സ്‌പെഷല്‍ സ്‌കൂളുകള്‍ നേരിട്ട പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നം കൃത്യമായ സിലബസില്ല എന്നതായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനും പരാതികള്‍ക്കും ശേഷം ഇക്കഴിഞ്ഞമാസമാണ് കൃത്യമായ ഒരു സിലബസ് സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് ലഭിച്ചത്. സ്ഥിരമായി അവഗണിക്കപ്പെടുന്ന മേഖലയായതിനാല്‍ വേനലില്‍ ലഭിച്ച മഴ പോലെയായിരുന്നു ഇത്. പക്ഷേ സ്‌പെഷല്‍ സ്‌കൂളുകളുടെ പോരായ്മകളും ആവലാതികളുമെല്ലാം അവിടം കൊണ്ടൊന്നും തീരുന്നില്ല.

special school iconസ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്നതായിരുന്നു ഡോ. എം.കെ.ജയരാജ് കമ്മീഷന്റെ സുപ്രധാനമായ മറ്റൊരു നിര്‍ദേശം. അര്‍ഹതപ്പെട്ട സ്‌കൂളുകള്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന്റെ മികവ് പരിഗണിച്ച് അംഗീകാരം നല്‍കണമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇത്തരക്കാര്‍ മാത്രം നീതി നിഷേധിക്കപ്പെട്ട് കഴിയരുതല്ലോ എന്ന സാമാന്യബോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. നിയമസഭയില്‍ ഒരു ചോദ്യമായി ഇത് ഉയര്‍ന്നിരുന്നു. 70 ഓളം എം.എല്‍.എമാര്‍ ഒപ്പിട്ടുകൊണ്ട് ഒരു നിവേദനം സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയതിരുന്നു. നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉത്തരവു വരെ ഇറങ്ങിയിരുന്നു.

എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പദ്ധതി നടപ്പിലാക്കാനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ വരെ കമ്മീഷന്‍ തയ്യാറാക്കി നല്‍കിയിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ മാറി എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോളും ഈ വിഷയം പരിഗണനയ്‌ക്കെടുത്തിരുന്നു. എയ്ഡഡ് പദവി സംബന്ധിച്ച കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ഈ സര്‍ക്കാര്‍ ഒരു ഉപസമിതിയെ നിയോഗിച്ചിരുന്നു. ആ ഉപസമിതി പരിശോധിച്ചിട്ടും ഇതിന് അംഗീകാരം നല്‍കിയതാണ്. എയ്ഡഡ് പദവി നല്‍കുന്നതിന് തടസം നില്‍ക്കേണ്ട എന്നായിരുന്നു അന്ന് ഉപസമിതി കണ്ടെത്തിയത്. എന്നിട്ടും പദ്ധതി വഴിമുട്ടി നില്‍ക്കുകയാണ്.

100 കുട്ടികളുള്ള സ്‌കൂളുകള്‍ക്ക് പദവി നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. അത്തരത്തിലുള്ള 32-ഓളം സ്‌കൂളുകളാണ് കേരളത്തിലുണ്ടായിരുന്നത്. പിന്നീട് സര്‍ക്കാര്‍ തന്നെ 100 ന് പകരം 50 കുട്ടികളാക്കി. ബഡ്‌സ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കണമെന്നും ശുപാര്‍ശയുണ്ടായിരുന്നു. ഓരോ പഞ്ചായത്തിലും ഒരു ബഡ്‌സ് സ്‌കൂള്‍ എന്നതായിരുന്നു അന്ന് നിശ്ചയിച്ചിരുന്നത്. 25 കുട്ടികളുണ്ടെങ്കില്‍ ബഡ്‌സ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ ഉത്തരവും വന്നിരുന്നു.  പക്ഷേ ഇതിന്റെ തുടര്‍ നടപടികളും പാതിവഴിയിലാണ്.

സ്‌കൂള്‍ കലോല്‍സവത്തിനും കായിക മേളകള്‍ക്കും ലക്ഷങ്ങള്‍ സര്‍ക്കാര്‍ ചിലവഴിക്കുമ്പോള്‍ ഒരു രൂപ പോലും ഈ കുട്ടികളുടെ ക്ഷേമത്തിനായി ചിലവഴിക്കുന്നില്ല. ഒളിമ്പിക്‌സില്‍ പങ്കെടുത്തവര്‍ക്കു വരെ ജോലിയും പാരിതോഷികങ്ങളും നല്‍കുമ്പോള്‍ ലോകസ് പെഷ്യല്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് സ്വര്‍ണ്ണവും വെള്ളി മെഡലുകളും നേടിയ നമ്മുടെ കുട്ടികളെ അംഗീകരിക്കാന്‍ പോലും നമ്മുടെ സര്‍ക്കാറുകള്‍ക്കു താല്‍പര്യമില്ലെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ ഏഴാം ക്ലാസുവരെ പഠിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ യൂണിഫോം സാജന്യമായി നല്‍കുന്നുണ്ട്. കേള്‍വി -  കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്കും യൂണിഫോം, യാത്രാബത്ത, എസ് കോര്‍ട്ട് അലവന്‍സ്, സൗജന്യ ഭക്ഷണം താമസം എന്നിവ നല്‍കുന്നു. എന്നാല്‍ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ഇതൊന്നും ലഭ്യമല്ല. പകരം അവര്‍ ഫീസു നല്‍കി പഠിക്കേണ്ടി വരുന്നു. ഒരു ഇന്ത്യന്‍ പൗരന് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്ല്യനീതി പോലും ഈ വിഭാഗത്തിനു ലഭിക്കുന്നില്ലെന്നും അവര്‍ പറയുന്നു.

(തുടരും)