ര്‍ഭം അലസല്‍, മൂത്രാശയ അണുബാധ, വന്ധ്യത , അസ്ഥി ക്ഷയം, ഊരവേദന, പേശീ വേദന, സ്വകാര്യഭാഗങ്ങളിലെ മുറിവുകള്‍ തുടങ്ങിയവയാണ് ഭര്‍തൃബലാത്സംഗം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍. ഉത്കണ്ഠാ രോഗം, ഉള്‍വലിയല്‍, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ മുതല്‍ വിഷാദം, ആത്മഹത്യ പ്രവണത തുടങ്ങിയവയും കണ്ടുവരുന്നു. 
 
ഇന്ത്യയില്‍ വിവാഹിതരായ സ്ത്രീകളില്‍ മൂന്നിലൊരാള്‍ ശാരീരികമോ മാനസികമോ ലൈംഗികമോ ആയ പീഡനം പങ്കാളിയില്‍ നിന്ന് നേരിട്ടവരാണ്. ഇതില്‍ തന്നെ 30% ശാരീരിക പീഡനം നേരിട്ടവരും 14% മാനസിക പീഡനം നേരിട്ടവരും 7% ഭര്‍ത്താവില്‍ നിന്ന് ലൈംഗിക പീഡനം നേരിട്ടവരുമാണ്. ഇത്തരത്തില്‍ ശാരീരികവും ലൈംഗികവുമായ പീഡനം നേരിടുന്ന സ്ത്രീകളില്‍ നാലിലൊരാള്‍ക്ക് മുറിവുകളോ ക്ഷതങ്ങളോ പറ്റിയിട്ടുമുണ്ട്.എന്നാല്‍ ഇവരില്‍ 14% മാത്രമേ ഏതെങ്കിലും തരത്തിലുള്ള സഹായം മറ്റുള്ളവരില്‍ നിന്ന് തേടിയതായിട്ടുള്ളൂ എന്നതാണ് ഏറ്റവും അപകടകരമായ വസ്തുത. എന്‍എഫ് എച്ച് എസ് 3 സര്‍വ്വെയില്‍ 24% പേര്‍ സഹായം തേടിയിരുന്നുവെങ്കില്‍ അടുത്ത സര്‍വ്വേയില്‍ 10%ത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. 
 
ഉന്നതവിദ്യാഭ്യാസമുള്ള 30കാരിയായ സറീനയുടെ(യഥാര്‍ഥ പേരല്ല) ദാമ്പത്യ ജീവിതത്തെ ദുഷ്‌കരമാക്കിയത് ഭര്‍ത്താവിന്റെ ഉഭയ ലൈംഗികതയാണ് (ബൈസെക്ഷ്വലിസം) ചെറുപ്പത്തില്‍ കൂട്ടുകാരനുമായുള്ള ലൈംഗിക ബന്ധം തന്നെ തൃപ്തിപ്പെടുത്തിയിരുന്നുവെന്ന് ഭര്‍ത്താവൊരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നാണ് സറീന പറയുന്നത്. അതിനാല്‍ ലൈംഗിക സുഖത്തിനായി ഗുദരതിക്ക്(anal sex) സറീനയെ നിര്‍ബന്ധിക്കുന്നത് പതിവായി. സമ്മതിക്കാതെ വരുമ്പോള്‍ ബലാത്സംഗമായി. വേദനിച്ച് അലറിക്കരഞ്ഞാല്‍ പോലും ദാക്ഷിണ്യമില്ലാതെ പെരുമാറും. ഒടുവില്‍ മല വിസര്‍ജ്ജനം നിയന്ത്രിക്കാനാവാത്ത കഴിവ് നഷ്ടപ്പെട്ട് ഗുദപേശികൾ അയഞ്ഞു പോയപ്പോള്‍ ഗൈനക്കോളജിസ്റ്റിനോട് പറയേണ്ടി വന്നു. ഈ ബന്ധം തുടര്‍ന്നു പോവാനാവില്ലെന്ന തിരിച്ചറിവില്‍ അവള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി. എന്നാല്‍ താഴെ പെണ്‍കുട്ടികളാണെന്ന് പറഞ്ഞ് സ്വന്തം വീട്ടുകാര്‍ തന്നെ ഭര്‍ത്താവിനൊപ്പം പോവാന്‍ നിര്‍ബന്ധിച്ചു.  
 
ഗുദരതിക്ക് നിര്‍ബന്ധിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് സ്ത്രീകളെ കൊണ്ടെത്തിക്കുന്നത്. 'പൊതുവെ മലവിസര്‍ജ്ജനം ശരിയായി നടക്കാന്‍ ഗുദ പേശികള്‍ മുറുക്കത്തോടെ ഇരിക്കേണ്ടതുണ്ട്. എന്നാൽ ഗുദരതിക്ക്(ഏനൽ സെക്സ്) തുടര്‍ച്ചയായി ഇരകളാകുന്ന സ്ത്രീകളിലെ ഗുദത്തിന് പൊട്ടല്‍ വീഴും. പേശികള്‍ അയഞ്ഞ് അറിയാതെ മല വിസര്‍ജജനം നടക്കുന്ന  അവസ്ഥകള്‍ക്ക് വരെ ഇടവെക്കും'. റെക്ടം ഇറങ്ങി വരുന്ന അവസ്ഥക്കിട വരുത്തുമെന്നും തൃശ്ശൂര്‍ സഹകരണആശുപത്രി കണ്‍സല്‍ട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ. നിജി ജസ്റ്റിന്‍ പറയുന്നു.
 
ഭര്‍ത്താവിന്റെ വ്യക്തിശുചിത്വമില്ലായ്മയാണ് തൃശ്ശൂരുകാരിയായ സുധയെ രോഗിയാക്കി തീര്‍ത്തത്. മദ്യപിച്ച് വരുന്ന ഭര്‍ത്താവ് പുലര്‍ച്ചെ നാലിന് എഴുന്നേറ്റ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കും. ബന്ധത്തിലേര്‍പ്പെട്ടാല്‍ ശുചിമുറിയില്‍ പോയി വ്യക്തി ശുദ്ധി വരുത്താന്‍ പോലും സമ്മതിക്കാതെ കൂടെ കിടത്തും. മൂത്രനാളിയില്‍ അണുബാധ വരുന്നത് പതിവായിരുന്നു. ഒരുപാട് ആന്റിബയോട്ടിക്കുകള്‍ സുധ കഴിച്ചു. ഡോക്ടര്‍മാര്‍ കാരണം ചോദിക്കുക പതിവായി. ഡോക്ടറോട് പറയാനുള്ള മടി കാരണം സ്വയം ചികിത്സയായി. ഇത് വൃക്കയിലേക്കു വരെ പഴുപ്പെത്തിച്ചു. ഒടുവില്‍ വൃക്ക തകരാറിലായ സന്ദര്‍ഭത്തില്‍ സാമൂഹിക പ്രവര്‍ത്തകയായ ഉമ പ്രേമനോടാണ് അവള്‍ തന്റെ സങ്കടം ആദ്യമായി പറയുന്നത്. അമിത ആന്റിബയോട്ടിക്കുകളുടെയും വേദനാസംഹാരികളുടെ ഉപയോഗവും ശുചിത്വമില്ലായ്മയുമാണ് തന്നെ വൃക്കരോഗിയാക്കിയതെന്ന കാര്യം ഡോക്ടര്‍മാരോട് പോലും അവളിതുവരെ തുറന്നു പറഞ്ഞിട്ടില്ല.
 
കേരളത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള സ്ത്രീകളില്‍ 2.1% പേര്‍ എസ്ടിഐ (സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഇന്‍ഫക്ഷന്‍)ഉള്ളവരാണ്. അസ്വാഭാവികമായ തരത്തിലുള്ള വെള്ളപോക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉള്ളവരാണ് 4.3 % സ്ത്രീകള്‍. യോനീ വ്രണമോ കുരുക്കളോ ഉള്ളവരാണ് കേരളത്തിലെ 5.7% സ്ത്രീകള്‍. 9.5% സ്ത്രീകള്‍ക്ക് വ്രണമോ ജെനിറ്റല്‍ ഡിസ്ചാര്‍ജ്ജോ ഉണ്ടെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വ്വെ-4 പറയുന്നു
 
ആര്‍ത്തവ സമയത്തെ ലൈംഗിക ബന്ധം
 
55 വയസ്സുള്ള കോഴിക്കോട്ടുകാരിയായ വീട്ടമ്മ റഹ്മത്ത് ഭര്‍ത്താവില്‍ നിന്ന് അനുഭവിക്കുന്ന ക്രൂരതയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മൂത്തമകളെ പ്രസവിച്ച് 40 തികയും മുമ്പെ ഭര്‍ത്താവിന്റെ ലൈംഗികാതിക്രമത്തിന് ഇരയായവളാണ് റഹ്മത്ത്. ആര്‍ത്തവ ദിവസങ്ങളില്‍ പോലും രക്ഷയുണ്ടായിരുന്നില്ല. ആ ദിവസങ്ങളില്‍ വദന സുരതത്തിന് വിധേയയാക്കും. 60 വയസ്സ് കഴിഞ്ഞ ഭര്‍ത്താവിന് ലൈംഗിക ശേഷി കുറഞ്ഞു വന്നതോടെ വിരലുകളുപയോഗിച്ച് സ്വകാര്യഭാഗങ്ങളെല്ലാം മുറിവേറ്റ് വീങ്ങാനും തുടങ്ങി. ആ മുറിവുകള്‍ സഹിക്കവയ്യാതായപ്പോഴാണ് അവര്‍ അഭയകേന്ദ്രത്തിലഭയം തേടിയത്.  പ്രസവം കഴിഞ്ഞ് സ്റ്റിച്ച് ഉണങ്ങുന്നതിന് മുമ്പ് ബലാല്‍സംഗത്തിനിരയായി അവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അനുഭവം വരെയുണ്ടായിട്ടുണ്ട്. 
 
ആര്‍ത്തവ കാലത്തെ ലൈംഗിക ബന്ധം സ്ത്രീകളില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ആര്‍ത്തവകാലത്ത് അണുബാധ സാധ്യത വളരെ കൂടുതലാണ് . സ്ത്രീകളെ സംബന്ധിച്ച് കൂടുതല്‍ ശുചിത്വം പാലിക്കേണ്ട സമയമാണിത്. വൃത്തിഹീനമായ സാഹചര്യത്തില്‍ നിയന്ത്രണമില്ലാതെയുള്ള ലൈംഗിക ബന്ധം സ്ത്രീകള്‍ക്ക് യോനീ-മൂത്രനാളീ അണുബാധയ്ക്കും മറ്റ് ഗുഹ്യരോഗങ്ങള്‍ക്കും കാരണമാവും. ജെനിറ്റല്‍ വാട്‌സ്(യോനിയില്‍ അരിമ്പാറ) ഹെര്‍പസ് സോസ്റ്റര്‍ , ഹെര്‍പസ് സിംപ്ലക്‌സ് തുടര്‍ച്ചയായുള്ള വൃത്തിഹീനമായ ലൈംഗിക ബന്ധത്തിലൂടെ ഭാര്യമാര്‍ക്ക് വരുന്ന രോഗങ്ങളാണ്. സ്ത്രീകള്‍ സ്വയം തയ്യാറെടുത്തിട്ടില്ലാത്ത സന്ദര്‍ഭങ്ങളിലും ഉള്ള നിര്‍ബന്ധിത ലൈംഗിക ബന്ധം ഇത്തരം രോഗങ്ങള്‍ക്ക് കാരണമായേക്കാം. മാത്രമല്ല പുരുഷന്‍മാരുടെ പരസ്ത്രീ ഗമനവും ഭാര്യമാര്‍ക്ക് എസ്ടിഡി(സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസ്) രോഗങ്ങള്‍ക്ക് ഇടവരുത്തുമെന്ന് ഡോക്ടര്‍ നിജി ജസ്റ്റിന്‍ പറയുന്നു.
 
പ്രസവാനന്തര ബലാത്സംഗം
 
കോടഞ്ചേരിയിലെ ആദിവാസി കോളനിയിലെ സ്ത്രീയുടെ ഭര്‍ത്താവ് കഞ്ചാവിനടിമയാണ്. ചെറിയ ഇടവേളകള്‍ പോലും ഇല്ലാതെയാണ് അവര്‍ ഗര്‍ഭിണിയായത്. ആദ്യപ്രസവം കഴിഞ്ഞ് പതിനാറാം ദിവസം ഭര്‍ത്താവ് ബലാത്സംഗം ചെയ്തു. സ്റ്റിച്ച് പൊട്ടി ആശുപത്രിയിലായി. ഇവരിപ്പോള്‍ വേര്‍പെട്ട് കഴിയുകയാണ്. 
 
അമിതമായും ബലം പ്രയോഗിച്ചുമുള്ള നിരന്തരമായ ലൈംഗിക ബന്ധം സ്ത്രീകള്‍ക്ക് അസ്ഥിക്ഷയവും പേശീ ബലക്കുറവും ഉണ്ടാക്കും. ചികിത്സിച്ച് മാറ്റാനാവാത്ത ഊരവേദനകള്‍ക്കും സന്ധി വേദനകള്‍ക്കും ഇടവരുത്തും. ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം ഇന്ത്യയിലെ ഏത് പൗരനും ഭരണഘടന നല്‍കുന്നുണ്. ഭര്‍തൃ ബലാത്സംഗത്തെ കുറ്റകൃത്യമായി പരിഗണിക്കാത്തതിലൂടെ സ്ത്രീകള്‍ക്ക് ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം കൂടിയാണ് നിഷഷേധിക്കുന്നത്. ഇന്ത്യയിലെ 4% സ്ത്രീകള്‍ ഗര്‍ഭകാലത്ത് ഭര്‍ത്താക്കന്‍മാരാല്‍ ശാരീരിക അതിക്രമത്തിന് വിധേയരാവുന്നവരാണ് എന്നാണ് ദേശീയ കുടുംബാാരോഗ്യ സര്‍വ്വെ -4 പറയുന്നത്.
 
niji justinഡോക്ടര്‍ക്ക് പറയാനുള്ളത്
 
നിര്‍ബന്ധിതവും വൃത്തിഹീനവുമായ ലൈംഗിക ബന്ധം പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസിന് വഴിവെക്കും. മൂത്രനാളിയും യോനിയും അടുത്തടുത്തായതിനാല്‍ മൂത്ര സഞ്ചിയെയും പിന്നീട് വൃക്കയെയും തകരാറിലാക്കുന്ന അവസ്ഥയ്ക്കു വരെ വലിയ അണുബാധകള്‍ ഇടവരുത്തും.
 
ലൈംഗിക ബന്ധം നടന്നതിന് ശേഷവും മുമ്പും യോനി കഴുകി വൃത്തിയാക്കുന്നത് നല്ലതാണ്. മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത സ്ത്രീകള്‍ക്ക് കൂടുതലായതിനാലാണ് ഈ കഴുകല്‍ നിര്‍ബന്ധമായും നടത്തണമെന്ന് പറയുന്നത്. വൃത്തിക്കുറവുളള ഭര്‍ത്താക്കന്‍മാരാണെങ്കില്‍ കോണ്ടം ഉപയോഗിച്ച് ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് നല്ലത്. വൃത്തിയില്ലായ്മ പങ്കാളിക്ക് ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശ നിഷേധമായി വരെ കാണാവുന്നതാണ്. ഗുഹ്യ രോഗങ്ങള്‍ സ്ത്രീകളിലെ വന്ധ്യതയ്ക്ക് വരെ കാരണമാകുന്നു.
 
പ്രായം കൂടുന്തോറും സ്ത്രീകളുടെ യോനി വരളും. അതിനാല്‍ സ്ത്രീകളുടെ താത്പര്യത്തിനും സാഹചര്യത്തിനും പ്രാധാന്യം കൂടുതല്‍ നല്‍കേണ്‍തുണ്ട്. സ്ത്രീ തയ്യാറല്ലെങ്കിലും യോനി വരളും. ഇത് ലൈംഗിക ബന്ധം വേദനാജനകമാക്കും. പൊട്ടലും വിള്ളവും വീഴും. ഈ വേദന അറിഞ്ഞു കൊണ്ട് സ്ത്രീകളെ ഉപദ്രവിക്കുന്നത് ആവശ്യം നിറവേറ്റലല്ല പകരം കുറ്റകൃത്യമാണ്. 
 
ഡോ നിജി ജസ്റ്റിന്‍, ഗൈനക്കോളജിസ്റ്റ്, തൃശ്ശൂര്‍ സഹകരണ ആശുപത്രി
 
ഐക്യരാഷ്ട്രസഭയുടെ സമ്മര്‍ദ്ദത്തിനു പോലും വഴങ്ങാതെ ഇന്ത്യ
 
സ്ത്രീകള്‍ക്കു നേരെയുള്ള എല്ലാ വിവേചനങ്ങള്‍ക്കും എതിരേ ഐക്യരാഷ്ട്ര സഭ കൊണ്ട് വന്ന ഉടമ്പടയില്‍ ഒപ്പുവെക്കുകയും ഇതുമായി ബന്ധപ്പെട്ടുള്ള കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്രതലത്തിലെ കരടുരേഖയായാണ് എലിമിനേഷന്‍ ഓഫ് ഓള്‍ ഫോംസ് ഓഫ് ഡിസ്‌ക്രിമിനേഷന്‍ എഗെന്‍സ്റ്റ് വുമന്‍ എന്ന ഉടമ്പടിയെ പരിഗണിക്കുന്നത്. 1981ല്‍ കൊണ്ടുവന്ന ഈ കരടു രേഖയില്‍ 189 രാഷ്ട്രങ്ങളാണ് ഒപ്പുവെച്ചത്. വിവാഹിതയാണോ അല്ലയോ എന്ന വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന എന്ത് വേര്‍തിരിവും നിയന്ത്രണവും ഈ ഉടമ്പടിയുടെ ഒന്നാം അനുഛേദപ്രകാരം തെറ്റാണ്. എന്നാല്‍ ഐപിസി 375ല്‍ ബാല്‍സംഗത്തിന്റെ നിര്‍വ്വചനത്തില്‍ നിന്ന് വിവാഹിതയായ സ്ത്രീകളെ ഒഴിവാക്കുന്നത് ഈ ഉടമ്പടിക്ക് കടകവിരുദ്ധമായ പ്രവൃത്തിയാണ്. ഉടമ്പടിയുടെ അനുഛേദം രണ്ട് പ്രകാരം ഭർതൃ ബലാത്സംഗം വയലന്‍സിന്റെ പരിധിയില്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല ഇവയെല്ലാം തടയാന്‍ ഓരോ രാജ്യവും ഫലപ്രദമായ നിയമ നടപടികള്‍ (കുറ്റവും ശിക്ഷയും, പരിഹാരമാര്‍ഗ്ഗങ്ങളും ഇരയ്ക്ക് നഷ്ടപരിഹാരവുമടക്കം) കൊണ്ടുവരണമെന്നും ഉടമ്പടി നിര്‍ദേശിക്കുന്നുണ്ട്. മാരിറ്റല്‍ റേപ്പിനെ ക്രിമിനല്‍ കുറ്റമാക്കണമെന്ന് യു എന്‍ ഇന്ത്യയോട് നിര്‍ദേശിച്ചിരുന്നു. വിവാഹബന്ധം എന്നത് രാജ്യത്ത് പവിത്രമാണെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്.
 
2011ലെ ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് പ്രകാരം 52 രാഷ്ട്രങ്ങള്‍ ഭര്‍തൃ ബലാല്‍സംഗത്തെ ക്രിമിനല്‍ കുറ്റമായി കാണുന്നുണ്ട്. ഭർതൃ ബലാത്സംഗത്തെ ക്രിമിനല്‍ കുറ്റകൃത്യമാക്കി കൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ സോവിയറ്റ് യൂണിയന്‍(1960), പോളണ്ട്(1932),ചെക്കോസ്ലാവാക്യ(1950) എന്നിവയാണ്. സ്വീഡന്‍(1965), നോര്‍വ്വെ(1971)  ഡെന്‍മാര്‍ക്ക്(1960), ഓസ്‌ട്രേലിയ കാനഡ(1983) ന്യൂസിലാന്റ്(1985) അയര്‍ലന്റ്(1990) തുടങ്ങിയ രാജ്യങ്ങളും ഒന്നിനു പുറകെ ഒന്നായി ഭര്‍തൃ ബലാല്‍സംഗത്തെ ക്രിമിനല്‍വത്കരിച്ചു. ഏറ്റവും ഒടുവിലായി 2013ല്‍  ബൊളീവിയയും ദക്ഷിണ കൊറിയയും നിയമഭേദഗതി കൊണ്ടുവന്നു.  അവിവാഹിതയായ സ്ത്രീക്ക് നേരെ നടക്കുന്ന പ്രവൃത്തി കുറ്റകൃത്യമാവുകയും വിവാഹിതയായ സ്ത്രീക്ക് നേരെ നടക്കുന്ന കാര്യം  കുറ്റകൃത്യമാവാതിരിക്കുകയും ചെയ്യുന്ന നിയമത്തിന്റെ തരംതിരിവ് ശരായായ നടപടിയല്ല എന്നായിരുന്നു 2002ല്‍ നേപ്പാള്‍ സുപ്രീം കോടതി നിരീക്ഷിച്ചത്. 
 
ക്രിമിനല്‍വത്കരണത്തിന് എതിരെയുള്ള വാദങ്ങള്‍ മറുപടികള്‍
 
  • ഭര്‍തൃബലാത്സംഗം ക്രമിനല്‍ കുറ്റമാക്കിയാല്‍ വ്യാപകമായി ദുരുപയോഗിച്ചേക്കാം.
ഇന്ത്യയില്‍ ഒരുപാട് നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുണ്ട്. അതിന് മുന്‍കരുതലുകള്‍ എടുക്കുകയാണ് വേണ്ടത്.സ്ത്രീകളെ സംബന്ധിച്ചുള്ള വിഷയം വരുമ്പോള്‍ മാത്രമാണ് ദുരുപയോഗം എന്ന സാമാന്യവത്കരണം വരുന്നത്
  • ഭര്‍തൃബലാത്സംഗം ആണോ അല്ലയോ എന്ന തീരുമാനം ഭാര്യയ്ക്കു മാത്രം നിശ്ചയിക്കാവുന്ന അവസ്ഥ സംജാതമാവും   
ഇന്ത്യന്‍ സ്ത്രീയെ സംബന്ധിച്ച് കുടുംബമെന്നത് പരമപ്രധാനമാണ് അതിനാലാണ് ലൈംഗിക ചൂഷണം വലിയതോതില്‍ ഉണ്ടായിട്ടും പരാതികള്‍ കുറയുന്നത്. അതിനാല്‍ തന്നെ സ്വന്തം ഭര്‍ത്താവിനെതിരേ വ്യാജ പരാതി നല്‍കി സ്വന്തം ജീവിതം അസ്ഥിരപ്പെടുത്താന്‍ ഭൂരിഭാഗം സ്ത്രീകളും താത്പര്യപ്പെടില്ല. 
  • ഇത്തരമൊരു അതിക്രമത്തിന് എന്ത് തെളിവ് ഹാജരാക്കാന്‍ കഴിയും?  
വ്യാജ പരാതിയാണോ അല്ലയോ എന്ന് തെളിയിക്കാന്‍ ശാസ്ത്രീയ രീതികള്‍ അവലംബിക്കണം.  
  • വിവാഹം എന്നത് പവിത്രമായ സ്ഥാപനം പോലെയാണ്                     

  സ്ത്രീക്ക് നീതി നിഷേധിച്ചു കൊണ്ടല്ല ആ സങ്കല്‍പങ്ങള്‍ നിലനില്‍ക്കേണ്ടത്. ലൈംഗിക പീഡനത്തെ ഉള്‍ക്കൊള്ളുന്നതാണ് വിവാഹമെന്ന സ്ഥാപനവും സങ്കല്‍പവുമെങ്കില്‍ അതിനെ വിവാഹമെന്നല്ല പകരം അധീനപ്പെടുന്ന അവസ്ഥ എന്നാണ് വിളിക്കേണ്ടത്.

  • ഭര്‍തൃബലാത്സംഗത്തെ കുറ്റകൃത്യമാക്കുകയല്ല പകരം സാമൂഹികവും ധാര്‍മ്മികവുമായ ബോധവത്കരണമാണ് വേണ്ടത്
തെറ്റ് ചെയ്താല്‍ കുറ്റം അതിന് ശിക്ഷ അഥവാ ഡിറ്ററന്റ് എഫക്ട് എന്ന പ്രമാണത്തില്‍ നിന്നാണ് ശിക്ഷാ നടപടി എന്ന ആശയം രാജ്യങ്ങളെല്ലാം സ്വാംശീകരിച്ചത്. ബോധവത്കരണം കൊണ്ടു മാത്രം ചെയ്യുന്നത് കുറ്റകൃത്യമാണെന്ന ബോധ്യത്തിലേക്ക് ജനത എത്തില്ല. 
  • പാശ്ചാത്യ രാജ്യങ്ങള്‍ ഭര്‍തൃബലാത്സംഗത്തെ ക്രിമിനല്‍വത്കരിച്ചു എന്ന് കരുതി ഇന്ത്യ അത് പിന്തുടരണമെന്നില്ല. ഇന്ത്യയ്ക്ക് ഇന്ത്യയുടേതായ സംസ്‌കാരമുണ്ട്.

ഭര്‍തൃ ബലാല്‍സംഗമെന്നത് ഒരു കുറ്റകൃത്യമാണ് കോണ്‍സെപ്റ്റല്ല. കോണ്‍സപ്റ്റിന്റെ വിഷയത്തിലേ സംസ്‌കാരത്തിനെ കുറിച്ച് പറയേണ്ടതുള്ളൂ. ഇവിടെ നമ്മള്‍ കുറ്റകൃത്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്.

  • ഒരു പുരുഷനെ വിവാഹം കഴിക്കുന്നു എന്നതില്‍ തന്നെ അയാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സമ്മതം നല്‍കുന്നതിന് തുല്യമാണ് 
ഒരു സ്ത്രീക്ക് അവളുടെ ശരീരത്തില്‍ നിര്‍ണ്ണയാവകാശമുണ്ടെന്ന് ഐപിസി 497 റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി വിധിച്ചതാണ്. സ്ത്രീ ഭര്‍ത്താവിന്റെ സ്വത്തല്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. 
  • വിവാഹ ബന്ധം തകര്‍ന്ന് പോവാതെയുള്ള എല്ലാ അനുരഞ്ജന ശ്രമങ്ങളെയും ഇല്ലാതാക്കും 
റേപ് ചെയ്താല്‍ ഒഫന്‍സായി കഴിഞ്ഞു. അങ്ങനെ ചെയ്യുന്ന ഒരാളുമായി അനുരഞ്ജനത്തിന്റെ ആവശ്യമേയില്ല
 
നിര്‍ദേശങ്ങള്‍
 
ഐപിസി 375ലെ ബലാല്‍സംഗത്തിന്റെ നിര്‍വ്വചനത്തില്‍ നിന്ന് ഭര്‍തൃ ബലാല്‍സംഗത്തെ ഒഴിവാക്കിയ വ്യവസ്ഥ എടുത്തു കളയണം. ഭര്‍തൃ ബലാല്‍സഗം കുറ്റകൃത്യമാക്കണം
 
ഭര്‍തൃ ബലാല്‍സംഗവുമായി  ബന്ധപ്പെട്ട് സംസ്ഥാനത്ത് സമഗ്രമായ സര്‍വ്വേ നടത്തേണ്ടതുണ്ട്. പല കണക്കുകളും പൂര്‍ണ്ണമല്ല
 
കുടുംബങ്ങളില്‍ ആണ്‍കുട്ടികളെ വളര്‍ത്തുന്നത് വലിയ ഘടകമാണ്. ജെന്‍ഡര്‍ വിദ്യാഭ്യാസം കുഞ്ഞുനാള്‍ മുതലേ കുട്ടികള്‍ക്ക് നല്‍കണം. അങ്കണവാടികളിലെ അപ്പം ചുടാനൊരമ്മയുണ്ട് എന്ന പാട്ടില്‍ നിന്ന് തുടങ്ങണം മാറ്റങ്ങള്‍
 
അങ്കണവാടികളിലെ കൗമാര്‍ക്കാര്‍ക്കായുള്ള ക്ലബ്ബുകളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായാണ് ബോധവത്കരണ ക്ലാസ്സുകള്‍ നല്‍കുന്നത്. ഇവിടങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും ക്ലാസ്സുകള്‍ നല്‍കേണ്ടതുണ്ട്. ലൈംഗിക വിദ്യാഭ്യാസവും ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധത്തിന്റെ പ്രാധാന്യവും ഇതിലൂടെ നല്‍കണം. 
 
മാരിറ്റല്‍ റേപ് ഹെല്‍പ് ഡെസ്‌ക് വേണം. 
 
 
Ambedkarഭര്‍തൃ ബലാത്സംഗമെന്നത് ഇന്ത്യയില്‍ സാധാരണമാണ്. പക്ഷെ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് മാത്രം. സന്നദ്ധ സംഘടനയായ ജോയിന്റ് വുമണ്‍ പ്രോഗ്രാം കണ്ടെത്തിയത് ഇന്ത്യയില്‍ ഏഴിലൊന്ന് ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരാല്‍ ഒരു തവണയെങ്കിലും ബലാത്സംഗത്തിനിരയാവുന്നുവെന്നാണ്. പക്ഷെ നിയമം പരാതിപ്പെടാനുള്ള ധൈര്യം സ്ത്രീക്ക് നല്‍കുന്നില്ല. 
അതേ കുറിച്ച് ഡോ അംബേദ്കര്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു  വിവാഹം എന്ന സ്ഥാപനത്തിനുള്ളില്‍ തന്നെ ഭാര്യയുടെ സമ്മതം ഒളിഞ്ഞിരിപ്പുണ്ടെന്ന് ഒരു ധ്വനിയുണ്ട് സമൂഹത്തിന്. നിയമ നിര്‍മ്മാണം കൊണ്ട് മാത്രം എല്ലാം ശരിയാകില്ല. പുരുഷാധിപത്യ സമൂഹത്തിലും ആണ്‍കോയ്മയുള്ള കുടുംബ സംവിധാനത്തിലും കാതലായ മാറ്റങ്ങളുണ്ടാവണം. നിയമം നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അത് ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന ഉറപ്പു വരുത്താന്‍ കഴിയുകയും വേണം.

(17.07.19 ലെ മാതൃഭൂമി എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച 'സാക്ഷരകേരളത്തിലെ ഭര്‍ത്തൃബലാത്സംഗം' എന്ന പരമ്പരയുടെ അഞ്ചാം ഭാഗമായ അറിയുന്നുണ്ടോ  അവള്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍  പൂര്‍ണ്ണരൂപത്തില്‍)

 

(അവസാനിച്ചു)

നാലാം ഭാഗം: സാക്ഷര കേരളത്തിലെ ഭര്‍തൃബലാത്സംഗങ്ങള്‍  04 | നീതിനിഷേധത്തിന് കൂട്ടു നില്‍ക്കുന്നതാര്?

മൂന്നാം ഭാഗം: സാക്ഷര കേരളത്തിലെ ഭര്‍തൃബലാത്സംഗങ്ങള്‍ 03 | ലഹരിയും പോണോഗ്രാഫിയും കിടപ്പറയില്‍

രണ്ടാം ഭാഗം: സാക്ഷര കേരളത്തിലെ ഭര്‍തൃബലാത്സംഗങ്ങള്‍ 02 | പുരുഷാധിപത്യത്തിന്റെ പരിണിത ഫലങ്ങള്‍

ഒന്നാം ഭാഗം: സാക്ഷര കേരളത്തിലെ ഭര്‍തൃബലാത്സംഗങ്ങള്‍ 01 | വൈകൃതത്തിനുള്ള മറയല്ല വിവാഹം

 
content highlights: Marital rapes in highly literate Kerala, chapter 5 on health issues, series story Nileena Atholi