കേരളം പൊതുമേഖല സ്ഥാപനങ്ങളുടെ കൂടി സ്വന്തം നാടാണ്. മലയാളികളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ഒരു പൊതുമേഖല സ്ഥാപനമാണ്. കെ.എസ്.ആര്‍.ടി.സി. നാടിന്റെ നട്ടെല്ലായ യാത്രാസൗകര്യം ഒരുക്കുമ്പോഴും കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനെന്ന ഈ വെള്ളാന അനുദിനം കിതച്ചു കൊണ്ടിരിക്കുകയാണ്. ആരൊക്കെ ശ്രമിച്ചിട്ടും നന്നാകാത്ത ഈ വെള്ളാനയെ എങ്ങനെ രക്ഷിച്ചെടുക്കാം?

കുതിക്കാന്‍ കൊതിച്ച് കെ.എസ്.ആര്‍.ടി.സി

ഭാഗം - 2

ദുരിതങ്ങളുടെ കൂടാരമാണ് കേരളത്തിലെ പെന്‍ഷന്‍കാര്‍ എന്ന് പറയാം. ഓരോരുത്തര്‍ക്കും പറയാനുണ്ട് ദുരിതങ്ങളുടെ കഥ. നാല്‍പ്പതിനായിരത്തോളം വരുന്ന പെന്‍ഷന്‍കാരില്‍ ഭൂരിഭാഗം പേരും രോഗികളാണ്. അവരനുഭവിച്ച ഗ്യാരേജ് സംവിധാനമാണ് ഇതിന് കാരണം. മുന്‍കാലങ്ങളില്‍ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള പുകയും ഓയിലും ചളിയുമെല്ലാം ശരീരത്തിനകത്തേക്കും പുറത്തേക്കും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരായിരുന്നു ജീവനക്കാര്‍. അത് ഡ്രൈവറായാലും മെക്കാനിക്കല്‍ ജീവനക്കാരായാലും. ഇപ്പോഴാണ് അല്‍പ്പമെങ്കിലും സ്ഥിതി മെച്ചപ്പെട്ടതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

serial Logo 2കേരള ശാസ്ത്ര സാഹിത്യ പരിഷത് 2013-014 ല്‍ നടത്തിയ സെന്‍സസില്‍ കണ്ടെത്തിയത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കെ.എസ്.ആര്‍.ടി.സിയിലാണ് എന്നാണ്. കാന്‍സര്‍, പക്ഷാഘാതം, തുടങ്ങി അല്‍ഷിമേഴ്‌സ് വരെ പിടിപെട്ടിട്ടുള്ളവരുണ്ട്. വാര്‍ധക്യത്താല്‍ മരിക്കുന്നവരുണ്ടെങ്കിലും രോഗവും അതിലൊരു ഘടകമാണ്. മരുന്നിന് പണം കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ നിരവധിയാണ്. കുടുംബ പെന്‍ഷന്‍ ഇനത്തില്‍ കിട്ടുന്ന 4300 രൂപ കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരുണ്ട്. ഇത് തന്നെ മൂന്നും നാലും മാസം അടുപ്പിച്ച് കിട്ടാതിരുന്നാല്‍ എന്ത് ചെയ്യും എന്ന ചോദ്യമാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉയരുന്നത്.

വാടകവീട്ടില്‍ താമസിക്കുന്നവരും, വിവാഹപ്രായമെത്തിയ പെണ്‍മക്കളുള്ളവരും തുച്ഛമായ പെന്‍ഷന്‍ വാങ്ങുന്നവരുടെ കൂട്ടത്തിലുണ്ട്. 26 ശതമാനം വരുന്ന ഡി.എയുടെ കാര്യവും വ്യത്യസ്തമല്ല. പെന്‍ഷന്‍ വാങ്ങുന്നവരായി എന്ന ഒറ്റക്കാരണം കൊണ്ട് റേഷന്‍ കാര്‍ഡില്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലായിപ്പോയ ഹതഭാഗ്യരാണ് കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍കാര്‍. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം ക്ഷേമപെന്‍ഷന്‍ 1000 രൂപയാക്കി വര്‍ധിപ്പിച്ച് അത് വീടുകളിലെത്തിക്കുന്നതിനുള്ള സംവിധാനം രൂപപ്പെടുത്തിയിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ക്കും കാലിത്തൊഴിലാളികള്‍ക്കും വിധവകള്‍ക്കും വാര്‍ധക്യമനുഭവിക്കുന്നവര്‍ക്കുമെല്ലാം സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്. അവിടെയും കെ.എസ്.ആര്‍.ടി.സി തഴയപ്പെടുന്നു.

 

മകനോടോ മകളോടെ കൈനീട്ടാതെ സ്വന്തം കാലില്‍ അഭിമാനത്തോടെ ജീവിക്കണമെന്ന ആഗ്രഹമുള്ള ഏറെപ്പേര്‍ സമൂഹത്തിലുണ്ട്. അങ്ങനെ സാധിക്കാതെ വന്നപ്പോഴാണ് സ്വന്തം മരണത്തിന് കാരണം പെന്‍ഷന്‍ കിട്ടാത്തതിനാലാണെന്ന് എഴുതിവെച്ചുകൊണ്ടുതന്നെ അവര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റേയും കാലങ്ങളിലായി ഏകദേശം 30 പേരാണ് ആത്മഹത്യ ചെയ്തത്. സര്‍വീസിലുള്ള ജീവനക്കാരുടെ സംഘടനകളുമായി മാനേജ്‌മെന്റ് കരാറൊപ്പിടുന്നതിന്റെ അടിസ്ഥാനത്തിലാണ് സേവന-വേതന കരാറുകളും പെന്‍ഷനും രൂപീകരിച്ചിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷനും ശമ്പള പരിഷ്‌കരണവും നടക്കുന്നത്. പെന്‍ഷനല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നും തന്നെ പെന്‍ഷന്‍കാര്‍ക്ക് കിട്ടുന്നില്ല. രോഗികളായിരിക്കുന്നവര്‍ക്ക് മെഡിക്കല്‍ കോളേജിലോ മറ്റ് സര്‍ക്കാര്‍ ആസ്പത്രികളിലോ ചികില്‍സയ്ക്കുള്ള ആനൂകൂല്യം ലഭിക്കുന്നില്ല. പെന്‍ഷന്‍ കിട്ടുന്നു എന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. അതായത് മരുന്നിന് സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കണമെന്ന് സാരം.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ എന്ന് കേട്ടാല്‍ ജനങ്ങള്‍ ചിരിക്കുന്ന അപകടകരമായ ഒരവസ്ഥയിലേക്കാണ് കാര്യങ്ങള്‍ ചെല്ലുന്നതെന്ന് പെന്‍ഷന്‍കാര്‍ പറയുന്നു. പറ്റുകടയില്‍ നിന്ന് സാധനങ്ങള്‍ കിട്ടാത്ത സാഹചര്യം വരെയുണ്ട്. ഏതെങ്കിലും ധനകാര്യസ്ഥാപനത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനാണെന്ന് പറഞ്ഞാല്‍ വായ്പ കിട്ടുമോയെന്നും ഇവര്‍ ചോദിക്കുന്നു. കൂട്ട ആത്മഹത്യയിലേക്കുവരെ പോകേണ്ട നിലയില്‍ എത്തിനില്‍ക്കുകയാണ് തങ്ങളെന്നും അവര്‍ പറഞ്ഞു.

 

പിരിച്ചുവിടലിന്റെ കാര്യവും ഇതിനൊപ്പം പറയേണ്ടിയിരിക്കുന്നു. അതില്‍ത്തന്നെ ബോഡി ബില്‍ഡിങ് ജീവനക്കാരുടെ കാര്യമാണ് ഏറെ കഷ്ടം. കെ.എസ്.ആര്‍.ടി.സിക്ക് വരുമാനയിനത്തില്‍ ആശ്രയിക്കാവുന്ന ഒന്ന് എന്ന രീതിയിലാണ് ബസുകളുടെ ബോഡി നിര്‍മാണം കേരളത്തില്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷമാണ് കോഴിക്കോട്, എടപ്പാള്‍, ആലുവ, മാവേലിക്കര, തിരുവനന്തപുരം സെന്‍ട്രല്‍ തുടങ്ങിയവയെ കെ.എസ്.ആര്‍.ടി.സി ബോഡി ബില്‍ഡിങ് സെന്ററുകളാക്കിയത്. ഇതിപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 

പല ഡിപ്പോകളിലും ബോഡി നിര്‍മാണത്തിന് ഉപയോഗപ്പെടുത്തിയിരുന്ന ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുകയാണ്. താല്‍ക്കാലിക ജീവനക്കാരായി നിയമിക്കപ്പെട്ടവരായിരുന്നു ഇവര്‍. സ്വന്തമായി ബോഡി നിര്‍മാണം നടത്തിയിരുന്നതിനാല്‍ നല്ല വരുമാനമാണ് കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചുകൊണ്ടിരുന്നത്. കേരളത്തിന് പുറത്ത് ബോഡി നിര്‍മാണം നടത്തിയതിനേക്കാള്‍ മികച്ചതും ബലവത്തായതും ഗുണകരമായതുമായ സംവിധാനമായിരുന്നു ഇത്. മനുഷ്യശക്തി ഇവിടെത്തന്നെ പരമാവധി ഉപയോഗപ്പെടുത്താനും കെ.എസ്.ആര്‍.ടിസിക്ക് സൗകര്യങ്ങളുണ്ട്. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ മാനേജ്‌മെന്റ് വീഴ്ചവരുത്തി എന്ന് ആക്ഷേപമുണ്ട്. 

ജീവനക്കാരെ ഒന്നൊന്നായി പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.  കോഴിക്കോട് റീജിയണല്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് 30 ഓളം പേര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നത്. അതില്‍ കുറച്ചുപേരെ മന്ത്രി തന്നെ ഇടപെട്ട് തിരികെ കയറ്റുകയാണുണ്ടായത്. പക്ഷേ ബോഡി ബില്‍ഡിങ്ങിനല്ല, മറിച്ച് പഴയ ബസുകള്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് വേണ്ടി മാത്രമാണ് ഇപ്പോള്‍ അവരെ ഉപയോഗിക്കുന്നത്. ഇതുവഴിയും വന്‍ സാമ്പത്തികനഷ്ടമാണ് കോര്‍പ്പറേഷന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഡീസല്‍, ഓയില്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍ എന്നിവയ്‌ക്കെല്ലാം നികുതി വളരെ കൂടുതലാണ്. ഫ്‌ളീറ്റ് ഓണേഴ്‌സ് എന്ന നിലയ്ക്ക് കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ നികുതി പരിപൂര്‍ണമായും ഒഴിവാക്കി കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.

( തുടരും)