ക്ഷിണ കൊറിയയിലേക്ക് യാത്രപോകുന്നവര്‍ സൂക്ഷിക്കണം. കാരണം ദക്ഷിണ കൊറിയയില്‍ നിങ്ങളെ തിരഞ്ഞ്  രഹസ്യകണ്ണുകള്‍ ഉണ്ടായേക്കാം. നിങ്ങളുടെ സ്വകാര്യത കവര്‍ന്നെടുക്കന്ന ആ കണ്ണുകള്‍ അശ്ലീല കാഴ്ച്ചകളാക്കി നിങ്ങളെ ലോകത്തിന് മുന്നിലേക്കെത്തിക്കും. പറഞ്ഞുവരുന്നത് ദക്ഷിണ കൊറിയുടെ മുക്കിലും മൂലയിലുമുള്ള സ്‌പൈ ക്യാമറകളെക്കുറിച്ചാണ്. ടോയ്‌ലറ്റിലും,വസ്ത്രവ്യാപാര കേന്ദ്രത്തിലെ ഡ്രെസിങ്ങ് റൂമില്‍ തുടങ്ങി എസ്‌കലേറ്ററുകളിലും ലിഫ്റ്റിലും ജിമ്മിലും സ്വിമ്മിങ്ങ് പൂളിലും നിങ്ങളുടെ ശരീരഭാഗങ്ങള്‍ കാണാന്‍ സാധ്യമാകുന്നിടത്തെല്ലാം ഈ സ്‌പൈക്യാമറയെ പ്രതീക്ഷിക്കാം.   

ഇത്തരത്തില്‍ ചിത്രീകരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പോണ്‍സൈറ്റുകള്‍ വഴി നിമിഷങ്ങള്‍ക്കുള്ളില്‍ ഷെയറുചെയ്യപ്പെടുന്നുണ്ട്. ഒരോവര്‍ഷവും സ്‌പൈ ക്യാമറയുമായി ബന്ധപ്പെട്ട് 6000 കേസുകളാണ് ദക്ഷിണ കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ 80 ശതമാനം ഇരകളും സ്ത്രീകളാണ്.  

നൂറുകണക്കിന് സ്ത്രീകള്‍ ഭയം മൂലം കേസ് നല്‍കാറില്ല. ഇതിന് ഒരു പ്രധാനകാരണം പ്രതികള്‍ പലപ്പോഴും അടുത്ത സുഹൃത്തുക്കളായിരിക്കും.  

സുഹൃത്തിന് ഒപ്പം റെസ്റ്റോറന്റില്‍ പോയ ഒരു പെണ്‍കുട്ടിയ്ക്ക് ഉണ്ടായ അനുഭവം  ദക്ഷിണ കൊറിയയില്‍ സ്‌പൈ കാമറ സൃഷ്ടിക്കുന്നതിന്റെ ഭീകര വ്യക്തമാക്കും. സ്‌കെര്‍ട്ട് ധരിച്ചെത്തിയ പെണ്‍കുട്ടി അറിയാതെ സുഹൃത്ത് സീറ്റിനടിയില്‍ ക്യാമറ വെച്ചു. സുഹൃത്ത് ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍സൈറ്റില്‍ വരികയും ചെയ്തു.  

സ്മാര്‍ട്ട് ഫോണിന്റെ വലിയ വിപണികളില്‍ ഒന്നാണ് സൗത്ത് കൊറിയ, സാങ്കേതിക വിദ്യയില്‍ കരുത്തു തെളിയിച്ച രാജ്യവുമാണ്. ഇവിടെയുള്ള  പ്രായപൂര്‍ത്തിയായ 90 ശതമാനം പേരും മൊബൈല്‍ ഫോണുള്ളവരാണ്.  93 ശതമാനം പേര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യതയുമുണ്ട്.  

കോടിക്കണക്കിന് പേരാണ് ദക്ഷിണ കൊറിയയില്‍ പോണ്‍സൈറ്റ് കാണുന്നത്. ആയിരക്കണക്കിന് വീഡിയോകളാണ് ദിവസേന സ്ത്രീകളുടെ അനുവാദമില്ലാതെ ചിത്രീകരിക്കപ്പെടുന്നതും ഷെയറുചെയ്യപ്പെടുന്നതും. ഇതില്‍ ഭൂരിഭാഗം വീഡിയോകളും ടോയ്‌ലറ്റുകളിലൊ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെ ഡ്രസിങ്ങ് റൂമിലോവച്ച് ചിത്രീകരിച്ചവയാണ്. 

ഇത് കൊറിയയിലെ മാത്രം അവസ്ഥയല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സ്വീഡനും അമേരിക്കയും ഇക്കാര്യത്തില്‍ ദക്ഷിണ കൊറിയയുടെ പാതയില്‍ തന്നെയാണ്. ഇന്ത്യയിലും ഈ വൈറസ് എത്താനുള്ള സാധ്യത വിദൂരമല്ല. കാരണം  സാങ്കേതിക വിദ്യയിലും ഇന്ത്യ അനുദിനം കുതിക്കുകയാണല്ലോ..

content Highlight: South Korea's spy cam Syndrome