകവാതകത്തിനായി മൂന്നുമണിക്കൂറായി കാത്തിരിക്കുന്ന സ്ത്രീ

നീണ്ട കാത്തിരിപ്പുകള്‍ ...ആശങ്കകള്‍... ആത്മരോഷങ്ങള്‍... പ്രതീക്ഷകള്‍... ശ്രീലങ്കന്‍ ജനത അതിജീവനത്തിന്റെ കഠിനപരീക്ഷണങ്ങളിലൂടെ കടന്നുപോവുകയാണ്. സാമ്പത്തികത്തകര്‍ച്ചയില്‍ ഉലയുന്ന ശ്രീലങ്കയില്‍നിന്ന് മാതൃഭൂമി പ്രതിനിധി സിസി ജേക്കബ് എഴുതുന്നു...

ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറന്‍ തീരമേഖലകളിലേക്ക് ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്ക് കൊളംബോയില്‍നിന്ന് പുറപ്പെട്ടപ്പോഴേ ഡീസലിനായുള്ള നീണ്ടനിരകളാണ് കണ്ടത്. കൊളംബോയിലെ മറൈന്‍ ഡ്രൈവിലെത്തിയപ്പോഴേ ഈ കാഴ്ചതുടങ്ങി. അരക്കിലോമീറ്ററോളം നീളുന്ന വരിയില്‍നിന്നുനേടിയ ഒരു ക്യാന്‍ ഡീസല്‍ സൂക്ഷ്മതയോടെ വണ്ടിയില്‍ നിറയ്ക്കുകയാണ് രമേശ് എന്ന ഇരുപത്തിയാറുകാരനും സുഹൃത്തും. ജാഫ്ന സ്വദേശികളാണ് ഇവര്‍. ജാഫ്നയില്‍നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകുന്ന ഒരു സംഘത്തെ കൊളംബോയിലെ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കി മടങ്ങുകയാണ്. തിരികെ ജാഫ്നയിലെത്താന്‍വേണ്ട ഡീസലിനായി കൊളംബോയില്‍ കാത്തുകിടക്കാന്‍ തുടങ്ങിയിട്ട് മൂന്നുദിവസമായി. എന്നിട്ടും നാട്ടിലെത്താന്‍ വേണ്ടത് കിട്ടിയിട്ടില്ല. അതിനായി വീണ്ടും വരിനില്‍ക്കാന്‍ പോവുകയാണ് രമേശും സുഹൃത്തും.

അവരെയും കടന്ന് മുന്നോട്ടുപോകുമ്പോള്‍ മൗണ്ട് ലാവിനിയയില്‍ പാചകവാതകത്തിനായി വരിനില്‍ക്കുന്നു മറ്റൊരു സംഘം. പ്രായമായവര്‍ ഉള്‍പ്പെടെയുണ്ട്. രാവിലെ ഏഴിനുതുടങ്ങിയ നില്‍പ്പ് പത്തായിട്ടും തുടരുന്നു. പലരും കാലുകഴച്ച് നിലത്തും ഗ്യാസ് കുറ്റിക്കുമുകളിലും ഇരിക്കുന്നു. വെയിലിന്റെ ചൂട് കൂടിവരുമ്പോഴും കാത്തിരിപ്പ് തുടരുകയാണ്.

വീട്ടാവശ്യത്തിനുള്ള പന്ത്രണ്ടരക്കിലോ വരുന്ന പാചകവാതകസിലിന്‍ഡര്‍ ഒന്നിന് ചൊവ്വാഴ്ചത്തെ വില 4200 ശ്രീലങ്കന്‍ രൂപ.

പോകപ്പോകെ ഇത്തരം കാത്തുനില്‍പ്പുകളും പമ്പുകള്‍ക്കുമുമ്പിലെ വാഹനങ്ങളുടെ നീണ്ടനിരയും സുപരിചിത കാഴ്ചകളായി. ശ്രീലങ്കക്കാര്‍ക്കും അങ്ങനെയായിക്കഴിഞ്ഞു എന്നുതോന്നും. എങ്ങനെയും അതിജീവിക്കാനുള്ള തത്രപ്പാടിലാണ് അവര്‍. മൗണ്ട് ലാവിനിയയിലെ ഫാമിലി സൂപ്പര്‍മാര്‍ക്കറ്റിനുമുന്നില്‍ ലോട്ടറി ടിക്കറ്റ് വില്‍ക്കുന്ന ലീലാവതി അതിന് ഉദാഹരണം. 35 വര്‍ഷമായി ലോട്ടറി വില്‍ക്കുന്നു അവര്‍. ഭര്‍ത്താവ് മരിച്ചു. മൂന്നുമക്കളുണ്ട്. ആരും നോക്കുന്നില്ല. ലോട്ടറിവിറ്റ് ഇത്രകാലം ജീവിച്ചു. സൂപ്പര്‍മാര്‍ക്കറ്റില്‍ തിരക്കേറുന്ന നേരം അതിനുമുമ്പില്‍നില്‍ക്കും. അതുകഴിയുമ്പോള്‍ മറ്റിടങ്ങളിലേക്കുനീങ്ങും. കോവിഡും വിലക്കയറ്റവും ജീവിതം കഷ്ടത്തിലാക്കിയെന്നു പറഞ്ഞു, ലീലാവതി.

'ഹലോ, യങ് ലേഡീ...'

ലീലാവതിയുടെ ഫോട്ടോയെടുക്കുമ്പോള്‍ 'ഹലോ യങ് ലേഡീ...' എന്ന വിളിയോടെ ഒരാള്‍ ഫാമിലി സൂപ്പര്‍മാര്‍ക്കറ്റിന്റെ പടിയിറങ്ങിവന്നു. 'പാചകവാതകത്തിന് വരിനില്‍ക്കുന്ന ആ പ്രായമായ സ്ത്രീയുടെ ഫോട്ടോയെടുക്കുന്നതുകണ്ടിരുന്നു. നന്നായി. എവിടെനിന്നാണ്' എന്നുപറഞ്ഞ് സംഭാഷണം തുടങ്ങി. ഇന്ത്യയില്‍നിന്നാണെന്ന് പറഞ്ഞതോടെ അദ്ദേഹത്തിന് ഉത്സാഹമായി.

''ഞാന്‍ ശ്രീലങ്കന്‍ തമിഴനാണ്. നിങ്ങള്‍ എവിടെനിന്നാണ്?''

''കേരളം''

അതുകേട്ടതോടെ 'എന്റെ മൂത്തമകന്‍ കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലാണ് പഠിച്ചത്' എന്നുപറഞ്ഞു. ''വിലക്കയറ്റംകാരണം ജീവിക്കാന്‍ വയ്യ. പാചകവാതകം, പെട്രോള്‍, മണ്ണെണ്ണ, ഭക്ഷണസാധനങ്ങള്‍ എല്ലാത്തിനും തീവിലയാണ്. എനിക്കുദിവസം അഞ്ചുചായ നിര്‍ബന്ധമാണ്. അതുപോലും കുറയ്‌ക്കേണ്ടിവന്നു'' -അദ്ദേഹം ജീവിതപ്രയാസങ്ങളുടെ കെട്ടഴിച്ചു. പേര് ഡബ്ബു. മുഴുവന്‍ പേരും പറയാന്‍ താത്പര്യമില്ല. കൊളംബോയിലെ ബ്രദറന്‍ ചര്‍ച്ചില്‍ അഡ്മിനിസ്ട്രേറ്ററായിരുന്നു.

''ഇന്ത്യയില്‍ ഒ.സി.ഐ. കാര്‍ഡിന് അപേക്ഷിച്ചാലോ എന്നു വിചാരിക്കുകയാണ്. ഈ പ്രായത്തില്‍ വീണ്ടുമൊരു ജോലിക്കു ശ്രമിക്കുന്നുമുണ്ട്. അല്ലാതെ ജീവിക്കാന്‍ കഴിയില്ല. ഇന്ത്യ ഞങ്ങളെ കാര്യമായി സഹായിക്കുന്നുണ്ട്'' എന്നുപറഞ്ഞ് അദ്ദേഹം പോയി. മറ്റുരാജ്യങ്ങളിലെ ഇന്ത്യന്‍ വംശജര്‍ക്ക് ഇന്ത്യയില്‍ താമസിച്ചു ജോലിചെയ്യാന്‍ അനുമതി നല്‍കുന്ന സംവിധാനമാണ് ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ അഥവാ ഒ.സി.ഐ.

ഫാമിലി സൂപ്പര്‍മാര്‍ക്കറ്റിനുമുന്നില്‍ ലോട്ടറിടിക്കറ്റ് വില്‍ക്കുന്ന ലീലാവതി

കാറ്റുപിടിച്ച ജലവിനോദം

കാറ്റുപിടിച്ച, തേങ്ങയില്ലാത്ത തെങ്ങുകളും പച്ചിലകള്‍നിറഞ്ഞ ബദാം മരങ്ങളും നിരന്നുനില്‍ക്കുന്ന കടലോരറോഡിലൂടെ ശ്രീലങ്കയിലെ ജലവിനോദങ്ങളുടെ കേന്ദ്രമായ ബേരുവാലയിലേക്കുനീങ്ങി. കോഴിക്കോട് സൗത്ത് ബീച്ചിലൂടെയോ ഭട്ട് റോഡിലൂടെയോ പോകുംപോലത്തെ പ്രതീതി. 2004-ലെ സുനാമി തകര്‍ത്ത പ്രദേശങ്ങളില്‍ ഇപ്പോഴും ദുരിത സ്മാരകങ്ങളുണ്ട്. അതുംകടന്ന് ബെന്‍തൊട്ടയിലെ ദിയാകവ വാട്ടര്‍സ്പോര്‍ട്സ് സെന്ററിലെത്തുമ്പോള്‍ നാലഞ്ചുസഞ്ചാരികളുണ്ട്. ഇറാന്‍കാരാണ്. സെന്ററിന്റെ ഡയറക്ടര്‍ ഡി.കെ. നിറോഷന്‍ ഫെര്‍ണാണ്ടോ കരകയറാന്‍ പാടുപെടുന്ന വിനോദസഞ്ചാരമേഖലയെക്കുറിച്ച് പറഞ്ഞു. ''കോവിഡ് വിനോദസഞ്ചാരവ്യവസായത്തെ തകര്‍ത്തു. ഇപ്പോഴിതാ സാമ്പത്തികപ്രതിസന്ധിയും. സഞ്ചാരികള്‍ വന്നുതുടങ്ങുന്നുണ്ട്. ഏഷ്യയിലും പശ്ചിമേഷ്യയിലും നിന്നുള്ളവരാണ്. പക്ഷേ, യൂറോപ്പിലും അമേരിക്കയിലും യു.കെ.യിലും നിന്നുള്ളവര്‍ വന്നിട്ടേ കാര്യമുള്ളൂ. മുമ്പ് സഞ്ചാരികള്‍ ഡോളറില്‍ത്തന്നെ പണം തന്നിരുന്നു. ഇപ്പോള്‍ എല്ലാവരും ശ്രീലങ്കന്‍ രൂപയില്‍ ഇടപാടുനടത്താനേ തയ്യാറാകുന്നുള്ളൂ. ഞങ്ങള്‍ക്ക് അതുകൊണ്ട് മെച്ചമില്ല. പല ജലവിനോദ ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ ഡീസല്‍ വേണം. അതുകിട്ടാനില്ല. ഉള്ളതിന് വലിയ വില കൊടുക്കണം. ഇന്നലെ ഒമ്പതുമണിക്കൂറായിരുന്നു പവര്‍കട്ട്. ഇന്ന് എട്ടുമണിക്കൂറാണെന്നുതോന്നുന്നു. അതിനാല്‍ വരുന്നവര്‍ ആവശ്യപ്പെടുന്ന കൂള്‍ ഡ്രിങ്സോ ജ്യൂസോ ഒന്നും കൊടുക്കാന്‍ കഴിയുന്നില്ല. ഇങ്ങനെപോയാല്‍ ഇപ്പോള്‍ വരുന്നത്രയും പേര്‍ വരാതാകുമോ എന്ന ആശങ്കയുണ്ട്'' -നിറോഷന്‍ പറഞ്ഞു. പിന്നെ അദ്ദേഹം അല്പം തത്ത്വശാസ്ത്രം കലര്‍ത്തി രാഷ്ട്രീയവും പറഞ്ഞു. ''ഈ പ്രതിസന്ധിക്കുകാരണം ഞങ്ങളാണ്. ഞങ്ങളാണല്ലോ ഇവരെയൊക്കെ വോട്ടുചെയ്ത് ജയിപ്പിച്ചത്. അതുകൊണ്ട് ഞങ്ങള്‍തന്നെ ഇത് പരിഹരിക്കണം. ആരും ഇതിന്റെയൊന്നും ഉത്തരവാദിത്വം ഏല്‍ക്കില്ല.''

'നോ വൈറ്റ് പീപ്പിള്‍'

തെളിഞ്ഞ മരതകനിറവും നിറഞ്ഞ വൃത്തിയുമുള്ള തിരയില്ലാത്ത കടല്‍ എന്നതാണ് ഹിക്കടുവ ബീച്ചിന്റെ മുദ്ര. ഏകദേശം 200 മീറ്റര്‍വരെ കടലിലേക്ക് ഇറങ്ങിച്ചെല്ലാം. വിദേശസഞ്ചാരികളുടെ ഇഷ്ടയിടം. ഹിക്കടുവയിലെ നിരത്തില്‍ ഉച്ചനേരത്തുപോലും ഉലാത്തുന്ന സഞ്ചാരികള്‍ പതിവാണത്രേ. ''സീ, നോ വൈറ്റ് പീപ്പിള്‍ ഹിയര്‍'' -ഒപ്പമുള്ള പരിഭാഷകന്‍ പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ എത്തിയാലേ വിനോദസഞ്ചാരത്തിന് മുഴുജീവന്‍ വെക്കൂ എന്നാണ് ഇദ്ദേഹത്തിന്റെയും പക്ഷം.

ഉച്ചഭക്ഷണം കഴിക്കാന്‍ കയറിയ ഓക് റേ റെസ്റ്റോറന്റിലെ ബിസിനസ്‌ പ്രൊമോഷന്‍ എക്‌സിക്യുട്ടീവിനും പറയാനുള്ളത് ഇതുതന്നെ. നാരങ്ങവെള്ളം കൊണ്ടുവന്ന അദ്ദേഹത്തോട് ബിസിനസ് എങ്ങനെയെന്നു ചോദിച്ചതേയുള്ളൂ. 'മോശം' എന്ന മറുപടി ഉടന്‍വന്നു. റെസ്റ്റോറന്റിലെ മേശകളില്‍ ഞങ്ങളല്ലാതെ മറ്റാരുമില്ല. മീഡിയ അക്രഡിറ്റേഷന്‍ കാര്‍ഡ് കണ്ടതോടെ 'എവിടെനിന്നുവരുന്നു' എന്ന് ചോദ്യം. ഇന്ത്യ, കേരളം എന്നുപറഞ്ഞപ്പോള്‍, അവിടത്തെ ഒരു ക്രിക്കറ്റ് താരത്തിന് ഞാന്‍ ഭക്ഷണം വിളിമ്പിയിട്ടുണ്ട് എന്നായി അദ്ദേഹം: ''പേര് ഓര്‍ക്കുന്നില്ല. 2019-ലാണ്.'' സഞ്ജു സാംസണാണോ എന്നുചോദിച്ചതോടെ 'അതെ അതെ' എന്നുത്തരം. അന്ന് ശ്രീലങ്കയില്‍നടന്ന കളിയുടെ ഭക്ഷണച്ചുമതല ഇദ്ദേഹത്തിന്റെ സ്ഥാപനത്തിനായിരുന്നു. ''സമ്പത്ത് എന്നാണുപേര്. ഈ റെസ്റ്റോറന്റില്‍ ആറുവര്‍ഷമായി. ഇതുവരെ ഇങ്ങനെ ആളൊഴിഞ്ഞ അവസ്ഥയുണ്ടായിട്ടില്ല'' -അദ്ദേഹം പറഞ്ഞു.

1960-കളിലെ ഡച്ച് അധിനിവേശത്തിന്റെ അവശിഷ്ടം ഇപ്പോഴും പേറുന്ന ഗാളില്‍ അല്പം വ്യത്യസ്തമായ ഒരു വിനോദസഞ്ചാരം കണ്ടു. വാടകയ്‌ക്കെടുക്കുന്ന സ്‌കൂട്ടര്‍ സ്വയമോടിച്ച് സ്ഥലങ്ങള്‍ കാണുന്നവര്‍. ശ്രീലങ്കക്കാര്‍ 'ടുക് ടുക്' എന്നുവളിക്കുന്ന ഓട്ടോറിക്ഷകളാണ് ഇവിടെയെത്തുന്ന പല വിദേശികളുടെയും വാഹനം. ഇന്ധനവിലക്കയറ്റം 'ടുക് ടുക്' യാത്ര ലാഭകരമല്ലാതാക്കി.

ഇന്ത്യയില്‍നിന്നുള്ള രണ്ട് വിനോദസഞ്ചാരസംഘങ്ങള്‍ മാര്‍ച്ചിലെ യാത്ര മേയിലേക്ക് മാറ്റിവെച്ച കഥയാണ് കൊളംബോയിലെ ടൂര്‍ ഓപ്പറേറ്റര്‍ക്ക് പറയാനുള്ളത്. ''ഈ പ്രതിസന്ധികാരണം എനിക്ക് 50,000 ഡോളറിന്റെ നഷ്ടമാണുണ്ടായത്. എനിക്കുണ്ടായ ഈ നഷ്ടം രാജ്യത്തിന്റേതുകൂടിയാണ്. ഇവിടേക്ക് സഞ്ചാരികളെത്തിയാലേ വിദേശനാണ്യം വരൂ'' -പേരു പറയരുതന്നെ നിബന്ധനയോടെ അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ അതിജീവിക്കും

ചലന

പ്രതിസന്ധി രൂക്ഷമാണ് എങ്കിലും അതിജീവിക്കുമെന്ന പ്രതീക്ഷയാണ് ശ്രീലങ്ക യൂത്ത് പാര്‍ലമെന്റ് അംഗം എച്ച്.എച്ച്. ചലനയ്ക്ക്. ''ശ്രീലങ്കയ്ക്ക് അതിനുള്ള വിഭവശേഷിയുണ്ട്. ഞങ്ങള്‍ക്ക് ടൂറിസമുണ്ട്, കടലുണ്ട്, സംരംഭകരുണ്ട്. ഇതെല്ലാം വേണ്ടപോലെ ഉപയോഗിച്ചാല്‍ ഈ പ്രതിസന്ധിയില്‍നിന്ന് കരകയറാം. അതിന് വംശത്തിന്റെയും സമുദായത്തിന്റെയും പേരുപറഞ്ഞുള്ള വിഭജനരാഷ്ട്രീയം മാറ്റിവെക്കണം. ഞങ്ങള്‍ യുവാക്കള്‍ക്ക് ഈ രാഷ്ട്രീയം ഇഷ്ടമല്ല. അതുമാറ്റാനാണ് ഞങ്ങളുടെ ശ്രമം. മുപ്പതുവര്‍ഷത്തോളം നീണ്ട ആഭ്യന്തരയുദ്ധവും സുനാമിയുമൊക്കെ അതിജീവിച്ചവരല്ലേ ഞങ്ങള്‍. ഇതും അതിജീവിക്കും. പൂര്‍ണമായി അതിജീവിക്കാന്‍ രണ്ടുമൂന്നുവര്‍ഷമെങ്കിലും എടുക്കുമെന്നാണ് തോന്നുന്നത്'' -യൂത്ത് പാര്‍ലമെന്റ് ഫിഷറീസ് മന്ത്രിയും അഹുങ്കള സീ ടര്‍ട്ടില്‍സ് കണ്‍സര്‍വേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ പ്രോജക്ട് മാനേജരുമായ ചലന പറഞ്ഞു.

Content Highlights: srilanka on the edge of financial collapse, Situation and how the people are surviving, cissy jacob

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section
Most Commented