ചൈനയുടെ സാമ്പത്തിക സഹായം ഉപയോഗിച്ച് നിർമ്മിച്ച എക്സ്പ്രസ് വേ-പണി നടക്കുമ്പോഴുള്ള ദൃശ്യം | Photo-Gettyimage
1971 മുതൽ 2004 വരെ 50 കോടി ഡോളറിൽ താഴെയായിരുന്നു ചൈനയിൽനിന്നുള്ള വായ്പസഹായം. 2005-ൽ മഹിന്ദ രാജപക്സെ പ്രസിഡന്റായതോടെ ചൈനീസ് വായ്പ സ്വീകരിക്കുന്നത് കൂടി. അങ്ങനെയുണ്ടാക്കിയ പദ്ധതികളിൽ മിക്കതും ശ്രീലങ്കയ്ക്ക് ബാധ്യതയുമായി. സാമ്പത്തികത്തകര്‍ച്ചയില്‍ ഉലയുന്ന ശ്രീലങ്കയില്‍നിന്ന് മാതൃഭൂമി പ്രതിനിധി സിസി ജേക്കബ് എഴുതുന്നു
''തിങ്കളാഴ്ച കടുനായകയിലെ ബണ്ടാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കൂട്ടാന്വന്ന ജോണ്‍സണും രത്നായകയും സംസാരിക്കുമ്പോള്‍ ഇടയ്ക്കിടെ ചൈനയെന്നു പറയുന്നുണ്ടായിരുന്നു. സിംഹള ഭാഷയിലുള്ള അവരുടെ സംസാരത്തില്‍ ചൈനയെന്ന വാക്കുമാത്രമാണ് ആകെ മനസ്സിലായത്. എന്താണു നിങ്ങള്‍ പറയുന്നതെന്നു ചോദിച്ചു. ''നമ്മള് ഇപ്പോള്‍ ചൈനാ എക്സ്പ്രസ് വേയിലേക്കാണു പോകുന്നത്'' എന്നു മറുപടി കിട്ടി. ''ചൈനാ എക്സ്പ്രസ് വേയോ?'' ചിരിയോടെയായിരുന്നു മറുപടി, ''ഞങ്ങളുടേതെല്ലാം ചൈനയുടേതാണ്.'' ചൈന ശ്രീലങ്കയില്‍ പണിതതും പണിതുകൊണ്ടിരിക്കുന്നതുമായ കുറെ പദ്ധതികളുടെ പേരും പറഞ്ഞു. അപ്പോഴേക്കും ഇപ്പറയുന്ന ചൈനാ എക്സ്പ്രസ് വേയിലെത്തി.
ചൈനീസ് എക്സിം ബാങ്കിന്റെ സഹായത്തോടെ ശ്രീലങ്ക പണിത കടുനായകെ അതിവേഗ പാതയാണിത്. ബണ്ടാരനായകെ അന്താരാഷ്ട്രവിമാനത്താവളത്തെ തലസ്ഥാനമായ കൊളംബോയുമായി ബന്ധിപ്പിക്കുന്ന ഈ നാലുവരിപ്പാത 25.8 കിലോമീറ്ററുണ്ട്. 2009-ല്‍ തുടങ്ങി 2013-ല്‍ തുറന്നുകൊടുത്ത ഈ പദ്ധതിയുടെ ചെലവ് 29.2 കോടി ഡോളര്‍. എക്സിം ബാങ്ക് വായ്പ നല്‍കിയത് 24.8 കോടി ഡോളര്‍. ശ്രീലങ്ക ചെലവിട്ടത് നാലരക്കോടി ഡോളറും.
''നമ്മളിപ്പോള്‍ പോകുന്നത് ജപ്പാന് പാലത്തിലൂടെയാണ്'' -അവര്‍ പറഞ്ഞു. പുതിയ കെലാനിപ്പാലമാണ് ഈ ജപ്പാന് പാലം. കേരളീയര്‍ക്കു പരിചിതമായ ജപ്പാന് കുടിവെള്ളപദ്ധതിയുടെ പങ്കാളികളായ ജൈക്കയാണ് (ജപ്പാന് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന് എജന്‍സി) ഈ പാലം പണിതത്. ജപ്പാന്-ശ്രീലങ്ക സൗഹൃദപ്പാലമെന്നൊക്കെയാണ് നിര്‍മിതിയെ വിളിക്കുന്നതെങ്കിലും അവരുടെ വായ്പയില്‍ പണിതതാണ്.
രണ്ടുഘട്ടമായി പണിയുന്ന പാലത്തിന്റെ ആദ്യഘട്ടം കഴിഞ്ഞകൊല്ലം തീര്‍ന്നു. കടുനായകെ അന്താരാഷ്ട്രവിമാനത്താവളത്തില്നിന്നുള്ള ഗതാഗതത്തിരക്ക് താങ്ങാന്‍ പഴയപാലത്തിനുശേഷിയില്ലാത്തതിനാലാണ് കൂറ്റന്‍ ഉരുക്കുവടങ്ങളില് ഉയര്ന്നുനില്ക്കുന്ന ഈ പാലം എന്നാണ് ഹൈവേമന്ത്രി ജോണ്‍സ്റ്റണ്‍ ഫെര്‍ണാണ്ടോ കഴിഞ്ഞകൊല്ലം പറഞ്ഞത്. കോവിഡിനിടയിലും പണിതുടര്‍ന്ന് കഴിഞ്ഞകൊല്ലം അവസാനത്തോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. വൈദ്യുതിപ്രതിസന്ധി രൂക്ഷമാകുംവരെ പാലത്തിന്റെ വടങ്ങള്‍ ദീപപ്രഭ ചൊരിഞ്ഞിരുന്നു. ഇപ്പോള്‍ വെളിച്ചംകെട്ടു.
വരുംവഴിയെല്ലാം മാത്രമല്ല കൊളംബോയില്‍ താമസിച്ച ഹോട്ടലിന്റെ വലത്തും ഇടത്തുമുണ്ട് രണ്ടുവലിയ ചൈനാപദ്ധതികള്.
2019-ല്‍ പണികഴിഞ്ഞെങ്കിലും ഇനിയും കമ്മിഷന് ചെയ്തിട്ടില്ലാത്ത ലോട്ടസ് ടവര്‍. 350 മീറ്റര്‍ ഉയരമുള്ള ഈ ഗോപുരം പണിതത് ചൈനയുടെ എക്സിം ബാങ്കില്‍നിന്ന് 10.43 കോടി ഡോളര്‍ വായ്പയെടുത്താണ്. വാര്‍ത്താവിനിമയം, നിരീക്ഷണം, വിനോദം തുടങ്ങിയ സൗകര്യങ്ങളോടെ വിഭാവനം ചെയ്തതാണ്. രണ്ടാമത്തേത് ഇപ്പോള്‍ ഏറ്റവുമധികം വിമര്‍ശനം നേരിടുന്ന കൊളംബോ പോര്‍ട്ട് സിറ്റി. മട്ടല അന്താരാഷ്ട്രവിമാനത്താവളം, ഹംബന്തോട്ട സ്റ്റേഡിയം, അവിടത്തെ അന്താരാഷ്ട്ര കണ്വെന്ഷന് സെന്റര്‍ തുടങ്ങിയ ചൈനീസ് പദ്ധതികള്‍പോലെ മറ്റൊരു വെള്ളാനയാകുമെന്ന് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്ന പദ്ധതിയാണ് കൊളംബോ പോർട്ട സിറ്റി. ഇതിന്റെ പണി ഈ പ്രതിസന്ധികാലത്തും നടക്കുന്നുണ്ട്.
വായ്പയെടുത്തുള്ള വികസനം
2021-ലെ കണക്കുകള്‍പ്രകാരം, ശ്രീലങ്കയുടെ വിദേശകടം 3500 കോടി ഡോളറാണ് (2.6 ലക്ഷം കോടി രൂപ). ചൈനയില്‍നിന്നെടുത്ത വായ്പകളാണ് ഇതിന്റെ പത്തുശതമാനത്തിലേറെ. ശ്രീലങ്കയ്ക്ക് കടംനല്കുന്നവരില് നാലാം സ്ഥാനമാണ് ചൈനയ്ക്ക്. അന്താരാഷ്ട്ര ധനവിപണിയില്നിന്നുള്ള വായ്പകളാണ് ഒന്നാമത്. പിന്നെ, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിലും (എ.ഡി.ബി.) ജപ്പാനിലുംനിന്നുള്ള വായ്പകള്‍. അതുകഴിഞ്ഞേ വരൂ ചൈനയുടേത്. പക്ഷേ, ചൈനീസ് വായ്പയില്‍ നിര്‍മിച്ച വന്‍പദ്ധതികള്‍ ആദായമില്ലാത്തവയായിപ്പോയി. ചിലത് ചൈനയ്ക്കുതന്നെ പാട്ടത്തിനു കൈമാറേണ്ടിവന്നു.
അതാണ് മറ്റു വായ്പകളില്‍നിന്ന് ചൈനീസ് വായ്പയെ വ്യത്യസ്തമാക്കുന്നതും. രാജ്യചരിത്രത്തിലെ ഈ അസാധാരണപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വായ്പത്തിരിച്ചടവ് പുനഃക്രമീകരിച്ചുകൊടുക്കണമെന്ന ശ്രീലങ്കയുടെ ആവശ്യത്തോടു ചൈന പ്രതികരിച്ചിട്ടുമില്ല.
1971 മുതലേ ശ്രീലങ്കയുടെ പല ശ്രദ്ധേയ അടിസ്ഥാനസൗകര്യങ്ങളും ഉയര്‍ന്നത് ചൈനയുടെ സഹായത്താലാണ്. കൊളംബോയിലെ നെലുംപൊകുന പെര്‍ഫോമിങ് ആര്‍ട്ട് തിയേറ്റര്‍ (ഇപ്പോഴിതിന്റെ പേര് നെലുംപൊകുന മഹിന്ദ രാജപക്സെ തിയേറ്റര്‍ എന്നാണ്. ഇങ്ങനെ പലപദ്ധതികളുടെയും പേരില്‍ രാജപക്സെയെന്ന പേരു ചേര്‍ന്നിട്ടുണ്ട്), ബണ്ടാരനായകെ സ്മാരക അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഹാള്‍, തുറമുഖങ്ങള്‍, വിമാനത്താവളം, ജലസേചനം, വൈദ്യുതി, റോഡ് ഗതാഗതം തുടങ്ങി എല്ലാമേഖലകളിലും ചൈനയുടെ വായ്പകളുണ്ട്. 1971 മുതല്‍ 2004 വരെ 50 കോടി ഡോളറില്‍ താഴെയായിരുന്നു ചൈനയില്‍നിന്നുള്ള വായ്പാസഹായം. 2005-ല്‍ മഹിന്ദ രാജപക്സെ പ്രസിഡന്റായതോടെ ചൈനീസ് വായ്പ സ്വീകരിക്കുന്നത് കൂടി. അങ്ങനെയുണ്ടാക്കിയ പദ്ധതികളില്‍ മിക്കതും ശ്രീലങ്കയ്ക്കു ബാധ്യതയുമായി.
%20Mahinda%20Rajapakse%20Theatre.jpg?$p=1331a8d&&q=0.8)
പ്രസിഡന്റിന്റെ മണ്ഡലമായ ഹംബന്തോട്ടയിലുണ്ടാക്കിയ തുറമുഖവും അന്താരാഷ്ട്രവിമാനത്താവളവും ഉദാഹരണം. രണ്ടും നഷ്ടത്തില്‍നിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തി. തുറമുഖത്തിന്റെ വരുമാനനഷ്ടം പ്രതിദിനം ലക്ഷങ്ങളുടേതായപ്പോള് അതും ചുറ്റുവട്ടത്തുമുള്ള 15,000 ഏക്കര്‍ ഭൂമിയും 99 വര്‍ഷത്തേക്കു ചൈനയ്ക്കു പാട്ടത്തിനു നല്കി. മട്ടലയിലെ രാജപക്സെ അന്താരാഷ്ട്രവിമാനത്താവളത്തിന് 'ലോകത്തെ ആളൊഴിഞ്ഞ അന്താരാഷ്ട്രവിമാനത്താവള'മെന്ന ദുഷ്പേരും വീണു. മട്ടല വനപ്രദേശത്തുള്ള ഈ വിമാനത്താവളത്തിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും കഴിഞ്ഞില്ല. അതിനാല്‍ അന്താരാഷ്ട്രവിമാനത്താവളം വളരെ കഷ്ടപ്പെട്ട് ഒരു നാട്ടുവിമാനത്താവളമായി പ്രവര്‍ത്തിക്കുന്നു.
ആർക്കുവേണ്ടിയാണിത് ?
കൊളംബോയിൽ ശ്രീലങ്കയുടെ പഴയ പാർലമെന്റ് മന്ദിരത്തിനു (ഇപ്പോഴിത് പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റാണ്) മുമ്പിൽ അലകളില്ലാത്ത ഇന്ത്യൻ മഹാസമുദ്രതീരത്താണ് പോർട്ട് സിറ്റി ഓഫ് കൊളംബോ (പി.സി.സി.) ഉയരുന്നത്. ഉച്ചയ്ക്കത്തെ കൊടുംചൂടിലും മണ്ണുമാന്തികൾ ഇവിടെ പണിയെടുക്കുന്നു. അവിടെ ഉരുക്കുവേലിക്കുള്ളിൽ പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റിന് അഭിമുഖമായി പോർട്ട് സിറ്റിയെന്നെഴുതിയ ചെറിയൊരു കവാടത്തിൽ കാവൽക്കാരനുമുണ്ട്. സാമ്പത്തികപ്രതിസന്ധിയൊന്നും ഈ പണിയെ ബാധിച്ചിട്ടില്ല.
ദുബായിയെയും സിങ്കപ്പൂരിനെയും പോലെ കൊളംബോയെയും സാമ്പത്തികകേന്ദ്രമാക്കി മാറ്റാനുള്ള രാജപക്സെ സർക്കാരിന്റെ സ്വപ്നപദ്ധതിയാണിത്. വിനോദസഞ്ചാരത്തെയും തേയില, സുഗന്ധവ്യഞ്ജന കയറ്റുമതിയെയും ആശ്രയിച്ചുനിൽക്കുന്ന സമ്പദ്വ്യവസ്ഥയെ മാറ്റിമറിക്കാൻ ഈ പദ്ധതിക്കാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. പക്ഷേ, കണക്കുകൾ കണ്ടാൽ ഇതും ശ്രീലങ്കയ്ക്കു ബാധ്യതയാകാൻ പോകുകയാണോ എന്നുതോന്നും.
പദ്ധതിയുടെ ചെലവ് 1400 കോടി ഡോളർ (ലക്ഷം കോടി രൂപ). ചൈനയാണ് ഇവിടെയും പണമിറക്കുന്നത്. പക്ഷേ, ഇതുവരെ 140 കോടി ഡോളറേ (1000 കോടി രൂപ) നൽകിയിട്ടുള്ളൂ. ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് 269 ഹെക്ടർഭൂമി പദ്ധതിക്കായി നികത്തിയെടുക്കാനുള്ള സഹായമാണ് ഈ തുക. പണത്തിനു പകരമായി 269 ഹെക്ടറിൽ 116 ഹെക്ടർ 99 വർഷത്തേക്ക് ചൈനയ്ക്ക് പാട്ടത്തിനു നൽകണം.
ശ്രീലങ്കൻ സർക്കാരും ചെക് പോർട്ട് സിറ്റി കൊളംബോ പ്രൈവറ്റ് ലിമിറ്റഡും ചേർന്നുള്ള പൊതു-സ്വകാര്യ പങ്കാളിത്തപദ്ധതിയായിട്ടാണ് ഇതു വിഭാവനം ചെയ്തിരിക്കുന്നത്. ചൈനയുടെ ആഗോള അടിസ്ഥാനസൗകര്യ വികസന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനു നേതൃത്വംനൽകുന്ന ചൈനാ കമ്യൂണിക്കേഷൻസ് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉപകമ്പനിയാണ് ചെക്. 25 വർഷമെടുത്തു പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി ശ്രീലങ്കൻ സമ്പദ്വ്യവസ്ഥയ്ക്കു മാത്രമല്ല, പരിസ്ഥിതിക്കും ആഘാതമാകുമെന്നാണ് ആരോപണം.

ഇതിനടുത്തുനിന്ന് ലോട്ടസ് ടവറിന്റെ ഫോട്ടോയെടുക്കുമ്പോൾ ഒരാൾവന്നു. ‘‘ഇവിടെനിന്ന് ഫോട്ടോയെടുക്കരുത് മാഡം. അത് ഞങ്ങളുടെ പ്രസിഡന്റിന്റെ ഓഫീസാണ്. അവിടെ പ്രസിഡന്റുള്ളപ്പോൾ ഫോട്ടോയെടുക്കരുത്. വരൂ, ഞാൻ മറ്റൊരിടം കാണിച്ചുതരാം’’ എന്നുപറഞ്ഞ് ഒപ്പംവന്നു.
കൊളംബോ തുറമുഖത്തെ ജോലികഴിഞ്ഞു മടങ്ങുന്ന കാൻഡി സ്വദേശിയായ പ്രശാന്താണ്. ശ്രീലങ്ക എങ്ങനെയുണ്ടെന്ന് അദ്ദേഹത്തിന്റെ ചോദ്യം. ഗതാഗതത്തിനു വളരെ പ്രയാസം, കൊടുംചൂടും എന്നുപറഞ്ഞു. അപ്പോൾ അദ്ദേഹം പരിഭവത്തിന്റെ കെട്ടഴിച്ചു. കഴിഞ്ഞദിവസങ്ങളിൽ കേട്ടതുതന്നെ. ‘‘ഒരു പാക്കറ്റ് ബ്രെഡിന് എത്രയാണെന്നറിയാമോ, 120 രൂപ. ഈ മനുഷ്യൻ (പ്രസിഡന്റ്) വരുംമുമ്പ് 60 രൂപയേ ഉണ്ടായിരുന്നുള്ളൂ. ഈ പോർട്ട് സിറ്റി കണ്ടോ, ആർക്കുവേണ്ടിയാണിത്. ഞങ്ങൾക്കിതു വേണ്ട.’’ അദ്ദേഹം പറഞ്ഞു. അടുത്ത് രത്നപ്രദർശനം നടക്കുന്നുണ്ടെന്നും കാണാൻ വരുന്നുണ്ടോ എന്നും ചോദിച്ചു, ഇല്ല എന്നുപറഞ്ഞതോടെ ബൈ പറഞ്ഞ് പ്രശാന്ത് പോയി.
Content Highlights: sri lanka economic crisis and the problems behind the debt
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..