പൊന്‍കുന്നം വര്‍ക്കിയുടെ ഒരു കഥയുണ്ട്. അന്തോനീ, നീയും അച്ചനായോടാ. ഇടവകയിലെ വിശേഷങ്ങളാണ് വര്‍ക്കി പറയുന്നത്. അന്നക്കുട്ടിക്ക് ഇടക്കിടെ അസുഖം വരും. അച്ചന്‍ ചെന്നാല്‍ രോഗം മാറും. ഒരു ദിവസം തിരക്കു കാരണം അച്ചന് വയ്യ. അച്ചന്‍ കപ്യാരെ വിടുന്നു. ആരും അറിയുന്നില്ല. 'അച്ചന്' ചുടുപാലു കൊടുക്കാന്‍ മുറിക്ക് പുറത്ത് അന്നക്കുട്ടിയുടെ അമ്മ കാത്തുനില്‍പാണ്. അവസാനം അഴിഞ്ഞുലഞ്ഞ മുടിയുമായി നില്‍ക്കുന്ന അന്നക്കുട്ടിയുടെ മുറിയില്‍നിന്ന് ഇറങ്ങി വരുന്ന 'അച്ചനെ' കണ്ടപ്പോള്‍ ആ അമ്മ വിസ്മയത്തോടെ ചോദിക്കുന്നു. 'അന്തോനീ, നീയും അച്ചനായോടാ?' പൗരോഹിത്യത്തെ എതിര്‍ത്താലുള്ള പ്രതിസന്ധികളെ കഥ വിവരിക്കുന്നുണ്ട്. ''കടലില്‍ വച്ചാണ് എതിര്‍ക്കുന്നതെങ്കില്‍ കടലും കരയും ആകാശവും എതിരാവും.'' 
 
സഭയെ അല്‍മായര്‍ വേട്ടയാടുന്ന കാലമാണ്. പൊന്‍കുന്നം വര്‍ക്കിയുടെ കഥ ശരിക്കും യോജിക്കുന്നത് രാഷ്ട്രീയ പൗരോഹിത്യങ്ങള്‍ക്കാണ്. ആരും അറിയാതെ രണ്ടു സ്ഥാനാരോഹണങ്ങള്‍ നടന്നു കോണ്‍ഗ്രസ്സിലും സിപിഎമ്മിലും. ശ്രീനിവാസന്‍ കൃഷ്ണന്‍ എന്ന മലയാളി എ.ഐ.സി.സി. സെക്രട്ടറിയായി. പി.വി. ശ്രീനിജന്‍ എന്ന പഴയ യൂത്ത്  കോണ്‍ഗ്രസ് നേതാവ്  സി.പി.എമ്മില്‍ അംഗത്വമെടുത്തു.
 
Sreenivasan
ശ്രീനിവാസന്‍ 
ശ്രീനിവാസന്‍ കൃഷ്ണന്റെ കാര്യമെടുക്കാം. തൃശൂര്‍ക്കാരനായ ശ്രീനിവാസന്‍ എന്ന ശ്രീ അയ്യര്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് 23 കൊല്ലം മുമ്പാണ്. ലീഡര്‍ കെ. കരുണാകരന്‍ കേന്ദ്ര വ്യവസായ മന്ത്രി ആയപ്പോള്‍. ലീഡര്‍ക്ക് പിന്നെ തൊട്ടതെല്ലാം പിഴച്ചു. എന്നാല്‍ പി.എ. അയ്യര്‍വാളിന് വച്ചടി വച്ചടി കയറ്റം. സോണിയ ഗാന്ധിയുടെ സെക്രട്ടേറിയറ്റിലേക്ക് ആദ്യം മാറ്റം. പതിയെ റോബര്‍ട്ട് വാദ്രയുടെ ബിസിനസ് പാര്‍ട്ണര്‍. ഏവിയേഷന്‍ കമ്പനി ബ്ലൂ ബ്രീസ് ട്രേഡിംഗിന്റെ ഡയറക്ടര്‍. ശശി തരൂരിന്റെ പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ഭാരവാഹി. പിന്നെ ശ്രീജോഹ് റിയല്‍ടേഴ്‌സ്, അശ്വന്‍ എന്റര്‍പ്രൈസസ് തുടങ്ങി നിരവധി കമ്പനികളുടെ പങ്കാളി. (എല്ലാ വിവരങ്ങളും നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയത്). വിഎം സുധീരന്‍ എതിര്‍ത്തിട്ടെന്തു കാര്യം. അയ്യര്‍വാളിന് കയ്യൂക്കുണ്ട് . പിടി അങ്ങ്  ദല്‍ഹിയില്‍ തന്നെ.
 
പ്രിയങ്ക ഗാന്ധി വാദ്രയെ മാറ്റി ബ്ലൂ ബ്രീസിന്റെ ഡയറക്ടറായ ശ്രീനിവാസന്‍ കൃഷ്ണനെ രാഹുല്‍ ഗാന്ധി എ.ഐ.സി.സി. സെക്രട്ടറി ആക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അതാണ് പിടിപാട്. വിന്‍സന്റ് ജോര്‍ജിനെ ചൊല്ലി അഭിമാനിച്ച മലയാളികള്‍ക്ക് തീര്‍ച്ചയായും അതിലേറെ അഭിമാനിക്കാം പുതിയ നിയമനത്തില്‍. ഒന്നുമില്ലെങ്കിലും പഴയ ലീഡറെ കൂടി കണ്ടിട്ടുണ്ടല്ലോ പുതിയ സെക്രട്ടറി.
 
ഇനി ശ്രീനിജന്റെ കാര്യം. മുഴുവന്‍ പ്രതിസന്ധികളേയും മറികടന്നാണ് എന്നും ശ്രീനിജന്‍ മുന്നേറിയിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായി. 2006-ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഞാറയ്ക്കലില്‍ മത്സരിച്ചു. 2500-ല്‍ പരം വോട്ടിന് തോറ്റു. പിന്നെ ഭാര്യാപിതാവായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പങ്കാളിയായി. കൃഷ്ണ- ഗോദാവരീ തടത്തിലെ എണ്ണപ്പാടങ്ങളുമായി ബന്ധപ്പെട്ട് അംബാനിക്ക് ലാഭം കിട്ടിയ നടപടിയില്‍ അഴിമതി ആരോപണത്തിന് വിധേയനായി. അംബാനിയുടെ ഏജന്റെന്ന് സി.പി.എമ്മുകാര്‍ അന്ന് വിമര്‍ശിച്ചു. പിന്നാലെ ബെല്ലാരിയിലെ റെഡ്ഡി ബ്രദേഴ്‌സിന്റെ കോള്‍പ്പാടത്ത് ഏജന്റായെന്ന്  വിര്‍ശനം വന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട്ടില്‍ ഇടതു പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇപ്പോള്‍ എറണാകുളം ഏരിയ കമ്മറ്റിക്ക് കീഴിലുള്ള കറുകപ്പള്ളി ബ്രാഞ്ചില്‍ പാര്‍ട്ടി അംഗമായി.
 
srinijan
ശ്രീനിജന്‍
പി.വി. അന്‍വറിനേയും ജോയ്‌സ് ജോര്‍ജിനേയും എം.എല്‍.എയും എം.പിയുമാക്കിയ പാര്‍ട്ടി ശ്രീനിജന് അംഗത്വം കൊടുത്തതില്‍ തെറ്റൊന്നുമില്ല. പീലിപ്പോസ് തോമസ് തൊട്ട് ശോഭന ജോര്‍ജ് വരെയുള്ളവര്‍ പിന്നേയുമുണ്ട്. എന്നാലും എം.എ. ബേബി പറയുന്ന ക്രോണി കാപ്പിറ്റലിസത്തിന്റെ- ചങ്ങാത്ത മുതലാളിത്തത്തിന്റെ- കടന്നേറ്റമായി എതിരാളികള്‍ പറഞ്ഞാല്‍ പഴയ സഖാക്കള്‍- ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍-  ഒരു പക്ഷേ ആശയക്കുഴപ്പത്തിലായേക്കും.
 
എന്നാലും പേടിക്കേണ്ട. എതിരാളികളില്‍ ആകെ ഒരു സുധീരന്‍ മാത്രമേ പറയൂ. ടോം വടക്കനെ മുമ്പേ പിടിച്ച് എ.ഐ.സി.സി. വക്താവാക്കിയ പാര്‍ടിയാണ് കോണ്‍ഗ്രസ്. ബെന്നിയെ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയവര്‍. എണ്ണിപ്പറഞ്ഞാല്‍ തീരില്ല എണ്ണിപ്പെറുക്കല്‍. സുധീരനെ കൂടി ഔട്ട് സോഴ്‌സ് ചെയ്താല്‍ തീരാവുന്നതേയുള്ളൂ പ്രതിസന്ധി.
 
കാത്തിരിപ്പുണ്ട് ബി.ജെ.പി. എന്ന് ആരും പേടിക്കേണ്ട കേരളത്തില്‍. കണ്ണന്താനവും സുരേഷ്‌ഗോപിയുമൊക്കെ താക്കോല്‍ സ്ഥാനത്തെത്തിയ പാര്‍ട്ടിയാണ്. മോദിയുടെ തോറ്റങ്ങളേ നടക്കൂ. ഒരു മാസമായിട്ട് പ്രസിഡണ്ടിനെ കണ്ടെത്താന്‍ പോലുമായിട്ടില്ല കാവിക്കൊടിക്ക്. അവര്‍ മുക്രയിട്ട് വരാന്‍ പോകുന്നില്ല. മാത്രമല്ല, അംബാനിയും അദാനിയുമൊക്കെയാണ് അവര്‍ക്കും പ്രിയം.
 
ചുരുക്കിപ്പറഞ്ഞാല്‍ ഇനി രാഷ്ട്രീയം ഇത്രയൊക്കെയേ ബാക്കിയുള്ളൂ. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ചരിത്രം തിരുത്താം. പുതിയത് എഴുതാം. രാഷ്ട്രീയത്തെ കോടി പുതപ്പിക്കുകയാണ് കോടിപതികള്‍. ശ്രീകള്‍ ശ്രീത്വം വിളമ്പുകയാണ്. അന്തോനിയും അച്ചനാവുകയാണ്.