"ഏത് തൊഴില്‍ ചെയ്യുന്നവളോ ഏത് കുലത്തില്‍പെട്ടവളോ ഏത് സാമ്പത്തിക സ്ഥിതിയുള്ളവളോ ആയി കൊള്ളട്ടെ അന്തസ്സോടെ ജീവിക്കുക എന്നത് ഒരു വ്യക്തിയുടെ മൗലികാവകാശമാണ്."

രാജ്യത്തെ ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡുകളും വോട്ടര്‍ ഐ.ഡി. കാര്‍ഡുകളും സര്‍ക്കാരുകള്‍ എത്രയും പെട്ടെന്നു നല്‍കണമെന്ന് ഉത്തരവിട്ടു കൊണ്ടാണ് സുപ്രീം കോടതി ഈ ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയത്. ആയിരക്കണക്കിന് ലൈംഗിക തൊഴിലാളികള്‍ വിലാസമില്ലാതെ ജീവിക്കുന്ന രാജ്യത്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിക്കുക എന്നത് പല ലൈംഗിക തൊഴിലാളികളെ സംബന്ധിച്ചും അപ്രാപ്യമാണ്. ഈ സാഹചര്യം പരിഗണിച്ചു കൊണ്ട് എയഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പട്ടികയിലുള്‍പ്പെട്ട ലൈംഗികതൊഴിലാളികള്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡുകളും സംസ്ഥാന സര്‍ക്കാരുകള്‍ എത്രയും പെട്ടെന്ന് നല്‍കണമെന്നാണ് കോടതി ഉത്തരവ്. ലൈംഗിക തൊഴിലാളികളും അവരുടെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടനകളും വലിയ രീതിയിലാണ് ഈ ഉത്തരവിനെ സ്വീകരിച്ചത്. ലൈംഗിക തൊഴിലാളികള്‍ അന്തസ്സുള്ളവരാണെന്നും അവര്‍ക്ക് അവരര്‍ഹിക്കുന്ന ഭരണഘടനാ അവകാശങ്ങള്‍ ഉണ്ടെന്നും ഓര്‍മ്മിപ്പിക്കുന്നതാണ് ഉത്തരവ്. വിഷയവുമായി ബന്ധപ്പെട്ട് ലൈംഗികതൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ ഡോ. എ.കെ. ജയശ്രീ, ഇവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തിലുള്ള ലളിത സതീശന്‍, ലൈംഗിക തൊഴിലാളിയുടെ ജീവിതകഥ എഴുതിയ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ നളിനി ജമീല എന്നിവര്‍ വിഷയത്തില്‍ പ്രതികരിക്കുന്നു.

എ.കെ. ജയശ്രീ, സാമൂഹിക നിരീക്ഷ

(കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി)

dr jayasreeനമ്മുടെ നാട്ടില്‍ ലൈംഗിക തൊഴില്‍ പണ്ടു മുതലേ നിലനിന്നു വരുന്നതാണ്. ഭരണഘടനയുടെ നിലവിലെ നിയമമമനുസരിച്ച് ലൈംഗിക തൊഴില്‍ കുറ്റകരമാണെന്ന് പറഞ്ഞിട്ടില്ല. പക്ഷെ, സദാചാര സങ്കല്‍പമനുസരിച്ചാണ് അതിന് തെറ്റ് കല്‍പിക്കുന്നത്. ലൈംഗിക തൊഴില്‍ നിയമവിരുദ്ധമല്ല. പക്ഷെ, ട്രാഫിക്കിങ് നിയമവിരുദ്ധമാണ്. പക്ഷെ, ട്രാഫിക്കിങ്ങിനെയും ലൈംഗിക തൊഴിലിനെയും കൂട്ടിക്കുഴച്ചാണ് പലപ്പോഴും സമൂഹവും അധികാരികളും കാണുന്നത്. ട്രാഫിക്കിങ് കുറ്റകരം ആണ്. എന്നിട്ടും നമ്മുടെ നിയമത്തിന് ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആക്ട് എന്നാണ് പേര്. സ്ത്രീകളുടെ സദാചാരം ധ്വനിപ്പിക്കാനാണ് അത് പറയുന്നത്. പെണ്‍കുട്ടികളെയും സ്ത്രീകളെയും ഉപയോഗിച്ച് പണം ഉണ്ടാക്കുന്നത് കുറ്റമാണ്. അത് മനുഷ്യാവകാശ ലംഘനവുമാണ്. പക്ഷെ, ലൈംഗിക തൊഴിലാളികള്‍ സ്വതന്ത്രമായാണ് സെക്‌സ് വര്‍ക്ക് ചെയ്യുന്നത്, സ്വയംതൊഴില്‍ എന്ന നിലയില്‍. അതിനെ രണ്ടിനെയും നാം കൂട്ടിക്കുഴച്ചാണ് പറയാറ്. അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ ഇതിനെ തൊഴില്‍ ആയി കാണുന്നുണ്ട്. ആ തരത്തില്‍ ലൈംഗിക തൊഴിലാളികള്‍ അന്തസ്സുള്ളവരാണെന്നും അവര്‍ക്ക് അവരര്‍ഹിക്കുന്ന ഭരണഘടനാ അവകാശങ്ങള്‍ ഉണ്ടെന്നും ഓര്‍മ്മിപ്പിക്കുന്നതാണ് ഉത്തരവ്.

എല്ലാ അസംഘടിത മേഖലയിലെയും തൊഴിലാളികള്‍ക്ക് കോവിഡ് കാലത്ത് പല തരത്തിലുള്ള കിറ്റ് കിട്ടിയപ്പോള്‍ ലൈംഗിക തൊഴില്‍ മേഖലയിലുള്ള പലര്‍ക്കും കിറ്റ് നിഷേധിക്കപ്പെട്ടു. പലര്‍ക്കും കുട്ടികളെല്ലാം ഉള്ളതിനാല്‍ തന്നെ പരസ്യമായി ആവശ്യമുന്നയിച്ച് മുന്നില്‍ വരാനാവില്ല. ഇത്തരം ഉത്തരവുകള്‍ നാളുകളായുള്ള പോരാട്ടങ്ങളുടെയും ബോധവത്കരണങ്ങളുടെയും ഭാഗമായി ഈ സമൂഹം നേടിയെടുത്തതാണ്. 

ലളിത സതീശന്‍, ഔട്ട്‌റീച്ച് വര്‍ക്കര്‍

(എച്ചഐവി എയ്ഡ്സ് അവേര്‍നെസ് പദ്ധതിയായ സംഘമിത്ര സുരക്ഷ) 

പ്രളയകാലത്ത് വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച വിഭാഗമാണ് ലൈംഗിക തൊഴിലാളികള്‍. താമസിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ തന്നെ ഷെല്‍ട്ടര്‍ ഹോമുകളിലായിരുന്നു പലരുടെയും ജീവിതം. എന്നാല്‍, സമൂഹത്തിന്റെ മുന്‍വിധികള്‍ കാരണം വലിയ അവഗണനകള്‍ അവിടെയും അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കോവിഡ് വന്നപ്പോഴും ഇവരുടെ അന്നം മുട്ടി. കിറ്റുകൾ തന്നെ ഞങ്ങള്‍ സ്വന്തമായി പണപ്പിരിവ് നടത്തിയാണ് ഇവരുടെ വീടുകളിലെത്തിച്ചത്. പാകപ്പെടുത്തി കഴിക്കാന്‍  ഒരു വീടോ അടുക്കളയോ പോലും ഇല്ലാത്തവരുണ്ട് ഇവരുടെ കൂട്ടത്തില്‍. റേഷന്‍ ഇവരെ വളരെയധികം സഹായിക്കും. തിരിച്ചറിയല്‍ കാര്‍ഡ് കിട്ടുകയാണെങ്കില്‍ റേഷന്‍ കാര്‍ഡിനെങ്കിലും അപേക്ഷിക്കാമല്ലോ ഇവര്‍ക്ക്. തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചാല്‍ പലര്‍ക്കും വാടകക്ക് താമസിക്കാന്‍ സ്ഥലം കിട്ടും. ഇപ്പോള്‍ പലര്‍ക്കും വാടകക്ക് താമസിക്കാന്‍ പോലും സ്ഥലം കിട്ടാത്തത് തിരിച്ചറിയല്‍ രേഖകളില്ലാത്തതിന്‍രെ പേരിലാണ്. 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന് അപേക്ഷിക്കണമെങ്കില്‍ കാര്‍ഡ് വേണം. അതിനാല്‍ തന്നെ ഈ ഉത്തരവ് ഇവരെ വളരെയധികം സഹായിക്കുമെന്നാണ് കരുതുന്നത്.

nalini jameela
നളിനി ജമീല

നളിനി ജമീല

(ആക്ടിവിസ്റ്റ്, എഴുത്തുകാരി)

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യണമെങ്കില്‍ പോലും ആധാര്‍ കാര്‍ഡ് വേണം. ആശുപത്രിയിലോ പോലീസ് സ്‌റ്റേഷനിലോ മറ്റോ  പോയാലും ഒരു ബാങ്ക് അക്കൗണ്ട് തുറക്കണമെങ്കിലും തിരിച്ചറിയല്‍ രേഖ ആവശ്യമാണ്. എന്നാല്‍, സ്വന്തമായി വീടോ താമസസ്ഥലമോ ഇല്ലാത്തതിനാല്‍ ഒരു സാധാരണ പൗരന്‍ ഉപയോഗിക്കുന്ന സൗകര്യങ്ങളോ ക്ഷേമ പദ്ധതികളോ ലൈംഗികതൊഴിലാളികള്‍ക്ക് അനുഭവിക്കാന്‍ പറ്റാറില്ല. സമീപവാസികളുടെ ശല്യത്തെ തുടര്‍ന്ന് പലര്‍ക്കും സ്ഥലം മാറിപ്പോകേണ്ടതായും വരും. ഇതെല്ലാം ഐ.ഡിയും റേഷന്‍കാര്‍ഡും കിട്ടാൻ ഇവര്‍ക്ക് തടസ്സമാണ്. ഇവരില്‍ ഭൂരിഭാഗവും എയ്ഡ്സ് കണ്‍ട്രോൾ സൊസൈറ്റിയുമായി സഹകരിക്കുന്നവരാണ്. അതിനാല്‍തന്നെ എയ്ഡ്സ് കണ്‍ട്രോള്‍ സൗസൈറ്റി പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ രേഖ കൊടുക്കണമെന്നത് ലൈംഗിക തൊഴിലാളികള്‍ക്ക് വലിയ ആശ്വാസം തന്നെയാണ്. 

സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്:

ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഈ കോടതി പത്ത് വര്‍ഷം മുമ്പ് നിര്‍ദേശിച്ചതാണ്. എന്നാല്‍, ഒരു പതിറ്റാണ്ടുകാലം അത്തരമൊരു നിര്‍ദ്ദേശം നടപ്പാക്കാത്തതെന്നതിന് ഒരു കാരണവുമില്ല. അന്തസ്സിനുള്ള അവകാശം അടിസ്ഥാനപരമാണ്. രാജ്യത്തെ ഓരോ പൗരനും അവന്റെ/അവളുടെ തൊഴില്‍ പരിഗണിക്കാതെ ഉറപ്പു നല്‍കുന്നതാണ് ആ അവകാശം.  രാജ്യത്തെ പൗരന്മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. NACO( നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി) പട്ടികയില്‍നിന്ന് ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡുകളും വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡുകളും ഉടനടി വിതരണം ചെയ്യുന്ന പ്രക്രിയ എത്രയും പെട്ടെന്ന് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും ആരംഭിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കുകയാണ്.

content highlights: Society welcomes the SC's order on Sex Workers's ID card and Ration Id card issue