Special school salary scaleകേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ 300 ഓളം അംഗീകൃത സ്‌പെഷല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലായി 5000 ത്തിലേറെ ജീവനക്കാരുമുണ്ട്. നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ ദീനദയാല്‍ റീഹാബിലിറ്റേഷന്‍ സ്‌കീം വഴിയുള്ള ധനസഹായം ലഭിച്ചുകൊണ്ടിരുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ 2004 മുതലാണ് സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലാക്കിയത്.

സ്‌പെഷല്‍ എഡ്യൂക്കേഷനില്‍ ഡിപ്ലോമയുള്ള അധ്യാപകര്‍ക്ക് 2400-12,000 രൂപയും അധ്യാപകേതര ജീവനക്കാര്‍ക്ക് 1500 മുതല്‍ 5000 രൂപ വരെയുമായിരുന്നു നേരത്തെ വേതനമായി നല്‍കിയിരുന്നത്. 2008-ലാണ് ആദ്യമായി ഇത്തരം സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ഖജനാവില്‍ നിന്ന് 10 കോടി രൂപ നീക്കിവച്ചത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ഈ തുക മുമ്പ് നല്‍കിയിരുന്നില്ല. 2008-ല്‍ അനുവദിച്ച സഹായം ഒറ്റത്തവണത്തേക്ക്, അതും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായിരുന്നു. തൊട്ടടുത്ത വര്‍ഷം മുതല്‍ ഇക്കഴിഞ്ഞ വര്‍ഷം വരെ ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിനും വാഹനച്ചെലവിനും മറ്റുമായി ഡിപിഐ ഓഫീസില്‍ നിന്നും ലഭിക്കുന്ന ഈ തുക നിശ്ചിത നിര്‍ദേശപ്രകാരമാണ് ചെലവഴിച്ചിരുന്നത്.

special schoolsധനസഹായം നല്‍കുവാന്‍ ഒരു മാര്‍ഗരേഖയും ഇതിനോടൊപ്പം നല്‍കിയിരുന്നു. ഇതില്‍ പ്രധാനം ഡി.ഡി.ആര്‍.എസ് പദ്ധതി  പ്രകാരം നല്‍കി വന്നിരുന്ന ഓണറേറിയത്തിലെ വര്‍ധനവാണ്. ഇതുപ്രകാരം പ്രാഥമിക യോഗ്യതയുള്ള സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് 11,000 മുതല്‍ 21,000 രൂപവരെയും അധ്യാപകേതര ജീവനക്കാര്‍ക്ക് 7000 മുതല്‍ 9000 വരെയും നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഇത് ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല എന്ന് സ്‌പെഷല്‍ സ്‌കൂള്‍ എംപ്ലോയീസ് യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ദേശിക്കപ്പെട്ടതിന് വിരുദ്ധമായി പലരും 2500 രൂപ മുതല്‍ 8000 രൂപവരെയാണ് നല്‍കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഒരു കുട്ടിക്ക് 2000 രൂപ വച്ച് അധികവേതനം നല്‍കുന്നതിന് മാത്രമായി ധനസഹായം ലഭിച്ചിരുന്നു. എന്നാല്‍ പല സ്ഥാപനങ്ങളും ഇത് പാലിച്ചിട്ടില്ലെന്നും സംഘടന കുറ്റപ്പെടുത്തുന്നു.

ബിരുദാനന്തര ബിരുദം വരെ നേടിയിട്ടുള്ള സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് യോഗ്യതയ്ക്കനുസരിച്ചുള്ള ശമ്പളമല്ല ലഭിക്കുന്നത്. ഇവര്‍ക്കാകട്ടെ കൂടുതല്‍ ഉത്തരവാദിത്തങ്ങളുമുണ്ട്. സുരക്ഷിതത്വത്തിന്റെ കാര്യമാകട്ടെ വളരെ മോശവും. എയ്ഡഡ് പദവി ലഭിക്കുമെന്ന് കേട്ടപ്പോളേ ജീവനക്കാരെ പിരിച്ചുവിടാനും പണം ചോദിക്കാനും തുടങ്ങിയ മാനേജ്‌മെന്റുകളുണ്ടെന്ന് സംഘടനാഭാരവാഹികള്‍ മാതൃഭൂമി ഡോട്ട് കോമിനോട് വെളിപ്പെടുത്തി.

നിലവിലെ സ്ഥിതി തുടരണമെന്ന് 2014-ല്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി. ജീവനക്കാര്‍ക്ക് മാന്യമായ വേതനം നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ല. ക്ഷേമനിധിയോ പെന്‍ഷനോ ഇല്ലാത്ത ഒരേയൊരു മേഖലയാണിത് എന്നുള്ളതും ഇവരുടെ ആശങ്കയേറ്റുന്നു.