ചൂഷണമാണ് ഭിന്നശേഷിയുള്ളവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അതിനെക്കുറിച്ചാണ് പരമ്പരയുടെ രണ്ടാം ഭാഗം ചര്‍ച്ച ചെയ്യുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാത്രമല്ല ഇവരുടെ രക്ഷിതാക്കളും സങ്കീര്‍ണമായ പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. വേറൊരു വിഭാഗവുമായി താരതമ്യം പോലും ചെയ്യാന്‍ പറ്റാത്തത്ര പ്രശ്‌നങ്ങളാണ് ഇവര്‍ നേരിടുന്നത്.

special schoolഇത്തരത്തില്‍ ഒരു കുട്ടികള്‍ ജനിച്ചാല്‍ രക്ഷിതാക്കള്‍ ഉറങ്ങുന്നില്ല എന്നതാണ് സത്യം. സമൂഹത്തില്‍ നിന്നൊരു സഹായവും ഇവര്‍ക്ക് ലഭിക്കുന്നില്ല. വിദ്യാഭ്യാസ കാര്യത്തില്‍ നടപടികളെടുക്കാതെ അധികൃതരും അലംഭാവം കാട്ടുന്നു. തൊഴിലിന്റെ കാര്യവും തഥൈവ. തങ്ങളുടെ കാലശേഷം ആര് കുട്ടികളെ സംരക്ഷിക്കും എന്ന ചിന്തയാണ് രക്ഷിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്‌നം. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക്. ജീവിച്ചിരിക്കുന്നവര്‍ക്ക് തന്നെ ഒരു പ്രശ്‌നപരിഹാരം മുന്നില്‍ തെളിയുന്നില്ല.

നാല് പെണ്‍കുട്ടികളുള്ള രക്ഷിതാവ് മാനസിക സമ്മര്‍ദം താങ്ങാനാവാതെ ഹൃദയം പൊട്ടി മരിച്ച സംഭവം ഡോ.ജയരാജ് ഓര്‍ത്തെടുക്കുന്നു. ഇടുക്കിയിലായിരുന്നു സംഭവം. 15നും 20-നും ഇടയില്‍ പ്രായമുള്ളവരായിരുന്നു പെണ്‍കുട്ടികള്‍. ചികില്‍സയുടെ പേരില്‍ ഒരുപാട് ചൂഷണത്തിന് വിധേയരായിട്ടുണ്ട് ഇവര്‍. ചികില്‍സിച്ച് സകല സ്വത്തും വിറ്റു. അവസാനം വാടകവീട്ടില്‍ അഭയം തേടി. തൊഴിലുറപ്പ് പദ്ധതിക്ക് പോയിട്ടാണ് അമ്മ കുട്ടികളെ വളര്‍ത്തുന്നത്. സമൂഹത്തിന്റെ ബാധ്യതയല്ലേ ഇവരെ പരിചരിക്കുന്നത് എന്ന് ഡോക്ടര്‍ ജയരാജ് ചോദിക്കുന്നു.

ഒരേ വീട്ടില്‍ത്തന്നെ ആറ് പേര്‍ വരെ ഭിന്നശേഷിക്കാരായ സംഭവവും ഡോക്ടര്‍ ഓര്‍മിക്കുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ സിറ്റിങ്ങിനിടെയായിരുന്നു ഈ കുടുംബത്തെ ശ്രദ്ധിക്കുന്നത്. നിരവധി കുടുംബ ആത്മഹത്യകളും അന്ന് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെല്ലാം പരിഹാരമാവശ്യപ്പെട്ടാണ് അക്കാലത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ രക്ഷിതാക്കളുടെ കാലശേഷം ഭിന്നശേഷിക്കാരായ കുട്ടികള്‍ എന്ത് ചെയ്യും എന്ന ചോദ്യം സമൂഹത്തിന്റെ തലയ്ക്ക് മീതെ ഉയര്‍ന്ന് നില്‍ക്കുകയാണ്. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ ആദ്യം പരിഹരിക്കേണ്ടതും ഈ ചോദ്യത്തിനുള്ള ഉത്തരമാണ്.

(തുടരും)