കേരളം പൊതുമേഖല സ്ഥാപനങ്ങളുടെ കൂടി സ്വന്തം നാടാണ്. മലയാളികളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ഒരു പൊതുമേഖല സ്ഥാപനമാണ്. കെ.എസ്.ആര്‍.ടി.സി. നാടിന്റെ നട്ടെല്ലായ യാത്രാസൗകര്യം ഒരുക്കുമ്പോഴും കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനെന്ന ഈ വെള്ളാന അനുദിനം കിതച്ചു കൊണ്ടിരിക്കുകയാണ്. ആരൊക്കെ ശ്രമിച്ചിട്ടും നന്നാകാത്ത ഈ വെള്ളാനയെ എങ്ങനെ രക്ഷിച്ചെടുക്കാം?

കുതിക്കാന്‍ കൊതിച്ച് കെ.എസ്.ആര്‍.ടി.സി

ഭാഗം - 4

നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുള്ള കേരളത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് വ്യക്തമായ ഇരിപ്പിടമുണ്ട്. ആ ഇരിപ്പിടത്തിന് ഇളക്കമേല്‍പ്പിക്കുന്നതില്‍ ഒരു പങ്ക് സ്വകാര്യ ബസുകള്‍ക്കുണ്ട്. കൃത്യമായ സമയക്രമം പാലിച്ച് ഓടുന്ന കോര്‍പ്പറേഷന്‍ വാഹനങ്ങളെ കവച്ചുവെച്ചാണ് സ്വകാര്യബസുകള്‍ തേരോട്ടം നടത്തുന്നത്.

Part 41950-ലാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആക്ട് നിലവില്‍ വരുന്നത്. യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ഗതാഗതസൗകര്യം ഒരുക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാനലക്ഷ്യം. എങ്കിലും മുന്‍പെങ്ങുമില്ലാത്തവിധത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് കോര്‍പ്പറേഷന്‍ ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ഇന്നത്തെ അവസ്ഥ വെച്ചുനോക്കുകയാണെങ്കില്‍ കോര്‍പ്പറേഷന് കിട്ടേണ്ട വരുമാനം മറ്റുള്ളവര്‍ കൊണ്ടുപോകുന്നു എന്നതാണ് ആദ്യ പ്രശ്‌നം. വ്യാവസായികാടിസ്ഥാനത്തിലാണോ സേവനാടിസ്ഥാനത്തിലാണോ കെ.എസ്.ആര്‍.ടി.സി പ്രവര്‍ത്തിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഒരിക്കല്‍പ്പോലും പ്രഖ്യാപിച്ചിട്ടില്ല എന്നുള്ളതാണ് അടുത്ത പ്രശ്‌നം. കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന് മുകളില്‍ വരുന്ന ഗതാഗതവകുപ്പ്, ധനകാര്യവകുപ്പ് എന്നിവര്‍ യഥാസമയം കോര്‍പ്പറേഷനെ പിന്തുണച്ചില്ല എന്നുവേണം കരുതാന്‍. കെ.എസ്.ആര്‍.ടി.സിയുടെ നാഷണൈല്‌സ്ഡ് പെര്‍മിറ്റ് സംരക്ഷിക്കേണ്ട മോട്ടോര്‍ വാഹനവകുപ്പ്, പോലീസ് എന്നിവരും വേണ്ടസമയത്ത്  മുഖംതിരിക്കുകയാണുണ്ടായത്.

കെ.എസ്.ആര്‍.ടി.ഇ.എയുടെ നേതൃത്വത്തില്‍ നടത്തിയ രാഹുല്‍ ടോം കേസും ഈയവസരത്തില്‍ പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. 1976-ന് ശേഷം പെര്‍മിറ്റ് അനുവദിക്കപ്പെട്ട എല്ലാ സ്വകാര്യ സര്‍വീസുകളും നിയമവിരുദ്ധമാണ് എന്നും അത് റദ്ദ് ചെയ്യണമെന്നുമായിരുന്നു 2001-ല്‍ രാഹുല്‍ ടോം കേസില്‍ വിധി വരുന്നത്.ഇതേ വിധി തന്നെ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചും നടത്തിയിട്ടുണ്ട്. രാഹുല്‍ ടോം കേസിന്റെ അനുബന്ധമായി 14-7-2009 ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച GOP 42 / ഗതാഗതം എന്ന ഉത്തരവ് പ്രകാരം കെ.എസ്.ആര്‍.ടി.സി നാഷണലൈസ്ഡ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് കാലാവധിക്ക് ശേഷം  കെ.എസ്.ആര്‍.ടിസിക്ക് ഏറ്റെടുക്കാനുള്ള അനുവാദമുണ്ടായിരുന്നു. എന്നാല്‍ അന്ന് മന്ത്രിയായിരുന്ന മാത്യൂ.ടി.തോമസിനെ മാറ്റി ജോസ് തെറ്റയിലിനെ കൊണ്ടുവന്ന് ആ നിയമം അട്ടിമറിക്കുകയാണുണ്ടായത്. 14-7-2009 ല്‍ വന്ന ഉത്തരവ് പക്ഷേ രണ്ട് മാസങ്ങള്‍ക്ക് ശേഷം സ്റ്റേ ആയിപ്പോവുകയാണുണ്ടായത്. ഈ കേസില്‍ പിന്നീട് വിധി വരുന്നത് 2015-ലാണ്.  

ആര്യാടന്‍ മുഹമ്മദ് ഗതാഗതമന്ത്രിയായിരുന്നപ്പോള്‍ 241 സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തിരുന്നു. എന്നാല്‍ 11-5-2016ലെ സ്വകാര്യ ബസ് പണിമുടക്കിന്റെ ഒത്തുതീര്‍പ്പ് എന്ന് നിലയ്ക്ക് ഏറ്റെടുത്ത എല്ലാ പെര്‍മിറ്റുകളും സര്‍ക്കാര്‍ പുതുക്കി നല്‍കി. എം.എസ്.45/2015 എന്നാണ് ഇതറിയപ്പെടുന്നത്. നിയമം പാലിക്കേണ്ട സര്‍ക്കാര്‍ തന്നെ നിയമവിരുദ്ധമായ ഉത്തരവ് ഇറക്കിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. സെക്ഷന്‍ 67 പ്രകാരം ഇങ്ങനെയൊരധികാരം സര്‍ക്കാരിനില്ല. ഒരിക്കല്‍ ഏറ്റെടുത്ത പെര്‍മിറ്റ് എങ്ങനെ പുതുക്കി നല്‍കി എന്നത് ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയ സമയത്ത് തന്നെ ഇതെങ്ങനെ നടപ്പാക്കും എന്ന് ഇംപ്ലിമെന്റിങ് അതോറിറ്റി സര്‍ക്കാരിനോട് നിര്‍ദേശം മുന്നോട്ടുവെച്ചെങ്കിലും മറുപടിയൊന്നുമുണ്ടായില്ല.

അന്നത്തെ ഉത്തരവ് പരിശോധിച്ചാല്‍ രണ്ട് സ്‌കീമുകള്‍ ഒരു ഗവണ്‍മെന്റ് ഉത്തരവിലൂടെ ഭേദഗതി ചെയ്തതായി കാണാം. ഇതേ ഉത്തരവിലെ ആറാം നമ്പറായി പറയുന്നത് 20-8-2015-ന് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറങ്ങി 15 ദിവസത്തിനുള്ളില്‍ പുതിയ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി പെര്‍മിറ്റുകള്‍ക്ക് സമയക്രമം അനുവദിച്ചു നല്‍കണമെന്നാണ്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും അത്തരമൊരു സമയക്രമം അനുവദിക്കപ്പെട്ടിട്ടില്ല. ഇതിനെതിരെ സമരം ചെയ്ത ഇടതുപക്ഷമാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത് എന്നതാണ് തമാശ. ഈ ഉത്തരവിറങ്ങുമ്പോള്‍ ലിമിറ്റഡ് സ്‌റ്റോപ്പ് ഓര്‍ഡിനറി എന്നൊരു വിഭാഗം 1989-ലെ കേരള മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലില്ലായിരുന്നു. നിലവിലില്ലാത്ത ഒരു കാറ്റഗറിക്ക് എങ്ങനെ സമയക്രമം നല്‍കും എന്ന ചോദ്യവും ഇവിടെ ഉയരുന്നു.

സുപ്രീം കോടതി നിര്‍ദേശപ്രകാരം ഒരു നിയമം വിധി വരുന്നതിന് മുമ്പ് ഹൈക്കോടതി സ്‌റ്റേ ചെയ്തു എന്ന കാര്യം സ്വകാര്യ ബസുകാരെ സഹായിക്കാനാണ് എന്ന് ആരോപണമുണ്ട്. രാഹുല്‍ ടോം കേസ് കൊടുത്ത കെ.എസ്.ആര്‍.ടി.ഇ എ തന്നെ 2011-ല്‍ വീണ്ടും കക്ഷി ചേര്‍ന്നതും ഈ അവസരത്തില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് സ്വകാര്യ ബസുകളുടെ സമ്മര്‍ദ്ദത്തിലേക്ക് തന്നെയാണ്. പുതുതായി അനുവദിക്കപ്പെട്ട സര്‍വീസുകള്‍ക്ക് ലഭിച്ച സര്‍വീസ് ഓര്‍ഡിനറിയാണെങ്കിലും സമയക്രമം അന്ന് സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള കാറ്റഗറിയിലേതായിരുന്നു. ഓര്‍ഡിനറി സര്‍വീസിന് സൂപ്പര്‍ ക്ലാസ് സമയക്രമം എന്നത് ഒരുപക്ഷേ ക്രളത്തില്‍ മാത്രമേ കാണൂ. ഫലത്തില്‍ ഒരേസമയം സ്വകാര്യ ബസും കെ.എസ്.ആര്‍.ടി.സി ബസും ഒരേ റൂട്ടില്‍ സര്‍വീസ് നടത്തേണ്ടിവരും. ഇതൊന്നും ജനങ്ങള്‍ അറിയുന്നില്ല എന്നതാണ് വാസ്തവം.

ആര്‍.ടി.സി നിയമത്തിന്റെ ഉദ്ദേശം തന്നെ ചിലവ് കുറച്ച് മികച്ച യാത്രാസൗകര്യം ഒരുക്കുക എന്നതാണ്. ലാഭം എന്ന ആശയം ഇല്ല എന്ന് സാരം. ഇന്ത്യയിലൊഴിച്ച് മറ്റെല്ലായിടത്തും പൊതുമേഖലാ ഗതാഗതസംവിധാനത്തിനാണ് മുന്‍തൂക്കം. ഷാര്‍ജ, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ തുടങ്ങിയിടത്തെല്ലാം മികച്ച രീതിയിലുള്ള പൊതുഗതാഗത സംവിധാനമാണുള്ളത്. പൊതുമേഖലയില്‍ സഞ്ചരിക്കാന്‍ പണംപോലും വാങ്ങാത്ത രാജ്യങ്ങളുണ്ട്.  സ്വകാര്യബസുകള്‍ക്ക് അനാവശ്യമായി പെര്‍മിറ്റുകളനുവദിച്ച് കെ.എസ്.ആര്‍.ടി.സിയെ കൊല്ലുന്നത് രാഷ്ട്രീയക്കാരുള്‍പ്പെടുന്ന അധികാരവര്‍ഗം തന്നെയാണെന്നും ഉള്ളുകൊണ്ട് എല്ലാവരും ഒന്നാണെന്നുമാണ് ഈ രംഗത്ത് ജോലി ചെയ്തിരുന്നവര്‍ അഭിപ്രായപ്പെടുന്നത്.

കേരളത്തില്‍ പൊതുഗതാഗതരംഗത്ത് കെ.എസ്.ആര്‍.ടി.സി 27% സ്വകാര്യ മേഖല 73% എന്നിങ്ങനെ കൈകാര്യം ചെയ്യുന്നു. 13 % ല്‍ നിന്ന് കെ.എസ്.ആര്‍.ടി.സി 27% ഉയര്‍ന്നത് 2007-2011ലെ വി.എസ്. അച്യുതാനന്ദന്‍ ഭരണ കാലത്താണ് ഇന്ന് കേരളത്തില്‍ കെ.എസ്.ആര്‍.ടി.സി ക്ക് മാത്രമായി സര്‍വ്വീസ് നടത്താവുന്ന 31 റൂട്ടുകള്‍ ഉണ്ട്. ഈ റൂട്ടുകളില്‍ 1989 ന് ശേഷം ഏകദേശം 15,000 സ്വകാര്യ ബസ്സുകള്‍ക്ക് നിയമ വിരുദ്ധമായി പെര്‍മിറ്റ് നല്‍കപ്പെട്ടു. രാഹുല്‍ ടോം കേസില്‍ 'കേരള ഹൈക്കോടതി 1976 ശേഷം കെ.എസ്.ആര്‍.ടി.സി യുടെ റൂട്ടുകളില്‍ നല്‍കിയ പെര്‍മിറ്റുകള്‍ നിയമവിരുദ്ധമാണ് എന്ന് വിധിച്ചു. തുടര്‍ന്ന് അപ്പീലില്‍ സുപ്രീകോടതി നിര്‍ദ്ദേശ പ്രകാരം 14, 7.2009 ല്‍ ഗവ. GO (P) 42l 2009 എന്ന ഉത്തരവ് പുറപ്പെടുവിച്ചു. മേല്‍ ഉത്തരവ് പ്രകാരം ദേശസാല്‍ക്കൃത റൂട്ടുകളില്‍ സ്ഥിരം പെര്‍മിറ്റ് സമ്പാദിച്ച് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് വകുപ്പ് 4 പ്രകാരം S.I.F- കെ.എസ്.ആര്‍.ടി.സിക്ക് ഏറ്റെടുക്കാം. എന്നാല്‍ മേല്‍ ഉത്തരവ് പ്രകാരം ഒരു പെര്‍മിറ്റ് പോലും ഏറ്റെടുത്തില്ല. 82-2016ല്‍ ഇറക്കിയ Go 12 878/ BI ഗതാഗതാഗത ഉത്തരവ്, വകുപ്പ് 4 പ്രകാരവും കെ.എസ്.ആര്‍.ടി.സി ക്ക് സ്വകാര്യ ബസുകള്‍ ഏറ്റെടുക്കാം.