കേരളം പൊതുമേഖല സ്ഥാപനങ്ങളുടെ കൂടി സ്വന്തം നാടാണ്. മലയാളികളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ഒരു പൊതുമേഖല സ്ഥാപനമാണ്. കെ.എസ്.ആര്‍.ടി.സി. നാടിന്റെ നട്ടെല്ലായ യാത്രാസൗകര്യം ഒരുക്കുമ്പോഴും കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനെന്ന ഈ വെള്ളാന അനുദിനം കിതച്ചു കൊണ്ടിരിക്കുകയാണ്. ആരൊക്കെ ശ്രമിച്ചിട്ടും നന്നാകാത്ത ഈ വെള്ളാനയെ എങ്ങനെ രക്ഷിച്ചെടുക്കാം?

കുതിക്കാന്‍ കൊതിച്ച് കെ.എസ്.ആര്‍.ടി.സി

ഭാഗം - 3

1979 മുതലാണ് കെ.എസ്.ആര്‍.ടി.സിയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. മലബാറിലെ തുടക്കം ബത്തേരിയിലായിരുന്നു. 135 പേരാണ് അന്ന് നിയമിക്കപ്പെട്ടത്. ഇതില്‍പ്പെട്ട 5 പേര്‍ പിന്നീട് വരാതായി. 1980-ല്‍ ഇവരെ പിരിച്ചുവിട്ടു. അന്ന് 90 ദിവസമായിരുന്നു എംപ്ലോയ്‌മെന്റ് കാലാവധി. ജീവനക്കാര്‍ ജോലി തുടര്‍ന്നപ്പോള്‍ അനുവദിക്കപ്പെട്ട സമയം നീണ്ട് ആറുമാസത്തോളമായി. എ.സി.ഷണ്‍മുഖദാസായിരുന്നു അന്നത്തെ തൊഴില്‍ മന്ത്രി. അദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം എംപ്ലോയ്‌മെന്റ് കാലാവധി ആറുമാസമാക്കി. അന്ന് പിരിച്ചുവിട്ട ഇവരെ പിന്നീട് തിരിച്ചെടുക്കുന്നത് നാല് വര്‍ഷത്തിന് ശേഷമാണ്.  നീണ്ട സമരങ്ങള്‍ക്ക് ശേഷം ഇവരെ തിരിച്ചെടുത്തെങ്കിലും താല്‍ക്കാലിക ജീവനക്കാരായി തന്നെ തുടരാനായിരുന്നു ഇവരുടെ വിധി. പി.എസ്.സി നിയമനങ്ങള്‍ വരുമ്പോള്‍ വീണ്ടും ഇവരെ പിരിച്ചുവിടും. ഇങ്ങനെ പത്ത് തവണയാണ് എംപ്ലോയ്‌മെന്റ് ജീവനക്കാരെ പിരിച്ചുവിട്ടത്. 20 വര്‍ഷമാണ് ഇങ്ങനെ അധികൃതര്‍ ഇവരെ പന്തുതട്ടിക്കളിച്ചത്.

KSRTC 3പിന്നീട് നായനാര്‍ സര്‍ക്കാര്‍ വന്നപ്പോള്‍ അന്നത്തെ തൊഴില്‍മന്ത്രിയായിരുന്ന സി.കെ.നാണുവും കൂടി താല്‍പ്പര്യമെടുത്താണ് ഇവരെ റഗുലറൈസ് ചെയ്യുന്നത്. പെന്‍ഷന്റെ പ്രശ്‌നം ഇതിന് തൊട്ടടുത്ത വര്‍ഷം മുതലാണ് ആരംഭിക്കുന്നത്. വിരമിച്ച താല്‍ക്കാലിക ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം നല്‍കാനാവില്ലെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ നിലപാടെടുത്തു. അതോടെ ജീവനക്കാര്‍ കോടതിയെ സമീപിച്ചു. ജീവനക്കാര്‍ക്ക് അനുകൂലമായി കോടതിവിധി വന്നെങ്കിലും കോര്‍പ്പറേഷന്‍ ഇതിനെ അവഗണിച്ചു. തുടര്‍ന്ന് അന്ന് എം.പിയായിരുന്ന എം.പി.വീരേന്ദ്രകുമാറും ഗതാഗതമന്ത്രിയായിരുന്ന മാത്യു.ടി.തോമസും ഇടപെട്ടിട്ടാണ് അല്‍പ്പമെങ്കിലും പെന്‍ഷന്‍ തുക ഇവര്‍ക്ക് കിട്ടുന്ന സ്ഥിതിയുണ്ടായത്. പെന്‍ഷന്‍ സംഖ്യ ഉയര്‍ത്താനായി ഇപ്പോഴും ഇഴര്‍ നിയമയുദ്ധത്തിലാണ്. സുപ്രീംകോടതിയിലാണ് കേസ് ഉപ്പോഴുള്ളത്. ഈ ഡിസംബറില്‍ ഇതിന്റെ വിധി വരാനിരിക്കുകയാണ്.

എട്ട് വര്‍ഷം മുമ്പ് താല്‍ക്കാലിക ജീവനക്കാര്‍ക്ക് പ്രൊമോഷന്‍ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതൊന്നും ആരും ഗൗനിക്കാന്‍ കൂട്ടാക്കിയില്ല.

''അന്ന് ഇത് പ്രാവര്‍ത്തികമായിരുന്നെങ്കില്‍ നല്ലൊരു സംഖ്യ പെന്‍ഷനായി കിട്ടുമായിരുന്നു. ഇപ്പോള്‍ വളരെ തുച്ഛമായ പെന്‍ഷന്‍ മാത്രമാണ് ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. അതില്‍ത്തന്നെ അധികൃതര്‍ വിവേചനം കാണിക്കുകയാണ്. 2002-ലാണ് ഞങ്ങളെ സ്ഥിരപ്പെടുത്തിയത്. അതില്‍ 12 കൊല്ലം സര്‍വീസ് ഉള്ളവരെയാണ് സ്ഥിരപ്പെടുത്താനായി പരിഗണിച്ചത്. അന്ന് പിരിഞ്ഞവര്‍ക്കും ഇപ്പോള്‍ 2017-ല്‍ പിരിഞ്ഞവര്‍ക്കും കിട്ടുന്നത് ഒരേ പെന്‍ഷന്‍ തന്നെ''. മുന്‍ ജീവനക്കാരിലൊരാള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

പെന്‍ഷനായിട്ടും രണ്ടായിരം രൂപയില്‍ താഴെ മാത്രമുള്ള പ്രാഥമിക സംഖ്യ മാത്രമാണ് താല്‍ക്കാലിക ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഇനത്തില്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. കൂടാതെ പലരും രോഗികളാണ്. വീടില്ലാത്ത ആളുകളുണ്ട്. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ പറ്റാത്തവരും വീട്ടുവാടക നല്‍കാന്‍ കഴിയാത്തവരുമുണ്ട്. നിലവിലെ സ്ഥിതിയനുസരിച്ച് മാസങ്ങളോളം പെന്‍ഷന്‍ കിട്ടാത്ത അവസ്ഥയാണ്. കൊടുക്കുന്നതാകട്ടെ ഗഡുക്കളായും. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തങ്ങളെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. ഇപ്പോള്‍ 50 ശതമാനം പെന്‍ഷനാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അത് നൂറ് ശതമാനമാക്കിയാലേ പെന്‍ഷന്‍കാര്‍ രക്ഷപ്പെടൂ എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. പി.എസ്.സി പരീക്ഷ മുഖേന എടുക്കുന്നവരെ സ്ഥിരം ജീവനക്കാരായിട്ടും എംപ്ലോയ്‌മെന്റായിട്ടും എംപാനലായിട്ടും വരുന്നവരെ താല്‍ക്കാലിക ജീവനക്കാരുമായിട്ടാണ് കോര്‍പ്പറേഷന്‍ പരിഗണിക്കുന്നത്. എന്നാല്‍ ചില ആളുകളോട് കെ.എസ്.ആര്‍.ടി.സി പെന്‍ഷന്റെ കാര്യത്തിലും മറ്റും ചിറ്റമ്മനയമാണ് സ്വീകരിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.

പെന്‍ഷന് പുറമേ ആശ്രിത നിയമനത്തിന്റെ കാര്യവും തഥൈവയാണ്. സര്‍വീസില്‍ കയറി ഏകദേശം 21 വര്‍ഷത്തിന് ശേഷം സ്ഥിരപ്പെടുകയും സര്‍വീസിലിരിക്കേ മരിച്ചവരുമുണ്ട്. വയനാട് സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ മാത്രം എട്ടുപേരോളം വരുമിത്. എന്നാല്‍ ഇവരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കാനോ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാനോ കോര്‍പ്പറേഷന്‍ ശ്രമിച്ചില്ല. ഒട്ടേറെ കയ്പ്പു നിറഞ്ഞ അനുഭവങ്ങളും ഇവര്‍ക്ക് പറയാനുണ്ട്. കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍മാരാണ് ഡ്യൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നത്. സ്ഥിരം ജീവനക്കാരന്‍ ഇല്ലാതെ വരുമ്പോഴാണ് പകരം എംപ്ലോയ്‌മെന്റ്-എംപാനല്‍ ജീവനക്കാരനെ ജോലിക്ക് നിയോഗിക്കുന്നത്. യൂണിഫോമിട്ട് തയാറായി നില്‍ക്കുമ്പോള്‍ സ്ഥിരം ജീവനക്കാരന് ജോലി മാറിക്കൊടുത്ത് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരേണ്ട അവസ്ഥ വന്നിട്ടുണ്ടെന്ന് മുന്‍ ജീവനക്കാരനായ എന്‍.കെ.ഗോപിനാഥ് പറയുന്നു. ഡ്യൂട്ടിക്ക് പോയി തിരിച്ച് കാശുമായി വരുന്ന ഗൃഹനാഥനെ കാത്തിരിക്കുന്ന വീട്ടമ്മയുടെ സങ്കടകരമായ ഒരു ചിത്രവും ഇവര്‍ കാട്ടിത്തരുന്നു. മറ്റൊരു അനുഭവം ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ.

ഈ കാഴ്ചകള്‍ കാണാതിരിക്കരുത്

കെ.എസ്.ആര്‍.ടി.സിയിലെ താല്‍ക്കാലിക ജീവനക്കാരായിരുന്നവരുടെ പ്രശ്‌നങ്ങള്‍ അറിയാനാണ് കോഴിക്കോട് പാളയത്തിനടുത്ത ലോഡ്ജിലേക്ക് ചെന്നത്. ജോലിയിലുണ്ടായിരുന്നപ്പോഴും പിന്നീടും അനുഭവിച്ച പ്രയാസങ്ങള്‍ അവിടെ വച്ച് വിശദീകരിച്ച് തരാമെന്നായിരുന്നു പറഞ്ഞിരുന്നത്. കോര്‍പ്പറേഷനില്‍ സേവനം അനുഷ്ഠിച്ച് പിരിഞ്ഞ് ഒരുപറ്റം ആളുകളുണ്ടായിരുന്നു അവിടെ.

പെന്‍ഷന്‍കാരെന്ന നിലയിലുള്ള അവരുടെ പ്രശ്‌നങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവിടേക്ക് ഒരാള്‍ കയറി വന്നത്. വേഷം അല്‍പ്പം മുഷിഞ്ഞതാണ്. കൈലിയും നീളന്‍ കയ്യുള്ള ഷര്‍ട്ടും. ഷര്‍ട്ടിന്റെ കൈ അലക്ഷ്യമായാണ് തെറുത്തുവച്ചിരിക്കുന്നത്. ഞങ്ങള്‍ സംസാരിച്ചിരുന്ന മുറിയിലേക്ക് അയാള്‍ കടന്നു വന്നതോടെ മുറിയിലെ മറ്റുള്ളവര്‍ അദ്ദേഹവുമായി കുശലം പങ്കിടാന്‍ തുടങ്ങി. ഇതിനിടെ എന്നോട് സംസാരിച്ചിരുന്ന പെന്‍ഷന്‍കാരിലൊരാളായ രാരിച്ചന്‍ പറഞ്ഞു. ''ഇതും നിങ്ങള്‍ അന്വേഷിച്ചുവന്ന കഥയില്‍പ്പെടും. ഇദ്ദേഹവും ഞങ്ങളേ പോലെ ഒരു കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായിരുന്നു.'' ഒരു ഞെട്ടല്‍ ഞാനറിഞ്ഞു.

രവീന്ദ്രന്‍ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. 1979 ഡിസംബര്‍ 31 ന്  കെ.എസ്.ആര്‍.ടി.സിയില്‍  താല്‍ക്കാലിക ജീവനക്കാരനായി സേവനമാരംഭിച്ച ഇദ്ദേഹം 2010 മാര്‍ച്ച് 31-നാണ് വിരമിക്കുന്നത്. പെന്‍ഷനായതിന് ശേഷം വന്ന ഒരു നെഞ്ചുവേദനയാണ് രവീന്ദ്രന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആസ്പത്രിയില്‍ നിന്നും ഹൃദയശസ്ത്രക്രിയ പൂര്‍ത്തിയാക്കിയെങ്കിലും കാര്യമായ ജോലികള്‍ക്കൊന്നും പോവാന്‍ അതോടെ പറ്റാതായി. കുടുംബം ഒരുതരത്തിലും മുന്നോട്ടുപോവില്ലെന്ന സ്ഥിതിയായപ്പോഴാണ് ഒരു സുഹൃത്ത് പാളയത്തെ ഒരു ലോഡ്ജില്‍ സഹായിയായി ജോലി തരപ്പെടുത്തിക്കൊടുക്കുന്നത്. അഞ്ച് വര്‍ഷത്തോളമായി രവീന്ദ്രനെന്ന ഈ മുന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ കോഴിക്കോട്ടെ ഒരു സാധാരണ ലോഡ്ജിലെ ജീവനക്കാരനായി ജോലി നോക്കുന്നു.

മറ്റൊരാളെ പരിചയപ്പെടാം. മുക്കം കാഞ്ഞിരമുഴി സ്വദേശി ഗോവിന്ദന്‍കുട്ടി ഏഴുവര്‍ഷം മുമ്പാണ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. ഇടയ്ക്ക് ഓര്‍മക്കുറവ് വരുമായിരുന്നു. അത് തലച്ചോറിനെ കാര്‍ന്നുതിന്നുന്ന അര്‍ബുദമായിരുന്നെന്ന് പിന്നീടാണ് അദ്ദേഹത്തിന് മനസിലാവുന്നത്. മാവൂരിലെ കാന്‍സര്‍ സെന്ററിലാണ് ഇപ്പോള്‍ ചികില്‍സ നടക്കുന്നത്. ഇന്‍ഷുറന്‍സ് പദ്ധതികളിലൊന്നും ചേര്‍ന്നിട്ടില്ലാത്തതിനാല്‍ സ്വന്തം കയ്യില്‍ നിന്നെടുത്ത് തന്നെ വേണം മരുന്ന് വാങ്ങാന്‍. റേഡിയോ തെറാപ്പി ചെയ്തുവെന്ന് ബന്ധുക്കള്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. ദിവസമുള്ള ഗുളികയ്ക്ക് മാത്രം വേണം 660 രൂപയോളം. പെന്‍ഷന്‍ കൃത്യമല്ലാത്തതിനാല്‍ പ്രതിസന്ധിയിലാണ് ഈ കുടുംബവും. ഇങ്ങനെ എത്രയോ കുടുംബങ്ങള്‍...അധികൃതര്‍ കണ്ണുതുറക്കേണ്ടിയിരിക്കുന്നു.

(തുടരും)

കൊല്ലുന്നത് പെന്‍ഷനോ രാഷ്ട്രീയമോ?

രോഗം കെ.എസ്.ആര്‍.ടി.സിക്ക്, രോഗികളായി ജീവനക്കാര്‍