പീഡോഫീലിയ:  പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാവാത്തവരോട് തോന്നുന്ന ലൈംഗികാസക്തി. എതിര്‍വശമുള്ളയാളുടെ ഇംഗിതം തിരിച്ചറിയാന്‍ പോലും കഴിവില്ലാത്ത പ്രായത്തില്‍, തനിക്കെന്താണ് സംഭവിച്ചതെന്ന് മറ്റാരോടെങ്കിലും പങ്കുവെക്കാനുള്ള വാക്കുകളോ  ധൈര്യമോ സംഭരിക്കാനാവാതെ പകച്ചുപോകുന്ന ബാല്യങ്ങള്‍. അവര്‍ക്കു നേരെ നീളുന്ന കഴുകന്‍കണ്ണുകള്‍ ആരുടേതുമാവാം... ഈ ഇരപിടിയന്മാരെ, അവരുടെ ഇരുണ്ടലോകത്തെ തേടിയാണ് ഞങ്ങളിറങ്ങുന്നത്. ഓരോ കുട്ടിയും ഓരോ രക്ഷിതാവും കണ്ണു തുറന്നു തന്നെ കാണേണ്ടതാണ് ബാലപീഡകർ നിറഞ്ഞ ഈ ലോകം. കണ്ണിൽചോരയില്ലാത്ത ഇരപിടിയന്മാർ പെരുകിയ ഈ ലോകത്തിൽ നമ്മൾ കണ്ണടയ്ക്കാതെ ഒന്നുകൂടി ചേർത്തുപിടിക്കേണ്ടതാണ് നമ്മുടെ കണ്ണിലുണ്ണികളെ. അന്വേഷണ പരമ്പര ആരംഭിക്കുന്നു....

ലോക്ഡൗണ്‍കാലത്ത്, സുരക്ഷിതമെന്ന് കരുതുന്ന വീടിന്റെ ചുമരുകള്‍ക്കുള്ളില്‍, നമ്മുടെ കുട്ടികള്‍ കണ്ടെത്തിയത് സൈബര്‍ലോകത്തിന്റെ വിശാലതയാണ്. ചുറ്റുവട്ടത്തുള്ളതിനേക്കാള്‍ കൂടുതല്‍ ഇരപിടിയന്‍മാര്‍, അവര്‍ക്കു വേണ്ടി അവിടെ കാത്തിരിപ്പുണ്ടെന്നറിയാതെ... ഇവരെ  തേടി മാതൃഭൂമി ഇന്‍വെസ്റ്റിഗേഷന്‍ ടീം ആദ്യം ഇറങ്ങിയത് പുതുതലമുറ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഇടമായ ഇന്‍സ്റ്റഗ്രാമിലേക്കാണ്.

ഫോളോവര്‍  : നിന്നെ കാണാന്‍ മിയാ ഖലീഫേ പോലുണ്ട്
സന: അതാരാ
ഫോളോവര്‍ : (ചിത്രം അയക്കുന്നു) ഇവളെ പോലെ
സന: അയ്യേ എനിക്കെന്തിനാ ഈ ചീത്ത പിക്ച്ചര്‍ അയക്കണേ?
ഫോളോവര്‍ : ഇവള്‍ അടിപൊളിയാണ്. ഇവള്‍ടെ.....യാണ് എനിക്കിഷ്ടം...നിന്റേതെങ്ങനെയാ വലുതാണോ?
സന : എന്നോട് ഇങ്ങനെ ഒന്നും സംസാരിക്കരുത്
ഫോളോവര്‍ : നിനക്ക് #*****###**അറിയാമോ?
സന:  അങ്ങനെ പറഞ്ഞാല്‍?
ഫോളോവര്‍ : നിനക്ക് വിരല്‍ ഇല്ലേ?
സന : ഇങ്ങനെയാണോ നിങ്ങളൊക്കെ പെണ്‍കുട്ടികളോട് സംസാരിക്കുക?
ഫോളോവര്‍ : പറ. നീ ചെയ്യാറുണ്ടോ...
സന : എനിക്ക് പതിമൂന്ന് വയസേ ഉള്ളൂ. എന്നോട് ഇങ്ങനെ ഒന്നും സംസാരിക്കരുത്.
ഫോളോവര്‍ : അതിനെന്താ ഇതൊക്കെ പഠിക്കണ്ടേ, ഇങ്ങനെയൊക്കെയല്ലേ പഠിക്കുക. 

സന! ഇന്‍സ്റ്റഗ്രാമില്‍ പുതിയൊരു അക്കൗണ്ട് സൃഷ്ടിച്ച് മാതൃഭൂമി ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് അധികനേരമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. പതിമൂന്നുകാരി വായാടിക്കുട്ടി എന്നൊരു ബയോയും കൂടി ചേര്‍ത്തുവെച്ചപ്പോള്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചതിലും ഉദ്ദേശിച്ചതിലും അപ്പുറത്തായിരുന്നു. പുതിയ 'ഇന്‍സ്റ്റ ഗേളി'നെ ഹാര്‍ദമായി സ്വീകരിച്ചിരുത്തിയ ഇന്‍സ്റ്റഗ്രാം പിന്നെ സമ്മാനിച്ചത് ഫോളോവേഴ്‌സിന്റെ കുത്തൊഴുക്കു തന്നെയായി. ആദ്യമാദ്യം സൗഹൃദസംഭാഷണങ്ങള്‍, പിന്നെ വിശേഷങ്ങള്‍ പങ്കുവെക്കല്‍, അതിനുശേഷം വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടല്‍, പിന്നെ ഞങ്ങളുടെ 'സന' എന്തു കഴിക്കണം എപ്പോള്‍ ഉറങ്ങണം എന്നൊക്കെ തീരുമാനിച്ചതുവരെ ഈ പറഞ്ഞ ഫോളോവേഴ്സായിരുന്നു. ഒടുവില്‍ മുകളില്‍ പറഞ്ഞതരം സന്ദേശങ്ങളെത്താന്‍ നാല്‍പത്തിയെട്ട് മണിക്കൂര്‍ ധാരാളമായിരുന്നു. 

 

രണ്ട് മൂന്ന് ദിവസത്തെ സൗഹൃദസംഭാഷണങ്ങള്‍ക്കു ശേഷം ഒട്ടുമിക്കവരുടെയും സന്ദേശങ്ങള്‍ ലൈംഗികതയെ കുറിച്ചായി. സെക്സ് എന്താണെന്നറിയുമോ, സ്വയംഭോഗം ചെയ്യാറുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കെല്ലാം അറിയില്ലെന്നു പറഞ്ഞതോടെ ഇതിനെക്കുറിച്ചെല്ലാം വിശദമായ ക്ലാസുകളായി. ചിത്രങ്ങളും വീഡിയോകളും അയക്കുവാന്‍ തുടങ്ങി. വളരെ സമര്‍ഥനാണ് എന്നു ഞങ്ങള്‍ക്കു തോന്നിയ ആളെയായിരുന്നു പരീക്ഷണാടിസ്ഥാനത്തില്‍ വീഡിയോകോളിനായി ആദ്യം തിരഞ്ഞെടുത്ത്. അത് വിജയിച്ചതോടെ വീഡിയോ കോള്‍ ആവശ്യപ്പെട്ടവരോടെല്ലാം ഒരേ ഉപാധികളോടെ രാത്രി അരണ്ടവെളിച്ചത്തില്‍ ഞങ്ങളുടെ പ്രതിനിധി ചാറ്റ് ചെയ്തു. ചാറ്റിങ്ങിനിടെ ഒരാളുടെ മുണ്ട് നാടകീയമായി അഴിഞ്ഞുവീണുപോകുന്നു.

profileസോറി മോളൂസേ ഒന്നും വിചാരിക്കല്ലേ എന്നു പറഞ്ഞുകൊണ്ടായാള്‍ പരമാവധി സ്ലോമോഷനില്‍ മുണ്ട് കുനിഞ്ഞെടുത്ത് ഫോണ്‍ അഭിമുഖമായി വച്ച് ഉടുത്തശേഷം ചോദിച്ചു; ഒന്നും കണ്ടില്ലല്ലോ അല്ലേ. ഒരു മുന്‍പരിചയവുമില്ലാത്ത ഒരു പതിമൂന്നുകാരിയോട് പറഞ്ഞ വാക്കുകളിലെ കപടത ഞങ്ങള്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. താനൊരു കുട്ടിയാണെന്നും തന്നോട് ഇത്തരം ചീത്ത കാര്യങ്ങള്‍ സംസാരിക്കരുതന്നും പറഞ്ഞപ്പോള്‍ ഇതിന് പ്രായമൊരു വിഷയമല്ലെന്നായിരുന്നു മറുപടി. പിന്നീട് പ്രതികരിക്കാതായപ്പോള്‍ നിര്‍ത്താതെ വീഡിയോ കോളായി. ഇത്തരം ആളുകളെ ബ്ലോക്കു ചെയ്യുന്നതുവരെ ഇത് തുടര്‍ന്നു.

ലോക്ഡൗണ്‍ കാലത്ത് വീടിന്റെയും സ്‌കൂളിന്റെയും മതില്‍ കെട്ടുകളില്‍ നിന്ന് സൈബര്‍ ലോകത്തിന്റെ വിശാലതയിലേക്കാണ് കുട്ടികള്‍ പറിച്ചുനടപെട്ടത്. ചുറ്റുവട്ടത്തുള്ളതിനേക്കാള്‍ ഇരപിടിത്തക്കാര്‍ അവിടെ അവരെ കാത്തിരിക്കുന്നുണ്ടെന്ന് അവര്‍ അറിഞ്ഞിരുന്നില്ലെന്ന് മാത്രം. അത് നേരിട്ട് പരീക്ഷിച്ചറിയുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് മൂന്ന് ഇന്‍സ്റ്റഗ്രാം വ്യാജ അക്കൗണ്ടുകള്‍ ആരംഭിച്ചത്. പുതുതലമുറ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഇടമെന്ന നിലയിലാണ് ഇന്‍സ്റ്റഗ്രാമിനെ അന്വേഷണവിധേയമാക്കിയത്.

ഓണ്‍ലൈന്‍ ക്ലാസിനായി തന്ന അമ്മയുടെ മൊബൈലിലാണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരിക്കുന്നത് എന്ന രീതിയിലായിരുന്നു അക്കൗണ്ടിന്റെ ഉപയോഗം. അതുകൊണ്ട് ക്ലാസുകളുടെ ഇടവേളകളിലും രാത്രി 10 മണിവരെയും മാത്രമാണ് ഇന്‍സ്റ്റഗ്രാം ഉപയോഗിച്ചിരുന്നത്.

പ്രൊഫൈല്‍ ചിത്രങ്ങളോ പോസ്റ്റുകളോ ഒന്നും തന്നെ ഉപയോഗിക്കാതെ തുടങ്ങിയ അക്കൗണ്ടില്‍ തന്നെ ആദ്യത്തെ രണ്ട് മണിക്കൂറിനുള്ളില്‍ നാല് ഫോളോവേഴ്സ് വന്നു. ആദ്യത്തെ ചിത്രം പോസ്റ്റ് ചെയ്തതോടെ ഏതാണ്ട് ഇരുപത്തിരണ്ട് ഫോളോവേഴ്സ് ആയി. ഒപ്പം അഞ്ച് മെസേജ് റിക്വസ്റ്റുകളും. സ്വന്തം ചിത്രങ്ങളില്‍ എങ്ങനെ വേണമെങ്കിലും മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന ഫേസ് ആപ്പ് വഴി ഞങ്ങളുടെ തന്നെ ചിത്രങ്ങള്‍ കുട്ടികളുടേതാക്കി മാറ്റിയായിരുന്നു പിന്നീടുള്ള നീക്കങ്ങള്‍.

ഇന്‍സ്റ്റഗ്രാമില്‍ ഒരു പ്രൈവസി സെറ്റിങ്ങുകളുമില്ലാതെ തുടങ്ങുന്ന അക്കൗണ്ട്, അത് പെണ്‍കുട്ടിയുടേതാണെങ്കില്‍ ആദ്യം വരുന്ന റിക്വസ്റ്റുകളും ഫോളോവേഴ്സുമെല്ലാം സെക്സ് സംബന്ധമായതോ അല്ലെങ്കില്‍ അത്തരം ഗ്രൂപ്പുകളോട് താല്‍പര്യമുള്ളവരുടേതോ ആയിരിക്കും എന്നാണ് ഞങ്ങൾക്ക് കണ്ടെത്താനായത്.

ഒരു പെണ്‍കുട്ടിയുടെ അക്കൗണ്ടിന് ഇതാണ് സംഭവിക്കുന്നതെങ്കില്‍ ഒരു ആണ്‍കുട്ടിയുടെ അക്കൗണ്ട് കൂടി സൃഷ്ടിക്കേണ്ടത് അത്യാവശ്യമായിരുന്നു. പെണ്‍കുട്ടിയുടെ അക്കൗണ്ടിന്റെയത്ര തിരക്കനുഭവപ്പെട്ടിട്ടില്ലെങ്കിലും ഞങ്ങളെ നിരവധി ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കപ്പെട്ടു. ഇന്‍സ്റ്റ ലോകം നേരില്‍ കാണുന്നതേ വിശ്വസിക്കൂ എന്ന തത്വം മുറുകെപ്പിടിച്ചതിനാല്‍ വീഡിയോകോള്‍ അനിവാര്യം തന്നെയായിരുന്നു. മുഖം ആര്‍ക്കും കാണേണ്ടതില്ലായിരുന്നു . പകരം ആണ്‍കുട്ടിയാണെന്ന് തെളിയിക്കുന്ന അംഗാവയവങ്ങളുടെ പ്രദര്‍ശനം നിര്‍ബന്ധമായിരുന്നു. ഇന്‍സ്റ്റ ബോയ് പ്രതികരിക്കാന്‍ സമയമെടുത്തപ്പോഴും പറയുന്നതിന് വ്യക്തമായി മറുപടി കൊടുക്കാതിരുന്നപ്പോഴും അവന്‍ അവഗണിക്കപ്പെട്ടു.

പെണ്‍കുട്ടിയെ ആദ്യമാദ്യം ഫോളോ ചെയ്തതും മെസേജ് അയച്ചതും നിരന്തരം വീഡിയോകോള്‍ ചെയ്തുകൊണ്ടിരുന്നതും ഇതരസംസ്ഥാനക്കാരായിരുന്നു; വേണ്ടത് സെക്സ് ചാറ്റും. പ്രായം പതിമൂന്നേ ഉള്ളുവെന്നും സെക്സ് എന്താണെന്നറിയില്ല എന്നതൊന്നും ഇവര്‍ക്ക് വിഷയമായിരുന്നില്ല. അശ്ലീല സന്ദേശങ്ങളും നഗ്നചിത്രങ്ങളും തുടരെത്തുടരെ വന്നുനിറഞ്ഞു.

തിരിച്ചും ഇത്തരം ചിത്രങ്ങള്‍ അയക്കാന്‍ ആവശ്യപ്പെടാന്‍ തുടങ്ങി. താല്‍പര്യമില്ലെന്നറിയിച്ചപ്പോഴും പ്രതികരിക്കാതിരുന്നപ്പോഴും വീഡിയോകോളുകളിലൂടെയായി പിന്തുടരല്‍. പല സെക്സ് ഗ്രൂപ്പുകളിലേക്കും അനുവാദം കൂടാതെ തന്നെ അംഗമാക്കി.  ഒരേ ആളുകള്‍ തന്നെ പരസ്പരം ഫോളോ ചെയ്യുന്നുവെന്ന് പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി. പിന്നീട് പലപ്പോഴും സന്ദേശങ്ങള്‍ ഭീഷണിയുടെ സ്വരത്തിലായി. അതോടെ വീഡിയോകോള്‍ അറ്റന്‍ഡ് ചെയ്യാന്‍ ഇന്‍വെസ്റ്റിഗേഷനില്‍ ടീമില്‍  നിന്നും ഒരാളെ മേക്കോവർ നടത്തി പതിമൂന്നുകാരിയാക്കി.

Chat

ഹായ്, സുഖമാണോ? ഉണ്ടോ? ഉറങ്ങിയോ? എന്നിങ്ങനെയാണ് മിക്ക ചാറ്റുകളും തുടങ്ങിയത്. എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് സ്ഥലം, പ്രായം, സഹോദരങ്ങളുണ്ടോ, കാമുകനുണ്ടോ എന്നിവയാണ്. അടിവസ്ത്രങ്ങളുടെ നിറവും സൈസും ചോദിച്ച് സന്ദേശങ്ങളെത്തി. ആദ്യമാദ്യം സന്ദേശങ്ങള്‍ വന്നിരുന്നത് വ്യാജ അജക്കൗണ്ടുകളില്‍ നിന്നാണെങ്കില്‍ പിന്നീട് മുഖവും വിലാസവുമുള്ള അക്കൗണ്ടുകളില്‍ നിന്നും ഇത്തരം സന്ദേശങ്ങള്‍ എത്തിത്തുടങ്ങി. ഞങ്ങളുടെ പെണ്‍കുട്ടി വിശ്രമമില്ലാതെ മറുപടി കൊടുത്തുകൊണ്ടേയിരുന്നു.

മോളൂസേ, കുട്ടാ, കുഞ്ഞൂ, ഉണ്ണീ... സ്നേഹാഭിസംബോധനകളുടെ നീണ്ടനിര! വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും എന്തിനേറെ അന്നുകഴിച്ച ഭക്ഷണത്തെ പറ്റിയും ജാതിയും മതവും വരെ അന്വേഷണങ്ങളില്‍ വന്നു. അവരില്‍ ഭൂരിഭാഗം പേരും ആദ്യം ആവശ്യപ്പെട്ടത് വീഡിയോകോളായിരുന്നു. വിശ്വാസ്യത ഇവിടെയും ഒരു ഘടകമാണെന്നറിയാവുന്നതു കൊണ്ടുതന്നെ ഞങ്ങളുടെ പെണ്‍കുട്ടി രാത്രി പതിനൊന്നിന് ശേഷം സാങ്കല്പിക അച്ഛനമ്മമാരായ അധ്യാപക ദമ്പതികള്‍ ഉറങ്ങിയതിനുശേഷം കാണാമെന്ന ധാരണയുണ്ടാക്കി. ഒടുക്കം അരണ്ടവെളിച്ചത്തില്‍ മുന്നേ പറഞ്ഞ ഉപാധികളെല്ലാം പാലിച്ചുകൊണ്ട് കണ്ണും നെറ്റിയുമടങ്ങുന്ന ഭാഗം മാത്രം സ്‌ക്രീനില്‍ വരത്തക്കരീതിയില്‍ വീഡിയോ ചാറ്റില്‍ കയറി. പറ്റിക്കലല്ല എന്നു ബോധ്യമായതോടെ മറുഭാഗത്തുനിന്നും കൂടുതല്‍ 'സ്‌നേഹം' വരാന്‍ തുടങ്ങി.  

ശ്രദ്ധിക്കപ്പെട്ട കാര്യം ചാറ്റില്‍ വന്ന മലയാളികളില്‍ പലരും പറഞ്ഞ സ്ഥലം കോഴിക്കോടാണ് എന്നതാണ്. പറഞ്ഞതനുസരിച്ച് അവരുടെ പ്രായം 18 മുതല്‍ 22 വയസ്സുവരെയാണ്. 66 വയസ്സുള്ള ചെന്നൈ സ്വദേശിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു... ഏതുസമയവും എവിടെവച്ചും വിളിക്കാം എന്ന ഓഫറോടെ, വിളിക്കണേ എന്ന  അപേക്ഷയോടെ പലരും ഫോണ്‍ നമ്പര്‍ തരാനും മറന്നില്ല. അമ്മയുടെ ഫോണാണെന്നും വിളിക്കാനാവില്ലെന്നും വാട്സാപ്പ് ഇല്ലെന്നും പറഞ്ഞ് തലയൂരി.

വ്യാജ അക്കൗണ്ടുകള്‍ക്ക് പഞ്ഞമില്ലാത്ത, യാതൊരു നിയന്ത്രണോപാധികളുമില്ലാത്ത ഇന്‍സ്റ്റഗ്രാമിലെ അഞ്ച് അക്കൗണ്ടുകള്‍ വിവിധപേരില്‍ ഒരാള്‍ തന്നെ ഓപ്പറേറ്റ് ചെയ്യുന്നതാണെന്ന് അയാളുടെ ഭാഷയുടെയും പ്രയോഗത്തിന്റെ പൊതുസ്വഭാവത്തില്‍ നിന്നും മനസ്സിലായി. ഒരിടത്ത് അയാള്‍ സാത്വികനായ ചേട്ടന്‍ കുപ്പായമണിഞ്ഞപ്പോള്‍ മറ്റൊരിടത്ത് ബ്രായിടാനായോ എന്നും കുളിക്കാന്‍ പോകുമ്പോള്‍ ആരുമുണ്ടാവില്ലല്ലോ അപ്പോള്‍ വീഡിയോകോള്‍ ചെയ്തുകൂടെ എന്നു ചോദിച്ചയാളായിരുന്നു.

 ഇന്‍സ്റ്റഗ്രാമില്‍ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് നിരവധി വീഡിയോകള്‍ വന്നടിഞ്ഞു. ഞങ്ങളുടെ പെണ്‍കുട്ടിയുടെ സമാനപ്രായക്കാരികളായ കുട്ടികളുടെ (ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ) ശരീരാവയവങ്ങള്‍, ലൈംഗികചേഷ്ടകള്‍, രതിയിലേര്‍പ്പെടുന്നത് അങ്ങനെ പലതും ആ കൂട്ടത്തിലുണ്ടായിരുന്നു. വീഡിയോ കോളില്‍ വന്നവര്‍ മുഴുവന്‍ തങ്ങളുടെ മുഖം വ്യക്തമാക്കിയിരുന്നു. പിന്നെപ്പിന്നെ അവരുടെ എല്ലാ അവയവങ്ങളും അനാട്ടമിപഠനത്തിനെന്നപോലെ പ്രദര്‍ശിപ്പിച്ചു. ശാരീരികമാനസിക രതിവൈകൃതങ്ങളുടെ കൊട്ടകയായി സൈബര്‍ ഇടങ്ങള്‍ മാറിക്കഴിഞ്ഞു എന്നറിയാന്‍ ഒരാഴ്ചയേ ഞങ്ങള്‍ക്ക് ഉറക്കമൊഴിക്കേണ്ടി വന്നിരുന്നുള്ളൂ.  

ഒരു വേട്ടക്കാരനെക്കൂടി അവതരിപ്പിക്കേണ്ടത്  അത്യാവശ്യമെന്ന് തോന്നിയതുകൊണ്ടാണ് ഇരുപത്തിരണ്ടുകാരനെന്ന് കാണിച്ച് മറ്റൊരു ഇന്‍സ്റ്റ ബോയ് അക്കൗണ്ട് കൂടി തുറന്നത്. ഒരാള്‍ അര്‍ധനഗ്നനായി കിടന്നുറങ്ങുന്ന പ്രൊഫൈല്‍ ചിത്രവും ഒപ്പം ക്രേസി ബിലോ ഫിഫ്റ്റീന്‍ എന്ന ബയോയും കൊടുത്തു. ആദ്യത്തെ രണ്ടുമണിക്കൂറിനുള്ളില്‍ ഇഷ്ടം പോലെ 'ഹായ്' വന്നടിയാന്‍ തുടങ്ങി. രാപകല്‍ ഇന്‍സ്റ്റയില്‍ തമ്പടിച്ചപ്പോള്‍ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് ധാരാളം ചോദ്യങ്ങള്‍ വന്നുകൊണ്ടേയിരുന്നു. കൂടാതെ പല ഗ്രൂപ്പുകളിലേക്കും ചേര്‍ക്കപ്പെട്ടു. കളിമയം, പൂമ്പാറ്റക്കുഞ്ഞ്, കുഞ്ഞാറ്റ, മാലാഖക്കുട്ടികൾ, കൊച്ചുപൂക്കൾ തുടങ്ങിയ  കുട്ടിപ്പേരുകളിൽ ഒളിച്ചു കടത്തുന്നതാവട്ടെ കുഞ്ഞുങ്ങളെ ഉപയോ​ഗിച്ചുള്ള അശ്ലീല ചിത്രങ്ങളും വീഡിയോകളുമാണ്. അതിന് ആവശ്യക്കാരും ഏറെ. ആദ്യത്തെ ചോദ്യം ഡീലിങ് ഉണ്ടോ എന്നതായിരുന്നു. ഇല്ല, പക്ഷേ കിട്ടുമോ എന്നെറിഞ്ഞുകൊടുത്തപ്പോള്‍ ഫോണ്‍ നമ്പര്‍ തന്നാല്‍ കൂടുതല്‍ ഡീറ്റെയ്ല്‍സും ഫോട്ടോസും തരാമെന്നായി.

യൂണിഫോമണിഞ്ഞ കുട്ടികളുടെ കുറേ ചിത്രങ്ങള്‍ ഇതിലൊരാള്‍ അയച്ചു. വിശ്വാസ്യതയില്ലാത്തതിനാലാവാം ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനാവുന്നതിന് മുമ്പേ അവ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ട്യൂഷന്‍ കഴിഞ്ഞുവരുമ്പോള്‍ മുട്ടിച്ചുതരാം, ഒരു പ്രശ്‌നവുമില്ല തുടങ്ങി മാടിനെ ചന്തയില്‍ കെട്ടിയിട്ട് കാണിക്കുന്ന ലാഘവമായിരുന്നു ഡീലര്‍മാര്‍ നടത്തിയ വിലപേശലുകള്‍ക്കിടയില്‍ നടന്നത്. തന്റെ കൈവശം മൂന്നാല് പ്രൊഫൈല്‍ ഉണ്ടെന്നും അത്  വേണോ എന്നും ചോദിച്ചപ്പോള്‍ തുരുതുരാ മറുപടികള്‍ വന്നുകൊണ്ടേയിരുന്നു. അവരില്‍ ഭൂരിഭാഗം പേര്‍ക്കും ആവശ്യം പെണ്‍കുട്ടികളുമായുള്ള സെക്സ് വീഡിയോകളായിരുന്നു. ഗ്രൂപ്പില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എങ്ങനെ കുട്ടികളുമായി രതി സാധിക്കാം എന്നതിന്റെ ഗൈഡ് ലൈനുകള്‍ നടന്നുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.

വളരെ കുറച്ച് ഗ്രൂപ് അംഗങ്ങള്‍, നിരന്തരമുള്ള ചാറ്റുകള്‍, ഓരോന്നിനും പ്രത്യേകം  കോഡുഭാഷകള്‍. ആണ്‍കുട്ടിയ്ക്കും പെണ്‍കുട്ടിയ്ക്കും വരെ വ്യത്യസ്തകോഡ്... പലതിനും മുന്നില്‍ ഉത്തരംമുട്ടി നിന്നുപോയി. പക്ഷേ യഥാര്‍ഥ ഫോണ്‍ നമ്പറും ഐഡിപ്രൂഫും കാണിക്കാത്തതിനാലും ചിത്രങ്ങളോ വീഡിയോകളോ അയക്കാത്തിനാലും അധികം വൈകാതെ ഗ്രൂപ്പുകളില്‍ നിന്ന് ഞങ്ങള്‍ പുറത്താക്കപ്പെട്ടു. വളരെയേറെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തയ്യാറാക്കിയ ഒരു വ്യാജ അക്കൗണ്ടിനുള്ളില്‍ സംഭവിച്ച കാര്യങ്ങളാണിത്. 

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ മാത്രമല്ല ഓണ്‍ലൈന്‍ ക്ലാസിനിടയിലും ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴിയും കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളും ഞങ്ങളെ തേടിയെത്തി.  മാതാപിതാക്കളെക്കാളും അധ്യാപകരെക്കാളും സാങ്കേതിക വിദ്യയില്‍ ഏറെ മുന്‍പിലാണ് ഇന്നത്തെ കുട്ടികള്‍. ഓണ്‍ലൈന്‍ ക്ലാസിനിടെ ഫേക്ക് ഗൂഗിള്‍ അക്കൗണ്ടില്‍ നിന്ന് മോശം മെസേജുകള്‍ സഹപാഠികള്‍ക്കയച്ചതിന് പിടിയിലായത് ഒരു അഞ്ചാം ക്ലാസുകാരനാണെന്ന അനുഭവം ഞെട്ടലോടെ പങ്കുവയ്ക്കുന്നത് ഒരു അധ്യാപികയാണ്. മാതാപിതാക്കള്‍ തങ്ങളുടെ ജോലിതിരക്കിനിടെ മകനെ അടക്കിയിരുത്താന്‍ കണ്ടെത്തിയ വഴിയായിരുന്നു ഹൈസ്പീഡ് ഇന്റര്‍നെറ്റും എല്ലാ സൗകര്യവുമുള്ള ടാബും. ലോക്ഡൗണ്‍ കാലമെത്തിയതോടെ ക്ലാസുകളും മറ്റുമായി വീണ്ടും മകന്‍ മുഴുവന്‍ സമയവും സൈബര്‍ ലോകത്തായി. ഇതിനിടെയാണ് ക്ലാസിലെ തന്നെ ഒരു പെണ്‍കുട്ടിയുടെ പേരില്‍ ക്രിയേറ്റ് ചെയ്ത അക്കൗണ്ടില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ സഹപാഠികള്‍ക്ക് ഈ അഞ്ചാം ക്ലാസുകാരന്‍ അയച്ചത്. 

ഓണ്‍ലൈന്‍ ഗെയിമുകളാണ് കുട്ടികളെ കുരുക്കിലാക്കുന്ന മറ്റൊരു കെണി. കുട്ടികളെ സെക്സ് ചാറ്റുകളിലേക്കും അശ്ലീല ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നതിലേക്കും നയിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളെ പറ്റി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടോക്കിങ് ടോം പോലെ കുട്ടികളോട് സംസാരിക്കുകയും തിരിച്ച് കുട്ടികള്‍ നല്‍കുന്ന മറുപടികളെ സെക്സ് ടോക്കിലേക്ക് വഴിതിരിച്ച് വിട്ട് പിന്നീട് ഇവരുടെ ശബ്ദവും മറ്റും ചൈല്‍ഡ് പോണ്‍സൈറ്റുകളില്‍ ഉപയോഗിക്കുന്നതായും വിദേശരാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗെയിമുകളിലൂടെയും മറ്റും കൂടുതല്‍ ചൂഷണങ്ങള്‍ക്ക് ഇരയാവുന്നത് ആണ്‍കുട്ടികളാണ്. അപരിചിതരോട് സംസാരിക്കരുത് എന്ന് പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന നിബന്ധന പലപ്പോഴും ആണ്‍കുട്ടികളോട് പറയാന്‍ മാതാപിതാക്കള്‍ ഓര്‍ക്കാറില്ല. കുട്ടിയുടെ സൗഹൃദവും വിശ്വാസവും നേടിയെടുക്കുകയാണ് ആദ്യം ഈ വേട്ടക്കാര്‍ ചെയ്യുന്നത്. ഉറ്റബന്ധുവിനെപ്പോലെയോ സുഹൃത്തിനെപ്പോലെയോ മാറാന്‍ ഇവര്‍ക്ക് ദിവസങ്ങള്‍ മതി. പിന്നീടാണ് മുതലെടുപ്പുകള്‍.

യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സ്വന്തം മക്കളുടെ കയ്യില്‍ സ്മാര്‍ട് ഫോണ്‍ നല്‍കുമ്പോള്‍, ഓണ്‍ലൈന്‍ പഠനത്തിന്റെ മറവില്‍ രാപകലോളം ഫോണില്‍ കഴിയുന്ന മക്കള്‍ തങ്ങളുടെ തൊട്ടരികെയിരുന്നുകൊണ്ട് ചതിയുടെ ചതുപ്പുകളിലാഴ്ന്നുപോകുന്നത് തിരിച്ചറിയാന്‍ കഴിയാത്ത മാതാപിതാക്കള്‍, ഉറക്കത്തില്‍ പോലും നിനയ്ക്കാത്ത കുട്ടികളുടെ ആത്മഹത്യകളും 'കാണ്മാനില്ല' എന്ന വാക്കുകളും നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്ന കേരളം, അറിയാത്ത പ്രായത്തില്‍ അയല്‍പക്കത്തിലെയും സ്വഭവനത്തിലെയും അരുതാത്ത കൈകള്‍ നീളുമ്പോള്‍ പ്രതികരിക്കാനറിയാത്ത കുരുന്നുകൾ, സൈബറിടത്തിലേക്ക് കഴുത്ത് നീട്ടിക്കൊടുക്കുന്ന കൗമാരം... 

ഭൗമാതിര്‍ത്തികള്‍ ലംഘിച്ച് പോണ്‍വീഡിയോകള്‍:
മനോജ് എബ്രഹാം
(എ.ഡി.ജി.പി)

manoj
എ.ഡി.ജി.പി മനോജ് എബ്രഹാം

'ഓണ്‍ലൈന്‍ ക്ലാസുകളും മറ്റുമായി കുട്ടികള്‍ ഇന്ന് ഏറെ സമയം ചിലവഴിക്കുന്നത് സൈബറിടങ്ങളിലാണ്. പീഡോഫൈലുകള്‍ വലവിരിച്ചിരിക്കുന്നതും ഇവിടെ തന്നെ. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ തന്റെ ഇരകളെ എളുപ്പത്തില്‍ ഇവര്‍ക്ക് കണ്ടെത്താനാവുന്നു. കുട്ടികളോട് വളരെ നയപരമായി  സംസാരിച്ച്, ഇഷ്ടമുള്ള ഗെയിമുകള്‍ പരിചയപ്പെടുത്തിക്കൊടുത്ത് കുട്ടിയുടെ വിശദാംശങ്ങളും ചുറ്റുപാടുകളും  മനസിലാക്കിയാണ് ഇവരുടെ ഓപ്പറേഷന്‍. കുട്ടികള്‍ക്കെതിരായ ഇത്തരം കേസുകളില്‍ കോവിഡ് കാലത്ത് 300% ശതമാനം വര്‍ധനവാണ് കാണാന്‍ കഴിയുന്നത്. ആ വര്‍ധനവിനെ നമ്മള്‍ ഭയക്കുക തന്നെ വേണം. വിദേശനിര്‍മിത വീഡിയോകളും മറ്റുമായിരുന്നു പണ്ടുകാലത്ത് കാണാന്‍ ലഭിച്ചിരുന്നതെങ്കില്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. കുട്ടികള്‍ കാണുന്നത് അവര്‍ക്ക് വളരെ പരിചിതമായ ഭൂമികയില്‍ നിന്നും ചിത്രീകരിക്കപ്പെട്ട വീഡിയോകളാണ്. ഇത് വളരെ അപകടകരമായ സാഹചര്യമാണ്. മറ്റ് കേസുകളെ സംബന്ധിച്ചിടത്തോളം ആളുകളില്‍ നിന്നും പരാതി വന്നതിനു ശേഷമാണ് പോലീസ് അന്വേഷണം നടക്കുക. സൈബര്‍ സംബന്ധമായ കേസുകളില്‍ പരാതി ലഭിക്കുന്നത് അപൂര്‍വമാണ്. പോലീസ് തന്നെ സ്വയം അന്വേഷിച്ച് കണ്ടുപിടിച്ചതാണ് പി-ഹണ്ട് എന്ന് പറയുന്നത്. 365-ലധികം അറസ്റ്റുകള്‍ ഇതുവരെ നടന്നു. അത് കേരളത്തിലുള്ളവരാണ്. അതിനുള്ള അധികാരമേ നമുക്കുള്ളൂ. എന്നാല്‍ പാക്കിസ്താന്‍, അഫ്ഘാനിസ്ഥാന്‍ പോലുള്ള രാജ്യങ്ങളിലുളളവരും നമ്മുടെ കുട്ടികളെ നോട്ടമിട്ട് സൈബര്‍ലോകത്ത് പതിയിരിപ്പുണ്ട്. നിരന്തരമായി നിരീക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകേണ്ട ഓപ്പറേഷന്‍ ആണ് പി ഹണ്ട്. ഇതിനായി പ്രത്യേക സെല്‍ രൂപീകരിക്കുന്നതിന്റെ കാര്യങ്ങളും മുന്നോട്ട് പോകുന്നു.'

ഓപറേഷന്‍ പി-ഹണ്ട്

സംസ്ഥാന  വ്യാപകമായി കേരള പൊലീസ് സൈബര്‍ഡോമിന്റെ (കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം തടയാന്‍ സംസ്ഥാന പോലീസ് രൂപം നല്‍കിയ വിഭാഗം) സഹായത്തോടെ നടത്തുന്ന ഓപ്പറേഷന്‍ പി-ഹണ്ട് വാര്‍ത്തകളില്‍ നിറഞ്ഞതും ഈ വര്‍ഷമാണ്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ്  ഓപ്പറേഷന്‍ പി ഹണ്ട് നടപ്പിലാക്കിയത്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും സോഷ്യല്‍ മീഡിയ വഴി വിലപേശല്‍ നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് ഇപ്പോള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്. മാസങ്ങളായി സോഷ്യല്‍ മീഡിയകള്‍, വാട്ട്സ്ആപ്പ്, ടെലഗ്രാം എന്നിവയില്‍ നടത്തിയ നിരീക്ഷണത്തിലൂടെയാണ് പൊലീസ് പി-ഹണ്ടിന് വലവിരിച്ചത്. വാട്സാപ്പില്‍ നിരവധി രഹസ്യഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല ഗ്രൂപ്പുകളിലും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും നിരന്തരം കൈമാറുന്നുണ്ട്. ഏറ്റവും കൂടുതല്‍ റെയ്ഡ് നടന്നത് മലപ്പുറം ജില്ലയിലാണ്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. അതായത് സ്വന്തം വീട്ടുകാരുടെ അടുത്ത് പോലും കുട്ടികള്‍ സുരക്ഷിതരല്ല എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ കൂടിയാണ് ഓപ്പറേഷന്‍ പി-ഹണ്ടില്‍ പുറത്ത് വന്നത്. നിലവിലെ നിയമപ്രകാരം കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

അപരിചിതരുമായുള്ള സൗഹൃദം വരുത്തുന്ന അപകടങ്ങള്‍ സൈബറിടത്തില്‍ ഏറെ:
ഡോ. ധന്യ മേനോന്‍
(സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍)

danya menon
ഡോ. ധന്യ മേനോന്‍

'സെക്‌സ് ചാറ്റുകള്‍, ലൈംഗികത കലര്‍ന്ന ചിത്രങ്ങളും വീഡിയോകളും കുട്ടികളിലേക്ക് പലരിലൂടെയും എത്താം. അത്തരം ചിത്രങ്ങള്‍ അയക്കാന്‍ ആവശ്യപ്പെട്ടേക്കാം. അവ ഉപയോഗിച്ച് ബ്ലാക് മെയിലിങ്ങ്, പേഴ്‌സണല്‍ ഹരാസ്‌മെന്റ്, സെക്‌സ് ട്രാഫിക്കിങ്ങ് എന്നിവയിലേക്ക് വരെ നയിച്ചേക്കാം. മാതാപിതാക്കള്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന  വിവരങ്ങള്‍ ചൈല്‍ഡ് പോണ്‍ സൈറ്റുകള്‍ ഉപയോഗപ്പെടുത്തിയേക്കാം. ഓര്‍ക്കുക, ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ നിങ്ങളുടെ കുട്ടിയുടെ നഗ്‌ന ചിത്രം പങ്കുവച്ചാല്‍ അവ ഒരിക്കലും നീക്കം ചെയ്യാനാകില്ല.'

സൈബര്‍ ഇടങ്ങളില്‍ നിന്ന് മാറി ഈ ലോക്ഡൗണ്‍ കാലത്ത് വീടിന്റെ ചുറ്റുവട്ടങ്ങളില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരുന്നോ  അന്വേഷണം എത്തിനിന്നത് വടക്കന്‍കേരളത്തിലുള്ള കുഞ്ഞി(യഥാര്‍ഥ പേരല്ല)യുടെ വീട്ടിലാണ്. സംരക്ഷിക്കേണ്ടവര്‍തന്നെ വേട്ടക്കാരാകുന്ന ലോകത്തെ പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു ഞങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയത് ...

(തുടരും)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളുമായി പങ്കുവയ്ക്കാം: responseinvestigation@gmail.com

Content Highlights : Investigation on Pedophilia Kerala Sexual Assaults against children social media