കേരളം പൊതുമേഖല സ്ഥാപനങ്ങളുടെ കൂടി സ്വന്തം നാടാണ്. മലയാളികളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ഒരു പൊതുമേഖല സ്ഥാപനമാണ്. കെ.എസ്.ആര്‍.ടി.സി. നാടിന്റെ നട്ടെല്ലായ യാത്രാസൗകര്യം ഒരുക്കുമ്പോഴും കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനെന്ന ഈ വെള്ളാന അനുദിനം കിതച്ചു കൊണ്ടിരിക്കുകയാണ്. ആരൊക്കെ ശ്രമിച്ചിട്ടും നന്നാകാത്ത ഈ വെള്ളാനയെ എങ്ങനെ രക്ഷിച്ചെടുക്കാം?

കുതിക്കാന്‍ കൊതിച്ച് കെ.എസ്.ആര്‍.ടി.സി

ഭാഗം - 5

അനുദിനം കിതച്ചോടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സിയെ ട്രാക്കിലാക്കാന്‍ എന്താണ് പരിഹാരം? ഉത്തരം കല്‍പ്പറ്റ മില്ലുമുക്ക് സ്വദേശിയായ കെ.ജി.മുരളീധരന്റെ പക്കലുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ തന്നെയുണ്ടാക്കിയിട്ടുണ്ട് കല്‍പ്പറ്റ ഡിപ്പോയിലെ മുന്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ കൂടിയായ മുരളീധരന്‍. 2015-ലെ സി.ഐ.ടി.യു 40-ാം സംസ്ഥാന സമ്മേളനത്തില്‍ റിപ്പോര്‍ട്ടായി അവതരിപ്പിച്ച വിഷയം 2016-ല്‍ വികസനരേഖയുണ്ടാക്കി പ്രസിദ്ധീകരിച്ചു. കോര്‍പ്പറേഷന്‍ ഈയിടെ അവതരിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡെന്ന ആശയം മുരളീധരന്റെ ഭാവനയിലുദിച്ചതാണ്.

Part 5ടിക്കറ്റിങ് മുതല്‍ സമഗ്രമായ മാറ്റം വരണമെന്നാണ് മാസ്റ്റര്‍ പ്ലാനില്‍ പറയുന്നത്. ജനജീവിതത്തിന് എല്ലാ അര്‍ഥത്തിലും ആശ്രയമാവണം കെ.എസ്.ആര്‍.ടി.സി. അതിന് പുതിയ വിപണനരീതികള്‍ ആവിഷ്‌കരിക്കണം. വിമാനക്കമ്പനികളുടേതുപോലെ പ്രത്യേക പാക്കേജുകള്‍ അവതരിപ്പിക്കണം. ഇതില്‍ സീസണല്‍ ഓഫറുകള്‍ മുതല്‍ സിനിമ കാണാനുള്ള അവസരം വരെ ഉണ്ടായിരിക്കണം. ബസുകളില്‍ ഇപ്പോള്‍ കാണുന്ന തരത്തിലുള്ള പരസ്യങ്ങള്‍ ഒഴിവാക്കാം. ഇവയില്‍ നിന്നും ഇപ്പോള്‍ കാര്യമായ വരുമാനമൊന്നും കോര്‍പ്പറേഷന് ലഭിക്കുന്നില്ല. ശബരിമല സര്‍വീസുകള്‍ക്ക് കാലത്തിനനുസരിച്ചുള്ള മാറ്റം വരണം. ശബരിമലയിലേക്ക് പോകുന്നതിനൊപ്പം സര്‍വീസില്‍ മറ്റ് ക്ഷേത്രങ്ങള്‍ കൂടി ഉള്‍പ്പെടുന്ന പാക്കേജ് പരീക്ഷിക്കാവുന്നതാണെന്ന് മാസ്റ്റര്‍ പ്ലാന്‍ വ്യക്തമാക്കുന്നു.

സ്മാര്‍ട്ട് കാര്‍ഡുകളുടെ കാര്യം വരുന്നത് ഇനിയാണ്. ടിക്കറ്റെടുക്കുക എന്നതിന് പകരം വിവിധോദ്ദേശ കാര്‍ഡുകളായാണ് മുരളീധരന്‍ ഇവയെ വിഭാവനം ചെയ്തിരിക്കുന്നത്. കാര്‍ഡുകളുടെ പ്രത്യേകതയാണ് ചുവടെ കൊടുക്കുന്നത്.

- 200 രൂപ മുതല്‍ 5000 രൂപ വരെയാകാം കൂപ്പണുകളുടെ ചാര്‍ജ്

- കെ.എസ്.ആര്‍.ടി.സിയുടെ ഏത് ബസിലും കയറാം. ദീര്‍ഘദൂര ലക്ഷ്വറി ബസുകളുള്‍പ്പെടെ

- എ.ടി.എം നമ്പറിന് സമാനമായ ഒരു കോഡ് ഉണ്ടായിരിക്കണം

- അത്യാവശ്യഘട്ടങ്ങളില്‍ 500 രൂപ വരെയുള്ള കാര്‍ഡുകള്‍ കണ്ടക്ടര്‍ നല്‍കണം

- മൊബൈല്‍ കമ്പനികള്‍ നല്‍കുന്നതുപോലെ കാര്‍ഡുടമകള്‍ക്ക് ഓഫര്‍ നല്‍കാം

- കാര്‍ഡിന് കാലാവധി നിശ്ചയിക്കേണ്ടതില്ല

- പണം തീരുന്നതുവരെ കാര്‍ഡ് ഉപയോഗിക്കാം

- കാര്‍ഡില്‍ പണമുണ്ടെങ്കില്‍ ഒരാളുടെ കാര്‍ഡില്‍ മറ്റൊരാള്‍ക്ക് യാത്ര ചെയ്യാം

- ക്രമേണ എല്ലാവരും കാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിക്കുക.

ഈ നിര്‍ദേശം മറ്റൊരു രീതിയില്‍ കെ.എസ്.ആര്‍.ടി.സി ഈയിടെ അവതരിപ്പിച്ചിരുന്നു. 1500, 3000, 5000 രൂപയുടെ കാര്‍ഡുകളാണ് അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ 5000 രൂപയുടെ കാര്‍ഡ് വന്‍ പരാജയമായിരുന്നു. എറണാകുളത്തുള്ള രണ്ടുപേര്‍ മാത്രമാണ് ഈ തുകയ്ക്കുള്ള കാര്‍ഡുകള്‍ വാങ്ങിയത്. പിന്നാലെ തന്നെ 1500 രൂപയുടെ കാര്‍ഡുകള്‍ പതിയെ പിന്‍വാങ്ങി. ഇപ്പോള്‍ 3000, 5000 രൂപയുടെ കാര്‍ഡുകളാണ് കോര്‍പ്പറേഷന്‍ ഇറക്കുന്നതെന്നാണ് വിവരം.

കെ.എസ്.ആര്‍.ടിസി ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത മേഖലയാണ് കൊറിയര്‍ സര്‍വീസ്. കോര്‍പ്പറേഷന് നല്ല ലാഭവും വിശ്വാസ്യതയും നേടിയെടുക്കാവുന്ന ഒന്നാണിതെന്ന് മുരളീധരന്‍ പറയുന്നു. ഇതെങ്ങനെ നടപ്പിലാക്കാം എന്നതിനും ഇദ്ദേഹത്തിന്റെ കയ്യില്‍ മരുന്നുണ്ട്. അതാണ് ചുവടെ.

ആദ്യഘട്ടം

ആദ്യഘട്ടത്തില്‍ മരുന്ന് പോലുള്ള ലൈറ്റ് വെയിറ്റ് വസ്തുക്കള്‍ എത്തിക്കാം. ഇതുവഴി ആ ബസിലെ തൊഴിലാളികള്‍ക്ക് നിശ്ചിത ശതമാനം ബത്തയും നല്‍കാം. ഇത് വിജയകരമായി നടത്തിയാല്‍ കോര്‍പ്പറേഷനെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുകയും അതുവഴി റോഡ് മാര്‍ഗമുള്ള ചരക്കുകടത്തിനുള്ള മികച്ച ഉപാധിയായി കെ.എസ്.ആര്‍.ടി.സി മാറുകയും ചെയ്യും.

രണ്ടാംഘട്ടം
 
രണ്ടാം ഘട്ടത്തില്‍ പാര്‍സല്‍ സൗകര്യം വിപുലപ്പെടുത്താം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളടക്കമുള്ളവ കെ.എസ്.ആര്‍.ടി.സി വഴി സംസ്ഥാനത്തെത്തിക്കാം. കാലക്രമേണ പാര്‍സല്‍ സേവനങ്ങള്‍ക്കായി ട്രക്ക് യാര്‍ഡുകളും നിര്‍മിക്കാവുന്നതാണ്. ഇതുവഴി ഈ രംഗത്ത് തലയുയര്‍ത്തി നില്‍ക്കാന്‍ കോര്‍പ്പറേഷന് സാധിക്കുമെന്നും ഈ മുന്‍ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്ററുടെ മാസ്റ്റര്‍ പ്ലാനില്‍ ചൂണ്ടിക്കാട്ടുന്നു.

ബസ് സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട് നല്ല ഭക്ഷണം, ശൗചാലയം, വിശ്രമകേന്ദ്രങ്ങള്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവയും സജ്ജീകരിക്കാമെന്ന് പറയുന്ന ഇദ്ദേഹം ബസ് സ്റ്റാന്‍ഡുകളില്‍ ശുചിമുറികള്‍ ഉപയോഗിക്കുന്നതിന് പണം വാങ്ങുന്നതിന് തന്നെ എതിരാണ്. പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് പോകുന്ന ബസുകളുടെ ബോര്‍ഡുകളില്‍ സ്ഥലപ്പേര് ഇംഗ്ലീഷിലാക്കാമെന്നും മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദേശമുണ്ട്. കോര്‍പ്പറേഷന്റെ വളര്‍ച്ചയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു ലീഗല്‍ സെല്‍ രൂപീകരിക്കാമെന്നും പദ്ധതിരേഖയില്‍ വ്യക്തമാക്കുന്നു.